Friday 17 July 2020 10:31 AM IST : By

മറുനാട്ടിലിരുന്ന് വീടു പണിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ. ആർക്കിടെക്ട് ഷെൽന നിഷാദ് എഴുതുന്നു...

news

കോവിഡ്കാലമാണിത്...കണക്കുകൂട്ടലുകളെല്ലാം തെറ്റുന്ന സമയം.
പാലുകാച്ചൽ നടത്താൻ തീരുമാനിച്ച തീയതി എത്തിയിട്ടും പലരുടേയും വീടുപണി എങ്ങുമെത്തിയിട്ടില്ല. മറുനാട്ടിലുള്ള പ്രവാസികളുടെ കാര്യമാണ് കൂടുതൽ കഷ്ടം. ഇനി എന്നു നാട്ടിലെത്താൻ കഴിയും എന്നതിനെപ്പറ്റി പോലും പലർക്കും ധാരണയില്ല.മറുനാട്ടിലിരുന്ന് വീടുപണി നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ആർക്കിടെക്ട് ഷെൽന നിഷാദ്.

1. ചേർന്നു പോകുന്ന ആളാകണം ആർക്കിടെക്ട് - തുടക്കത്തിൽ വലിയ സ്നേഹമായിരിക്കും. പതിയെ കല്ലുകടി തുടങ്ങും. ഒടുക്കമാകുമ്പോഴേക്കും കീരിയും പാമ്പും പോലെയാകും. ഇതാണ് ആർക്കിടെക്ട് - വീട്ടുകാരൻ ബന്ധത്തിന്റെ കാര്യത്തിൽ പലരുടേയും അവസ്ഥ. എല്ലാ വിധത്തിലും നിങ്ങളുമായി ചേർന്നു പോകുന്ന ആളാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം വേണം ആർക്കിടെക്ടിനെ തിരഞ്ഞെടുക്കാൻ. അൽപ്പം അന്വേഷണം നടത്തണം എന്നർത്ഥം.    നേരത്തെ പണിത വീടുകളുടെ ഉടമകളോടുള്ള അന്വേഷണം ഏറെ ഗുണം ചെയ്യും.

2. കാര്യങ്ങൾ വ്യക്തമായി തീരുമാനിച്ച ശേഷം മാത്രം പണി തുടങ്ങുക - ഇവിടെയാണ് പലർക്കും പണി കിട്ടുന്നത്. ഒരു കാരണവശാലും എടുത്തു ചാടരുത്. പ്ലാൻ, എലിവേഷൻ, മെറ്റീരിയൽ, എസ്റ്റിമേറ്റ് തുടങ്ങിയ കാര്യങ്ങളിൽ തീർപ്പായ ശേഷം മാത്രം പണി തുടങ്ങുക. അങ്ങ് തുടങ്ങിക്കളയാം ബാക്കി വരുന്നിടത്തു വച്ച് കാണാം.... എന്ന മനോഭാവമാണ് വീഴ്ചയുടെ തുടക്കം. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഓടിയെത്താനും തിരുത്താനുമൊക്കെ നമ്മൾ നാട്ടിലില്ല എന്ന ബോധ്യം വേണം.

3. ചിത്രങ്ങൾ സംസാരിക്കട്ടെ - മനസ്സിലുള്ളത് അതേ പോലെ പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ് എല്ലാവർക്കും ഉണ്ടാകണം  എന്നില്ല. ദൂരെയിരുന്നാകുമ്പോൾ പറയുകയും വേണ്ട. ചിത്രങ്ങളെ കൂട്ടുപിടിക്കുകയാണ് ഇതു മറികടക്കാനുള്ള വഴി. നിങ്ങൾക്കിഷ്ടപ്പെട്ട സ്റ്റൈൽ, നിറം, മെറ്റീരിയൽ എന്നിവയുടെയെല്ലാം ചിത്രങ്ങൾ ആർക്കിടെക്ടിന് അയച്ചു കൊടുക്കാം. കാര്യങ്ങൾ എളുപ്പമാകും. ഞാൻ ഇതല്ല ഉദ്ദേശിച്ചത് എന്നു പരാതി പറയേണ്ടി വരികയില്ല. ഇന്നത്തെ കാലത്ത് ചിത്രങ്ങൾ കിട്ടാൻ ഒരു പ്രയാസവുമില്ല എന്നറിയാമല്ലോ.

4. ടീം വർക്കാണ് വീടുപണി - ഇക്കാര്യം എപ്പോഴും തലയിൽ വേണം. കല്ലു ചുമക്കുന്ന ബംഗാളിക്കു മുതൽ ഇക്കാര്യത്തിൽ റോളുണ്ട്. ആദ്യം മുതലേ എല്ലാവരുമായും നല്ല ബന്ധം സ്ഥാപിക്കാൻ ശ്രദ്ധിക്കണം. ഓരോ വിഭാഗവുമായി ബന്ധപ്പെട്ടും 'സിംഗിൾ പോയിൻറ് ഓഫ് കോൺടാക്ട്' അതായത് ഒറ്റവിളിക്ക് കാര്യം നടക്കുന്ന ഒരാൾ ലിസ്റ്റിൽ വേണം.

5. വിലയിരുത്തൽ ക്യത്യമായി നടത്തണം -  ഓരോ ദിവസവും നടക്കുന്ന പണി അന്നു തന്നെ വിലയിരുത്തണം. വാട്ട്സാപ്പ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇതിനായി പ്രയോജനപ്പെടുത്താം. വീടുപണിയുമായി ബന്ധപ്പെട്ട പ്രധാന ആളുകളെ എല്ലാം ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് ആദ്യമേ തന്നെ തുടങ്ങണം. ലൈവ് കോൺഫറൻസിനും സാധനങ്ങൾ വാങ്ങുന്ന ത് അപ്പോൾ തന്നെ പരിശോധിക്കാനുമൊക്കെ ഇതു സഹായിക്കും. ഒരുപാടുപേർ അഭിപ്രായം പറയാൻ കാണും എന്നതാണ് പ്രവാസികളുടെ വീടുപണിയുടെ പ്രത്യേകത. അതായിക്കോട്ടെ... പക്ഷേ, നടപ്പാക്കുന്നത് നിങ്ങളുടെ അഭിപ്രായമായിരിക്കണം. അതിന് ആശയ വിനിമയം കൃത്യമാകണം.