പതിനാലു വർഷങ്ങൾക്കു ശേഷം ഇന്ദ്രജ ക്യാമറയ്ക്കു മുന്നിലേക്കു തിരിച്ചെത്തുമ്പോൾ...
സ്കൂളില്‍ പഠിക്കുമ്പോഴേ ‘രാജാത്തിയുടെ’ മേൽവിലാസം കണ്ണുകളായിരുന്നു. വെള്ളാരം കണ്ണുള്ള പെൺകുട്ടി. പട്ടുപാവാടയൊക്കെ ഉടുത്ത് രണ്ടു വശത്തേക്കും മുടി പിന്നിക്കെട്ടി ജമന്തിപൂവും ചൂടി നടന്നുപോകുന്ന നാടൻ കുട്ടി. ആ കണ്ണുകൾ തന്നെയാണ് രാജാത്തിക്ക് സിനിമയിലേക്കുള്ള വഴികാട്ടിയായത്– ഉഴൈപ്പാളി എന്ന രജനികാന്ത് പടത്തിൽ ശ്രീവിദ്യയുടെ കുട്ടിക്കാലം.
‘പൂച്ചക്കണ്ണുള്ള’ പെൺകുട്ടിക്കുവേണ്ടി തപ്പി നടന്ന് മേക്കപ്മാനും സംവിധായകനുമെത്തിയത് രാജാത്തിയുടെ വീട്ടിൽ. അഭിനയമല്ല, പാട്ടും നൃത്തവുമായിരുന്നു ആ വീട്ടിലെ പ്രധാന താരങ്ങൾ. അമ്മ സംഗീത അധ്യാപിക. അനുജത്തിമാർ നന്നായി നൃത്തം ചെയ്യും. തനി തുളു ബ്രാഹ്മണകുടുംബം. അവിടെ നിന്നൊരു ആറാം ക്ലാസുകാരിയെ സിനിമയുടെ ഗ്ലാമർ ലോകത്തേക്കു വിടാൻ അച്ഛൻ ആദ്യം തയാറായില്ലെങ്കിലും പിന്നെ, അനുവാദം കൊടുത്തു.
ഷൂട്ട് നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ അടുത്ത സിനിമ തമിഴിൽ. ശരത്കുമാറിന്റെ അനുജത്തി വേഷം. അതു പൂർത്തിയാക്കും മുന്നേ രണ്ടു സിനിമകളിലേക്കുള്ള ഒാഫർ. എന്നാൽ അച്ഛന‍്‍ തീരുമാനിച്ചു– ‘‘രാജാത്തി ആദ്യം പഠിക്ക്, സിനിമ അതുകഴിഞ്ഞ് മതി.’’
അതോടെ ‘സിനിമ കഴിഞ്ഞെന്നാണ്’ രാജാത്തി കരുതിയത്. പക്ഷേ ആദ്യ രണ്ടു സിനിമകൾ ഒരു ടീസർ മാത്രമായിരുന്നു. ശരിക്കുള്ള സിനിമാ ജീവിതം തുടങ്ങാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
രണ്ടാം വരവിൽ രാജാത്തി എന്ന റൊമാന്റിക് പേര് മാഞ്ഞുപോയി– ഇന്ദ്രജയായി. വിവാഹശേഷം വീണ്ടും സിനിമയില്‍ നിന്ന് മാറി നിന്നു. അപ്പോഴും ഇന്ദ്രജ കരുതി ‘ഇനി വരവുണ്ടാകില്ല.’ പക്ഷേ അത് ഇടവേള മാത്രമായിരുന്നു. ഇപ്പോഴിതാ പതിനാലു വർഷത്തിനു ശേഷം വീണ്ടും മലയാളത്തിലേക്ക്....
രാജാത്തി എന്ന സുന്ദരമായ പേര് മാറിയതിൽ സങ്കടമുണ്ടോ?
ഒരു തെറ്റിദ്ധാരണയിലൂടെയായിരുന്നു ഇന്ദ്രജ എന്ന പേര് എനിക്ക് കിട്ടിയത്. ‘ജന്ദര്‍ മന്ദിർ’ എന്ന തമിഴ് സിനിമയിലാണ് ആദ്യമായി നായിക ആയത്. അതിലെ എന്റെ കഥാപാത്രത്തിന്റെ പേര് ഇന്ദ്രജ എന്നായിരുന്നു. റിലീസിനു മുൻപ് സംവിധായകൻ പത്രസമ്മേളനത്തിൽ നായകനെയും നായികയെയും പരിചയപ്പെടുത്തി. എങ്ങനെയാണെന്നറിയില്ല, പിറ്റേ ദിവസം എല്ലാ പത്രത്തിലും എന്റെ പേര് ഇന്ദ്രജ എന്നാണ് അച്ചടിച്ചു വന്നത്- രാജാത്തിക്കു പകരം സിനിമയിലെ കഥാപാത്രത്തിന്റെ പേര്...
വീണ്ടും പത്രസമ്മേളനം നടത്തി പേരു മാറ്റണോ എന്ന് അന്നാലോചിച്ചു. ഒടുവിൽ അച്ഛൻ പറഞ്ഞു– എല്ലാവരുടെയും മനസ്സിൽ ആ പേരു പതിഞ്ഞു കഴിഞ്ഞു, ഇനി തിരുത്തേണ്ട. ഇപ്പോഴും എന്റെ എല്ലാ സർട്ടിഫിക്കറ്റിലും ഞാൻ രാജാത്തിയാണ്. ഇമെയിൽ െഎഡി പോലും ‘രാജാത്തി’ എന്ന പേരിൽ നിന്നാണ് തുടങ്ങുന്നത്.
വിവാഹം കഴിഞ്ഞു, മോൾ ആറാം ക്ലാസിലായി. വീണ്ടും സിനിമയിലേക്ക്... പ്ലാൻ ചെയ്തുള്ള മടങ്ങി വരവാണല്ലോ
മലയാളത്തിലേക്ക് മടങ്ങി വരണമെന്ന് പ്ലാൻ ചെയ്തതൊന്നുമല്ല. എന്റെ സുഹൃത്ത് സജ്നയോടാണ് ‘ട്വൽവ് സി’ സിനിമയുടെ സംവിധായകൻ സി. ഉണ്ണികൃഷ്ണൻ ഞാൻ വീണ്ടും അഭിനയിക്കുമോ എന്നു ചോദിച്ചത്. കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. എല്ലാം ജീവിതത്തില്‍ സിനിമ കാണിക്കുന്ന മാജിക് ആയാണ് തോന്നുന്നത്. വിവാഹത്തോടെ മാറി നിന്നതും വീണ്ടും തിരിച്ചു വരുന്നതും ഒന്നും മുൻകൂട്ടി തീരുമാനിച്ചിട്ടായിരുന്നില്ല.
എനിക്ക് സ്വകാര്യജീവിതവും സിനിമയും ഒരുപോലെ പ്രധാനമാണ്. പ്രഫഷനൽ ലൈഫിൽ മാത്രം വിജയിച്ചിട്ടു കാര്യമുണ്ടോ? ജോലിയില്‍ നേട്ടങ്ങൾ കൊയ്യുന്നതിനിടെ ജീവിതം കൈവിട്ടു പോയാലോ? പിന്നെ, സന്തോഷിക്കാനാകില്ല.
എന്റെ െഎഡന്റിറ്റി ആയിരുന്നു സിനിമ. ജീവിതത്തിൽ ഏറ്റവും കൂടുതല്‍ സന്തോഷിച്ചിരുന്നത് സെറ്റിൽ വരുമ്പോഴായിരുന്നു. വിവാഹശേഷം അതു നഷ്ടപ്പെട്ടല്ലോ എന്നോർത്ത് സങ്കടം തോന്നിയിരുന്നു. പക്ഷേ, ഇപ്പോഴെനിക്ക് കുടുംബജീവിതവുമുണ്ട്, സിനിമയിലേക്കു തിരിച്ചെത്തുകയും ചെയ്തു.
രണ്ടാമത്തെ വരവിൽ അമ്മ വേഷങ്ങളിലേക്ക് ഒതുക്കപ്പെടും എന്ന ഭയമുണ്ടോ?
‘ട്വൽവ് സി’ എന്ന സിനിമയിൽ പന്ത്രണ്ടു വയസ്സുള്ള പെൺകുട്ടിയുടെ അമ്മയുടെ കഥാപാത്രമാണ്. സ്വന്തമായി ബിസിനസ്സ് നടത്തുന്ന പ്രതിസന്ധികളെല്ലാം മനസ്സിന്റെ കരുത്തു കൊണ്ടു മറികടക്കുന്ന കഥാപാത്രം. എനിക്കും ഒരു പെൺകുഞ്ഞുണ്ട്. അതുകൊണ്ടാകാം പെട്ടെന്ന് ആ കഥാപാത്രത്തോട് അടുപ്പം തോന്നിയത്. എനിക്കു മാത്രമല്ല, എല്ലാ അമ്മമാർക്കും ‘ഇതു ഞാൻ തന്നെയല്ലേ’ എന്നു തോന്നിയേക്കാം.
ഇത്തരം കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. അത് അമ്മ വേഷമാണോ അല്ലെങ്കിൽ പ്രായം കൂടിയ കഥാപാത്രമാണോ എന്നൊന്നും ചിന്തിക്കണമെന്നു തോന്നിയിട്ടില്ല. മലയാള സിനിമയിൽ മനസ്സിൽ തൊട്ട എത്രയോ അമ്മവേഷങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ തിരഞ്ഞെടുക്കാനാകണം എന്നാണ് ആഗ്രഹിക്കുന്നത്.
തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് എന്തോ ഒരിഷ്ടക്കൂടുതലുണ്ടെന്നു തോന്നിയിട്ടുണ്ട്. പരിചയപ്പെടുമ്പോൾ കൂടുതൽ സ്നേഹത്തോടെ സംസാരിക്കുന്നത് മലയാളികളാണ്. മറ്റു ഭാഷകളിലുള്ളവർ അടുത്തു വന്ന് സംസാരിക്കാൻ കുറച്ചു സമയമെടുക്കും. എന്നാൽ മലയാളികൾ ‘ചേച്ചീ’ എന്നു വിളിച്ച് ഒാടി വരും. ‘‘ഇപ്പോൾ എവിടെയാണ്, അഭിനയിക്കാറില്ലേ, ഇനിെയന്നാ തിരിച്ചു വരുന്നത്... ’’ ഇങ്ങനെ ഒന്നിനു പിറകെ ഒന്നായി ചോദ്യങ്ങൾ വരും.
നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ? എന്താണ് ‘മലയാള ബന്ധം’ ?
അമ്മ തിരുവനന്തപുരം സംഗീത കോളജിൽ നിന്നാണ് ഗാനഭൂഷണം ഡിപ്ലോമ പാസ്സായത്. അമ്മയുടെ അച്ഛൻ കൃഷ്ണമൂർത്തി പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദ്വിഭാഷി ആയിരുന്നു. അച്ഛന്റെ അച്ഛൻ ഗുരുമൂർത്തി ആകാശവാണിയിലെ വീണാ കലാകാരന്‍.
അമ്മ വർഷങ്ങളോളം ഹരിപ്പാട് ബഥനി കോൺവന്റ് സ്കൂളിലെ സംഗീത അധ്യാപികയായിരുന്നു. ഞാൻ മൂന്നു വയസ്സു വരെ കേരളത്തിലുണ്ടായിരുന്നു. പിന്നീട് അമ്മയും അച്ഛനും ചെന്നൈയിലേക്കു പോയി. പക്ഷേ, മലയാളം പഠിച്ചത് സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ ശേഷമാണ്.
ഒപ്പം അഭിനയിച്ച നായകന്മാരിൽ കലാഭവൻ മണിയുടെ മരണം ഏറെ വേദനിപ്പിച്ചില്ലേ?
ഒരുപാടു വേദനിപ്പിച്ചു. മലയാള സിനിമയിൽ അടുപ്പം തോന്നിയത് മണിച്ചേട്ടനോടായിരുന്നു. സെറ്റിൽ മണിച്ചേട്ടനെത്തിയാൽ ആകെ ഉത്സവമായിരുന്നു. ചില കഥകൾ കേൾക്കുമ്പോൾ അതിൽ അഭിനയിക്കണോ എന്നു സംശയം തോന്നും. അപ്പോൾ മണിച്ചേട്ടനെ വിളിക്കാറുണ്ടായിരുന്നു. കിട്ടുന്ന ഉത്തരം കൃത്യമായിരുന്നു. ‘മലയാളത്തിൽ ഇന്ദ്രജ തന്നെ ഡബ് ചെയ്യാൻ ശ്രമിക്കണമെന്ന്’ ഇടയ്ക്ക് പറഞ്ഞു തന്നു.
സിനിമയിൽ നിന്നു ഞാൻ മാറി നിന്നതോടെ ആ അടുപ്പം കുറഞ്ഞു. ഇന്നത്തെ പോലെ മൊബൈലും വാട്സ്‌ആപ്പും ഒന്നും ഇല്ലല്ലോ. നമ്പരുകൾ മാറി. അതോടെ ആരുമായും സൗഹൃദം ഇല്ലാതായി. ഞാൻ എന്നിലേക്കു തന്നെ ഒതുങ്ങി.
വർഷങ്ങൾ കഴിഞ്ഞ് ‘പാപനാശം’ എന്ന സിനിമയിലാണ് ഞാൻ മണിച്ചേട്ടനെ കാണുന്നത്. അതിൽ ഒരുപാടു ക്ഷീണിച്ചതു പോലെ തോന്നി. വിശേഷങ്ങളറിയാൻ വിളിക്കണമെന്നുണ്ടായിരുന്നു. അതും നടന്നില്ല.
പിന്നീടാണ് ആരോ ‘RIP’ എന്നെഴുതിയ മണിച്ചേട്ടന്റെ ഫോട്ടോ അയച്ചു തരുന്നത്. ഞെട്ടിപ്പോയി ഞാൻ. പിന്നെ, ചാനലിലെ വാർത്ത കണ്ടു. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ആ മരണം.
ഇന്ദ്രജ എന്ന തുളുബ്രാഹ്മണ പെൺകുട്ടി അബ്സർ എന്ന മുസ്‌ലിം പയ്യനെ വിവാഹം കഴിച്ചപ്പോൾ നാടും വീടും കുലുങ്ങിക്കാണില്ലേ?
രണ്ടു വീടുകളിലും വലിയ ഭൂമി കുലുക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ആറു വർഷം കാത്തിരുന്ന ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വീട്ടുകാർക്ക് ഞങ്ങളുടെ ബന്ധത്തിന്റെ ആഴം തിരിച്ചറിയാനും അങ്ങനെ അവർ സമ്മതിക്കാനും സാധ്യതയുണ്ടെന്ന് കരുതി. അതിൽ പകുതി വിജയിക്കാനേ കഴിഞ്ഞുള്ളൂ. അങ്ങനെ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു. അബ്സർ ബിസിനസ്സ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനും ആണ്. ഈ പ്രഫഷനെക്കുറിച്ച് വ്യക്തമായറിയാം. ഇതെല്ലാം പ്രണയത്തിനു മുൻപേ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയിരുന്നു. വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ– മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്സർ. അതോടെ മനസ്സു പറഞ്ഞു– ‘ലോക്ക് ചെയ്യൂ... വിട്ടു കളയരുത്.’
ഞാൻ പക്കാ വെജ് ആണ്. വിവാഹം കഴിഞ്ഞ് ഒരു കരാറുവച്ചു. നോൺ ഞാൻ വീട്ടിൽ പാചകം ചെയ്യില്ല. പുറമേ നിന്നു കഴിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. അതോടെ എല്ലാവരും ഹാപ്പി. മോൾ സാറ ആറാം ക്ലാസിലാണ്. ഷൂട്ടിനു പോകുമ്പോൾ അവളെ ഒാർത്തായിരുന്നു ടെൻഷൻ. മോളും എന്റെ പ്രഫഷന്റെ രീതികൾ മനസ്സിലാക്കുന്നു, എനിക്ക് സപ്പോർട് തരുന്നു.
സിനിമ തന്ന സന്തോഷങ്ങളെന്തൊെക്കയാണ്?
നടി എന്ന മേൽവിലാസം തന്നെയാണ് പ്രധാന സന്തോഷം. എല്ലാ ജോലിക്കും അംഗീകാരം ലഭിക്കുന്നുണ്ട്. പക്ഷേ, നടി എന്ന നിലയിൽ പ്രേക്ഷകരിൽ നിന്നു കിട്ടുന്ന സ്നേഹം വലുതാണ്. ഞാനിപ്പോൾ അഭിനയിച്ചിട്ട് പതിനാലു വർഷം ആയില്ലേ... ഇപ്പോഴും പുറത്തിറങ്ങുമ്പോൾ അപരിചിതർ വന്നു സംസാരിക്കുന്നു, ഫോട്ടോ എടുക്കുന്നു... അത് വലിയ സന്തോഷമല്ലേ.
സന്തോഷം മാത്രമല്ല സങ്കടവുമുണ്ട്. ഞാനൊരു സാധാരണ കുടുംബത്തിൽ നിന്നാണ് സിനിമയിലേക്കെത്തിയത്. ആ കാലത്ത് സ്വന്തമായി വീടുണ്ടായിരുന്നില്ല. ഒരു നടിക്ക് വാടകവീടു കിട്ടുക അത്ര എളുപ്പമായിരുന്നില്ല. എല്ലാ സ്നേഹവും സ്വീകരണ മുറിവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനപ്പുറത്തേക്ക് കടക്കുമ്പോൾ അകൽച്ച ഉണ്ടാകും.
‘ടിവിയിലും സിനിമയിലും കണ്ടിട്ടുണ്ട്. ശരിയാണ്. പക്ഷേ വാടകയ്ക്ക് വീടു തരാൻ പറ്റില്ല...’ പലരുടെയും ഈ പ്രതികരണം ആ കാലങ്ങളിൽ സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. പിന്നീട് സിനിമയില‍്‍ നിന്നു തന്നെ നേടിയ പണം കൊണ്ട് സ്ഥലം വാങ്ങി വീടു വച്ചു...
ഫോട്ടോ കാണുമ്പോൾ പലരും പറയും–പതിനാലു വർഷമായിട്ടും വലിയ മാറ്റങ്ങൾ ഇല്ലല്ലോ എന്ന്...
ഭക്ഷണരീതിയുടെ ഗുണമാകാം അത്. ഞാൻ സ്ട്രിക്ട് വെ ജിറ്റേറിയൻ ആണ്, പിന്നെ യോഗയും ചെയ്യും. മറ്റു ഡയറ്റൊന്നുമില്ല.
ഞാനിപ്പോഴും ഒരു സാധാരണക്കാരിയാണ്. ടൂവീലറിലാണ് മോളെ ട്യൂഷൻ ക്ലാസിലാക്കുന്നത്. അവിടെ നിന്ന് ഞാൻ തന്നെ മാർക്കറ്റിൽ പോയി പച്ചക്കറികൾ വാങ്ങുന്നു. ആഗ്രഹങ്ങൾക്കു പുറകേ പോകാറില്ല. പിന്നെ, വലിയൊരു പാഠവും പഠിച്ചിട്ടുണ്ട്. സിനിമയുണ്ടാകുമ്പോൾ നമുക്കു ചുറ്റും ആളുകളുണ്ടാകും. പക്ഷേ, അത് ആ വെളിച്ചത്തിൽ നിൽക്കുമ്പോഴേ ഉണ്ടാകൂ. ആ കൂട്ടിന് ഒരുറപ്പുമില്ല.
കോസ്റ്റ്യൂം കടപ്പാട്: രഹാന ബഷീർ, ചെന്നൈ.