Friday 20 May 2022 12:10 PM IST

‘സ്വന്തം ഭാര്യ പറഞ്ഞിട്ടു നടക്കാത്ത കാര്യമാണ്; ഇതെന്തു മാജിക്! ലാൽ ഇപ്പോഴും പറയാത്ത ആ രഹസ്യം’; മനസ്സ് തുറന്ന് സത്യൻ അന്തിക്കാട്

Vijeesh Gopinath

Senior Sub Editor

sathyam-athi8899 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ആദ്യ സിനിമയുടെ നാൽപതാം വർഷത്തിൽ കഥാപാത്രങ്ങളിലൂടെ സത്യൻ അന്തിക്കാട് യാത്ര പോകുന്നു..   

വർഷത്തിലൊരിക്കൽ മനസ്സു നിറയെ വിളവു തരുന്ന അന്തിക്കാടൻ പാടമാണ് സത്യൻ അന്തിക്കാടിന്റെ സിനിമകൾ. പലരും സിനിമാപ്പാടത്ത് ‘രാസവളവും’ ‘കീടനാശിനിയും’ കണ്ണുംപൂട്ടി വിതയ്ക്കുമ്പോഴും സത്യൻ അന്തിക്കാടിനിഷ്ടം സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ചെറുചിരിയുടെയുമൊക്കെ ജൈവവളമാണ്. വിഷമില്ലാത്തതു കൊണ്ടാകാം അന്തിക്കാടൻ സിനിമകളെ മലയാളി ഒട്ടും വിഷമമില്ലാതെ വീട്ടിൽ കയറ്റുന്നത്.    

നാൽപതു വർഷം. അമ്പത്തിയേഴു സിനിമകൾ. ‘കുറുക്കന്റെ കല്യാണം’ മുതൽ ‘മകൾ’ വരെ. നായകനും നായികയും മാത്രമല്ല, അവർക്കു പിന്നിൽ നിന്നിട്ടും കയ്യൊപ്പിട്ടു പോയവർ. കണ്ണടച്ചാൽ, കടന്നുവരുന്നവരിൽ പവനായിയും ഗഫൂറും മീശയില്ലാ വാസുവും പശുപോയ പാപ്പിയും... എത്രയെത്രെ മുഖങ്ങൾ.

അന്തിക്കാട്ടെ വീടിന്റെ ഗെയ്റ്റ് തുറന്ന് അവരിലാരൊക്കെയോ വരുന്നു. നാട്ടുമാവിന്റെ ചോട്ടിലെ ഒാർമത്തണലിലേക്ക് അവരെ സത്യന്‍ അന്തിക്കാട് കൈപിടിച്ചിരുത്തി.

‘‘കടന്നുവന്ന വഴികളിലേക്കുള്ള തിരിഞ്ഞു നോട്ടം പരിഭ്രമിപ്പിക്കും. ആശയക്കുഴപ്പമുണ്ടാക്കും. ഒരു സിനിമ കഴിഞ്ഞാൽ അടുത്തതിനു വേണ്ടി ഇരിക്കുക എന്നല്ലാതെ എത്രാമത്തെ സിനിമയാണെന്ന് ഒാർക്കാറില്ല. മൂല്യമുള്ള സംവിധായകനായി നിൽക്കാൻ എങ്ങനെ കഴിയുന്നു എന്ന് പലരും ചോദിക്കാറുണ്ട്. ഉത്തരം എനിക്കറിയില്ല. ഒന്നേ അറിയൂ, സിനിമ തീരുന്നതോടെ ശൂന്യനാകുകയാണ്. മനസ്സിലുള്ള കാര്യങ്ങൾ സിനിമയിലേക്കു നിറയ്ക്കും. സിനിമ കഴിയുന്നതോടെ മനസ്സും ശൂന്യമാകും. വീണ്ടും കഥയുടെ മഴ ചാറും. വിത്തു മുളയ്ക്കും പോലെ പുതിയ കഥാപാത്രങ്ങളുണ്ടാകും. അതു സിനിമയായി മാറും.

കുറുക്കന്റെ കല്യാണം എന്ന തുടക്കം

നാൽ‌പതു വർഷം മുൻപ് ഏപ്രിൽ ഒന്നിനാണ് കുറുക്കന്റെ കല്യാണത്തിന്റെ ഷൂട്ട് തുടങ്ങുന്നത്. നാലു ഷോട്ട് എ‍ടുത്തു കഴിഞ്ഞപ്പോൾ സുകുമാരൻ‌ ചോദിച്ചു ‘‘ബെസ്റ്റ് ദിവസമാണല്ലോ, ഇന്ന് ഏപ്രിൽ ഫൂൾ‌ അല്ലേ.’’ പക്ഷേ, ആ സിനിമ കാഴ്ചക്കാരെ വിഡ്ഢികളാക്കിയില്ല.

പി. ചന്ദ്രകുമാറിന്റെ അസോഷ്യേറ്റായിരുന്നു ഞാൻ. അദ്ദേഹം ഒരേസമയം രണ്ടു സിനിമകൾ ഒക്കെ സംവിധാനം ചെയ്യും. എന്റെ സിനിമ തുടങ്ങുന്ന ദിവസം അദ്ദേഹം വിളിച്ചു. ‘‘ഇന്ന് രാവിലെ ഏഴു മുതൽ ഒൻപതു മണി വരെ പ്രേംനസീറിന്റെ ഡേറ്റ് ഉണ്ട്. ഞാൻ മറ്റൊരു സിനിമയുടെ ലൊക്കേഷനിലാണ്. സത്യൻ അത് ഷൂട്ട് ചെയ്യണം.’’

ഞാൻ വിജയാ ഗാർഡൻസിലേക്ക് പോയി. ഒൻപതു മണിയായപ്പോള്‍ നസീർ സാർ ‘വേണമെങ്കിൽ ഒരു മണിക്കൂർ കൂടി ഷൂട്ട് ചെയ്യണോ’ എന്നു ചോദിച്ചു. ‘വേണ്ട സാര്‍. എന്റെ ആദ്യ സിനിമ ഇന്നു തുടങ്ങുകയാണെ’ന്ന ഉത്തരം കേട്ട് നസീർ സാറിന്റെ മുഖത്ത് അദ്ഭുതം. കൈപിടിച്ച് അദ്ദേഹം ‘ഒാൾ ദ് ബെസ്റ്റ്’ പറഞ്ഞു. ആ ആശംസകളുമായാണ് എന്റെ ലൊക്കേഷനിലെത്തുന്നത്.

ശിവ സുബ്രഹ്മണ്യ ഹരിരാമചന്ദ്രൻ എന്നായിരുന്നു സുകുമാരന്റെ കഥാപാത്രത്തിന്റെ വലിയ പേര്. സുകുമാരന്‍ അന്ന് പൗരുഷത്തിന്റെ പ്രതീകമാണ്. ഡയലോഗ് മന്നൻ. ക്ഷുഭിത യൗവനം. പക്ഷേ, അദ്ദേഹത്തെ പച്ചപ്പാവമായിട്ടാണ് അവതരിപ്പിച്ചത്. ആ കഥാപാത്രത്തെ സുകുമാരൻ ആവേശത്തോടെ ഏറ്റെടുത്തു.

പലപ്പോഴും സിനിമയിൽ നന്മ തിരിച്ചറിയുന്ന സന്ദർഭങ്ങളുണ്ടാകും. അത് മായാതെ മനസ്സിൽ എടുത്തു വയ്ക്കണം. ആദ്യ സിനിമയിൽ തന്നെ അതുണ്ടായി. അന്ന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. നടൻ റിയാസ് ഖാന്റെ അച്ഛൻ റഷീദായിരുന്നു പ്രൊഡ്യൂസർ.

ഒരു ദിവസം രാത്രി ഒൻപതു വരെ ഷൂട്ട് തീരുമാനിച്ചിരുന്നെങ്കിലും നേരത്തെ നിർത്താമെന്ന് പ്രൊഡ്യൂസർ പറഞ്ഞു. ലൊക്കേഷനിൽ വൈകുന്നേര ഭക്ഷണം കൊടുക്കാനുള്ള പൈസ അദ്ദേഹത്തിന്റെ കൈയിലില്ലെന്നതായിരുന്നു കാരണം. മീനച്ചേച്ചി അഭിനയിക്കുന്നുണ്ട്. ഞങ്ങൾ സംസാരിക്കുന്നതു കണ്ടപ്പോള്‍ ചേച്ചി ചോദിച്ചു,‘എന്താണ് പ്രശ്നം?’ കാര്യമറിഞ്ഞപ്പോൾ മീനച്ചേച്ചി പൈസയെടുത്തു തന്നു. പണമുണ്ടാക്കൽ മാത്രമാണ് സിനിമയുടെ ലക്ഷ്യമെന്ന് ആർക്കും അന്ന് തോന്നിയിരുന്നില്ല.

വർമാജിയുടെ ലൊഡലകൾ

ഇന്നും ഒാട്ടപാത്രത്തിൽ ഞണ്ടു വീണാലുണ്ടാകുന്ന ലൊഡലകളും പിസ്തപാട്ടുമെല്ലാം പ്രശസ്തമാണ്. ജഗതിയാണ് അതെല്ലാം കണ്ടുപിടിച്ചു കൊണ്ടുവന്നതും. അന്നും ഇന്നും സിനിമ എന്റേതു മാത്രമല്ല, അഭിനയിക്കുന്നവരുടെ വരെ സംഭാവനകൾ സിനിമയെ മെച്ചപ്പെടുത്തിയിട്ടുണ്ട്

കിന്നാരത്തിൽ ജഗതിയുെട വർമാജി എന്ന കഥാപാത്രത്തിന് അക്കാലത്തെ ചില സംഗീത സംവിധായകരുടെ ഛായയുണ്ടായിരുന്നു, ഹിന്ദിപാട്ടിന്റെ ഈണം അനുകരിച്ച് പാട്ടുണ്ടാക്കുന്ന ചിലരെ കണ്ട് ഡോ. ബാലകൃഷ്ണൻ ഉണ്ടാക്കിയ കഥാപാത്രമാണ് വർമാജി. ആ കൂട്ടത്തിലെ പ്രധാനപ്പെട്ട ഒന്നു രണ്ടു സംഗീത സംവിധായകരെ സിനിമയുടെ പ്രിവ്യൂ കാണിക്കണ്ടെന്ന് ഞാൻ‌ തീരുമാനിച്ചു. അവരെ പരിഹസിക്കാനാണ് വർമാജിയെ ഉണ്ടാക്കിയതെന്ന് കരുതിയാലോ. പക്ഷേ, പ്രിവ്യൂ ദിവസം അതാ നിൽക്കുന്നു അതിലെ പ്രധാനി. ‘‘സത്യന്റെ പടത്തിന് വിളിച്ചില്ലെങ്കിലും ഞാൻ വരില്ലേ...’’ ചിരിച്ചു പറഞ്ഞ് അദ്ദേഹം കയറി. സിനിമ കഴിഞ്ഞപ്പോൾ എനിക്കൊരു ചമ്മൽ. ഞാൻ പതുക്കെ അടുത്തു പോയി പറഞ്ഞു, ‘‘സംഗീതസംവിധായകരെ ചെറുതായിട്ട് ഒന്നു കളിയാക്കിയിരുന്നു.’’

‘‘ഹേയ് അതൊന്നുമില്ല. അങ്ങനെയുള്ള ആൾക്കാരും ഇവിടുണ്ട് സത്യാ, നന്നായിട്ടുണ്ട് വർമാജി.’’ പുള്ളിയാണ് ആ കഥാപാത്രമെന്ന് തിരിച്ചറിഞ്ഞില്ല, ഭാഗ്യം.

സിനിമയെന്ന മരുന്നു കുറിപ്പടി

സിനിമയിൽ ജീവിക്കുന്നവർക്ക് ഈ കല ഒരു മരുന്നുകുറിപ്പടിയാണ്. എത്ര തളർന്നിരുന്നാലും മാറി നിന്നാലും ജീവിതത്തിന്റെ കരയിലേക്കെത്തിക്കുന്ന മരുന്ന്. സിനിമയിലേക്കു വരുമ്പോൾ എല്ലാ സങ്കടങ്ങളും അവർ തൽക്കാലത്തേക്ക് മറന്നുപോകും.  

‘വരവേൽപ്പ്’ ഷൂട്ട് തുടങ്ങി. വിപിൻമോഹനായിരുന്നു ക്യാമറാമാൻ. അദ്ദേഹത്തിന്റെ ബന്ധുവായിരുന്നു തിക്കുറിശിച്ചേട്ടൻ. ചേട്ടന്റെ മകൾ കനകശ്രീ ഒരു അപകടത്തിൽ മരിച്ചു പോയി. അതോടെ വലിയ മാനസിക സംഘർഷത്തിലായി അദ്ദേഹം. ഇനി അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് സിനിമയിൽ നിന്ന് മാറി. വീട്ടിൽ അടച്ചിരിക്കുകയാണ്. ഇത് വിപിൻമോഹൻ പറഞ്ഞപ്പോൾ ഞാനും ശ്രീനിയും മോഹൻലാലും കൂടി ആലോചിക്കുകയാണ്, ചേട്ടനെ ഒന്നു വീടിനു പുറത്തേക്കു കൊണ്ടുവരണം. അതിനായി ഉണ്ടാക്കിയ കഥാപാത്രമാണ് ഗോവിന്ദൻ നായർ. ആകെ മൂന്നൂ സീനേ ഉള്ളൂ. മോഹൻലാലിന്റെ മുൻഗാമിയായ ആൾ.

സിനിമയുടെ വെളിച്ചത്തിൽ ജീവിതത്തിലെ ഇരുട്ട് മറന്നുപോയ എത്രയോ പേർ. ഒടുവിൽ ഉണ്ണികൃഷ്ണൻ, കെ.പി.എ.സി ലളിത...

_REE2889

ഭരത്ഗോപിയുടെ മീശ

അപ്പുണ്ണിയായി നെടുമുടി വേണുവും അയ്യപ്പൻ നായരായി ഭരത്ഗോപിയും വിസ്മയിപ്പിച്ച സിനിമ. അന്ന് ഗോപിച്ചേട്ടനെ നേരിട്ട് പരിചയമില്ല. ഒരു സംവിധായകനെ മദ്രാസിൽ വച്ചു കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, അടുത്ത സിനിമ ഗോപിയെ വച്ചാണല്ലേ? ധിക്കാരിയാണ്, സത്യനെ വെള്ളം കുടിപ്പിക്കും. ഭീകരനാണെന്ന ചിന്ത അപ്പോഴെ മനസ്സിൽ കയറി.

ഗോപിച്ചേട്ടനും വേണുവും കൂടി കോഴിക്കോട് മഹാറാണിയിൽ എത്തി. ആദ്യ ദിവസം. മേക്കപ്മാൻ പാണ്ഡ്യൻ ഒാടി വന്നു പറഞ്ഞു, ‘ഗോപിച്ചേട്ടൻ മീശ എടുക്കില്ലെന്നുവാശിപിടിക്കുന്നു.’ എന്റെ മനസ്സിലെ അയ്യപ്പൻ നായർക്ക് മീശയില്ല. മുടിയൊക്കെ വെട്ടി സാത്വികനായ ആളാണ്.

ചെന്നപ്പോൾ ഗോപിച്ചേട്ടൻ അയ്യപ്പൻനായരുടെ കോസ്റ്റ്യൂം ഒക്കെ ഇട്ട് ഇരിക്കുന്നു. ഞാൻ സംസാരിക്കും മുന്നേ  അദ്ദേഹം ചാടിക്കേറി പറഞ്ഞു,‘മീശ എടുക്കാൻ പറ്റില്ല.’ നമുക്ക് നാളെ തുടങ്ങാമെന്ന് പറ‍ഞ്ഞ് ഞാൻ ഇറങ്ങി.

തിരിച്ചു വന്നിട്ട് ഗോപിച്ചേട്ടനെ മാറ്റാൻ‌ ആലോചിച്ചു, അടൂർഭാസിക്ക് ഡേറ്റ് ഉണ്ടോ എന്ന് അന്വേഷിക്കാൻ ഏൽപ്പിച്ചു. അപ്പോഴാണ് ‘എന്താണ് ഗൂഢാലോചന’ എന്നു ചോദിച്ച് നെടുമുടി എത്തുന്നത്. മീശയുടെ കാര്യം പറഞ്ഞപ്പോൾ വേണു ഒറ്റ ചിരി. എന്നിട്ട് സംഭവിച്ച കാര്യം വിശദീകരിച്ചു.

 വടക്കാഞ്ചേരിയിൽ ഭരതന്റെ വീട്ടിൽ കയറിയിട്ടാണ് വ ന്നത്. അദ്ദേഹം കാറ്റത്തെ കുളിക്കൂടെന്ന സിനിമ ഷൂട്ട് പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. അതിലൊരു സീനും കൂടി എടുത്താൽ കൊള്ളാമെന്നുണ്ട്. തിരിച്ച് കാറിൽ കയറുമ്പോൾ ഭരതൻ പറഞ്ഞു,‘ ഷേക്സ്പിയർ ക‍ൃഷ്ണൻ പിള്ളയുടെ കണ്ടിന്യൂവിറ്റി മീശയാണ്, സത്യന്റെടുത്ത് ആ മീശയെടുക്കരുതെന്ന് പറയണം.’ ഇതാണ് സംഭവിച്ചത്. പ ക്ഷേ, ഗോപിച്ചട്ടന് ഒറ്റ പ്രസന്റേഷനെ ഉള്ളൂ, ‘മീശയെടുക്കില്ല’. അതു കേള്‍ക്കുമ്പോൾ അഹങ്കാരമായി തോന്നും.

വീണ്ടും ഗോപിച്ചേട്ടനു മുന്നിലെത്തി. അദ്ദേഹം പറഞ്ഞു, ഞാൻ അയ്യപ്പൻ നായർക്ക് വേറൊരു രൂപം കൊടുക്കാം. പേരാറ്റു പടവീട്ടിൽ അയ്യപ്പൻ നായർ എന്നാണല്ലോ അപ്പോള്‍ ഞാൻ കൊമ്പൻമീശയാക്കാം. ഒരു കുറിയും ആ കാം. അതാണ് സിനിമയിലെ അയ്യപ്പൻ നായർ.  

ലാൽ ഇപ്പോഴും പറയാത്ത ആ രഹസ്യം

കരിയറിന്റെ രണ്ടാം ഭാഗം തുടങ്ങുന്നത് ‘ടി.പി ബാലഗോപാലൻ എംഎ’യിലൂടെയാണ്. അത് മൂന്നു പേർ എനിക്കൊപ്പം ചേർന്നതു കൊണ്ടുണ്ടായതാണ്. ശ്രീനിവാസൻ– മോഹൻലാൽ– ക്യാമറാമാൻ വിപിന്‍മോഹൻ. ഞാനും ശ്രീനിയും എഴുത്തുകാരനും സംവിധായകനും എന്നതിനേക്കാൾ വലിയ സുഹൃത്തുക്കളായി. അതൊരു തുടർച്ചയായി.

മമ്മൂട്ടിയും മോഹൻലാലും െഎവി ശശിയും സീമയും സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോനും ചേർന്ന നിർമാണ കമ്പിനിയായിരുന്നു കാസിനോ. വിജയ സിനിമകൾ നിർമിച്ച താരശോഭയുള്ള ബാനർ. അടുത്ത പ്രൊജക്ട് അവർ എന്നെയും ശ്രീനിയെയും ഏൽപ്പിക്കുന്നു. ഞങ്ങൾ കഥയ്ക്കു വേണ്ടിയുള്ള അന്വേഷണത്തിലായി. ടീ നഗറിലെ ഫ്ലാറ്റിലേക്കുള്ള ഒാട്ടോ യാത്രയിൽ ഒരു കോളനിയിലൂടെ ഞങ്ങൾ പോയപ്പോഴാണ് കോളനി പശ്ചത്തലമായ സിനിമയെന്ന ആശയം വന്നത്  കഥയ്ക്ക് മുൻപേ പേരായി  – ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്.  

പക്ഷേ, ആ പേര് ഒരാൾക്കു മാത്രം ഇഷ്ടപ്പെട്ടില്ല –‌െഎ. വി. ശശിക്ക്. ശശിയേട്ടൻ പറഞ്ഞു, ‘പേരു മാറ്റണം. വല്ല ഗിരിനഗർ എന്നെങ്ങാനും ഇട്ടോ.’ ‘മഞ്ഞുമലയിൽ നിന്നൊരു മഞ്ഞ ഗൂർഖ’ എന്നൊക്കെയാണ് ഞങ്ങളുടെ ചിന്ത പോകുന്നത്. ഷൂട്ട് മുന്നോട്ടു പോയി. മറ്റൊരു പ്രൊഡ്യൂസർ‌ കൊച്ചുമോൻ പറഞ്ഞു, ‘ഞാൻ സംസാരിക്കാം.’ പിറ്റേന്ന് കാലുമാറി, ‘ഒരു രക്ഷയുമില്ല. പേരു മാത്രമാണ് ശശിയേട്ടന്റെ പ്രശ്നം.’

ഒടുവിൽ സീമ സമാധാനിപ്പിച്ചു. ‘സാരമില്ല, ശശിയേട്ടനോട് സംസാരിക്കാം.’ സ്വന്തം ഭാര്യയല്ലേ പറയുന്നത്. അതിനപ്പുറം വേറൊന്നുമില്ലല്ലോ. പിറ്റേന്ന് സീമയും കാലു മാറി.  

ഒരു ദിവസം ലൊക്കേഷനിലേക്ക് ശശിയേട്ടനെത്തി.  ലാൽ‌ ഗുർഖ വേഷത്തിലിരിക്കുന്നുണ്ട്. വന്നു കയറിയപ്പോഴെ പറഞ്ഞു, ‘സത്യാ, വേറെ എന്തെങ്കിലും പേര് ആലോചിക്കണം.’ ലാൽ എഴുന്നേറ്റ് ഒരു മിനിറ്റെന്ന് പറ‍ഞ്ഞ് ശശിയേട്ടനെ വിളിച്ചു കൊണ്ടു ഗേറ്റിന്റെ പുറത്തേക്ക് നടന്നു.  തോളിൽ കയ്യിട്ട് ലാൽ റോഡുവരെ നടക്കുമ്പോൾ ശശിയേട്ടൻ പറയുന്നത് കേൾക്കുന്നുണ്ട്, ‘‘സിനിമയുടെ പേരിനെ പറ്റിയാണെങ്കിൽ‌ എന്നോടൊന്നും പറയണ്ട’’. പക്ഷേ, ഒരുമിനിറ്റ് കൊണ്ടു തിരിച്ചു വന്ന് ശശിയേട്ടൻ പറയുകയാണ്, ‘സത്യന്റെ സിനിമ, സത്യന് ഇഷ്ടമുള്ള പേരിട്.’

ഞാൻ അന്തം വിട്ടു പോയി. സ്വന്തം ഭാര്യ പറഞ്ഞിട്ടു നടക്കാത്ത കാര്യമാണ്. ഇതെന്തു മാജിക് ആണ്. ‌എന്തു സൂത്രമാണ് പ്രയോഗിച്ചതെന്ന് ലാലിനോടു ചോദിച്ചു. ലാൽ‌ചിരി ചിരിച്ച് മറുപടി, ‘അതിപ്പോൾ സത്യേട്ടൻ അറിയേണ്ട.’ ഈ നിമിഷം വരെ ആ രഹസ്യം എന്നോടു പറഞ്ഞിട്ടുമില്ല.

വാശി പിടിപ്പിച്ച് മമ്മൂട്ടി

മമ്മൂട്ടി വാശി പിടിപ്പിച്ചതു കൊണ്ട് ഉണ്ടായ സിനിമയാണ് ‘അർഥം’.  ‘ശ്രീധരന്റെ ഒന്നാം തിരുമുറിവി’ലും ‘ഗാന്ധിനഗറി’ലും  ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും  ഒരു ദിവസം കണ്ടപ്പോൾ മമ്മൂട്ടി  പറഞ്ഞു,

‘‘നിങ്ങളുടെ നാടോടിക്കാറ്റു പോലെ വരവേൽപ്പു പോലെ ഒരു സിനിമ വേണം. എനിക്ക് ധാരാളം ഹിറ്റുണ്ട്. പക്ഷേ, എന്നെ വച്ച് നിങ്ങൾക്കൊരു ഹിറ്റ് ഉണ്ടാക്കാൻ പറ്റുന്നില്ലെങ്കിൽ  കുഴപ്പം നിങ്ങൾക്കാണ്.

അത് എന്നെ സ്പർശിച്ചു. ഒരു വെല്ലുവിളിയായി. ആ ആഗ്രഹത്തിലുണ്ടാക്കിയ സിനിമയാണ് ‘അർഥം’. തിരക്കഥ വേണു നാഗവള്ളിയുടെതാണ്. രണ്ടു കാര്യമാണ് ഞാൻ പറഞ്ഞത്, ‘സിനിമ ഒാടണം പക്ഷേ, നിലവാരം പോകാനും പാടില്ല’ അങ്ങനെയാണ് ബെൻ നരേന്ദ്രൻ എന്ന സ്റ്റൈലിഷ് കഥാപാത്രം ഉണ്ടാകുന്നത്. 

‘വടക്കു നോക്കിയന്ത്ര’ത്തിലേക്ക് പോയെങ്കിലും ഇടയ്ക്ക് ശ്രീനി വരും. കൂട്ടിച്ചേർക്കലുകൾ നടത്തും.  മമ്മൂട്ടിയുടെ ശബ്ദം, ഹെയർ‌സ്റ്റൈൽ, വേഷം ഇ തെല്ലാം കൊതിപ്പിക്കുന്ന രീതിയിൽ ഉണ്ടാക്കിയതാണ്. ആളുകൾക്ക് മമ്മൂട്ടിയെ ഇഷ്ടപ്പെടണം എന്നു തന്നെ കരുതിക്കൊണ്ട്. അങ്ങനെ ഒറ്റ സിനിമയേ ചെയ്തുള്ളൂ, അത് ‘അർഥ’മാണ്.  

Tags:
  • Movies