Friday 08 October 2021 03:03 PM IST

‘സമൂഹത്തിലെപ്പോഴും ഭിന്നാഭിപ്രായങ്ങളുണ്ടാകും, അത് ഭയപ്പെടുമ്പോൾ സിനിമയോടുള്ള സത്യസന്ധതയാണ് ഇല്ലാതാകുന്നത്’; സംവിധായകൻ മഹേഷ് നാരായണൻ പറയുന്നു

Vijeesh Gopinath

Senior Sub Editor

_BAP4046 ഫോട്ടോ: ബേസിൽ പൗലോ

മഹേഷ് നാരായണന് കാത്തിരിപ്പിന്റെ മറ്റൊരു പേരാണ് ‘മാലിക്’. പത്തു വർഷം മുന്നേ മനസ്സിലെ എഡിറ്റിങ് ടേബിളിൽ പിറന്നുവീണ സിനിമ. അന്ന് മഹേഷ് തിരക്കുള്ള സിനിമാ എഡിറ്ററാണ്. ‘മാലികി’ന്റെ കഥ കേട്ടവരുടെയെല്ലാം ഉള്ളിൽ ആവേശത്തിന്റെ കടലിരമ്പിയിരുന്നു. പക്ഷേ, സിനിമയുടെ ചെലവിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഈ  ഇരമ്പം പതുക്കെ നിലച്ചു പോകും.

വലിയ ബജറ്റ്, ഒരുപാടു സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ടെങ്കിലും ‘പുതു മുഖ സംവിധായകൻ’, ഇതൊക്കെ ഒാർക്കുമ്പോഴുള്ള വിശ്വാസക്കുറവ്... അ ങ്ങനെയങ്ങനെ മാലിക് നീണ്ടുപോയി. ഒടുവിൽ ആ തിരക്കഥ ലാപ്ടോപിൽ ഉറങ്ങിക്കിടന്നു. മാലിക്കിനെ വിട്ട് മഹേഷ് പിന്നെയും എഡിറ്റിങ് മുറിയിലേക്ക് കയറി. ഇടയ്ക്ക് അവിടെ നിന്നിറങ്ങി ‘ടേക്ക് ഒാഫി’ ലൂടെ വിജയസംവിധായകനെന്ന വിശ്വാസത്തിലേക്ക് ടേക്ക് ഒാഫ് ചെയ്തു. അടിത്തട്ടിലുറച്ചു പോയ മാലിക്കിനെ ആ വിജയം പിന്നെയും ഇളക്കിത്തുടങ്ങി.

91 ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റിലീസ് തീയതി പ്രഖ്യാപിച്ചു. എന്നാൽ സാങ്കേതിക കാരണങ്ങൾ കൊണ്ട് രണ്ടു മാസം നീട്ടി. പക്ഷേ, അപ്പോഴേക്കും കൊറോണയെന്ന കുഞ്ഞു വൈറസ് മാലിക്കിനെ ‘ക്വാറന്റീനിലാക്കി’. പിന്നെയും ഒന്നരവർഷം. ഒടുവിൽ മാലിക്  ആ  ‘ജയില്‍മുറി’ക്കുള്ളിൽ നിന്നിറങ്ങി ആമസോൺ പ്രൈമിലേക്ക്....

ആ കാലത്തനുഭവിച്ച പ്രതിസന്ധികളെ എങ്ങനെയാണ് മറികടന്നത്?

ആദ്യ ലോക്ഡൗൺ വന്നപ്പോൾ ഏറിയാൽ മൂന്നോ നാലോ മാസം, അതിനു ശേഷം തിയറ്ററുകളെല്ലാം പഴയതു പോലെ ആകുമെന്നു കരുതി. ലോക്ഡൗൺ നീണ്ടു പോകുംതോറും ഞങ്ങളെല്ലാം ചെറിയ ഡിപ്രഷനിലേക്ക് വീണു പൊയ്ക്കൊണ്ടിരുന്നു. അതില്‍ നിന്നുള്ള രക്ഷപ്പെടലായിരുന്നു ഇതിനിടയില്‍ സംവിധാനം ചെയ്ത ‘സീ യു സൂൺ’ എന്ന സിനിമ.  അതിലൂടെയാ ണ് ‘മാലിക്’ റിലീസ് ചെയ്യാത്ത പ്രതിസന്ധി മറികടന്നത്.  

തിയറ്ററിൽ ഈ സിനിമ റിലീസ് ചെയ്യാനാകാത്തതിൽ തീർച്ചയായും വിഷമമുണ്ടായിരുന്നു. അതു ഞങ്ങൾ മറികടന്നു. തിയറ്ററിലെത്തിക്കാൻ ഇനിയും കാത്തിരിക്കുന്നത് നിർമാതാവിനോടു ചെയ്യുന്ന നീതികേടാണ്. സാമ്പത്തികം ആണല്ലോ എല്ലാത്തിന്റെയും അടിസ്ഥാനം. ഇതിനേക്കാൾ മുതൽമുടക്കുള്ള സൂര്യയുടേയും ധനുഷിന്റെയും  ഒക്കെ സിനിമകൾ  ഡിജിറ്റലിലേക്ക് വന്നു കഴിഞ്ഞു. ഇനിയും തിയറ്ററിനു വേണ്ടി നിർബന്ധം പിടിച്ചിരുന്നിട്ട് കാര്യമില്ല.

ബിസിനസ് സാധ്യതയും കൂടിയാണ് ‘സീ യു സൂൺ’ തുറന്നിട്ടത്. പിന്നാലെ ‘ജോജി’ പോലുള്ള ചിത്രങ്ങളും ഒടിടിയിലെത്തി. അതു‌ണ്ടാക്കിയ മൂല്യമാണ് നഷ്ടമില്ലാതെ തിയറ്ററിനു പുറത്ത് ‘മാലിക്’ റിലീസ് ചെയ്യാനാകുന്നത്. തിയറ്ററിൽ നിന്ന് കിട്ടുന്ന അഭിനന്ദനങ്ങളും കയ്യടികളും തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ഈ ഘട്ടത്തിൽ അതുമാത്രം ആലോചിക്കാൻ ആകില്ല.

ഈ പ്രതിസന്ധിയിലും ആന്റോ ജോസഫ് എന്ന നിർമാതാവ് തന്ന സ്വാതന്ത്ര്യങ്ങൾ എന്തെല്ലാമാണ്?

ആന്റോ ചേട്ടനുമായി വർഷങ്ങൾക്കു മുന്നേ ഉള്ള പരിചയമാണ്. അദ്ദേഹത്തിന്റെ പ്രൊഡക്‌ഷൻ കമ്പനിയുടെ ഒരുപാടു സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ട്. ടേക്ക് ഒാഫിൽ പോലും ആ അടുപ്പം ഒരുപാടു സഹായിച്ചു. എല്ലാ പ്രതിസന്ധിയിലും നിർമാതാവെന്ന നിലയിൽ ഒപ്പം നിന്നു.   

പൊതുവേ കേരളത്തിലെ നിർമാതാക്കൾ സിനിമയിൽ ഇടപെടാറില്ല. ഇവിടെ സംവിധായകന് സ്വാതന്ത്ര്യം കൂടുതലാണ്.   ഒരു വിശ്വാസത്തിന്റെ പുറത്താണ് മലയാള സിനിമ സംഭവിക്കുന്നത്. നടനോ സംവിധായകനോ ആരുമാകാം. അയാളെ വിശ്വസിച്ചാണ് നിർമാതാവ് പണമിറക്കുന്നത്.

ഞാനാദ്യം ആലോചിച്ച സിനിമയായിരുന്നു മാലിക്.    ഈ വിശ്വാസമില്ലാത്തതു കൊണ്ടു കൂടിയാകാം അന്നത് നടക്കാതെ പോയത്. ഒരു പക്ഷേ,  ‘ടേക് ഒാഫ്’  വിജയിച്ചില്ലായിരുന്നെങ്കിൽ മാലിക് ഉണ്ടാകില്ല.

ഫഹദിന്റെ മെലിഞ്ഞ ലുക്ക് ആദ്യമേ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നല്ലോ?

മുൻനിര നടന്മാരുടെ കൂട്ടത്തിലേക്ക് എത്തും മുന്നേ ഫഹദ് എന്റെ ചങ്ങാതിയാണ്. ഏതാണ്ട് ഒരേ സമയത്താണ് ഞങ്ങൾ കൊച്ചിയിലേക്ക് എത്തുന്നത്.‌ ആ സൗഹൃദം ഇ ന്നും തുടരുന്നു. വ്യക്തി, നടൻ, സുഹൃത്ത്... എനിക്ക് ഫഹദ് ഇതിൽ ആരാണെന്നു ചോദിച്ചാൽ, സുഹൃത്താണ് കൂടുതൽ മുന്നിട്ടു നിൽക്കുന്നത്.

 നാൽപതു വർഷത്തിലൂടെയാണ് മാലിക്കിന്റെ കഥ കടന്നു പോകുന്നത്. ഫഹദ് മാത്രമല്ല നിമിഷയും ജോജുവും ദിലീഷും വിനയ്ഫോർട്ടും എല്ലാം അവരുടെ രൂപത്തിലുള്ള മാറ്റം ഈ സിനിമയ്ക്കു വേണ്ടി കൊണ്ടു വന്നിട്ടുണ്ട്.

സ്വന്തം പ്രായം വിട്ട് ഒരു കഥാപാത്രത്തെ ഫഹദ് ഇതുവരെ  അവതരിപ്പിച്ചിട്ടില്ല. അതായിരുന്നു ഏറ്റവും വലിയ ചലഞ്ച്. പ്രായം കൂടിയ കഥാപാത്രമാകുമ്പോഴുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ആദ്യം ആലോചിച്ചത്. അതിനായി മെലിഞ്ഞ ഒരാളായി മാറാമെന്ന് ഫഹദ് തന്നെയാണ് പറഞ്ഞത്. രഞ്ജിത്ത് അമ്പാടിയായിരുന്നു മേക്കപ്.

ഫാസിൽ സാറിന്റെ ബാപ്പയുടെ രൂപമായിരുന്നു ഫഹദിന്റെ മനസ്സിലുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ രൂപവും ചലനവും സംസാരരീതിയുമൊക്കെ ഈ കഥാപാത്രത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.

_BAP4056

‘ടേക്ക് ഒാഫ് ’ റിലീസ് ചെയ്ത ശേഷം സൗദി സർക്കാർ വിലക്കിയതിനെ എങ്ങനെയാണ് കാണുന്നത്?

റിലീസ് ചെയ്തു കഴിഞ്ഞാൽ അതെത്തുടർന്നുണ്ടാകുന്ന എല്ലാ വിവാദങ്ങളെയും നേരിടേണ്ടത് സംവിധായകൻ തന്നെയാണ്. ഞാൻ സംവിധാനം  ചെയ്യുന്ന സിനിമയുടെ എല്ലാ ഉത്തരവാദിത്തവും എനിക്കു തന്നെയല്ലേ?

‘ടേക്ക് ഒാഫ്’ റിലീസ് ചെയ്ത ശേഷം സൗദി അറേബ്യ എനിക്കെതിരെ വിലക്കു പ്രഖ്യാപിച്ചു. എനിക്ക് ആ രാജ്യത്തേക്ക് ഇനി പോകാനാകില്ല. അതിന്റെ അർഥം ‘ടേക് ഒാഫ്’ ഒരു ഇസ്ലാം വിരുദ്ധ സിനിമയാണെന്നല്ല. സൗദി ഒരിക്കലും അങ്ങനെ പറഞ്ഞിട്ടുമില്ല.

രാജ്യം തീവ്രവാദത്തിന് പണം നൽകുന്നു എന്നു സൂചിപ്പിക്കുന്ന ചില പത്രവാർത്തകളുടെ ഷോട്ടുകൾ  ആ സിനിമയിലുണ്ട്.  സിനിമ ചർ‌ച്ച ചെയ്യുന്ന വിഷയത്തിൽ അത്തരം രംഗങ്ങൾ ആവശ്യമാണ്. ആ രാജ്യത്തു നടന്ന സത്യസന്ധമായ അവസ്ഥ പറഞ്ഞതു കൊണ്ടാണ് അങ്ങനെയുണ്ടായത്.  അതു മാറ്റി നിർത്താൻ ഞാൻ തയാറുമല്ല. അങ്ങനെയാണ് വിലക്കു വന്നത്. എന്നാൽ ഒരുപാട് ഇസ്ലാമിക രാജ്യങ്ങളിൽ നടന്ന  ഫിലിം ഫെസ്റ്റിവലുകളിൽ ‘ടേക്ക് ഒാഫ്’ പ്രദർശിപ്പിച്ചിട്ടുമുണ്ട്.

ഇഷ്ടമല്ലാത്തതു പറ‍ഞ്ഞാൽ വളഞ്ഞിട്ടാക്രമിക്കുന്ന സോഷ്യൽ മീഡിയാക്കാലമാണിത്. മതവും രാഷ്ട്രീയവും മാലിക്കിൽ കടന്നു വരുന്നുമുണ്ട്. ആശങ്കയുണ്ടോ?

അങ്ങനെ നോക്കിയാൽ ഒരു കലാകാരന് സിനിമ ചെയ്യനാകുമോ? കോവളത്തിനടുത്തുള്ള പൂങ്കുളത്തായിരുന്നു എന്റെ കുട്ടിക്കാലം. കടൽത്തീരം. പൂങ്കുളത്തും പരിസരത്തുമുള്ള  ജീവിതവും പ്രശ്നങ്ങളും ഈ സിനിമയിലുണ്ട്.

കേരളം അഭിമുഖീകരിക്കുന്ന പല കാര്യങ്ങളും ചർച്ചചെയ്യുന്നുമുണ്ട്. രാഷ്ട്രീയത്തിൽ ഉൾപ്പടെ എളുപ്പത്തിൽ ഉപയോഗിക്കാനാവുന്ന തുറുപ്പു ചീട്ടാണ് മതം. മനുഷ്യരെ അടുപ്പിക്കാനും ഭിന്നിപ്പിക്കാനും മതവും രാഷ്ട്രീയവും എടുത്തു പ്രയോഗിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.  ഈ വിഷയത്തെ കുറിച്ചു  പറയുമ്പോൾ സ്വാഭാവികമായും ചില വിവാദങ്ങളൊക്കെ ഉണ്ടായേക്കാം.  

തീരദേശത്തെക്കുറിച്ച് സിനിമ ചെയ്യുമ്പോൾ അവിടെയുള്ള മതവിഭാഗങ്ങളെക്കുറിച്ച് പറയേണ്ടി വരും. അവരെ ഒഴിവാക്കിക്കൊണ്ട് സിനിമ ചെയ്യാൻ പറ്റില്ലല്ലോ. സമൂഹത്തിലെപ്പോഴും ഭിന്നാഭിപ്രായങ്ങളുണ്ടാകും. അത് ഭയപ്പെടുമ്പോൾ സിനിമയോടുള്ള സത്യസന്ധതയാണ് ഇല്ലാതാകുന്നത്. അതിന് ഞാനൊരുക്കമല്ല.

എഡിറ്റിങാണ് കരിയർ എന്നു തീരുമാനിക്കുന്നത് എങ്ങനെയാണ്?  

സിനിമയോടുള്ള താൽപര്യം വളരാൻ തിരുവനന്തപുരം സഹായിച്ചിട്ടുണ്ട് ഫിലിം സൊസൈറ്റികളും ഫിലിം ഫെസ്റ്റിവലുകളും സിനിമയോട് അടുപ്പിച്ചു. പഠനകാലത്തു തന്നെ അടുപ്പമുള്ളവരിൽ പലരും സിനിമയോടു ബന്ധമുള്ളവരായിരുന്നു. എഡിറ്റർ ബി. അജിത്കുമാറും ഛായാഗ്രാഹകരായ രാജീവ് രവിയും മധു നീലകണ്ഠനുമൊക്കെയാണ് അഡയാർ ഫിലിം ഇൻസ്‍റ്റിറ്റ്യൂട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചത്.

അപ്പോഴും  എഡിറ്ററാകണം എന്നു കരുതിയല്ല ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് എത്തിയത്. സിനിമറ്റോഗ്രഫിയാണ് ഞാൻ തിരഞ്ഞെടുത്തത്. അവിടെ എത്തിക്കഴിഞ്ഞാണ് എഡിറ്റിങിലേക്ക് മാറുന്നത്.  

എഡിറ്റിങ് ടേബിളിൽ ഒരുമിച്ചിരുന്ന അഞ്ചു സംവിധായകരെക്കുറിച്ച് പറയാമോ?

അൻപതോളം സംവിധായകർക്കൊപ്പം ഞാൻ എഡിറ്റിങ്ങിനായി ഇരുന്നിട്ടുണ്ട്. അതിൽ നിന്ന് അഞ്ചുപേരെ തിര‍ഞ്ഞെ ടുക്കുന്നത് പ്രയാസമാണ്. ഒാരോ സംവിധായകരിൽ നിന്നും ഒാരോ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്.

അടഞ്ഞ മുറിയിലിരുന്ന് ദിവസങ്ങളോളം ഒരുമിച്ചു ചെയ്യേണ്ട ജോലിയാണിത്. സംവിധായകനും എഡിറ്ററും തമ്മിലുള്ള വൈകാരിക ബന്ധമാണ് നല്ല സിനിമയുണ്ടാക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. കാഴ്ചയുടെയും കഥയുടെയും ഒക്കെ താളം ഒരുമിച്ച് രണ്ടുപേരുടെ മനസ്സിലും ഉണ്ടാകണം. ചിലപ്പോൾ വഴക്കുകളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം സിനിമയ്ക്കു വേണ്ടിയായിരുന്നു.

കമൽഹാസനൊപ്പം ‘വിശ്വരൂപം’ എഡിറ്റ് ചെയ്യാനിരുന്നിപ്പോള്‍ അദ്ദേഹം പറഞ്ഞു,‘‘എന്റെ ആരാധകനായല്ല, നിങ്ങളുടെ രീതിക്ക് കട്ട് ചെയ്യണം’’ എഡിറ്റിങ് കഴിഞ്ഞപ്പോൾ ഞാൻ ‘കമൽഹാസൻ ആരാധകനല്ല’ എന്നദ്ദേഹം തിരിച്ചറി‍ഞ്ഞു. അതുകൊണ്ട് ആ ബന്ധം നിലനിൽക്കുന്നു.

ഒരേ സമയം രണ്ടു താളത്തിലുള്ള സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ട്, ‘പോക്കിരി രാജ’യും ‘മകരമഞ്ഞും’. ‘പോക്കിരി രാജ’ എഡിറ്റ് ചെയ്യുമ്പോൾ സംവിധായകന്റെ മനസ്സിൽ എന്താണെന്ന തിരിച്ചറിവു വേണം.  മുൻനിരയിലിരുന്ന് ഒരോ ഡയലോഗിനും കടലാസെറിഞ്ഞ് ആർപ്പു വിളിക്കേണ്ട പ്രേക്ഷകനെ ഒാർമ വേണം. ‘മകരമഞ്ഞ്’ അങ്ങനെയല്ല.  ആ ബോധ്യത്തോടു കൂടിയാണ് ജോലി ചെയ്യുന്നത്.

സംവിധായകൻ രാജേഷ് പിള്ളയുമായുള്ള ഒാർമകൾ എപ്പോഴും ഒപ്പമുണ്ടാകില്ലേ?

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുന്നതിനു മുന്നേ രാജേഷേട്ടനുമായി അടുപ്പമുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത ‘ട്രാഫിക്’ സിനിമയിൽ എഡിറ്റർ ആയി മാത്രമല്ല, എല്ലാ ഘട്ടത്തിലും ഞാനുണ്ടായിരുന്നു. സിനിമയിൽ എന്നെ എഴുതാൻ പ്രേരിപ്പിച്ചതു തന്നെ അദ്ദേഹമാണ്. ‘നിങ്ങൾ എഡിറ്റിങിൽ മാത്രം നിന്നാൽ പോരെന്നു’ പറഞ്ഞ് നിർബന്ധിച്ചു കൊണ്ടിരുന്നു. ഒപ്പമില്ലെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റിയിട്ടില്ല. രാജേഷേട്ടന്റെ ഊർജം ഇപ്പോഴും ഉള്ളിലേക്കു കയറുന്നതു പോലെ തോന്നാറുണ്ട്.

എഡിറ്റർ തന്നെ സംവിധായകനാകുമ്പോഴുള്ള ഗുണങ്ങളെന്തെല്ലാമാണ്?

എഡിറ്റിങും സംവിധാനവും തിരക്കഥായെഴുത്തും ഒരുമിച്ചു കൊണ്ടുപോകുന്ന ആളാണ് ‍ഞാൻ. ചെയ്യുന്ന ജോലി നൂറു ശതമാനം കൃത്യമായി ചെയ്താല്‍ മതി.

‘നായാട്ട്’ എഡിറ്റ് ചെയ്യാനിരിക്കുമ്പോൾ സംവിധായകൻ മാർട്ടിന്‍ പ്രക്കാട്ടിന്റെ മനസ്സിലുള്ള കാര്യത്തിൽ എനിക്കു വ്യക്തത വേണം. അതുപോലെ ‘മാലിക്’ ഞാൻ സംവിധാനം ചെയ്യുമ്പോൾ എന്താണെനിക്കു വേണ്ടതെന്ന കാര്യത്തിൽ ധാരണയുണ്ടാകണം. അത് പ്രാവർത്തികമാക്കാന്‍ പറ്റുന്നുണ്ടോ എന്നു നോക്കിയാൽ മതി.

മൂന്നു നായികമാർ

‘ടേക്ക് ഒാഫി’ലെയും ‘സി യു സൂണി’ലെയും ‘മാലിക്കി’ലെയും നായികാ കഥാപാത്രങ്ങൾക്ക്  ഒരു പൊതു സ്വഭാവമുണ്ട്, അവർ തികച്ചും സാധാരണക്കാരാണ്. പക്ഷേ, വ്യക്തിത്വമുള്ളവരുമാണ്.  

‘ടേക്ക് ഒാഫ്’ എന്ന സിനിമയ്ക്കു മുൻപേ പാർവതിയെ പരിചയമുണ്ട്. ആ സൗഹൃദം ഇന്നും തുടരുന്നു. ആ സൗഹൃദമാണ് ‘ടേക്ക് ഒാഫി’ൽ പാർവതി ‘സമീറ’യായത്. സിനിമ തുടങ്ങുന്നതിനു വളരെ മുൻപേ ആ കഥ പാർവതിയോടു പറഞ്ഞതാണ്. സമീറയാകാൻ‌ മാത്രമല്ല സിനിമയുടെ എല്ലാ ഘട്ടത്തിലും പാർവതി ഒപ്പമുണ്ടായിരുന്നു.

‘സീ യു സൂൺ’ ആലോചിക്കുമ്പോൾ ദർശനയെ എ നിക്കറിയില്ല. പക്ഷേ, ദർശനയുടെ തിയറ്റർ പെർഫോമൻസും സിനിമകളും ഞാൻ കണ്ടിട്ടുണ്ട്.  അങ്ങനെയാണ് ദർശന  സിനിമയിലേക്ക് വരുന്നത്.  ആ കഥാപാത്രത്തെ വളരെ എളുപ്പം ദർശന ഉൾക്കൊണ്ടു.

പുതിയ തലമുറയിലെ സ്ത്രീകൾ എല്ലാം വളരെ ‘ഇ ന്റലിജന്റ്’ ആണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ പഠനവും അഭിപ്രായവും അവർക്കുണ്ട്. ‘മാലിക്കി’ൽ റോസ്‍ലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷയും അതുപോലെ തന്നെ.  

പ്രായത്തിനെക്കാൾ വലിയ വേഷമാണ് ഇതിൽ നിമിഷയുടേത്. ആ പ്രായം കൊണ്ടുവരാൻ നിമിഷ ഒരുപാട് പഠനങ്ങൾ നടത്തിയിരുന്നു. ഓരോ ദിവസവും വലിയ തയാറെടുപ്പുകൾ നടത്തിയാണ് ലൊക്കേഷനിലേക്ക് അവർ എത്തിയിരുന്നത്.    

Tags:
  • Celebrity Interview
  • Movies