Wednesday 04 May 2022 03:54 PM IST : By സ്വന്തം ലേഖകൻ

ഐഐഎ ആർക്കിടെക്ചർ അവാർഡ് പ്രഖ്യാപനം ഏഴിന്

iia

വാസ്തുകലയിലെ മികവിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കേരള ചാപ്റ്റർ നൽകുന്ന പുരസ്കാരങ്ങൾ ഏഴിന് പ്രഖ്യാപിക്കും. മികച്ച പാർപ്പിടം, കൊമേഴ്സ്യൽ പ്രോജക്ട് തുടങ്ങി 16 വിഭാഗങ്ങളിലെ ജേതാക്കളെയാണ് പ്രഖ്യാപിക്കുക.

225 പ്രോജക്ടുകളാണ് ഇത്തവണത്തെ ഐഐഎ കേരള സ്റ്റേറ്റ് അവാർഡിനായി മാറ്റുരച്ചത്. ഇതിൽ നിന്നും 60 പ്രോജക്ടുകൾ അന്തിമ പട്ടികയിൽ ഇടംപിടിച്ചു. ഇവ ജൂറി അംഗങ്ങൾ നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. ആറിന് രാവിലെ 9.30 മുതൽ ഇവയുടെ വിശദാംശങ്ങൾ ജൂറിക്കു മുന്നിൽ അവതരിപ്പിക്കും. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിക്കുക. ജൂറി പ്രസന്റേഷൻ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും. ആർക്കിടെക്ടുമാരായ ബിജോയ് രാമകൃഷ്ണൻ, ഗിരീഷ് ധോഷി, മാധവ് രാമൻ, അബ നരെയ്ൻ ലംബ, ആനന്ദ് വാദ്‌വേക്കർ, ബിജു കുര്യോക്കോസ്, രോഹൻ ചവാൻ, പങ്കജ് മോദി എന്നിവരാണ് ജൂറി അംഗങ്ങൾ

ഏഴിന് വൈകിട്ട് 4.30 മുതലാണ് അവാർഡ് പ്രഖ്യാപനം. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടാണ് വേദി. പരിപാടിയിൽ അഞ്ഞൂറിലധികം ആർക്കിടെക്ടുമാർ പങ്കെടുക്കുമെന്ന് ഐഐഎ കേരള ചാപ്റ്റർ ചെയർമാൻ എൽ.ഗോപകുമാർ, കണ്ണൂർ സെന്റർ ചെയർമാൻ സുജിത് കുമാർ, അവാർഡ് കമ്മിറ്റി കൺവീനർ സജോ ജോസഫ് എന്നിവർ അറിയിച്ചു.

Tags:
  • Architecture