Thursday 02 May 2019 04:23 PM IST : By സ്വന്തം ലേഖകൻ

ന്യായവില വീണ്ടും കൂടി‌, വസ്തുക്കച്ചവടത്തിന് ചെലവ് കൂടും

veedu-online

വസ്തു വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള രജിസ്ട്രേഷൻ നടപടികൾക്ക് ചെലവ് കൂടും. ഭൂമിയുടെ ന്യായവില വർധിപ്പിക്കാനുള്ള ബജറ്റ് തീരുമാനം മേയ് രണ്ട് മുതൽ നടപ്പിലാക്കുന്നതാണ് കാരണം. ന്യായവിലയിൽ പത്ത് ശതമാനം വർധനവാണ് ഉണ്ടാകുക.

ന്യായവില വർധനവിലൂടെ പ്രതിവർഷം 400 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 2010 ലാണ് ഭൂമിക്ക് ന്യായവില ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പ്രഖ്യാപിച്ചത്. 2014 നവംബറിൽ ഇതിൽ 50 ശതമാനം വർധനവ് വരുത്തി. പിന്നീട് 2018 ഏപ്രിലിൽ 10 ശതമാനം വർധനവും വരുത്തി. ഇപ്പോഴത്തേത് കൂടി ആകുമ്പോൾ ആകെ എഴുപത് ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.

ഭൂമി റജിസ്ട്രേഷനിലൂടെ 2017 ൽ 3159 കോടി രൂപയും 2018 ൽ 3316 കോടി രൂപയുമാണ് സർക്കാരിന് ലഭിച്ചത്. ഇത് 4,000 കോടി രൂപയിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം

റജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ (www.keralaregistration.gov.in) ന്യായവില പട്ടിക ലഭ്യമാണ്. ജില്ല, താലൂക്ക്, വില്ലേജ്, സർവേ നമ്പർ എന്നിവ ഉപയോഗിച്ച് വസ്തുവിന്റെ ന്യായവില മനസ്സിലാക്കാം.