Friday 19 June 2020 11:36 AM IST

‘50 പൈസയുടെ കവർ വാങ്ങി അതിൽ ഒരു ജോഡി ഡ്രസ് ചുരുട്ടിവച്ചു’; ആദ്യത്തെ വിമാനയാത്ര അനുഭവം പറഞ്ഞ് സുരാജ്

Vijeesh Gopinath

Senior Sub Editor

SSF_5030 ഫോട്ടോ: സിനറ്റ് സേവ്യർ

ചോദ്യങ്ങളുടെ വെടിക്കെട്ടു പുരയ്ക്ക് ഉള്ളിലാണ് സുരാജ് ഇരിക്കുന്നത്. ഒാലപ്പടക്കം മുതൽ ‘ഗർഭംകലക്കി’ വരെയുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം. ഒരു കാര്യം ഉറപ്പാണ്, ഒരു ചോദ്യവും ചീറ്റിപ്പോവില്ല.

പറഞ്ഞില്ലല്ലോ, സുരാജിനോടുള്ള ഈ അഭിമുഖത്തിൽ ചോദ്യങ്ങൾക്കു തീ കൊടുക്കുന്നത്  അവരാണ്; സ്റ്റേജിൽ ചിരിയുടെ പെരും പൂരങ്ങൾ തീർത്ത പതിനഞ്ച് താരങ്ങൾ. അവിടെ നിന്ന് സിനിമയിൽ എത്തിയിട്ടും ചിരിയിലേക്കുള്ള വഴി തെറ്റാത്തവർ. ഇവർ ഇപ്പോഴും സ്റ്റേജിൽ വന്ന് മൈക്ക് എടുത്താൽ സദസ്സ് ‘പുഞ്ചിരിക്കില്ല’, പൊട്ടിച്ചിരിക്കും.

ചോദ്യങ്ങളുടെ അമിട്ടു പൊട്ടിച്ച് സുരാജിനെ ഞെട്ടിക്കണം എന്നു പറഞ്ഞപ്പോഴേ  ‘ഒന്നാലോചിച്ചിട്ട് പറയാം’ എന്നായിരുന്നു എല്ലാവരുടെയും  മറുപടി. ചോദിക്കുന്നത് സുരാജിനോടാണ്. ചിരിയുടെ വെടിക്കെട്ടുകാരനെ പൊട്ടാസു കാണിച്ച് പേടിപ്പിക്കാൻ ആവില്ലല്ലോ. മിനിമം ഡൈനാമിറ്റ് എങ്കിലും അടിക്കണം.  ഇനി പേജ് മറിക്കൂ. ചിരിയുടെ കുടമാറ്റം കാണാം...

രമേഷ് പിഷാരടി

ദേശീയ അവാർഡ് പ്രഖ്യാപിച്ച ദിവസം. സാധാരണക്കാർ പോലും അതിനെക്കുറിച്ചു ചർച്ചചെയ്യും സുരാ ജിന് അവാർഡ് കിട്ടിയ ദിവസം  അമിതാഭ് ബച്ചന്റെ വീട്ടിൽ നടന്ന ചർച്ചയി ൽ െഎശ്വര്യാറായി എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?

പിഷാരടീ, അത്താഴം കഴിക്കാൻ ഒരുമിച്ച് ഇരിക്കുമ്പോഴായിരിക്കാം അമിതാഭ് ബച്ചനും ഐശ്വര്യ റായിയും ഈ കാര്യം സംസാരിച്ചത്.

"അതേയ്,രണ്ടുമൂന്നു പ്രാവശ്യം ദേശീയ പുരസ്കാരം വാങ്ങിയതല്ലേ? ഇത്തവണ ആ പാവം സുരാജ് വെഞ്ഞാറമൂടിനു കിട്ടിക്കോട്ടെ, അതിൽ വിഷമിക്കേണ്ട ആവശ്യമില്ല. സത്യം പറഞ്ഞാൽ അയാൾക്ക് കിട്ടാനാണ് ഞാനും പ്രാർഥിച്ചത്...’’

(ഇതു വായിച്ച് നീ ഒന്നു ഞെട്ടിയോ പിഷാരടീ? ഐശ്വര്യ റായി സുരാജിന് വേണ്ടി അങ്ങനെ പ്രാർത്ഥിക്കുമോ എന്ന് സംശയം തോന്നുന്നുണ്ടല്ലേ? തോന്നും, കാരണം  നീ ഒരു കുട്ടിയാണ് പിഷാരടീ, നിനക്കറിയില്ല‌ ഞാനും ഐശ്വര്യയും തമ്മിലുള്ള ബന്ധം. അത് വേറെ കഥ മോനേ...)

കലാഭവൻ ഷാജോൺ

കൊച്ചിയിൽ ഒരേ ഫ്ളാറ്റിലെ അയൽവാസികളാണ് നമ്മൾ. ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകുന്നു എന്നു തോന്നുമ്പോഴേ സുരാജ് കുടുംബത്തേയും കൂട്ടി  വെഞ്ഞാറമൂട്ടിലേക്ക് ഒറ്റ മുങ്ങലാണ്. പണ്ട് പ്രളയത്തിനു മുൻപും ഇപ്പോൾ കൊറോണ വരുന്നു എന്നു കേട്ടപ്പോഴും നാട്ടിലേക്ക് ഒാടി. എന്താണങ്ങനെ?  

പലരും എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ നാട്ടിൽനിന്ന് ഒളിച്ചോടുകയല്ലേ പതിവ്. ഞാന്‍ പക്ഷേ, പ്രശ്നങ്ങളുണ്ടായപ്പോൾ നാട്ടിലേക്ക് ഒാടുകയാണ് ചെയ്തത്.

അതൊരു പ്രതീക്ഷയാണ്. പ്രതിസന്ധിയുണ്ടായാൽ നാട് കൈവിടില്ല എന്ന വിശ്വാസം. വെഞ്ഞാറുംമൂട്ടിൽ ഞാൻ എന്നും സാധാരണക്കാരനാണ്. അവരൊന്നും എന്നെ സിനിമാനടനായല്ല കാണുന്നത്. പക്ഷേ, കൊച്ചിയിൽ ഞാൻ അതിഥിയാണ്. അവിടെ പലരുടെയും മുന്നിൽ സിനിമാനടൻ ആണ്. കൊറോണ വന്നപ്പോൾ പ്രവാസി സഹോദരങ്ങൾ പോലും സ്വന്തം നാട്ടിലേക്ക് തിരിച്ചു വന്നില്ലേ. നാട് അവർക്ക് ആശ്വാസവും പ്രതീക്ഷയും ആണ്. എനിക്കും അതു തന്നെ.

കലാഭവൻ പ്രജോദ്  

ഇനി കോമഡി പ്രോഗ്രാം ചെയ്യുന്നതിനെക്കുറിച്ച് ഒാർത്തിട്ടുണ്ട്. വേദിയിൽ നിൽക്കുന്ന നമ്മളും സദസിലുള്ളവരും മാസ്ക് വയ്ക്കേണ്ടി വ രും. നമ്മുടെ മുഖത്തെ ഭാവവും സദസിലുള്ളവരുടെ ചിരിയും എങ്ങനെ കാണും?  

പ്രജോദേ ചിരിക്ക് ഒരു ഗുണമുണ്ട്. അത് കാണണ്ട, കേട്ടാൽ പോരെ. നമ്മൾ മിമിക്രിക്കാർ സ്റ്റേജിൽ നിൽക്കുമ്പോൾ പുഞ്ചിരി അല്ലല്ലോ പൊട്ടിച്ചിരിയല്ലേ സദസ്സിൽ നിന്ന് ഉണ്ടാവുക. പൊട്ടിച്ചിരിയുടെ ശബ്ദം ഒരു മാസ്ക്കിനും മറയ്ക്കാനാവില്ല. ഇനിയങ്ങോട്ട് മോഹൻലാൽ മാസ്ക്കും മമ്മൂട്ടി മാസ്കും വരും. എന്തിനേറെ ദാമു മാസ്ക് വരെ വിപണിയിൽ എത്തും.

ദുരിതം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. സ്റ്റേജ് കലാകാരന്മാരെ മാത്രമല്ല, ലൈറ്റും സൗണ്ടും കൈകാര്യം ചെയ്യുന്നവർ മുതൽ ബുക്കിങ് ഏജന്റുമാരെ വരെ കൊറോണ തകർത്തുകളഞ്ഞു. പണ്ടത്തെപ്പോലെ സ്റ്റേജ് ഷോകളും ചിരിയും എല്ലാം തിരിച്ചുവരും. ഇപ്പോൾ നമുക്ക് മാസ്ക്  ധരിക്കാം. പേടിക്കേണ്ട അളിയാ, ഇതും നമ്മൾ കടന്നു പോവും, അതിജീവിക്കും. ഉറപ്പ്.

ഷാഫി,സംവിധായകൻ.

ട്രോളന്മാരുടെ പ്രിയ കഥാപാത്രമായി ദാമു ഇന്നും ജീവിക്കുന്നു. സുരാജിന്റെ ജീവിതത്തിലെ ദാമുവിനെപ്പറ്റി പറയാമോ? (ദാമു എന്ന കഥാപാത്രം നിറഞ്ഞാടിയ ചട്ടമ്പിനാടിന്റെ സംവിധായകനാണ് ഷാഫി)

വെഞ്ഞാറമൂട് വാമനപുരം ഭാഗത്ത് ഒരു ‘ദാമു’ ഉണ്ട്. പേരു പറയില്ല, നാട്ടിലെ പാ വം ചട്ടമ്പി. പക്ഷേ, കണ്ടാൽ തന്നെ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും. ഏത് ഉത്സവത്തിന് പോയാലും ഇടി കൊള്ളാൻ വിധിക്കപ്പെട്ടവൻ. അങ്ങോട്ടു പോയി പ്രശ്നമുണ്ടാക്കില്ലെങ്കിലും അടി ഇങ്ങോട്ടു വരും.  

ഉദാഹരണം പറയാം. ഒരുത്സവത്തിന് പൊരിഞ്ഞ അടി നടന്നു. ഏതോ ഒരുത്തൻ അലമ്പുണ്ടാക്കിയതാണ്. കൂട്ടത്തല്ലായി. അവസാനം അടി തുടങ്ങിവച്ച ആളെ നാട്ടുകാർ തിരയാൻ  തുടങ്ങി. ഷർട്ടിന്റെ നിറം പച്ചയാണ്; അതാണ് തിരിച്ചറിയാനുള്ള ഏക അടയാളം.

നമ്മുടെ ചേട്ടൻ അടി നടന്നതു പോലും അറിയാതെ കുറച്ചപ്പുറം തെങ്ങും ചാരി നിന്ന് ബീഡി വലിക്കുന്നു. നാട്ടുകാർ നോക്കുമ്പോൾ ഷർട്ടിന്റെ നിറം പച്ച. പിന്നെ, ഒന്നുംനോക്കിയില്ല അടിയുടെ മാലപ്പടക്കം. ‘കാര്യം പറഞ്ഞിട്ട് അടിക്കെടാ’ എന്നൊക്കെ  പാവം പറയുന്നുണ്ട് ആര് കേൾക്കാൻ?

കക്ഷി എനിക്ക് ഒരിക്കൽ ഉപദേശം തന്നു,‘‘കൊച്ചനെ,  ചില പരിപാടി പൊളിഞ്ഞു പോകും. കമ്മിറ്റിക്കാർ കൈവയ്ക്കാൻ വരും. ആ സമയത്ത് രക്ഷപ്പെടാനുള്ള ഉപായം പറയാം. ഇരുകൈകളും മാറോടു ചേർത്തു കോർത്തു പിടിക്കുക, കുളിരുമ്പോൾ പിടിക്കില്ലേ അതു പോലെ.  ഹൃദയത്തിന്റെ തൊട്ടുതാഴെ ശംഖുപുഷ്പത്തിന്റെ ആകൃതിയിൽ ഒരു അവയവം ഉണ്ട്.   ഇടികിട്ടി അത് തകരാതിരിക്കാന്‍ ഈ വിദ്യ ഉപകരിക്കും.

ചട്ടമ്പിനാടിൽ ലോട്ടറി കീറിയെറിയുന്ന സീന്‍ നാട്ടിലെ ഈ ദാമുവിൽ നിന്നാണ് കിട്ടിയത്. ഒരു ദിവസം കക്ഷി കലുങ്കിൽ ഇരിക്കുന്നു. ഒരാൾ വിലാസം എഴുതിയ കടലാസു കഷണവുമായെത്തി. അതിൽ എഴുതിയ വീട് എവിടെയാണെന്ന് ചോദിച്ചു. ചേട്ടൻ കടലാസ് വാങ്ങി ഒന്നു നോക്കുകപോലും ചെയ്യാതെ രണ്ടായി കീറി ഒറ്റയേറ്, എന്നിട്ട് പറഞ്ഞു, ‘എനിക്കറിയില്ല’

ചട്ടമ്പിനാടിൽ ഞാന്‍ നടന്നു വരുന്ന സീൻ ഷൂട്ടു ചെയ്യും മുന്നേ ഉള്ള റിഹേഴ്സൽ. നടന്നു വരുമ്പോൾ എക്സ്ട്രാ ആർട്ടിസ്റ്റായ പയ്യൻ ലോട്ടറിയുമായി നടന്നു പോണം. അതായിരുന്നു സ്ക്രിപ്റ്റിൽ. അവൻ ‘ഇന്നത്തെ കേരള ഇന്നത്തെ കേരള’ എന്നു പറഞ്ഞാണ് നടന്നത്. അവന്റെ ഒരു കോൺട്രിബ്യൂഷൻ. എനിക്ക് ‘വിലാസം എഴുതിയ ആ കടലാസ് കീറൽ’ ഓർമ വന്നു.  അങ്ങനെയാണ് ‘അതെന്താടാ നാളെ കേരളം ഇല്ലേ’ എന്ന് ചോദിച്ച് ലോട്ടറി കീറി എറിയുന്ന രംഗം ഉണ്ടായത്.

SSF_5262

ടിനി ടോം       

സുഹൃത്തുക്കളെ സ്നേഹിച്ചതിന്റെ പേരിൽ നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും സുരാജിന് ഉണ്ടായിട്ടുണ്ട്. നല്ല സുഹൃത്തുക്കളെ എങ്ങനെ തിരഞ്ഞെടുക്കാം?

ടിനിയെ ഞാൻ സുഹൃത്തായി തിരഞ്ഞെടുത്തതിന്റെ മാനദണ്ഡ‍ം എന്താണെന്ന് അറിയാമല്ലോ. അതുതന്നെ നല്ല സുഹൃത്തിനെ കണ്ടെത്താനുള്ള മാർഗം.

നല്ല സുഹൃത്ത് എന്ന് പറയുമ്പോൾ നമ്മുടെ തെറ്റുകളും കുറവുകളും (മറ്റുള്ളവരോടല്ല) നമ്മളോട് പറഞ്ഞു തരുന്ന ആ ളായിരിക്കണം. എപ്പോഴും നല്ല കാര്യങ്ങൾ പറഞ്ഞ് നമ്മളെ സുഖിപ്പിച്ചു കൊണ്ടിരിക്കുന്നവർ നല്ല സുഹൃത്തുക്കളല്ലെന്ന് എന്നേ ഞാൻ തിരിച്ചറിഞ്ഞു.  

എല്ലാ പ്രായത്തിലുമുള്ള സുഹൃത്തുക്കൾ എനിക്കുണ്ട്. അതിൽ ആറു വയസ്സുള്ള കുട്ടിയും അറുപതുകാരനും ഉണ്ട്  ഞാൻ സിനിമാക്കാരനായതു കൊണ്ടല്ല അവരൊന്നും എന്റെ ചങ്ങാതിമാരായത്.   

ഗിന്നസ് പക്രു  

ആഗ്രഹമാണ് ഒരാളെ നടനാക്കുന്നത്. ഞാനും സുരാജുമൊക്കെ അതിന്റെ തെളിവുകളാണ്. നമ്മൾ അനുഭവിച്ച നിരാശകളും സങ്കടങ്ങളും ഒക്കെ സിനിമയിൽ എത്താൻ ആഗ്രഹിക്കുന്നവർക്കായി പങ്കുവയ്ക്കാമോ?

അണ്ണാ എന്റെയും അണ്ണന്റെയും വീട്ടിലുള്ള നിഘണ്ടുവിൽ ‘പറ്റില്ല’ എന്നൊരു വാക്കില്ല. അതുകൊണ്ടാണല്ലോ ഞാനും അണ്ണനും സിനിമയിൽ എത്തിയത്. ഞാൻ നായകനായത്. അണ്ണൻ നായകനും സംവിധായകനും ആയത്.  

അണ്ണന് അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്. എന്നാലും പറയാം. പത്താം ക്ലാസ്സിൽ വച്ച് പട്ടാളത്തിൽ പോകണം എന്നായിരുന്നു ആഗ്രഹം. അതിനിടയിലാണ് കൈയൊടിഞ്ഞത്. അതോടെ മിലിട്ടറി എന്ന സ്വപ്നം തീർന്നു. കൈ മടങ്ങാത്തവനെ ആരെങ്കിലും സിനിമയിൽ എടുക്കുമോ? അതും ഇല്ല.

അതോടെ ആകെയുള്ള പ്രതീക്ഷയായ മിമിക്രിയിൽ തുടരാൻ തീരുമാനിച്ചു. അവിടെ ആത്മാർഥമായി പണിയെടുത്തു. പിന്നെ, ചാനലിലേക്ക്. ഇതൊന്നും ജോലി ആയല്ല, ഇഷ്ടത്തോടു കൂടിയാണ് ചെയ്തത്. അവിടെ നിന്നാണ് ഞാൻ പോലുമറിയാതെ സിനിമയിലേക്ക് എത്തിയത്. പിന്നെ, കുഞ്ഞുകുഞ്ഞ് വേഷങ്ങൾ ചെയ്ത് ഇതുവരെ എത്താനായി. വേഷം ചെറുതാണെങ്കിലും അത് നന്നാക്കാനാണ് ശ്രമിച്ചത്. അണ്ണനും ഇതേ മനസ്സുള്ള ആളാണെന്ന് അറിയാം. ഞാൻ പഠിച്ച കാര്യ മുണ്ട്. എന്തും ജോലിയായി കാണാതെ ഇഷ്ടത്തോടെ ചെയ്താൽ   സ്വപ്നങ്ങളിലേക്കുള്ള വഴി നമ്മളറിയാതെ തുറക്കും.

പ്രേക്ഷകർ ഒാർക്കുന്നുണ്ടോ എന്നറിയില്ല. പണ്ട് പട്ടാള  ക്കാരനാകാൻ പറ്റിയില്ല. എങ്കിലും സിനിമയിൽ പട്ടാളക്കാരനായി വേഷമിടാൻ പറ്റി; കുരുക്ഷേത്രയിൽ.  

കോട്ടയം നസീർ

സിനിമയിൽ എത്തിയാൽ ചിലരെങ്കിലും അനുകരണകലയിൽ നിന്ന് മാറി നിൽക്കും. പക്ഷേ, സുരാജ് ഇ പ്പോഴും മിമിക്രി ചെയ്യുന്നു, അവതാരകനാവുന്നു... ഇമേജിനെ പേടിയില്ലേ?  

 മിമിക്രിയിൽ വന്നപ്പോൾ ഒരു ഇമേജ് ഉ ണ്ടായിരുന്നു. സിനിമയിൽ അത് മറ്റൊന്നായി മാറി. ഇപ്പോഴും സ്റ്റേജില്‍ മിമിക്രി ചെയ്യുമ്പോൾ  മിമിക്രിക്കാരൻ ആയി തന്നെയാണ് നിൽക്കുന്നത്. അവിടെ ഞാൻ നടൻ അല്ല. സിനിമയിൽ മറ്റൊരു ഇമേജ് ഉണ്ടാക്കാനും കഴിഞ്ഞു. അതുകൊണ്ടുതന്നെ രണ്ടു രൂപത്തിലും ആൾക്കാർ സ്വീകരിക്കുമെന്നാണ് വിശ്വാസം.

നടനായി കഴിഞ്ഞ് സ്റ്റേജിൽ എത്താൻ  മടിക്കുന്നത്  ഇമേജിനെ പേടിച്ചിട്ടാകില്ല. അനുകരണം മറന്നുപോയത് കൊണ്ടായിരിക്കും. കുറേ നാൾ എടുക്കാതിരുന്നാൽ എന്തും തുരുമ്പിക്കും. അനുകരിച്ചാൽ  ശരിയാകുമോ എന്ന പേടിയും ഉണ്ടാവും.  

സുനീഷ് വാരനാട്

മുപ്പതു കിലോ ഏത്തവാഴക്കുലയ്ക്ക് എത്രയാണ് വില? (സുരാജുമൊത്ത് ഇന്ത്യയ്ക്കകത്തും വിദേശത്തും അനേകം സ്റ്റേജ് ഷോകൾ ചെയ്ത സുനീഷ് ‘മോഹൻലാൽ’ സിനിമയുടെ തിരക്കഥാകൃത്ത് കൂടയാണ്)

മോനേ സുനീഷേ, ഞാൻ നിന്നോട് ചുമ്മാ പറഞ്ഞതാണ്. ലോക്ഡൗണിന് നാട്ടിലെത്തിയപ്പോൾ കുറച്ച് ഏത്തവാഴ നട്ടു. കുറച്ചു ദിവസം മുൻപ് സുനീഷുമായി സംസാരിച്ചപ്പോൾ ഏത്തവാഴ ക‍ൃഷിയിൽ നിന്ന് രണ്ടു ലക്ഷം രൂപ കിട്ടും എന്നു പുളു പറഞ്ഞിരുന്നു. സുനീഷ് അത് വിശ്വസിച്ചെന്നു തോന്നുന്നു.

കുട്ടിക്കാലത്തേ കൃഷിയിൽ താൽപര്യം ഉണ്ടായിരുന്നു. അച്ഛൻ പട്ടാളത്തിൽ നിന്ന് റിട്ടയർ ആയി വന്നു കഴിഞ്ഞ് കൃഷി തുടങ്ങി. അച്ഛനൊപ്പം ഞാനും കൂടി. വെള്ളം കോരാനും വളം ഇടാനും എല്ലാത്തിനും അസിസ്റ്റന്റ് ആയി നിന്നു. അന്നേ ഉള്ള താൽപര്യമാണ്.

ലോക്ഡൗൺ നമ്മളെ പലതും പഠിപ്പിച്ചു. പലരും കൃഷിചെയ്യാൻ തുടങ്ങി. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെ എന്നു പറയുന്നത് ഇപ്പോഴാണ് ശരിയായത്. എല്ലാവരും  മാസ്ക് ഇട്ട് ഒരുപോലെ നടക്കാൻ തുടങ്ങി.

അളിയാ സുനീഷേ, ഇതൊക്കെ ഒന്നു കുലയ്ക്കെട്ടെടാ.. എന്നിട്ട് ഞാൻ വില പറയാം.

രാജാ സാഹിബ്

സുരാജിന്റ ആദ്യത്തെ വിമാനയാത്ര. ഞാനൊക്കെ വലിയ ട്രോളിയുമായി നിൽക്കുമ്പോൾ സുരാജ് കൈയും വീശി വന്നു. ‘‘ലഗേജ് ഇല്ലേ?’’ ചോദ്യം കേട്ട് ഷർട്ടിന്റെ ഉള്ളിൽ നിന്നും പ്ലാസ്റ്റിക് കൂടു വലിച്ചെടുത്തു, ഒരു ജോഡി ഡ്രസ്... ആ യാത്ര സുരാജ് ഒാർക്കുന്നുണ്ടോ?  

രാജാണ്ണന്റെ ആ വലിയ ട്രോളിയിൽ നിന്ന് കഥ തുടങ്ങാം. നിങ്ങളുടെ സൈസ് ഒക്കെ വച്ചിട്ട് അത്രയും വലിയ ട്രോളി ബാഗ് ഒക്കെയാവാം. ഞാനന്ന് ഈർക്കിലി പരുവത്തിലല്ലേ, എനിക്ക് അമ്പതു പൈസയുടെ ആ കവർ മതിയായിരുന്നു.

ഇനി യാത്രയെക്കുറിച്ച് പറയാം. അന്നത്തെ ഏറ്റവും വലിയ മോഹം ദുബായ് പ്രോഗ്രാം ചെയ്യാനാണ്. അതൊരു ക്രഡിറ്റായിരുന്നു. പലരോടും പറഞ്ഞു, ഒന്നും നടന്നില്ല. അപ്പോഴാണ് ജഗപൊഗ ടീമിനൊപ്പം ദുബായ്‌ക്ക് പോകാൻ അവസരം കിട്ടുന്നത്. ഒറ്റ ദിവസത്തെ പരിപാടി. എന്നെ കൊണ്ടുപോകുമോ എന്നുറപ്പില്ല. അതുകൊണ്ട് ഞാനത് മറന്നു.   

ഒരു ദിവസം പ്രോഗ്രാം കഴിഞ്ഞ് തമ്പാനൂർ ടൂറിസ്റ്റ് ഹോമിൽ രാത്രി എത്തിയപ്പോൾ രാജാണ്ണനും സംഘവും നിൽക്കുന്നു. നീ വരുന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ് എന്നെയും കൊണ്ടുപോകുന്നുണ്ടെന്ന് ഉറപ്പായത്. അടുത്തുള്ള കടയിൽ പോയി 50 പൈസയുടെ പ്ലാസ്റ്റിക് കവർ വാങ്ങി അതിൽ ഒരു ജോഡി ഡ്രസ് ചുരുട്ടി വച്ചു.

ദുബായ്‌യിൽ ‘കാലു കുത്തി’ എന്നു പറയാനാവില്ല. രാവിലെ  ചെന്നിറങ്ങി. ഭക്ഷണം കഴിച്ചു പ്രോഗ്രാം സ്ഥലത്തേക്ക്. അത് കഴിഞ്ഞു തിരിച്ച് എയർപോർട്. അത്രയേ ഉള്ളൂ, അന്ന് എനിക്കവിടെ സുഹൃത്തുക്കൾ ആരുമില്ല. കറങ്ങണം എന്ന് ഭയങ്കര ആഗ്രഹമുണ്ട്. പക്ഷേ, കൊണ്ടുപോകാൻ ആളില്ല.

ആകെയുള്ളത് ചന്ദ്രൻ തിരുമല ഒരു ചെറിയ കടലാസിൽ  എഴുതി തന്ന മൊബൈൽ നമ്പരാണ്. എത്തികഴിഞ്ഞ് ആ ആളെ  വിളിക്കണം. പുറത്തൊക്കെ ഒന്നു കറങ്ങാൻ കൊണ്ടു പോവും എന്നും പറഞ്ഞു. അന്നെനിക്ക് മൊബൈലൊന്നും ഇല്ല. അപ്പോഴാണ് ട്രൂപ്പിനെ സ്വീകരിക്കാനെത്തിയ ആളുടെ കൈയിലെ മൊബൈൽ കണ്ടത്. ഒന്നു വിളിച്ചോട്ടെ എന്നു ചോദിച്ചപ്പോൾ കക്ഷി തന്നു. ഞാൻ ഡയൽ ചെയ്തു. അറബിയിൽ എന്തൊക്കെയോ പറയുന്നു. അതു കേട്ട്  ആ ചേട്ടൻ പറഞ്ഞു, ‘ഫോൺ ഒാഫാണെന്നു തോന്നുന്നു’.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ചെന്നപ്പൊൾ അതേ ആൾ അവിടെ ഉണ്ട്. ഒന്നു കൂടി ഫോൺ തരാമോ ചോദിച്ചു, ഞാൻ ഡയൽ ചെയ്തു നോക്കി, അറബിയിൽ എന്തൊക്കെയോ മറുപടി. പരിപാടി തുടങ്ങും മുന്നേ ഒരിക്കൽ കൂടി വിളിക്കാൻ തോന്നി. അതാ ചേട്ടൻ മുന്നിൽ. ഒരിക്കൽ കൂടി ഫോൺ ചോദിച്ചു, ‍ഡയല്‍ ചെയ്തു പക്ഷേ, അറബിയില്‍ അതേ മറുപടി.

പ്രോഗ്രാം കഴി‍ഞ്ഞു. വലിയ സങ്കടം ആയി, ആദ്യമായി വ ന്നിട്ട് പുറത്തിറങ്ങാൻ പോലും പറ്റാതെ തിരിച്ചു പോകേണ്ടി വന്നല്ലോ. ആ ചേട്ടൻ വന്നു യാത്ര പറഞ്ഞു. കാറിൽ കയറും മുന്നേ ഒരിക്കൽ കൂടി വിളിക്കാന്‍ ഫോൺ ചോദിച്ചു, ഇപ്രാവശ്യം അദ്ദേഹം പറഞ്ഞു, ‘‘ഞാൻ ഡയൽ ചെയ്യാം നമ്പർ താ’’  ചുരുട്ടി വച്ച കടലാസ് കൊടുത്തു. അതിലെ ഒാരോ അക്കവും വായിച്ച് ഡയൽ ചെയ്യാൻ തുടങ്ങി. അവസാന അക്കം ആയപ്പോ നിർത്തി ദയനീയമായി എന്റെ മുഖത്തു നോക്കി ചോദിച്ചു ‘‘ആരാ സുരാജേ ഈ നമ്പർ തന്നത്?’’

‘‘ചന്ദ്രൻ തിരുമല’’

‘‘ആരുടെ നമ്പരാണെന്നാ  പറഞ്ഞത്.’’  ഞാൻ പേരു പറഞ്ഞു. ‘‘ആ ആളാ സുരാജേ ഞാൻ. ഇത്രയും നേരം എന്റെ ഫോണിൽ നിന്ന് എന്നെ തന്നെയാ വിളിച്ചത് പിന്നെങ്ങനെ കിട്ടും...’’

ബിബിൻ ജോർജ്

സ്റ്റേജിൽ നിന്ന് വരുന്നയാൾ എന്തു ചെയ്താലും മിമിക്രി ആണെന്നു പറഞ്ഞ് തള്ളിക്കളയുന്ന ചിലർ സൊസൈറ്റിയിൽ ഉണ്ട്. ആ അനുഭവങ്ങളെ എങ്ങനെ മറികടന്നു?

ബിപിനെ, നീ കിണറ്റിലെ തവളയുടെ കഥ കേട്ടിട്ടില്ലേ?

കിണറ്റിൽ കുറേ തവളകൾ ജീവിച്ചിരുന്നു. പുറംലോകം കാണാൻ എല്ലാവർക്കും മോഹം. പലരും ശ്രമിച്ചു തോറ്റു. ഒരിക്കൽ ഒരു തവളക്കുട്ടൻ ചാടി മുകളിലേക്കു കയറി. ‘ മണ്ടാ താഴെ വീണാ നിന്റെ നട്ടെല്ല് വെള്ളം ആകും...’ താഴെ കിടന്ന് എല്ലാവരും അലറി.

തവളക്കുട്ടൻ മൈൻഡ് ചെയ്യാതെ വലിഞ്ഞ് കയറി പുറത്തേക്ക് ഒറ്റചാട്ടം. കൂടെയുള്ള തവളകൾ അപ്പോഴാണ് ആ സ ത്യം തിരിച്ചറി‍ഞ്ഞത് ആ തവളക്കുട്ടൻ ചെവിപൊട്ടനായിരുന്നു. താഴെ നിന്ന് വിളിക്കുന്നതൊന്നും അവൻ കേട്ടില്ല. കേട്ടിരുന്നെങ്കിൽ പേടിച്ച്  താഴെ പോയേനെ. ചിലപ്പോഴൊക്കെ ആ ചെവിപൊട്ടൻ തവളയാവുന്നത് നല്ലതാണ്.

ഭൂരിഭാഗം ആൾക്കാരും അഭിനന്ദിക്കുമ്പോൾ കുറേപ്പേർ വിമർശിക്കും പ്രത്യേകിച്ച് കാരണം ഉണ്ടാവില്ല. അത് കേട്ടില്ലെന്നു വയ്ക്കണം. ചെയ്യുന്നത്  മികച്ചതാണ് എന്ന് വിശ്വാസം  വേണം. അത് ഓവർ കോൺഫിഡൻസ് ആയിപോവരുത്.

അസീസ് നെടുമങ്ങാട്

ചെന്നൈയിലെ ബ്ലോക്കിൽ നിന്ന് രക്ഷപ്പെട്ട് എയർ പോർടിലെത്താൻ ബൈക്കിൽ പാഞ്ഞ സുരാജേട്ടനെ ഒാർമയുണ്ട്. ഷൂട്ട് മുടങ്ങാതിരിക്കാനായിരുന്നു ആ സാഹസികയാത്ര. ഈ മനസ്സ് എങ്ങനെയുണ്ടാക്കിയെടുക്കുന്നു?

ഡ്രൈവിങ് ലൈസൻസിന്റെ ഷൂട്ട് കൊച്ചിയിൽ നടക്കുന്ന സമയത്താണ് അമേരിക്കൻ  പ്രോഗ്രാം വിസയ്ക്കായി ചെന്നൈയിലെ കോൺസുലേറ്റിൽ പോകേണ്ടി വന്നത്. ഗ്രൂപ്പിന് ഒന്നിച്ചേ ഡേറ്റ് കിട്ടൂ. അതേ ദിവസം കൊച്ചിയിൽ അഞ്ഞൂറിലധികം ജൂനിയർ ആർട്ടിസ്റ്റിനെ വച്ചിട്ടാണ് ഷൂട്ട്. എനിക്ക് രണ്ടും ഉപേക്ഷിക്കാൻ വയ്യ.  

_C2R6112

ഉച്ചയ്ക്ക് തിരിച്ചെത്താമെങ്കിൽ പൊയ്ക്കോളാൻ നിർമാതാവ് സുപ്രിയ പൃഥ്വിരാജും സംവിധായകൻ ജീൻ പോൾ ലാ ലും പറഞ്ഞു. എടുക്കുന്നത് വലിയ റിസ്ക് ആണ്. കോൺസുലേറ്റിലെ സമയം ഒൻപതു മണി. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് 11 .10 ന് എങ്ങനെയാണ് ശരിയാവും എന്ന് പലരും ചോദിച്ചു,  കോൺസുലേറ്റിൽ നിന്ന് എങ്ങനെ പോയാലും ഒന്നര മണിക്കൂർ ട്രാഫിക് കിടക്കണം.

തലേ ദിവസം ചെന്നൈയിൽ എത്തി എയർപോർടിലെ ജീവനക്കാരനും സുഹൃത്തുമായ അജിത്തിനെ കണ്ടു. അദ്ദേഹം   ബൈക്കും അതോടിക്കാൻ ഒരാളെയും ഏർപ്പാടാക്കി. ഒമ്പത് പത്തിന് ‘വിസ ഡൺ‌’ എന്ന മെസേജ് കിട്ടിയതും ഞാനോടി  ബൈക്കിൽ കയറി. കൃത്യസമയത്ത് എയർപോർടിൽ എത്തി.

എത്താനാകും എന്ന വിശ്വാസം മനസ്സിൽ ഉണ്ടായിരുന്നു. അതിനു വേണ്ടി ശ്രമിച്ചു, ഞാൻ കാരണം നിർമാതാവിന്  നഷ്ടമുണ്ടാവരുത്. ഞാൻ വൈകിയതു കൊണ്ട് ഷൂട്ട് മുടങ്ങി എന്ന ചീത്തേപേരുണ്ടാവരുത്. അതിനു വേണ്ടി ചെയ്തതാണ്.   

സെന്തിൽ  

സുരാജേട്ടനെ ആദ്യമായി അനുകരിച്ചത് ഞാനായിരുന്നു. ഒരാൾ തന്നെ അനുകരിക്കുന്നു എന്നു കേട്ടപ്പോൾ എന്താണ് തോന്നിയത്?

അനുകരിക്കാൻ പോകുന്നയാൾ ജനകീയനും മാനറിസം ഒക്കെ ഉള്ള ആളും ആയിരിക്കണം. അതൊക്കെ നോക്കിയിട്ടാണ് ഞാനൊക്കെ അന്ന് അനുകരിക്കാനുള്ള താരങ്ങളെ തിരഞ്ഞെടുത്തത്. അപ്പോഴാണ് ഒരാൾ എന്നെ അനുകരിക്കുന്നു എന്ന് കേട്ടത്. സത്യം പറഞ്ഞാൽ  ഒരുപാട് സന്തോഷമായി. എന്നെ ഇമിറ്റേറ്റ് ചെയ്യാന്‍ മാത്രം ഞാൻ വളർന്നോ എന്ന് ഓർത്ത് അഭിമാനം തോന്നി. സെന്തിൽ നന്നായി ചെയ്യന്നു എന്ന് പലരും പറഞ്ഞു. ഇപ്പോൾ എന്റെ അതേ ഫിഗറുമായി അനുകരിക്കുന്ന ഒരുപാടു പേരുണ്ട്.

നോബി

സിനിമയിൽ എന്നെ കാണുമ്പോൾ ആളുകൾ കൂവുന്ന അവസ്ഥയിലാണെന്ന് സുരാജണ്ണൻ നാലഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. ആ പ്രതിസന്ധി ഘട്ടം മ റികടന്ന രഹസ്യം പറയാമോ?

നോബീ, വേണമെങ്കിൽ എന്നെ തോൽപ്പിക്കാൻ ആരോ ഫാൻസുകാരെ കൊണ്ട് കൂവിച്ചതാണെന്ന് പറയാം. സത്യം അതല്ല. ഞാൻ നന്നായി ചിരിപ്പിച്ചിട്ടുണ്ട്. അ തുപോലെ ചിലപ്പോഴൊക്കെ വെറുപ്പിച്ചിട്ടുമുണ്ട്. സ്വാഭാവികമായും ആവർത്തനം വരുമ്പോൾ കൂവലുണ്ടാവും. അതിൽ നിന്നും മറികടക്കാനുള്ള രഹസ്യം.

അത് രഹസ്യമായി ഇരിക്കട്ടെ. അഞ്ചു വർഷം കഴിയുമ്പോൾ നോബിയോട് ഇതേ ചോദ്യം ആരെങ്കിലും ചോദിക്കും. അപ്പോൾ ഉത്തരം സ്വയം പിടികിട്ടും. പക്ഷേ, അത് പുറത്തു
പറയരുത്.

സാജൻ പള്ളുരുത്തി

ഒരു സംവിധായകൻ നന്മ നിറഞ്ഞ നായകനെയും തിന്മ നിറഞ്ഞ കൊമേഡിയൻ ആയ വില്ലനെയും മുന്നിൽ നിർത്തുന്നു. തുല്യപ്രാധാന്യമുള്ള വേഷങ്ങള്‍. ഏതായിരിക്കും തിരഞ്ഞെടുക്കുക?

തുല്യപ്രാധാന്യമുള്ള വേഷം ആണെങ്കിൽ ഞാൻ സംവിധായകനോട് ചോദിക്കും ഡബിൾറോൾ ചെയ്തോട്ടെ? ഒറ്റ കാരണമേയുള്ളൂ അത് രണ്ടും എനിക്ക് ഇഷ്ടപ്പെട്ടു. വ്യത്യസ്തമായ രീതിയിൽ രണ്ടു കഥാപാത്രങ്ങളെയും ഞാൻ ചെയ്തോളാം. ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി എന്ത് കഷ്ടപ്പാടും സഹിച്ചോളാം എന്നൊക്കെ പറഞ്ഞ്  കരഞ്ഞു കാലുപിടിച്ചു ചോദിക്കും, സംശയമില്ല.

നിർമൽ പാലാഴി

ഖത്തറിൽ ഞാനും സുരാജേട്ടനും ഹരീഷ് കണാരനും ഒക്കെയുള്ള  പ്രോഗ്രാം ഒാർമിക്കുന്നുണ്ടോ?

എന്റെ പൊന്നു നിർമലേ അതെങ്ങെനെ മറക്കാനാണ്? പതിനായിരക്കണക്കിന് പേർ കൊള്ളുന്ന വലിയ ഓപ്പൺ ഓഡിറ്റോറിയം. മൊട്ടുസൂചി ഇട്ടാൽ താഴേക്ക് വീഴില്ല അത്ര തിരക്ക്.  

ആദ്യ  ഒന്നരമണിക്കൂർ ഞങ്ങളുടെ ഷോ. അത് തീർന്നാലുടനെ ഹിന്ദിയിലെ പ്രശസ്തനായ  സ്റ്റാൻഡ് അപ് കോമഡിയന്റെ പ്രോഗ്രാം. ഞാൻ സ്റ്റേജിലേക്ക് കയറി വൺമാൻ ഷോ തുടങ്ങി. തുടങ്ങുമ്പോഴേ പൊട്ടിച്ചിരി ഉണ്ടാകേണ്ടതാണ്. ആദ്യം ഒരു ഓലപ്പടക്കം ഇട്ടുനോക്കി. ആരും ചിരിക്കുന്നില്ല. ഒരു ഗുണ്ട് ഇട്ടു. അതും ചീറ്റി. പിന്നെ കതിന വന്നു ബോംബ് വന്നു. ഒരു പ്രതികരണവും ഇല്ല  

എനിക്ക് ചെറിയ ഡൗട്ട് അടിച്ചു തുടങ്ങി. ഇവിടെ മലയാളികൾ എത്ര പേരുണ്ട് എന്ന് ചോദിച്ചു. സദസില്‍ നിന്ന് അഞ്ചോ ആറോ പേർ കൈ പൊക്കി. അതിൽ മൂന്നു പേർ മുന്നിലിരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട്കാരാണ്. ബാക്കിയെല്ലാരും ഹിന്ദിക്കാർ. ഞങ്ങളുടെ പ്രോഗ്രാം കഴിഞ്ഞുള്ള ഹിന്ദിക്കാരന്റെ സ്റ്റാന്റപ് കോമഡി കാണാൻ വന്നവർ മാത്രം. അപകടം മണത്ത് അഞ്ചു മിനിറ്റിൽ ഞാൻ പരിപാടി തീർത്തതും ഭയങ്കര കയ്യടി. സ്റ്റേജിൽ നിന്ന് പോകുന്നതാണ് കയ്യടി എന്ന്  മനസ്സിലാക്കി ഞാൻ കണാരനോടു ചോദിച്ചു, ഇനി കയറണോ?

‘‘ഇങ്ങളെന്തിനാ ബേജാറാവണത്. ഞമ്മളെ സ്കിറ്റ് കേറട്ടെ ഇപ്പോ കൈയടി വരും.’’ ജാലിയന്‍ കണാരൻ നേരെ കയറിപോയി. കുറച്ചു കഴിഞ്ഞ് കാണുന്നത് കുറേ സ്ത്രീകൾ സ്റ്റേജിൽ കയറി ചീത്തവിളിക്കുന്നതാണ്. അതു കണ്ടാൽ കണാരനും നിർമലും  എന്തോ വലിയ മോഷണം നടത്തിയതിന് അവർ വളഞ്ഞിട്ട് ബഹളമുണ്ടാക്കുന്നു എന്നേ തോന്നൂ... നിർമ്മലേ, ഇതെങ്ങനെ മറക്കാനാടാ...

Tags:
  • Celebrity Interview
  • Movies