വീടിനോടു ചേരുന്ന ഡിസൈൻ വേണം മതിലിന് തിരഞ്ഞെടുക്കാൻ. അത് ഏറ്റവും ചെലവു കുറച്ചു ചെയ്യുന്നതാണ് ബുദ്ധി. മതിലിന്റെ അടിത്തറ വീടിന്റേതുപോലെ ബലവത്താക്കേണ്ട കാര്യമില്ല. കല്ല് കൊണ്ട് അടിത്തറ കെട്ടി മുകളിലേക്ക് ചെലവു കുറഞ്ഞ മറ്റേതെങ്കിലും നിർമാണ രീതി ഉപയോഗിക്കാം. കനം കുറഞ്ഞ കോൺക്രീറ്റ് കാലുകളിൽ ലോഹപൈപ്പുകളോ വേലിക്കല്ലോ റെഡിമെയ്ഡ് ഫെറോസിമന്റ് ക്രാസികളോ പിടിപ്പിച്ചും ചെലവു കുറച്ച് മതിൽ നിർമിക്കാം. ലോഹകമ്പികൾക്കു പകരം ലോഹപൈപ്പുകൾ ഉപയോഗിക്കുന്നതാണ് ചെലവു നിയന്ത്രിക്കാൻ സഹായിക്കുക.മതിൽ നിർമാണസാമഗ്രികളിൽ ഏറ്റവും ചെലവു കുറഞ്ഞത് സിമന്റ് ഹോളോ ബ്രിക്സ് ആണ്. മതിലിനു പ്രത്യേകമായുള്ള ടെറാക്കോട്ട ഹോളോബ്രിക്സും ലഭ്യമാണ്. പ്രത്യേകം തേക്കേണ്ട. സിമന്റ് ഹോളോബ്രിക്സിനു മുകളിൽ ചെറിയ കനത്തിൽ അരികിടുന്നത് നന്നായിരിക്കും. കട്ടയിൽ നേരിട്ട് പെയിന്റടിക്കാം. ടെറാക്കോട്ട ഹോളോബ്രിക്കിൽ പെയിന്റിന്റെ ആവശ്യം പോലുമില്ല. ഗ്രേഡ് കുറഞ്ഞ ഇഷ്ടിക, അരിക് നിരപ്പല്ലാത്തതോ പൊട്ടിയതോ ആയ വെട്ടുകല്ല്, സെക്കൻഡ് ഹാൻഡ് ഇഷ്ടിക എന്നിവയും മതിൽ നിർമാണത്തിനു പ്രയോജനപ്പെടുത്താം.

അപ്പുറത്ത് എന്താണ് എന്നതനുസരിച്ച് മതിലിന്റെ പൊക്കം തീരുമാനിക്കാം. പ്രധാനറോഡുകൾക്ക് അരികിലോ നഗരത്തിലോ താമസിക്കുമ്പോൾ വളരെ പൊക്കം കുറഞ്ഞ മതിൽ നിർമിക്കാനാവില്ല. പൊടിയും വാഹനങ്ങളുടെ ബഹളവും കൂടി കണക്കിലെടുക്കേണ്ടിവരും. എന്നാൽ ഗ്രാമപ്രദേശത്താണെങ്കിലും വലിയ പ്ലോട്ടിലാണ് വീടുണ്ടാക്കുന്നതെങ്കിലും മതിലിന് മൂന്നോ നാലോ അടിയിലധികം ഉയരം ആവശ്യമില്ല.മതിൽ കഴിവതും പ്രകൃതിദത്തമായോ പ്രകൃതിയോടു ചേർന്നതോ ആകണം. ഒരേ ഉയരത്തിൽ വെട്ടിയൊതുക്കിയ ജൈവവേലികൾ നിർമിക്കാൻ പ്രയാസമില്ല. ഇലകൾ നിറഞ്ഞ കമ്പുകൾ കൊണ്ട് സമ്പന്നമായ കുറ്റിച്ചെടികൾ അടുപ്പിച്ചു നട്ടാണ് ഇത്തരം ജൈവവേലി നിർമിക്കുന്നത്. കൃത്യമായി വെട്ടിയൊതുക്കി നിർത്തണമെന്നുമാത്രം. വെട്ടിനിർത്തിയാൽ ഭംഗിയുള്ള തളിരോ പൂവോ വരുന്ന വേലിച്ചെടികൾ വിപണിയിൽ സുലഭമാണ്. മുളയുടെ പലയിനങ്ങളും ശീമക്കൊന്ന, മൈലാഞ്ചി തുടങ്ങിയ നാടൻ ചെടികളും വേലിച്ചീര, ചായ മൻസ എന്നീ ഇലക്കറികളുമൊക്കെ വേലിയായി ഉപയോഗിച്ചിരുന്നു. വീടിന്റെ മുൻവശത്ത് മതിൽ നിർമിക്കേണ്ടിവന്നാലും വശങ്ങളിൽ ഇത്തരത്തിൽ പ്രകൃതിയോടിണങ്ങിയ വേലി നിർമിക്കാൻ ശ്രമിക്കാം.

നിർമാണവസ്തുക്കൾ പുനരുപയോഗിക്കാൻ ഏറ്റവും മികച്ച അവസരമാണ് മതിൽ നിർമാണം. ഒരിക്കൽ ഉപയോഗിച്ച ഇഷ്ടിക, വെട്ടുകല്ല്, കരിങ്കല്ല് എന്നിവയൊക്കെ മതിൽ നിർമാണത്തിനെടുക്കാം. പഴയ വീട് പൊളിച്ചു പുതിയതു നിർമിക്കുകയാണെങ്കിൽ പഴയ വീടിന്റെ കല്ലോ ഇഷ്ടികയോ എന്നുവേണ്ട ഏതുതരം അവശിഷ്ടവും മതിലിന് ഉപയോഗിക്കാം. ചെലവുകുറയ്ക്കാനും ഇതു സഹായിക്കും. പഴയ ഓട്, ഉപയോഗയോഗ്യമല്ലാത്ത ടയർ, പിവിസി പൈപ്പ്, പഴയ ജനലുകൾ, മെറ്റൽ ഗ്രില്ല്, പഴയ തടി കൊണ്ടുള്ള ഉൽപന്നങ്ങൾ ഇവയെല്ലാം മതിൽ നിർമാണത്തിന് ഉപയോഗിക്കാം. കലാപരമായി ചിന്തിച്ച് മതിലിന് ശിൽപഭംഗിയുമാവാം.പഴയ തടി മഴയും വെയിലും ഏറ്റാലും കേടാകില്ല എന്നതിനാൽ മതിൽ നിർമിക്കാനെടുക്കാൻ മടിക്കേണ്ട. ഉപയോഗശൂന്യമായ സാധനങ്ങൾ കൊണ്ട് കലാപരമായി മതിൽ നിർമിക്കാൻ സാധിക്കും. നിറമുള്ള ബിയർ കുപ്പികൾ കൊണ്ടുള്ള ലാറി ബേക്കറിന്റെ നിർമാണരീതിയൊക്കെ മതിലിൽ പ്രയോജനപ്പെടുത്താം.മതിൽ നിർമിക്കുമ്പോഴും സുസ്ഥിര നിർമാണരീതികൾ പിൻതുടരുന്നുണ്ടെന്ന് ഉറപ്പാക്കണം.

നിർമാണസാമഗ്രി ഏതുതന്നെയാകട്ടെ, അത് സൈറ്റിൽ എത്തിക്കാൻ കൂടുതൽ ഊർജം ചെലവാക്കുന്നില്ല എന്ന് ഉറപ്പാക്കണം. നിർമാണത്തിന് കൂടുതൽ ഊർജം ചെലവാക്കുന്ന ഗ്ലാസ്, സ്റ്റീൽ പോലുള്ള വസ്തുക്കൾ മതിലിൽ പരിമിതമായ അളവിൽ മാത്രം ഉപയോഗിക്കുക. ട്രീറ്റ് ചെയ്ത തടി, ട്രീറ്റ് ചെയ്ത ബാംബൂ, ടെറാക്കോട്ട ജാളി, വേലിക്കല്ല് എന്നിവയെല്ലാം മതിൽ നിർമാണത്തിന് ഉപയോഗിക്കാം.അടിത്തറയ്ക്കു വേണ്ടി എടുക്കുന്ന മണ്ണ് ഉപയോഗിച്ചുണ്ടാക്കുന്ന കട്ടകൾ മതിൽ നിർമാണത്തിന് ഉപയോഗിക്കാം. ഏറ്റവും സുസ്ഥിരമായ മാർഗമാണിത്. വീടുപണി കഴിഞ്ഞ് ബാക്കിയായ കമ്പികളും വയറിങ് പൈപ്പുമെല്ലാം പ്രയോജനപ്പെടുത്താം.മതിൽ എന്നത് വെറും സിമന്റ് കെട്ട് ആയതിന്റെ പ്രശ്നങ്ങൾ പ്രളയസമയത്താണ് തിരിച്ചറിഞ്ഞത്. കാറ്റിനു മാത്രമല്ല, വെള്ളത്തിനും കടന്നുപോകാൻ മതിലിനിടയിൽ സ്ഥലം നൽകണം എന്നതാണ് പുതിയ പാഠം. വെള്ളം കയറുന്ന സ്ഥലങ്ങളിൽ വെള്ളം തള്ളി മതിൽ തകർന്നുപോകാതിരിക്കാൻ മുൻകരുതൽ എടുക്കണം. വെള്ളം ഒഴുകിപ്പോകാനുള്ള പൈപ്പ് കൊണ്ടുമാത്രം ഇതു നടക്കണമെന്നില്ല. ഇടയിൽ വിടവുകളുള്ള ഡിസൈൻ നൽകാം. ഇഷ്ടിക കൊണ്ടാണ് മതിൽ നിർമിക്കുന്നതെങ്കിൽ കട്ടകൾ കൊണ്ട് ജാളി ഡിസൈൻ ചെയ്യാം.പ്ലാസ്റ്റിക് കോട്ടിങ് ഉള്ളതും ഇല്ലാത്തതുമായ മെഷുകൾ വിപണിയിലുണ്ട്. ഇവ ഉപയോഗിച്ച് കമ്പി വേലി നിർമിക്കാം. മെറ്റൽ ഫ്രെയിമിനുള്ളിൽ ഇത്തരം വേലി ഉറപ്പിച്ച് മുകളിൽ ചെടികൾ പകർത്താം. വലിയ പുരയിടങ്ങളിലേക്ക് അനുയോജ്യമാണ് ഇത്തരം വേലികൾ.
വിവരങ്ങൾക്കു കടപ്പാട്:
എസ് സ്ക്വയേർഡ് ആർക്കിടെക്ട്സ്,
തിരുവനന്തപുരം