Wednesday 25 September 2019 12:06 PM IST

‘മമ്മൂക്ക ആ കഥാപാത്രത്തെ പോലെ തന്നെ ഞങ്ങളെ സ്നേഹിച്ചു’; ‘കാഴ്ച’യിലെ കുഞ്ഞേച്ചിയും അനിയനും പറയുന്നു!

Vijeesh Gopinath

Senior Sub Editor

sanusha-kochu343 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. ലൊക്കേഷൻ: റമദ റിസോർട്ട്, കൊച്ചി.

‘കാഴ്ച’ സിനിമയിലെ യഷും സനൂഷയും വീണ്ടും കാണുന്നു. 15 വർഷത്തിനു ശേഷം ആദ്യമായി....

അന്ന് ആ ‘കാഴ്ച’യിൽ കണ്ണു നനയാത്തവർ കുറവായിരുന്നു. ഗുജറാത്തിലേക്ക് കൊച്ചുണ്ടാപ്രി തിരിച്ചു പോകുന്ന ദിവസം. അളവു തെറ്റി തയ്ച്ച ഇളം നീല ഷർട്ട് ഇൻസെർട് ചെയ്ത് ‘കുട്ടപ്പനായി’ അവൻ ബോട്ട് കാത്തു നിൽക്കുന്നു. പച്ചപ്പാവാടയും ബ്ലൗസുമിട്ട് യാത്രയാക്കാൻ നിൽക്കുന്ന അമ്പിളി എന്ന സ്കൂൾകുഞ്ഞ്. പിന്നെ, നാട്ടുകാരും.

പുതിയ ഉടുപ്പൊക്കെയിട്ട് ഗുജറാത്തിലേക്കു തിരിച്ചു പോകുന്ന സന്തോഷം കൊച്ചുണ്ടാപ്രിയുടെ മുഖത്ത്. അമ്പിളി പക്ഷേ, കരച്ചിലിന്റെ കാർമേഘക്കെട്ടിനു താഴെയായിരുന്നു. തിരിച്ചു വരവുണ്ടാകുമോ എന്നു പോലും അറിയാതെ കൊച്ചുണ്ടാപ്രി ആ നാട്ടിൽ നിന്ന് മാഞ്ഞു പോയി.

ചിരിയുടെ മിന്നാമിനുങ്ങുവെട്ടമായി മാധവന്റെയും ലക്ഷ്മിയുടെയും അമ്പിളിയുടെയും ജീവിതത്തിൽ വന്ന തടിച്ചുരുണ്ട കുട്ടി പിന്നെ മലയാള സിനിമയിലേക്കു മടങ്ങി വന്നില്ല. എങ്കിലും ‘കാഴ്ച’ കാണുമ്പോൾ ഭൂമി കുലുക്കത്തിലെല്ലാം തകർന്നു പോയ അവന്റെ സങ്കടത്തീ എപ്പോഴും നീറ്റലായി മാറുന്നുമുണ്ട്.

ഗുജറാത്തി സ്കൂളിലെ കുട്ടി

യഷ് – ബ്ലെസ്സി സാറിന് ഗുജറാത്തിയായ ഒരു കുട്ടി തന്നെ വേണം. അതിനാണ്  മട്ടാഞ്ചേരിയിൽ ഞാൻ പഠിക്കുന്ന ഗുജറാത്തി സ്കൂളിൽ വന്നത്. എന്തുകൊണ്ട് എന്നെ തിരഞ്ഞെടുത്തെന്നറിയില്ല. ഒാഡിഷൻ വച്ചപ്പോൾ എല്ലാവരും യൂത്ത് ഫെസ്റ്റിവൽ സമയത്തെ സിഡി കൊണ്ടുപോയി കൊടുത്തു. 

ഡാൻസ് കണ്ടല്ല എന്നെ സെലക്ട് ചെയ്തത്. ഞാനതിൽ വേറൊരു ഗ്രൂപ്പിന്റെ ഡാൻസ് കണ്ട് സ്റ്റേജിന്റെ അരികില്‍ നിൽക്കുന്നുണ്ടായിരുന്നു. ആ നോട്ടം കണ്ടാണ് ബ്ലെസ്സി സാർ തിരഞ്ഞെടുത്തത്. അങ്ങനെ ഞാനും സാറും കൂടി പ്രൊഡ്യൂസറിന്റെ വീട്ടിേലക്കു പോയി.  ചെന്നപ്പോഴേ മേശപ്പുറത്ത് മുന്തിരിയും ആപ്പിളുമൊക്കെ വച്ചിരിക്കുന്നതു കണ്ടു. ഞാൻ നേ രെ ചെന്ന് അതെടുത്തു കഴിച്ചു. അതോടെ അദ്ദേഹം പറഞ്ഞു, ഇനി ഒന്നും നോക്കണ്ട, ഇവനെ സെലക്ട് ചെയ്തോളൂ...

സനൂഷ – ഒരു ബോട്ടില്‍ കയറിയാണ് സിനിമയിലെ ഞങ്ങളുടെ വീട്ടിലേക്ക് എത്തിയിരുന്നത്. ഇപ്പോഴും കാഴ്ച എന്നു കേൾക്കുമ്പോ ആ വീടും അങ്ങോട്ടുള്ള യാത്രയും ഒാർമ വരും.

കൊച്ചുണ്ടാപ്രി ആദ്യമായി ആ വീട്ടിലേക്കു വരുന്ന രംഗം ഇപ്പോഴും ഒാർമയുണ്ട്. പട്ടിക്കുട്ടി പിന്നാലെ ഒാടും എന്ന കാര്യം യഷിന് അറിയില്ലായിരുന്നു. ബ്ലെസ്സി അങ്കിൾ അതിനെക്കുറിച്ച് പറഞ്ഞതുമില്ല. യഷ് മുറ്റത്തേക്കു കയറിയതും പട്ടി പിന്നാലെ ഒാടി. അതാണ് ആ ഒാട്ടം അത്ര നാചുറലായത്.

ആ പട്ടിക്കുട്ടി എന്റേതായിരുന്നു. സൂസി എന്നായിരുന്നു പേര്. അടുപ്പം കാണിക്കാനാണ് അതിനെ തന്നെ ഷൂട്ടിനുപയോഗിക്കാൻ തീരുമാനിച്ചത്. കണ്ണൂരിൽ നിന്ന് ട്രെയിനിൽ കയറ്റി അതിനെ കൊണ്ടു വന്നത് ഒാർമയുണ്ട്.

‘മുഗെ’ ഭൂക്ക് ലഗീ...

യഷ് –  ‘കാഴ്ച’യിൽ ഞാൻ ഇടയ്ക്കിടെ പറയുന്ന വാചകമാണിത്. സിനിമയിലെ പോലെ വിശപ്പായിരുന്നു പ്രധാന പ്രശ്നം. ഞാൻ വെജിറ്റേറിയൻ ആണ്. അതുകൊണ്ടു തന്നെ  ചിലപ്പോൾ  ഭക്ഷണമെത്താൻ വൈകും അതോടെ എനിക്ക് കരച്ചിൽ വരും.

ഞങ്ങൾ ലൊക്കേഷനിൽ നല്ല കൂട്ടുകാരായിരുന്നു. എപ്പോഴും കളിയും ബഹളവും. മിണ്ടാതിരിക്കെന്നു പറഞ്ഞ് ബ്ലസ്സി സാർ വഴക്കു പറഞ്ഞിട്ടുണ്ട്.  മലയാളം അറിയില്ലെങ്കിലും ഞാ ൻ പറയുന്നതെല്ലാം  സനൂഷയ്ക്ക് മനസ്സിലാകും. സിനിമയിലും അങ്ങനെ തന്നെയായിരുന്നില്ലേ...

സനൂഷ – പക്ഷേ, ഒരിക്കൽ ഞങ്ങൾ തല്ലു കൂടിയിട്ടുണ്ട്. അഭിനയിക്കുമ്പോൾ ഞാൻ കളിയാക്കി ചിരിച്ചതെന്തോ ആണ്.  അതോടെ വലിയ പിണക്കം. മിണ്ടാട്ടമില്ല. കൊച്ചുണ്ടാപ്രി ആദ്യമായി വീട്ടിലെത്തിക്കഴിഞ്ഞ് പുട്ട് കഴിക്കുന്ന രംഗം ഉണ്ട്. അതൊക്കെ എടുക്കുമ്പോൾ ഞങ്ങൾ ‘കടുത്ത ശത്രുക്കളായിരുന്നു’. അടുത്ത ദിവസം പിന്നെയും കൂട്ടായി.

മമ്മൂക്ക വഴക്കിട്ടത്...

യഷ്– മമ്മൂട്ടി സാറായിരുന്നു എന്റെ ഏറ്റവും വലിയ ആശ്രയം.  ഷോട്ട് ശരിയാകാതെ വരുമ്പോഴോ കുസൃതികാണിക്കുമ്പോഴോ വഴക്കു കേൾക്കാൻ സാധ്യതയുെണ്ടന്നറിഞ്ഞാൽ ഉടൻ ഞാൻ സാറിന്റെടുത്തേക്കോടും. മടിയിൽ ചാടിക്കയറി ഇരിക്കും. അതോടെ ആരും എന്നെ ഒന്നും പറയില്ല. സത്യം പറഞ്ഞാൽ അദ്ദേഹം അത്രയും വലിയ നടനാണെന്നൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അന്നൊന്നും ഞാനൊട്ടും ബഹുമാനം നൽകിയിരുന്നില്ലെന്നു തോന്നും.

സനൂഷ – മറ്റൊരു മമ്മൂക്കയായിരുന്നു ആ സെറ്റിൽ. ബാലരമയ്ക്കൊക്കെ വേണ്ടി ഞങ്ങളോട് അടി കൂടിയിട്ടുണ്ട്. ഇടയ്ക്കു വരുമ്പോൾ സ്ട്രോബെറിയൊക്കെ കൊണ്ടുവരും. ഞങ്ങൾക്ക് സമ്മാനങ്ങൾ തരും. സിനിമയിൽ മമ്മൂക്കയുടെ ആ കഥാപാത്രം കാണിക്കുന്ന അതേ സ്നേഹവും വാത്സല്യവും ഷൂട്ട്  ഇല്ലാത്തപ്പോഴും കാണിച്ചിരുന്നു. ഇപ്പോൾ കാണുമ്പോഴും പഠനത്തിൽ ശ്രദ്ധിക്കണം, ഉഴപ്പരുത്. സിനിമ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം എന്നെല്ലാം പറയാറുണ്ട്.

sanusha-kochu221

യഷ് – കുറച്ചു നാൾ മുൻപ് ഗുജറാത്തി സ്കൂളിലെ ഒരു ചടങ്ങിന് മമ്മൂട്ടി സാർ  മുഖ്യ അതിഥിയായി വന്നു. ഞാൻ അവിടെയുണ്ടാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ, പോയി സംസാരിക്കാൻ എനിക്കൊരു മടി. ഞാൻ കുറച്ചു മാറി നിന്നു. പക്ഷേ എന്നെ കണ്ട് അടുത്തേക്കു വിളിച്ചു, കെട്ടിപ്പിടിച്ചു, കുറെ സംസാരിച്ചു.  

ബ്ലെസ്സി എന്ന മാന്ത്രികൻ

സനൂഷ– െബ്ലസ്സിയങ്കിളിനെ കണ്ടിട്ടും ഏറെ നാളുകളായി. ഞങ്ങൾക്കന്ന് ഷൂട്ടിനെക്കുറിച്ച് അത്ര ഗൗരവം ഒന്നും ഇല്ലല്ലോ. പലപ്പോഴും അഭിനയിക്കുകയാണെന്നു പോലും തോന്നിയിട്ടില്ല. ഞങ്ങൾ പോലുമറിയാതെ ഷൂട്ട് ചെയ്തു. ഒരുപാടു രംഗങ്ങൾ ഇപ്പോഴും ഒാർമയുണ്ട്. മലവെള്ള പാച്ചിലിൽ നിന്ന് രക്ഷപ്പെടുന്ന സീൻ വലിയ നാലു പൈപ്പുകൾ വച്ചാണ് ഷൂട്ട് ചെയ്തത്, വലിയ ശക്തിയിൽ വെള്ളം ചാടുമ്പോൾ ഞങ്ങൾ കഷ്ടപ്പെട്ട് പിടിച്ചു കിടന്നു. അന്ന് യഷിന് പനിയായിരുന്നു.

യഷ് –  െബ്ലസ്സി സാര്‍ എന്നെ കരയിച്ചത് ഒാർമയുണ്ട്. ഗുജറാത്തിലെത്തിയ ശേഷം ഭൂമികുലുക്കത്തില്‍ തകർന്ന വീടുകാണുന്ന രംഗം, ഞാൻ ഒാടി നടന്ന്  ഉറക്കെ കരയുന്നുണ്ട്. ഗ്ലിസറിൻ ഉപയോഗിക്കാതെയാണ്  കുടുകുടാന്ന് കണ്ണീര് വരുന്നത്. അതിനു പിന്നിൽ അദ്ദേഹത്തിന്റെ ഒരു തന്ത്രമുണ്ടായിരുന്നു.

ഷൂട്ട് ചെയ്യുന്നതിനു തൊട്ടുമുൻപ് എന്നെ അടുത്തേക്കു വിളിച്ചു പറഞ്ഞു, നിന്നെ ഇവിടെയിട്ട് അച്ഛനും അമ്മയും പോയി. ഞങ്ങളും ഉടൻ പോകും. നീ ഒറ്റയ്ക്കാകും. ആരും ഉണ്ടാകില്ല. രാത്രിയായാൽ അറിയാമല്ലോ... അതു കേട്ടതോടെ പേടിച്ചു കരഞ്ഞു കൊണ്ട് ഒാടാൻ തുടങ്ങി...   

സനൂഷ – ഇന്നും ഒാർമയിൽ നിൽക്കുന്നത് ഒരു അപകടമാണ്. ഷൂട്ടിനിടയിൽ ക്യാമറ വെള്ളത്തിലേക്കു വീണു പോയി. പകുതിയോളം ഷൂട്ട് കഴിഞ്ഞിരുന്നു. ഞങ്ങളെല്ലാം പേടിച്ചു. അ ന്നു ഫിലിം അല്ലേ... ഒന്നും സംഭവിക്കരുതേ എന്നു പ്രാർഥിച്ചത് ഒാർമയുണ്ട്. ദൈവം കാത്തു, ഒന്നും നഷ്ടപ്പെട്ടില്ല.

സനുഷയുടെ  ഫോൺ റിങ് ചെയ്തു. അച്ഛന്‍ സന്തോഷാണ്. വർഷങ്ങൾക്കു ശേഷം യഷിന്റെ അച്ഛൻ വിളിച്ചു. ആ സന്തോഷം പറയാൻ വിളിച്ചതാണ്. ഷൂട്ടിങ് സമയത്ത് രണ്ടു കുടുംബങ്ങളും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. പിന്നെ, ഫോൺവിളികൾ കുറ‍ഞ്ഞു...

യഷ് – കോളജിലൊക്കെ എത്തിക്കഴിഞ്ഞപ്പോൾ ഞാൻ കാഴ്ചയിൽ അഭിനയിച്ച ആളാണെന്നറിയുമ്പോൾ ചിലരുടെ ചോദ്യം ഇതാണ്–‘‘സനുഷയുടെ മൊബൈൽ നമ്പർ തരാമോ?’’ എന്റെ കയ്യിലില്ലെന്ന് എനിക്കു മാത്രമല്ലേ അറിയൂ. ‌

സനൂഷ – അന്നേ വാട്ട്സാപ്പും ഫെയ്സ്‌ബുക്കും ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഇത്ര അകലം വരില്ലായിരുന്നു. പക്ഷേ, അന്നേ സൗഹൃദത്തിലായിരുന്നെങ്കിൽ ഈ മൊമന്റ് ഇത്ര സ്പെഷൽ ആകില്ലായിരുന്നു അല്ലേ?...

Sanusha‭ ‬V/S‭ ‬Yash

sanu-kochuu899

സനുഷ – എംബിഎയ്ക്ക് അല്ലേ പഠിക്കുന്നത്, നിനക്ക് ഇനി എത്ര സപ്ലി എഴുതാനുണ്ട്?

ചോദ്യം കേട്ട് യഷ് ഒന്നു ഞെട്ടി ‘‘സത്യം പറഞ്ഞാലും വിശ്വസിക്കില്ല. അതുകൊണ്ട് ഉത്തരം പറയുന്നില്ല, പകരം വേറൊരു കാര്യം ചോദിക്കാം. നിന്റെ ഇന്റര്‍‌വ്യൂസ്  കാണുമ്പോ ഇത്രയും സിംപിളായി പെരുമാറുന്നത് എങ്ങനെയാണെന്ന് ആലോചിച്ചിട്ടുണ്ട്’’

സനൂഷയുടെ ഉത്തരവും സിംപിളായിരുന്നു, ‘‘അത് ഞാനിപ്പോഴും ‘വളർന്നിട്ടില്ല’, അതു തന്നെ.’’  

 യഷ് – ഒരു ചോദ്യം കൂടി, ഇനിയും അവസരം കിട്ടിയാൽ നമ്മൾ ഒരുമിച്ച് അഭിനയിക്കുമോ?

സനൂഷ ചിരിച്ചു കൊണ്ടുത്തരം പറഞ്ഞു,‘‘ഉറപ്പല്ലേ, ആ രണ്ടു കുട്ടികൾക്ക് എന്തു സംഭവിച്ചു എന്ന് െബ്ലസ്സിയങ്കിൾ ആലോചിച്ചാലോ? ഗുജറാത്തിലേക്കു പോയ കൊച്ചുണ്ടാപ്രി വീണ്ടും തിരിച്ചു വരുമോ?’’

Tags:
  • Celebrity Interview
  • Movies