Tuesday 16 June 2020 12:42 PM IST : By സ്വന്തം ലേഖകൻ

ചുറ്റിക കൊണ്ട് അടിച്ചാലും പൊട്ടാത്ത ഗ്ലാസുണ്ട്; അത് കൊണ്ടുവേണം വാതിൽ നിർമിക്കാൻ...

1

ബാങ്കിലെ ചില്ലുവാതിലിൽ ഇടിച്ചു വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടത് ഇന്നലെയാണ്. ഗ്ലാസ് ചീളുകൾ വയറിൽ തുളഞ്ഞു കയറി ആയിരുന്നു മരണം.  ഗുണനിലവാരം പാലിക്കാത്ത തരം ഗ്ലാസ് ഉപയോഗിച്ചതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം.

 വേണ്ടത് ചീളുകളായി പൊട്ടാത്ത ഗ്ലാസ് 

എന്തെങ്കിലും ആഘാതം ഉണ്ടായാൽ ചീളുകളായി പൊട്ടിച്ചിതറാത്ത തരം ഗ്ലാസ് വേണം പാർട്ടീഷൻ, വാതിൽ തുടങ്ങിയ ഇടങ്ങളിൽ ഉപയോഗിക്കാൻ. നാഷനൽ ബിൽഡിങ് കോഡ് (2016) ഇതു സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഐഐഎ കൊച്ചി സെന്റർ ചെയർമാൻ ആർക്കിടെക്ട് വിജിത്ത് ജഗദീഷ് പറയുന്നു.

2

"കെട്ടിടങ്ങളുടെ പുറം ഭിത്തിയിലും ഇന്റീരിയറിലും ഗ്ലാസിന്റെ ഉപയോഗം കൂടി വരുന്നു. ഗ്ലാസ് പൊട്ടിയുള്ള അപകടങ്ങളും കൂടുന്നതായാണ് റിപ്പോർട്ടുകൾ. ശരിയായ ഇനത്തിലുള്ളതും ആവശ്യത്തിനു കനം ഉള്ളതുമായ ഗ്ലാസ് തന്നെ ഉപയോഗിക്കുകയാണ് ഇതിനു പരിഹാരം. ഗ്ലാസ് വാതിൽ ഉള്ളിടത്ത് അപകട മുന്നറിയിപ്പുകൾ, ഗ്ലാസിൽ പെട്ടെന്ന് കണ്ണിൽപ്പെടുന്നതു പോലെയുള്ള അടയാളങ്ങൾ എന്നിവ ഉൾപ്പെടുത്തിയാൽ കഴിഞ്ഞ ദിവസം ഉണ്ടായതു പോലെയുള്ള ദുരന്തങ്ങൾ ഒഴിവാക്കാം." വിജിത്ത് ചൂണ്ടിക്കാട്ടുന്നു.

 ഗ്ലാസ് പലതരം 

ഓരോ ആവശ്യത്തിനും അനുയോജ്യമായ തരം ഗ്ലാസ് തന്നെ ഉപയോഗിക്കുകയാണ് അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗം. പ്രധാനമായും മൂന്ന് തരം ഗ്ലാസ് ആണ് വീടുകളിലും കെട്ടിടങ്ങളിലും ഉപയോഗിക്കുന്നത്.

1. അനീൽഡ് ഗ്ലാസ് - ജനൽപ്പാളിയിൽ പിടിപ്പിക്കുന്ന സാധാരണ ഗ്ലാസ് ആണിത്. രണ്ട് എം എം മുതൽ 12 എം എം വരെ കനത്തിൽ ലഭിക്കും. ആഘാതമേറ്റാൽ ചീളുകളായി പൊട്ടും. അഞ്ച് എംഎം കനമുള്ള ഗ്ലാസിന് ചതുരശ്രയടിക്ക് ഏകദേശം 40 രൂപയാണ് വില.

2. ടഫൻഡ് ഗ്ലാസ് - അനീൽഡ് ഗ്ലാസിനെക്കാൾ അഞ്ച് മടങ്ങ് ഉറപ്പും ബലവും ഉള്ളതാണ് ടഫൻഡ് ഗ്ലാസ്. ടഫനിങ് പ്രക്രിയ വഴിയാണ് ഗ്ലാസിന് ബലം കൂട്ടുന്നത്. കൂടിയ ആഘാതം ഉണ്ടായാൽ sഫൻഡ് ഗ്ലാസ് പൊട്ടാം. പക്ഷേ, ചെറിയ തരികളായേ ഉടയൂ എന്നതിനാൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാകില്ല. മൂന്ന് എംഎം മുതൽ 12 എംഎം വരെ കനത്തിൽ ടഫൻഡ് ഗ്ലാസ് ലഭിക്കും.

അഞ്ച് എംഎം കനമുള്ള ടഫൻഡ് ഗ്ലാസിന് ചതുരശ്രയടിക്ക് ഏകദേശം 60 രൂപയാണ് വില.

3. ലാമിനേറ്റഡ് ഗ്ലാസ് - കനത്ത ആഘാതം ഉണ്ടായാലും ചതഞ്ഞു പോകും എന്നല്ലാതെ ഗ്ലാസ് വേർപെടില്ല എന്നതാണ് ലാമിനേറ്റഡ് ഗ്ലാസിന്റെ പ്രത്യേകത. നടുവിൽ തീരെ കനം കുറഞ്ഞ പിവിബി അല്ലെങ്കിൽ എസ്ജിപി (PVB - polyvinyl butyral, SGP- sentry glass plus) ഷീറ്റ് വെച്ച ശേഷം രണ്ട് ഗ്ലാസ് പാളികൾ സാൻഡ്വിച്ച് പോലെ ഒട്ടിച്ചെടുത്താണ് ഇതു നിർമിക്കുന്നത്. തകർന്നാലും ഗ്ലാസ് നടുവിലെ ഷീറ്റിൽ ഒട്ടി നിൽക്കും. അപകടം ഉണ്ടാകില്ല. 10 എംഎം കനമുള്ള ലാമിനേറ്റഡ് ഗ്ലാസിന് ചതുരശ്രയടിക്ക് ഏകദേശം 300 രൂപ മുതലാണ് വില.

ലാമിനേറ്റഡ് ഗ്ലാസ് ആണ് വാതിൽ, പാർട്ടീഷൻ തുടങ്ങിയവയ്ക്ക് ഏറ്റവും അനുയോജ്യം .

വിവരങ്ങൾക്ക് കടപ്പാട്:  ട്രൂട്ടഫ് സേഫ്റ്റി ഗ്ലാസ്, തൃശൂർ