Tuesday 12 November 2019 04:05 PM IST : By സ്വന്തം ലേഖകൻ

ഹോബിയായി തുടക്കം കീശയിൽ കാശെത്തിയപ്പോൾ ജോലി രാജിവച്ചു; ഗംഗയും ലക്ഷ്മിയും ഇപ്പോൾ ടെററിയത്തിലെ പുലികൾ

terra

കുഞ്ഞുങ്ങളെ പാർക്കിൽ കളിക്കാൻ വിടുമ്പോൾ കൂട്ടിനുവരുന്ന അമ്മമാരായിരുന്നു കൊച്ചിക്കാരായ ഗംഗയും ലക്ഷ്മിയും. കുട്ടികൾ കളിക്കുമ്പോൾ പരസ്പരം സംസാരിച്ച് കൂട്ടുകാരായി. സംസാരത്തിൽ പ്രധാന വിഷയം ചെടികളായിരുന്നു. കുഞ്ഞു ഗ്ലാസ് ബൗളിലും സെറാമിക് പോട്ടിലുമെല്ലാം ചെടികൾ അടുക്കി നിർമിക്കുന്ന ടെററിയം, വിദേശത്ത് അകത്തളങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. സോഷ്യൽമീഡിയയിൽ നോക്കിപ്പഠിച്ച് ഒരു ദിവസം രണ്ടുപേരും കൂടി ഒരു ടെററിയം നിർമിച്ചു. പൂർണത കുറവായിരുന്നെങ്കിലും അതൊരു തുടക്കമായിരുന്നു. സ്വന്തം മേശപ്പുറം അലങ്കരിക്കുക എന്ന ആഗ്രഹത്തോടെ തുടങ്ങിയെങ്കിലും ടെററിയം വിലയ്ക്കു ചോദിച്ച് ചിലർ വന്നതോടെ രണ്ടുപേരുടെയും ജീവിതത്തിന് വഴിത്തിരിവായി. ജോലി രാജിവച്ച് മുഴുവൻ സമയം ടെററിയം നിർമാണത്തിനു മാറ്റിവച്ചു ഈ ചങ്ങാതിമാർ.

വനിത വീട് കോട്ടയത്തു നടത്തിയ വർക്‌ഷോപ്പിൽ ടെററിയം നിർമാണം പഠിപ്പിക്കാൻ വന്ന ലക്ഷ്മി പറഞ്ഞ ജീവിതകഥ കേൾവിക്കാർക്ക് പ്രചോദനമായി.

t3

ഗ്ലാസ് ബൗൾ, ഭംഗിയുള്ള െസറാമിക്, ടെറാക്കോട്ട പാത്രങ്ങൾ, എന്തിന് മരത്തൊലിയിൽപോലും ടെററിയം സൃഷ്ടിക്കാം. മേശപ്പുറത്തുവച്ചോ തൂക്കിയിട്ടോ അകത്തളത്തിന് ചന്തം കൂട്ടാം. ഡൈനിങ് ടേബിൾ, സ്റ്റഡി ടേബിൾ, ഓഫിസ് ടേബിൾ, ബാൽക്കണികൾ എന്നിവിടങ്ങളിലെല്ലാം ടെററിയം സ്ഥാപിക്കാം.

കുറഞ്ഞ പരിചരണം മാത്രം മതിയായ ചെടികളായ കാക്റ്റസ്, സെക്കുലന്റ്സ് എന്നിവയും അകത്തളത്തിൽ വയ്ക്കാവുന്ന ചെറിയ ഇലകളുള്ള ചെടികളുമാണ് ടെററിയം നിർമാണത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്. ചെടിയുടെ സ്വഭാവമനുസരിച്ച് ആഴ്ചയിൽ ഒരിക്കലോ മൂന്ന് ദിവസം കൂടുമ്പോഴോ നനച്ചാൽ മതി. വെള്ളത്തിൽ ലയിപ്പിക്കുന്ന വളമാണ് നൽകുക.

t1

പല നിറമുള്ള മണലും കൽപ്പൊടിയും പെബിൾസുമെല്ലാം ടെററിയത്തിന്റെ ഭംഗി കൂട്ടാൻ ഉപയോഗിക്കുന്നു. ടെററിയം നിർമാണത്തിന് മാത്രമായി പ്രത്യേകം ആകൃതിയുള്ള ഗ്ലാസ് ബൗളുകൾ വിപണിയിൽ ലഭിക്കും. പിറന്നാൾ, വിവാഹവാർഷികം, തുടങ്ങിയ അവസരങ്ങളിൽ സമ്മാനമായി നൽകാനാണ് കൂടുതൽപേരും ടെററിയം വാങ്ങുന്നത്. ബൗളിന്റെ ആകൃതിയും ചെടികളുടെ പ്രത്യേകതകളുമനുസരിച്ച് ടെററിയത്തിനു വിലവരും.

t2
Tags:
  • Design Talk