ഇസ്ഹാക്ക്. ദൈവം ഭൂമിയിലേക്ക് അയച്ച പൊൻപൂവിന്റെ പേര്. പ്രാർഥനകളുടെ വെൺമേഘച്ചിറകിലേറി മണ്ണിലേക്കു വന്ന രാജകുമാരൻ... ‘അവൻ പുഞ്ചിരി വിരിയിക്കും’ ഇസ്ഹാക്ക് എന്ന വാക്കിന്റെ ആ അർഥം സത്യമാണ്, വീടിനകം നിറയെ പുഞ്ചിരിയുടെ മന്ദാരപ്പൂക്കൾ... പതിനാലു വർഷം. അതിനിടയിൽ കനൽച്ചൂടിൽ തിളച്ചു തൂവിയ കണ്ണീർത്തുള്ളികൾ, കരുതലിന്റെ സ്നേഹത്തൂവലുകൾ, പ്രാർഥനകളുടെ മെഴുതിരിവെട്ടങ്ങൾ, സങ്കടച്ചില്ല് മുറിവേൽപിച്ച പാടുകൾ.... ഒാർമകളുടെ ആ തീരത്തു ത ന്നെയായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയും.
അകത്തെവിടെയോ ‘ഉദയ’സൂര്യൻ കുഞ്ഞുറക്കത്തിലാണ്. ചാക്കോച്ചൻ പറഞ്ഞു, ‘‘എന്നെപ്പോലെ മാന്യനാണ് അവൻ, വിശക്കും വരെ. വിശന്നു കഴിഞ്ഞാൽ പിന്നെ ഇടിയും മഴയും തുടങ്ങും.’’
കുഞ്ചാക്കോ ബോബന്റെ ഫോണിലെ വോൾപേപ്പർ, വാട്സ്‌ആപ് ചിത്രം എല്ലാം ആ കുഞ്ഞു കാൽപാദങ്ങളാണ്. ഇടയ്ക്ക് ഒരു വിഡിയോ കാണിച്ചു, കൈകാലിട്ടടിക്കുന്ന ഇസ്ഹാക്ക്. ചാക്കോച്ചൻ ‘ലെഫ്റ്റ് െറെറ്റ് ലെഫ്റ്റ്’ പറയുന്നതിനനുസരിച്ച് ‘ഇസു’ കൈയും കാലും ഉയർത്തുന്നു.
കളിപ്പാട്ടം കിട്ടിയ മൂന്നു വയസ്സുകാരന്റെ മനസ്സോടെ കുഞ്ചാക്കോ ബോബൻ അത് വീണ്ടും വീണ്ടും ആസ്വദിക്കുന്നതു കണ്ട് പ്രിയ പറയുന്നു,‘‘ചാക്കോച്ചന്റെ ലോകം ഇപ്പോൾ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു, എടുത്തു നടക്കുന്നു... ചിലപ്പോൾ രാത്രിയില‍്‍ കുഞ്ഞു കരഞ്ഞാൽ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചൻ ചാടിയെഴുന്നേൽക്കും.
ഒാരോ തവണയും കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴും ‘സാരമില്ല. വിഷമിേക്കണ്ട നമ്മൾ ഹാപ്പിയായി ഇരുന്നാൽ മതി’യെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, ഇപ്പോൾ അവനോടുള്ള ഇഷ്ടം കാണുമ്പോൾ ‘ദൈവമേ ഇത്രയും മോഹം ഉള്ളിൽ ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന്’ തിരിച്ചറിയുന്നുണ്ട്...’’
അച്ഛനും അമ്മയും ആയതിന്റെ മാറ്റങ്ങൾ എന്തൊക്കെയാണ്?
കുഞ്ചാക്കോ ബോബൻ: വലിയ മാറ്റങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. എന്നാൽ ഒരുപാടു സ്വപ്നം കണ്ട കാര്യം ജീവിതത്തിൽ സംഭവിച്ചതിന്റെ സന്തോഷം ഉണ്ട്. ഞങ്ങൾ യാത്ര ചെയ്ത വഴികൾ വളരെ ദുർഘടമായിരുന്നു. ശാരീരികവും മാനസികവും ആയി മുറിവേറ്റു നീറിയ ഒരുപാടു ദിവസങ്ങൾ.
അപ്പോഴൊക്കെയും തണലായത് കുടുംബാംഗങ്ങളും ബ ന്ധുക്കളും സിനിമയ്ക്കകത്തും പുറത്തുമുള്ള സുഹൃത്തുക്കളുമായിരുന്നു. ഞാനറിയുന്നതും അറിയാത്തതുമായ ഒരുപാടുപേര്‍ ഞങ്ങൾക്കു വേണ്ടി പ്രാർഥിച്ചിട്ടുണ്ട്. മറ്റുള്ളവർ നമുക്കു വേണ്ടി പ്രാർഥിക്കുമ്പോഴല്ലേ ദൈവം കനിയുന്നത്.
ഇത്രയും പേർ ഞങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു തിരിച്ചറിയുന്നത് കുഞ്ഞുണ്ടായി കഴിഞ്ഞാണ്. ഒരുപാടു പേരോട് കടപ്പെട്ടിരിക്കുന്നു. പോൾസ് ആശുപത്രിയിലെ ഡോ.പോൾ. സൈമർ ആശുപത്രിയിലെ ഡോ.പരശു....
പ്രിയ: ഇത്രയും നാൾ ഞാൻ ചാക്കോച്ചനെ വളർത്തി വലുതാക്കി. ഇനി കുഞ്ഞിനെ വളർത്തണം. അതൊരു മാറ്റമല്ലേ... ഇതെല്ലാം എങ്ങനെ സഹിക്കാന്‍ കഴിഞ്ഞെന്ന് ഇപ്പോൾ അദ്ഭുതം തോന്നും. പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമായിരുന്നു പല അനുഭവങ്ങളും. പരിശോധനാ ഫലം അറിയുന്ന ആ ദിവസത്തിനായുള്ള കാത്തിരിപ്പാണ് ഭീകരം. നൂറു കണക്കിന് കുത്തിവയ്പുകൾ, മരുന്നുകൾ... ഒടുവിൽ റിസൽറ്റ് നെഗറ്റീവ്.
അത്രയും നാളത്തെ കാത്തിരിപ്പ് ഒറ്റദിവസം കൊണ്ട് തീർന്നു പോകും. അപ്പോഴൊക്കെയും നടന്നു നടന്നു തീരുമ്പോൾ വെളിച്ചം അപ്പുറമുണ്ടെന്ന പ്രതീക്ഷയുണ്ടായിരുന്നു.
സന്തോഷിച്ചതും സങ്കടപ്പെട്ടതുമായ ഒരുപാടു നിമിഷങ്ങൾ ഒാർത്തിരിക്കുന്നില്ലേ?
പ്രിയ: പൊസിറ്റിവ് എനർജി തന്നുകൊണ്ട് ചാക്കോച്ചൻ എപ്പോഴും ഒപ്പമുണ്ടായിരുന്നു. എങ്കിലും കരഞ്ഞുപോയ അവസരങ്ങളുണ്ടായിട്ടുണ്ട്. ചില പിറന്നാൾ ആഘോഷങ്ങൾക്കു പോകുമ്പോൾ മനസ്സിനെ എത്ര ശാന്തമാക്കി വയ്ക്കാൻ ശ്രമിച്ചാലും ചെറിയൊരു സങ്കടച്ചില്ല് മുറിവേൽപിച്ചു തുടങ്ങും. തിരിച്ചിറങ്ങുമ്പോള്‍ കരഞ്ഞുപോയിട്ടുണ്ട്. അപ്പോൾ ഞാൻ വലിയ കൂളിങ് ഗ്ലാസ് വയ്ക്കും. ‘പോയതിനെക്കാള്‍ ജാടയ്ക്കാണല്ലോ തിരിച്ചു വരുന്നതെന്ന്’ പലരും ഒാർത്തിട്ടുണ്ടാകും. എന്നാലും കരയുന്നത് മറ്റുള്ളവർ കാണില്ലല്ലോ...
പലപ്പോഴും പ്രായമായവർ പങ്കെടുക്കുന്ന ചടങ്ങുകളിൽ നിന്ന് മാറി നിൽക്കുമായിരുന്നു. ചോദ്യങ്ങളും ‘അഭിപ്രായ പ്രകടനങ്ങളും’ നമ്മളെ എത്ര മുറിവേൽപിക്കുമെന്ന് അവര്‍ ചിന്തിക്കാറില്ല. മലയാളികളിൽ ചിലരുടെ പൊതു സ്വഭാവമാണിത്.
‘മോളേ കുഞ്ഞുങ്ങളില്ലല്ലേ... ഇത്രയും പ്രായമായ സ്ഥിതിക്ക് ഇനി ഒരു കുഞ്ഞുണ്ടാകാൻ പ്രയാസമായിരിക്കും അല്ലേ? എന്നൊക്കെ ചോദിച്ചവരുണ്ട്. ഇത്തരം ഭയത്തിന്റെ വിത്തുകൾ മനസ്സിൽ വീഴുമ്പോൾ ചാക്കോച്ചൻ തന്ന എല്ലാ പൊസിറ്റിവ് ചിന്തകളും ഉണങ്ങിപ്പോകും. പിന്നെ, ഒന്നിൽ നിന്നു തുടങ്ങും.
ഇങ്ങനെയുള്ള സംശയാലുക്കൾ ദയവായി ഒരു കാര്യം ഒാ ർക്കണം, കുഞ്ഞെന്ന സ്വപ്നത്തിനായി നീറിനിൽക്കുന്നവരെ സഹായിച്ചില്ലെങ്കിലും ചോദ്യങ്ങളും ഉപദേശങ്ങളും കൊണ്ട് ഉപദ്രവിക്കരുത്.
ഇതെല്ലാം ചാക്കോച്ചൻ എങ്ങനെയാണ് നേരിട്ടത്?
എന്റെ ജീവിതത്തിൽ ഒരുപാടു തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം സങ്കടപ്പെടുമെങ്കിലും നിരാശനായിട്ടില്ല. ഇരുട്ടിനപ്പുറം പ്രകാശമുണ്ടെന്ന വിശ്വാസം എപ്പോഴുമുണ്ടായിരു ന്നു. ജീവിതത്തിൽ പല അവസരങ്ങളിലും ആ ചിന്ത പ്രാവർത്തികമായിട്ടുണ്ട്. ഒരു കാലത്ത് സിനിമ വേണ്ട എന്നുറപ്പിച്ചയാളാണു ഞാൻ. താരപദവിയിൽ നിന്ന് ഒന്നുമില്ലായ്മയിലേക്കു വീണു പോയിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടാണ് തിരിച്ചു കയറിയത്. അതുകൊണ്ടാകാം ഒടുവിൽ ദൈവം സന്തോഷം സമ്മാനിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു.
തിരിച്ചടികളും മോശം സമയവും എല്ലാ ജീവിതത്തിലും ഉ ണ്ട്. പക്ഷേ, ഇഷ്ടമുള്ള കാര്യം ആത്മാർഥതയോടെ മോഹിച്ചാൽ അതു നമ്മളിലേക്ക് എത്തിച്ചേരും. പ്രിയയായാലും സിനി മയായാലും ഇപ്പോഴിതാ കുഞ്ഞായാലും മോഹിച്ചു മോഹി ച്ചാണ് കിട്ടിയിരിക്കുന്നത്.
എന്നെക്കാൾ വേദനിച്ചത് പ്രിയയാണ്. ജീവിതത്തിന്റെ ഉ യര‍്‍ച്ച താഴ്ചകൾ ഒരുപാട് അനുഭവിച്ചാണ് ഞാൻ ഇതുവരെ എത്തിയത്. പ്രിയയ്ക്ക് അതത്ര പരിചിതമല്ലല്ലോ. അതുകൊണ്ടു തന്നെ എപ്പോഴും മാനസികമായ പിന്തുണ കൊടുക്കാൻ ശ്രമിച്ചിരുന്നു. ജീവിതത്തിലെ പാഠങ്ങളായിരുന്നു അതെല്ലാം.
കുഞ്ഞുങ്ങളുണ്ടാകാൻ കാത്തിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, ഒരുപാടു ചികിത്സാരീതികളുണ്ട്. ശാസ്ത്രം ഒരുപാടു പുരോഗമിച്ചു. ഒന്നോ രണ്ടോ പേരുടെ അഭിപ്രായം പരിഗണിച്ച് അത് ഉപയോഗിക്കാതിരിക്കരുത്. പഴയ ചിന്തയുടെ മതിലിൽ തട്ടി നമ്മുടെ അഭിപ്രായങ്ങൾ വീണു പോകരുത്.
റിസൽറ്റ് നെഗറ്റീവ് ആവുമ്പോൾ ഡിപ്രഷനിലേക്കു പോയവരുണ്ട്. അതൊക്കെ എങ്ങനെ മറികടന്നു?
ഇപ്പോഴത്തെ ഭീകരമായ അസുഖം കാൻസറൊന്നുമല്ല ഡിപ്രഷനാണെന്നു തോന്നിയിട്ടുണ്ട്. പലരും ആ അവസ്ഥയിലൂടെ കടന്നു പോകും. എന്നാൽ ഒരു പോയിന്റ് ഉണ്ട്. അവിടെയെത്തുമ്പോൾ ചിലർ ഡിപ്രഷൻ മറികടക്കാനുള്ള വഴി സ്വയം കണ്ടെത്തും. മറ്റു ചിലർ അതിൽ വീണു പോകും.
കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ റിസൽറ്റ് നെഗറ്റീവ് ആകുമ്പോൾ ഞങ്ങളും മാനസിക സംഘർഷത്തിൽ വീണു പോയിട്ടുണ്ട്. ഒടുവിൽ അതിൽ നിന്നു രക്ഷപ്പെടാനുള്ള വഴി സ്വയം കണ്ടെത്തി. ഡിപ്രഷൻ വരുമ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഡാൻസ്, പാട്ട്, സ്പോർട്സ്... വ്യായാമം ഡി പ്രഷൻ കുറയ്ക്കാനുള്ള നല്ല വഴിയായി തോന്നി. ബാറ്റ്മിന്റൺ കളി ഉഷാറാക്കി. ‘സൂര്യോദയം കാണുന്നതും’ ‘കളകളാരവം ’ കേൾക്കുന്നതുമെല്ലാം ക്ലീഷേ പരിപാടിയാണെങ്കിലും മനസ്സു ശാന്തമാക്കാൻ സഹായിച്ചു.
ഇതൊക്കെ പറയുന്നത് കുഞ്ഞുണ്ടായതോടെ എല്ലാ തിക ഞ്ഞെന്നു കരുതിയല്ല. ഞങ്ങൾ കടന്നു വന്ന വഴികളിലൂടെ യാത്ര ചെയ്യുന്ന ഒരുപാടു പേരുണ്ട്. അവര്‍ക്കു വേണ്ടിയാണ്.
പ്രിയ: മാസങ്ങളോളം ചുമരും നോക്കി കിടന്നിട്ടുണ്ട് ഞാൻ. ഒരേ മുറി, കുറെ ആകുമ്പോൾ മടുപ്പു വരും. സമയം ചലിക്കാതെയാകു. കൂട്ടിനുള്ളിൽ കിടക്കുന്നതു പോലെ. എന്നിട്ടും റിസൽറ്റ് നെഗറ്റീവ് ആകുമ്പോൾ സഹിക്കാനാവില്ല. അപ്പോൾ ചാക്കോച്ചൻ പറയും, നമ്മൾ ദൈവത്തിന്റെ കൈയിലെ വെയ്റ്റിങ് ലിസ്റ്റിലാണ്. കാത്തിരിക്കാം. താമസിയാതെ കൺഫേംഡ് ലിസ്റ്റിലേക്കു കയറും. ഒാരോ പരാജയങ്ങൾക്കു ശേഷവും മൂഡ് മാറ്റാൻ ഞങ്ങൾ യാത്രകൾ പോയി. മിക്കപ്പോഴും എന്റെ അടുത്ത സുഹൃത്തുക്കളും ലീവ് എടുത്ത് ഞങ്ങൾക്കൊപ്പം വരും.
ഇസ്ഹാക്ക് ബോബൻ കുഞ്ചാക്കോ എന്ന പേരിലേക്ക് എത്തിയതോ?
കുഞ്ചാക്കോ ബോബൻ: ബൈബിളിലെ സാറയെയും അബ്രഹാമിനെയും ഒാർമയില്ലേ? തൊണ്ണൂറാം വയസ്സിലാണ് അവർക്ക് ഇസ്ഹാക്ക് എന്ന കുഞ്ഞുണ്ടാകുന്നത്. ഞങ്ങളുടെ കാര്യത്തിലും വൈകി വന്ന കുഞ്ഞല്ലേ... അതാണ് ഇസ്ഹാക്ക് എന്ന പേരിട്ടത്. പിന്നെ, എന്റെ അപ്പന്റെ പേരും ചേർത്തു. അതിൽ എന്റെ പേരും ഉണ്ട്. അതു മൂന്നും ചേർന്നാണ് ഇസ്ഹാക്ക് ബോബൻ കുഞ്ചാക്കോ എന്ന പേരു പിറന്നത്.
പ്രിയ: കുട്ടികളുടെ ഉടുപ്പും കളിപ്പാട്ടവുമൊക്കെയുള്ള കടകൾ കാണുമ്പോൾ ‘ഇവിടൊക്കെ നമുക്ക് കയറാൻ പറ്റുമോ, ഇല്ലായിരിക്കും’ എന്നൊക്കെ ഒരുകാലത്ത് തോന്നാറുണ്ടായിരുന്നു. ചിലപ്പോ കൂട്ടുകാരോട് പറയുമ്പോൾ ‘കൊച്ചുണ്ടായാലേ വാങ്ങാവൂ എന്നുണ്ടോ? വെറുതേ ആണെങ്കിലും വാങ്ങിവയ്ക്കെന്ന്’ പറയും. പക്ഷേ, അതു ചെയ്തില്ല.
പിന്നെ ‘ഇസൂ’നായിട്ട് കാത്തിരിക്കുമ്പോൾ കുഞ്ഞുടുപ്പുകള്‍ വാങ്ങി വയ്ക്കണമെന്ന് വലിയ ആഗ്രഹം തോന്നി. അതുവരെ മനസ്സിലൊളിപ്പിച്ച മോഹമല്ലേ?
വരാൻ പോവുന്നത് പെൺകുഞ്ഞാണെന്നാണ് ചാക്കോച്ചനും ഞാനും കരുതിയത്. ആദ്യമേ ഉടുപ്പൊന്നും വാങ്ങിക്കരുതെന്ന് പലരും പറഞ്ഞു. അവസാനമായപ്പോ എനിക്ക് ക്ഷമകെട്ടു. ഒാടി പോയി കുറേ ഉടുപ്പുകൾ വാങ്ങി.
പ്രിയ തന്ന ഏറ്റവും വലിയ സർപ്രൈസ് എന്താണ്?
കുഞ്ചാക്കോ ബോബൻ: പന്ത്രണ്ടാമത്തെ ദിവസം മുതൽ പ്രിയ കുഞ്ഞിനെ കുളിപ്പിക്കാൻ തുടങ്ങി. ഇതുവരെ തന്ന സർപ്രൈസുകളിൽ ഏറ്റവും വലുതായി ആ കാഴ്ച മാറി. കുഞ്ഞു വന്നു കഴിഞ്ഞാൽ എങ്ങനെ നോക്കണം എന്ന കാര്യത്തിൽ പ്രിയയ്ക്ക് ആദ്യം കുറച്ചു ടെൻഷനുണ്ടായിരുന്നു.
കുഞ്ഞിനെ സ്വന്തമായി കുളിപ്പിക്കാൻ തുടങ്ങിയ ദിവസങ്ങളിൽ പ്രിയയ്ക്ക് ആകെ പേടി. ഒടുവിൽ ഡോക്ടറെ വിളിച്ചു ചോദിച്ചു, ‘‘ഞാൻ കുഞ്ഞിനെ കുളിപ്പിക്കുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?’’
ഡോക്ടർ ചിരിയോടെ തിരിച്ചു ചോദിച്ചു, ‘‘ കുഞ്ഞ് സുഖമായി ഉറങ്ങുന്നുണ്ടോ? പാലു കുടിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ പിന്നെന്തു കുഴപ്പം...’’ അതോടെ ആത്മവിശ്വാസമായി.
വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് പ്രിയയാണ്. ക ക്ഷിയുടെ ഭാഷയിൽ പറഞ്ഞാൽ ‘മത്തി മുതൽ മാണിക്യം വരെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഞാനാണ്’. എന്റെ കോസ്റ്റ്യൂം സെല്ക്ട് ചെയ്യുന്നത്, തീയതികൾ ഒാർമിപ്പിക്കുന്നത് അങ്ങനെ എല്ലാം. എനിക്ക് അഭിനയിച്ചാൽ മതി. ബാറ്റ്മിന്റൺ കളിച്ചാൽ മതി. മൾട്ടി ടാസ്കിങ് പരിപാടിയിൽ ഞാൻ പിറകോട്ടാണ്.
‘സുധി’ മുതൽ ‘ഡോ.സുരേഷ് ’ വരെ... സിനിമയിലെ ചാക്കോച്ചൻ എങ്ങനെ മാറി?
‘എംബിഎ പഠിച്ച് ഡോക്ടറായെന്നു’ പറയാം അല്ലേ? അനിയത്തിപ്രാവിലെ സുധി എംബിഎക്കു പഠിക്കുകയായിരുന്നു. ഇപ്പോൾ വൈറസിൽ ഡോ. സുരേഷ്‍ രാജനായി. ഞാൻ പ്രീഡിഗ്രിക്ക് സെക്കൻഡ് ഗ്രൂപ്പാണു പഠിച്ചത്. അന്ന് ഡോക്ടറാകാൻ കഴിയാത്തതിൽ ചെറിയൊരു സങ്കടമുണ്ടായിരുന്നു. വൈറസിലൂടെ അതു മാറി. ആ കഥാപാത്രം നന്നായെന്നു പലരും പറഞ്ഞു. അതിനൊരു കാരണം ആ പഴയ മോഹം കൂടിയായിരുന്നു.
സിനിമ മാറിയതിനനുസരിച്ച് ഞാനും മാറി. പക്ഷേ ഇരുപത്തി രണ്ടു വർഷം കൊണ്ട് വ്യക്തി എന്ന രീതിയിൽ മാറിയിട്ടില്ല. അന്നും ക്രിക്കറ്റാണിഷ്ടം. പക്ഷേ, ബാറ്റ്മിന്റൺ കളിക്കുന്നു. ഡാൻസ് ചെയ്യുന്നു, പഴയ സുഹൃത്തുക്കൾ ഒപ്പമുണ്ട്.
ഞാനിപ്പോഴും ഭയങ്കര ഇമോഷനലാണ്. സിനിമയിലെ സങ്കട സീനുകൾ കണ്ടാൽ കരയും. അതുപോലെ സമൂഹത്തിലെ അനീതികൾക്കെതിരേ പ്രതികരിക്കുന്ന കഥാപാത്രങ്ങളെ കണ്ടാൽ ആവേശം കയറും. ഇതൊന്നും മാറില്ല. സിനിമ ഒരു പാടു കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് താരമെ ന്നതിനെക്കാൾ മനുഷ്യനായി നിൽക്കാൻ കഴിയുന്നത്.
വിളിച്ചാൽ ഫോണെടുക്കുന്ന, കൃത്യമായി മറുപടി മെസ്സേജുകൾ അയയ്ക്കുന്ന നടൻ... ഈയൊരു മേൽവിലാസം എങ്ങനെ സൂക്ഷിക്കാൻ പറ്റുന്നു?
ഒരാളെ ഞാൻ ഫോൺ ചെയ്തിട്ട് എടുത്തില്ലെന്നു കരുതുക, തിരിച്ചു വിളിക്കുന്നുമില്ല. എനിക്ക് ദേഷ്യം തോന്നും. ഇതുപോലെയല്ലേ മറ്റുള്ളവർക്ക് എന്നോടും. വെറുതെ എന്തിനാ അന്യരുടെ മനസ്സിൽ നമ്മുടെ മുഖം മോശമാകുന്നത്?
ആരെയും ചെറുതായി കാണരുതെന്ന് ജീവിതം പഠിപ്പിച്ചു. ഇന്ന് സഹായം ചോദിച്ചു വരുന്ന ആളായിരിക്കും നാളെ നമ്മളെ സഹായിക്കാൻ ഉണ്ടാകുക. ഞാനത് അനുഭവിച്ചിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടി നിൽക്കുന്ന സമയം. കുറച്ചു പൈസയുടെ ആവശ്യം വന്നു. ഒരാളുടെ അടുത്ത് ഉണ്ടെന്ന് അറിയാം. ഞാൻ സഹായം ചോദിച്ചു. തിരിച്ചു കിട്ടില്ലെന്നു ക രുതിയാകാം, അയാൾ പണം തന്നില്ല. അന്നു വിഷമം തോന്നി.
പിന്നെ ഞാൻ തകർച്ചയിൽ നിന്നു തിരിച്ചു വന്നു. കുറച്ചു നാൾമുമ്പ് അതേ ആൾ എന്റെടുത്ത് സാമ്പത്തികസഹായം ചോദിച്ചെത്തി. ഞാൻ കൊടുത്തു.
ആപത്തിൽ സഹായിക്കാത്ത ആളെ എന്തിന് സ്വീകരിച്ചു എന്നു സംശയിക്കണ്ട. അതാണ് എന്റെ പ്രതികാരം. എന്നെ ദ്രോഹിച്ചവരുടെ മുന്നിൽ ഞാൻ ജീവിച്ചു കാണിക്കുകയല്ലേ വേണ്ടത്.
ഈ ഇന്റർവ്യൂവിൽ പ്രിയയുടെ ഫോട്ടോ എവിടെയെന്ന് വായനക്കാർ ചോദിക്കില്ലേ?
പ്രിയ: ചാക്കോച്ചൻ എന്നെ ഫോട്ടോയ്ക്ക് കൂട്ടിയില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതുകൊണ്ട് സത്യം പറയാം, ഞാനിപ്പോൾ ജീവിതത്തിലെ ഒാരോ നിമിഷവും ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്... ‘ഇസു’ ഒന്നുകൂടി വലുതാകട്ടെ, വീണ്ടും നമുക്ക് കവർ ചിത്രമാകാം...