Saturday 01 December 2018 05:45 PM IST

ദിവസം അഞ്ചു തവണ മുഖം ഷേവ് ചെയ്തു, അണിഞ്ഞൊരുങ്ങാൻ മണിക്കൂറുകൾ! അരുണ്‍ രാഘവൻ ‘പെണ്ണായ’ കഥ

Priyadharsini Priya

Senior Content Editor, Vanitha Online

arun-rr6

’സുന്ദരിയായ’ വില്ലൻ സീരിയലിലെങ്ങനെ വിലസി മുന്നേറുമ്പോഴാണ്‌ സംവിധായകൻ കട്ട് പറയുന്നത്. തൊട്ടടുത്ത സീനിൽ വില്ലൻ മാറി കഥയിലെ നായകനായി അവതരിക്കുന്നു. ഒന്നല്ല, ഒമ്പതോളം അവതാരങ്ങളിലാണ് അരുൺ രാഘവൻ ഒരൊറ്റ സീരിയലിൽ പ്രത്യക്ഷപ്പെട്ടത്. പെൺവേഷമുൾപ്പെടെ എട്ടു നെഗറ്റീവ് കഥാപാത്രങ്ങൾ, ഇപ്പോഴിതാ നന്മ നിറഞ്ഞ നായകന്റെ റോളിലും... വിവാഹത്തട്ടിപ്പ് വീരനായും കാമുകനായും ഗൃഹസ്ഥനായും വില്ലനായും കുടുംബസദസ്സുകളുടെ പ്രിയ താരമായി മാറിയ അരുൺ ജി. രാഘവൻ വനിതാ ഓൺലൈനിലൂടെ പുത്തൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

"ഏറെ ചലഞ്ചിങ് ആയിട്ടുള്ള ഒരു കഥാപാത്രമായിരുന്നു ’ഭാര്യ’യിലേത്. ഒമ്പതോളം വേഷപ്പകർച്ചയിലൂടെയാണ് സ്ക്രീനിലെത്തുന്നത്. ഇതിൽ എട്ടു കഥാപാത്രങ്ങൾ നെഗറ്റീവും ഒൻപതാമത്തേത് നായക കഥാപാത്രവുമാണ്. പെൺവേഷത്തിൽ ക്രൂരതകൾ ചെയ്തുനടന്ന സുര എന്ന വില്ലനെ കൊന്ന് ശരത് എന്ന നായകൻ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. സ്ത്രീ വേഷം എനിക്ക് ശരിക്കും വെല്ലുവിളി തന്നെയായിരുന്നു. ആ കഥാപാത്രത്തിന് വേണ്ടി കുറച്ചധികം എഫർട്ട് എടുത്തു. ദിവസവും അഞ്ചു തവണ മുഖം ഷേവ് ചെയ്യണം. എനിക്കാണെങ്കിൽ പെട്ടെന്ന് മീശയും താടിയും വരുന്ന പ്രകൃതമാണ്. തുടർച്ചയായി ഷേവ് ചെയ്യുമ്പോൾ മുഖത്ത് കുരുക്കൾ വരും. പിന്നെ അതിനു മുകളിലൂടെ വേണം വീണ്ടും ഷേവ് ചെയ്യാൻ. ഇതിനുപുറമെ മേക്കപ്പ്, വിഗ്, ഐ ലാഷസ്, കോണ്ടാക്റ്റ് ലെൻസ്, സാരി, ചുരിദാർ... അങ്ങനെ എല്ലാംകൊണ്ടും ശരിക്കും ബുദ്ധിമുട്ടി. ആ മൂന്നു മാസക്കാലം എങ്ങനെപോയെന്ന് എനിക്കുതന്നെ അറിയില്ല. അന്നാണെങ്കിൽ നല്ല ചൂടുകാലം കൂടിയായിരുന്നു."- പെൺവേഷത്തെക്കുറിച്ചു പറയുമ്പോൾ അരുണിന്റെ വാക്കുകളിൽ ഇപ്പോഴും ഭയം.

ഭർത്താവിനെ സൂക്ഷിച്ചോ ട്ടോ...

arun-ra2

ഒരിക്കൽ ഞാനും സാജൻ ചേട്ടനും (സാജൻ സൂര്യ) സെറ്റിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു. റോഡിൽ വച്ച് ഒരമ്മൂമ്മ ദേഷ്യപ്പെട്ട് അടിക്കാൻ വരുന്നപോലെ എന്റെയടുത്തേക്ക് വന്നു. ഭയന്നു പോയി. സാജൻ ചേട്ടൻ ഇടപെട്ട് അമ്മൂമ്മയെ കൂളാക്കി. ’സീരിയലിൽ നീ നന്നായി അഭിനയിച്ചിട്ടുണ്ട് ട്ടോ’ എന്നുപറഞ്ഞ് അഭിനന്ദിച്ചാണ് അവർ മടങ്ങിയത്. ശരിക്കും എന്റെയാ കഥാപാത്രത്തോടുള്ള ദേഷ്യമാണ് ആദ്യം പ്രകടിപ്പിച്ചത്. പണ്ടത്തെ പോലെ വില്ലൻമാരോടു വലിയ ദേഷ്യമൊന്നുമില്ല പ്രേക്ഷകർക്ക്. എല്ലാം അഭിനയമാണെന്ന് ആളുകൾ തിരിച്ചറിയുന്നുണ്ട്. മുൻപൊക്കെ പലരും പറഞ്ഞ് ഞാനും കേട്ടിട്ടുണ്ട് പ്രേക്ഷകരിൽ നിന്ന് അടി വാങ്ങിയ കഥയൊക്കെ.

ഷോപ്പിങ് മാളിലൊക്കെ പോകുമ്പോൾ ഒരുപാട് കമന്റുകൾ കേൾക്കും. മാളിലൂടെ നടക്കുമ്പോൾ ചിലർ അടുത്തുവന്ന് ഭാര്യ ദിവ്യയോട് പറയും, ’ഭർത്താവിനെ നന്നായി സൂക്ഷിച്ചോളൂ ട്ടോ...’ എന്ന്. ഭാര്യ സീരിയലിൽ ഞാനൊരു വിവാഹത്തട്ടിപ്പ് വീരൻ കൂടിയായിരുന്നു. മൂന്നു സ്ത്രീകളെ അതിൽ കല്യാണം കഴിച്ചതായി കാണിക്കുന്നുണ്ട്. കഥയിൽ 18 കല്യാണം കഴിച്ചു എന്നും പറയുന്നുണ്ട്. മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിനിടെയാണ് ഈ കഥാപാത്രം കൊല്ലപ്പെടുന്നത്.

കുടുംബത്തിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഞാൻ തമാശയായി പറയാറുണ്ട്, ’ഭാര്യ’ കണ്ട് ആർക്കെങ്കിലും എന്നോട് വെറുപ്പ് തോന്നിയാൽ കുറച്ചുനേരം ’സ്ത്രീപദം’ കണ്ടാൽമതി, അത് മാറിക്കിട്ടുമെന്ന്. മഴവിൽ മനോരമയിൽ സംപ്രക്ഷേപണം ചെയ്യുന്ന സീരിയലാണ് സ്ത്രീപദം. വളരെയധികം ഫ്ലെക്സിബിൾ ആയിട്ടുള്ള കഥാപാത്രമാണ് അതിൽ. നെഗറ്റീവ് പരിവേഷം ഇല്ലാതെ തികച്ചും വ്യത്യസ്തമായ റോൾ. പ്രണയം, വിവാഹം, അച്ഛൻ, മധ്യവയസ്‌കൻ എന്നിങ്ങനെ ജീവിതത്തിലെ എല്ലാ കാലഘട്ടത്തിലൂടെയും കടന്നുപോകുന്നുണ്ട്.

ഭാവനയുടെ നായകനായി...

arun-ra1

സൗഭാഗ്യവതി, അനാമിക എന്നീ സീരിയലുകൾ ചെയ്തിരിക്കുന്ന സമയത്താണ് ’വിളക്കുമര’ത്തിലേക്ക് വിളിയെത്തുന്നത്. അവരോടു സംസാരിക്കുമ്പോൾ അതൊരു സിനിമയാണെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. പിന്നീട് സ്‌ക്രീൻ ടെസ്റ്റിനായി ചെന്നപ്പോഴാണ് വിളക്കുമരം സിനിമയാണെന്നും അതിലെ ഹീറോ ഞാനാണെന്നും അറിയുന്നത്. ഭാവനയാണ് ചിത്രത്തിലെ നായിക. പെട്ടെന്ന് സിനിമയിലേക്ക് എന്ന് കേട്ടപ്പോൾ അകെ ഷോക്കായിപ്പോയി. എന്റെ ഫോട്ടോ കണ്ടാണ് നായകനായി പരിഗണിച്ചതെന്ന് പിന്നീടറിഞ്ഞു. നായികാപ്രാധാന്യമുള്ള സിനിമയാണ് വിളക്കുമരം. അഭിനേതാക്കൾ മുഴുവനും സീനിയേഴ്സ് ആയിരുന്നു. ഭാവന, മനോജ് കെ ജയൻ, സൂരജ് വെഞ്ഞാറമൂട് എന്നിവരുടെ കൂടെയുള്ള അഭിനയം ജീവിതത്തിൽ ലഭിച്ച സൗഭാഗ്യമായി കരുതുന്നു. ഭാവന അടുത്ത സുഹൃത്താണ്.

എഞ്ചിനീയർ ഒറ്റടേക്കിൽ നടനായപ്പോൾ

മുംബൈയിലും, ബെംഗളൂരുവിലുമായി ഐടി എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു ഞാൻ. അഭിനയം വിദൂര സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല. വൈഫിന്റെ കസിനാണ് അഭിനയിക്കാൻ താല്പര്യമുണ്ടോ എന്നാദ്യം ചോദിച്ചത്. പെട്ടെന്നൊരു താൽപ്പര്യം തോന്നിയെങ്കിലും ഉള്ളിൽ പേടിയുണ്ടായിരുന്നു. ചെയ്തു നോക്കിയാലല്ലേ അഭിനയിക്കാൻ കഴിയുമോ എന്നറിയൂ എന്നും പറഞ്ഞ് രണ്ടും കൽപ്പിച്ച് ഇറങ്ങുകയായിരുന്നു. അങ്ങനെയാണ് സ്‌ക്രീൻ ടെസ്റ്റിന് പോയത്. ആദ്യത്തെ സ്‌ക്രീൻ ടെസ്റ്റ് ഫ്ലോപ്പായിരുന്നു. അതുകൊണ്ടുതന്നെ നായക കഥാപാത്രത്തിൽ നിന്ന് മാറ്റി അവർ മറ്റൊരു വേഷം തന്നു. എന്നാൽ രണ്ടാമത്തെ സ്‌ക്രീൻ ടെസ്റ്റിൽ ഞാൻ കൂടുതൽ നന്നായി ചെയ്തു. അങ്ങനെയാണ് നായകനാവുന്നത്. മദ്രാസിൽ എനിക്ക് ഒരു പത്തു ദിവസത്തെ ആക്ടിങ് വർക് ഷോപ്പ് തന്നിരുന്നു. അതൊരു മികച്ച എക്സ്പീരിയൻസ് ആയിരുന്നു.

arun-rr7

ഐടി ഫീൽഡ് വിടാൻ തീരുമാനിച്ചപ്പോൾ അമ്മയ്ക്ക് തീരെ താൽപ്പര്യം ഉണ്ടായിരുന്നില്ല. ഭാര്യയാണ് പൂർണ്ണ പിന്തുണ നൽകിയത്. ‘എല്ലാവർക്കും കിട്ടുന്ന ചാൻസ് അല്ലല്ലോ ഇത്. ഒരുപാട് പേർ അഭിനയിക്കാൻ അവസരം കാത്ത് കഴിയുമ്പോഴാണ് ഇങ്ങനെയൊരു അവസരം കിട്ടുന്നത്, വിട്ടു കളയേണ്ട’ എന്നുപറഞ്ഞ് ധൈര്യം പകർന്നത് ദിവ്യയായിരുന്നു. റെയിൽവേയിൽ ഉദ്യോഗസ്ഥയാണ് ദിവ്യ. മകൻ ധ്രുവ് പ്ലേസ്‌കൂളിൽ പോയിത്തുടങ്ങി. കൂട്ടുകുടുംബമാണ് ഞങ്ങളുടേത്, തൃശൂരുകാരാണ്. അച്ഛൻ രാഘവൻ, അമ്മ ശ്രീദേവി, അനിയൻ അനൂപ്, അനിയന്റെ ഭാര്യ ആതിര, അവർക്ക് രണ്ടു വയസ്സുള്ള ഒരു മകനുണ്ട്.

ജോലി ഉപേക്ഷിച്ചു വരുമ്പോൾ അവിടെ കിട്ടിയിരുന്ന ശമ്പളത്തിന്റെ പകുതിയേ സീരിയലിൽ പ്രതിഫലം ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. തമിഴിലും തെലുങ്കിലും പ്രതിഫലം കൂടുതലാണ്. ഇവിടുത്തെ ഇൻഡസ്ട്രിയുടെ കുഴപ്പമല്ല. വ്യൂവേഴ്സ് കുറവായതുകൊണ്ടാണ് പ്രതിഫലവും കുറയുന്നത്. പക്ഷെ, ഐടി ഫീൽഡിൽ ജോലി ചെയ്യുമ്പോൾ കിട്ടുന്നതിനേക്കാൾ സന്തോഷവും സംതൃപ്തിയും ഇവിടെയുണ്ട്. പ്രേക്ഷകരിൽ നിന്നുള്ള പിന്തുണ വലിയ കാര്യമല്ലേ! ഒരേയൊരു വിഷമമേ ഉള്ളൂ, സീരിയൽ നടൻ, സിനിമാനടൻ എന്നിങ്ങനെയുള്ള വേർതിരിവ് വിഷമിപ്പിക്കുന്നുണ്ട്. ശരിക്കും എല്ലാവരും നടന്മാർ തന്നെയല്ലേ. സിനിമയിൽ അവരുടെ ഭാഗ്യം കൊണ്ട് ധാരാളം അവസരങ്ങൾ കിട്ടുന്നു. സീരിയൽ നടന്മാരെ വില കുറച്ചു കാണുന്നതിനോട് യോജിപ്പില്ല.

arun-ra3

ആദ്യത്തെ സിനിമയ്ക്കു ശേഷം രണ്ടു മൂന്ന് സിനിമകളിലേക്ക് അവസരം ലഭിച്ചിരുന്നു. അതെല്ലാം ഫൈനൽ സ്റ്റേജിൽ എത്തിയിട്ട് നടക്കാതെ പോയി. പെട്ടെന്നൊരു ദിവസമാണ് അറിയുക, നമ്മളോട് പറഞ്ഞ കഥാപാത്രം മറ്റൊരാൾ ചെയ്യുന്നു എന്നൊക്കെ. ഇതെല്ലാം മനസ്സിനെ ഒരുപാട് വിഷമിച്ച സംഭവങ്ങളാണ്. സിനിമയിൽ ആരോടും ഇതുവരെ ചാൻസ് ചോദിച്ചു ചെന്നിട്ടില്ല. അതുകൊണ്ടായിരിക്കും പിന്നീട് കൂടുതൽ അവസരങ്ങൾ എന്നെത്തേടി വരാതിരുന്നത്. പൊതുവെ ആളുകളോട് ഇടപഴകാൻ മടിയുള്ള കൂട്ടത്തിലാണ് ഞാൻ. പെട്ടെന്ന് ഇടിച്ചുകയറി സംസാരിക്കാൻ ചമ്മലാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കും എന്നല്ലാതെ അനാവശ്യമായി ആരെയും ഫോൺ ചെയ്തു പോലും ബുദ്ധിമുട്ടിക്കാറില്ല.

സോഷ്യൽ മീഡിയയിലെ ആക്രമണങ്ങൾ

ഞാനത്ര സോഷ്യൽ ആയി ഇടപെടാത്ത ഒരാളാണ്. അതുകൊണ്ട് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ പരിധിയുണ്ട്. ഹാലോ, ഹായ് സന്ദേശങ്ങൾക്കൊന്നും സാധാരണ മറുപടി പറയാറില്ല. പക്ഷെ, അഭിനയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്ക് ഗൗരവമായിത്തന്നെ മറുപടി കൊടുക്കാറുണ്ട്. ചിലരിൽ നിന്ന് അസഭ്യവും കേൾക്കാറുണ്ട്. സാധാരണ മോശം കമന്റുകൾ വരുമ്പോൾ അവഗണിക്കുകയാണ് പതിവ്. പക്ഷെ, ഒരുപാട് വൃത്തികെട്ട ഭാഷയിൽ സംസാരിക്കുന്ന ആളുകളൊക്കെ ഉണ്ട്. സീരിയലിൽ അഭിനയിക്കുന്നതിന് ദേഷ്യപ്പെടുന്നവരാണ് കൂടുതലും. ഇതിന്റെ മറുവശം എന്താണെന്നു വച്ചാൽ സീരിയൽ മുഴുവൻ കണ്ടിട്ട് അസഭ്യം പറയുന്നവരാണ് ഇവർ. പുറത്തുപോയാൽ നമ്മളെ ഇവർ തിരിച്ചറിയും. അടുത്തു വന്ന് സംസാരിക്കും. പക്ഷെ, പരിചയപ്പെട്ട് ഏറ്റവും ഒടുവിൽ പറയും ഞങ്ങൾ സീരിയലൊന്നും കാണാറില്ല എന്ന്. സീരിയൽ കാണുന്നത് മോശം കാര്യമാണെന്നാണ് പൊതുവെയുള്ള ധാരണ. പലർക്കും സീരിയൽ നടന്മാരെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.

പണ്ട് ഞാനും ഇവരെപ്പോലെതന്നെ ചിന്തിച്ചിരുന്നു. മുംബൈയിൽ ആയിരിക്കുമ്പോൾ ജോലി കഴിഞ്ഞു റൂമിൽ എത്തിയാൽ കൂട്ടുകാർ ഹിന്ദി സീരിയൽ കാണുകയായിരിക്കും. ഇത് കാണുമ്പോൾ ഞാനും പറയുമായിരുന്നു, ഇവർക്കൊന്നും വേറെ പണിയില്ലേ എന്ന്. ഇപ്പോൾ എനിക്ക് മനസ്സിലായി ഒരു സീരിയൽ എടുക്കുന്നതിനു പുറകിലെ പരിശ്രമം. പുതിയ പ്രോജക്റ്റ് എന്നുപറയാൻ ഒരു തമിഴ് സീരിയലിൽ അവസരം ലഭിച്ചിട്ടുണ്ട്. രണ്ടാമത് ബിസിനസ് തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഞാൻ. കൂട്ടുകാരുമായി ചേർന്ന് ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുകയാണ്. അതിന്റെ പ്രാരംഭഘട്ട പ്രവർത്തനങ്ങളിലാണ്. പുത്തൻ ട്രെൻഡായ വെബ് സീരീസ് നിർമ്മിക്കണം എന്ന ചിന്തയുമുണ്ട്. അതെങ്ങനെ വർക് ഔട്ട് ചെയ്യും എന്ന ആലോചനയിലാണ് ഞങ്ങൾ.

arun-ra4

‘സിനിമയിൽ പാടിക്കാമെന്നു പറഞ്ഞവർ വരെയുണ്ട്, അവരെയൊന്നും പിന്നെ ഈ വഴി കണ്ടിട്ടില്ല’; സ്മ്യൂളില്‍ പാട്ടുമൂളി വൈറലായ ഷേണിഷയ്ക്ക് പറയാനുള്ളത്

തലതിരിച്ചു വരയ്ക്കും തലയെടുപ്പുള്ള വീടുകൾ; ജൂഡ്സൺ ആർകിടെക്റ്റുമാർക്കിടയിലെ ഒറ്റയാൻ

സേതുലക്ഷ്മിയമ്മ കെഞ്ചിയത് ഈ മകനു വേണ്ടി; കണ്ണീരണിയാതെ കേട്ടിരിക്കാനാകില്ല കിഷോറിന്റെ കഥ; വിഡിയോ

‘കുഞ്ഞ് വെളുക്കാൻ കുങ്കുമപ്പൂ, സുന്ദരിയാകാൻ ഫെയർനെസ്ക്രീം’; മാറണം ഈ തെറ്റിദ്ധാരണകൾ; വൈറൽ കുറിപ്പ്

അകാലനരയും മുടികൊഴിച്ചിലും ഓർത്ത് ഇനി ടെൻഷൻ വേണ്ട; ആയുർവേദത്തിലുണ്ട് ചില സിമ്പിൾ ട്രിക്കുകൾ