‘മോഹൻലാലിനെ അവൻ അറിയാതെ ഞാൻ വിളിച്ചിരുന്നൊരു പേരുണ്ട്...’: ജനാർദ്ദനൻ
- November 20 , 2025
പതിനെട്ട് വർഷം മുൻപ് മറ്റൊരു സ്ത്രീയുമായി തനിക്കു ബന്ധമുണ്ടായിരുന്നുവെന്നും തന്റെ ഭാര്യക്ക് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും തുറന്നു പറഞ്ഞ് നടന്‍ ജനാർദ്ദനൻ.
‘പതിനെട്ട് വർഷം ഞാൻ മറ്റൊരു സ്ത്രീയുമായി ബന്ധത്തിൽ ആയിരുന്നു. അവർക്ക് വേണ്ടി ഞാൻ ചെയ്യാവുന്നത് ഒക്കെ ചെയ്തിട്ടുണ്ട്. എന്റെ ഭാര്യക്ക് അറിയാമായിരുന്നു. ഞാൻ അത്രയും നാൾ അവർക്കു വേണ്ടതെല്ലാം ചെയ്തു കൊടുത്തു. അവസാനം അവളുടെ മകൻ നല്ല നിലയിലായപ്പോൾ ഇതു മോശമല്ലേ ആരെങ്കിലും അറിഞ്ഞാലോ എന്നോർത്ത് ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു’.– ‘വനിത’യ്ക്ക് നൽകിയ യു ട്യൂബ് ഇന്റർവ്യൂവിൽ താരം പറഞ്ഞു.
ജീവിതത്തിൽ എടുത്ത തീരുമാനങ്ങളിൽ ഏതെങ്കിലും തെറ്റായിപ്പോയെന്നു തോന്നിയിട്ടുണ്ടോ എന്ന അവതാരക സ്നേഹ റെജിയുടെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു ജനാർദ്ദനന്റെ വെളിപ്പെടുത്തൽ.
‘എവിടെ പോയാലും എന്റെ ഭാര്യക്ക് അറിയാമായിരുന്നു. ചെറുപ്പം മുതൽ അവൾക്ക് എന്നെ അറിയാം. ഞാൻ എവിടെപ്പോയാലും നമ്മുടെ ആൾ എങ്ങനെയാണെന്ന് അവളുടെ മനസ്സിൽ ഒരു വിചാരമുണ്ട്. ഭാര്യ പഠിച്ചതെല്ലാം ഡൽഹിയിലാണ്. വളരെ നല്ല സ്റ്റാൻഡേർഡ് ഓഫ് ലിവിംഗ് ആയിരുന്നു. ഇങ്ങനെയൊരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത് അല്ലാതെ വേറെയൊരു ബ്ലാക്ക്മാർക്കും എനിക്കില്ല. എന്റെ ഈ ബന്ധം കാരണം ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല’.– അദ്ദേഹം കൂട്ടിച്ചേർത്തു.