Saturday 10 October 2020 10:38 AM IST

'ഈ പ്രണയത്തിന് കടലും തിരകളും സാക്ഷി'; സത്യരാജിന്റെ ഫാനാക്കിയ കടലോര കവിതകള്‍; എന്റെ പ്രിയ ചിത്രം

Sreerekha

Senior Sub Editor

kadalora-kavitha

എന്റെ പ്രിയ സിനിമ-ജി. മാർത്താണ്ഡൻ (സംവിധായകൻ) 

കടലോര കവിതകൾ (1986)  

ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ച് പറയുമ്പോൾ അധികം ആലോചിക്കാതെ തന്നെ എന്റെ മനസ്സിലേക്കു വരുന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട ‘കടലോര കവിതകൾ’ ആണ്. ഭാരതിരാജ സംവിധാനം ചെയ്ത, ഒരു കവിത പോലെ അതിമനോഹരവും ഭാവതീവ്രവും ആയ സിനിമ. ആ സിനിമ കണ്ടതോടെ ഞാൻ ഭാരതിരാജ എന്ന സംവിധായകന്റെ കടുത്ത ആരാധകനായി മാറുകയായിരുന്നു. ഞാൻ ഒരു സംവിധായകനാകണമെന്ന് ആഗ്രഹിക്കുകയും സിനിമയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തതു പോലും അദ്ദേഹത്തിന്റെ കാവ്യാത്മകമായ ആ സിനിമകൾ ആസ്വദിക്കാൻ തുടങ്ങിയ ശേഷമാണ്. 

സ്കൂളിൽ പഠിക്കുന്ന കാലത്ത് തമിഴ് സിനികൾ എനിക്ക് ഒരുപാടിഷ്ടമായിരുന്നു. കാരണം, അച്ഛൻ തമിഴ് സിനിമകൾ തിേയറ്ററിൽ കൊണ്ട് പോയി കാണിക്കുമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് തനിയെ തിയേറ്ററിൽ പോയി സിനിമ കാണാൻ തുടങ്ങുന്നത്. അക്കാലത്തെ സൂപ്പർ ഹിറ്റ്  സിനിമായ ‘കടലോര കവിതക’ളും അങ്ങനെ ഞാൻ തനിച്ച് തിയേറ്ററിൽ പോയിട്ടാണ് കണ്ടത്. 

kadal

കമൽഹാസൻ, രജനീകാന്ത് തുടങ്ങിയവർ സൂപ്പർ താരങ്ങളായി കത്തി നിൽക്കുന്ന സമയത്താണ് വില്ലൻ വേഷങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള സത്യരാജിനെ നായകനാക്കി ഭാരതിരാജ ഈ സിനിമ ചെയ്യുന്നത്. പതിവു മട്ടിലുള്ള നായകന്മാരുടെ സൗന്ദര്യമോ സ്റ്റൈലോ ഒന്നും ഇല്ലാത്ത ആക്ടർ ആയിരുന്നു അന്ന് സത്യരാജ്. പക്ഷേ, ഈയൊരു സിനിമയോടെ സത്യരാജ് ഹീറോ എന്ന നിലയിൽ വലിയ താരപരിവേഷത്തിലേക്കുയർന്നു. പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ ഹീറോസിൽ ഒരാളായി മാറി. ഈ സിനിമയോടെ ഞാൻ സത്യരാജ് എന്ന നടന്റെയും ഫാൻ ആയി.  

പേരു പോലെ തന്നെ അങ്ങേയറ്റം കാവ്യാത്മകവും വൈകാരിക തീവ്രവും ആണ് ‘കടലോര കവിതകൾ’ എന്ന സുന്ദരമായ ചിത്രം. സിനിമയുടെ അവതരണരീതിയും മേക്കിങ്ങും എന്നെ വളരെയധികം സ്പർശിച്ചു. അതു വരെ കണ്ട തമിഴ് സിനിമകളിൽ  നിന്നെല്ലാം വേറിട്ട ശൈലിയിലാണ് ഭാരതി രാജ സാറിന്റെ സിനിമകൾ. നമുക്ക് ആഴത്തിൽ ഫീൽ ചെയ്യുന്ന തരം കഥകളായിരുന്നു അദ്ദേഹം തിരഞ്ഞെടുക്കുന്നത്. 

സിനിമയുടെ തുടക്കത്തിൽ പ്രേക്ഷകരെ കൈയിലെടുക്കുന്ന ഒരു സെൽഫ് ഇൻട്രഡക്‌ഷൻ ശൈലി അദ്ദേഹത്തിന്റെ സിനിമകളെ വേറിട്ടതാക്കുന്നു. സംവിധായകൻ കൈ കൂപ്പി തൊഴുത് നമ്മുടെ മുന്നിൽ വരികയാണ്. ‘എൻ ഇനിയ തമിഴ് മക്കളേ..  കടലോരത്തിൻ കവിതയെഴുതിവിട്ട് വന്തിരിക്കറേ... ഇത് ഒരു വലിയ കാതൽ കവിതൈ...’ എന്നൊക്കെ പറഞ്ഞ് ഷൂട്ടിങ്ങിന്റെയും  ക്യാമറയുടെയും മറ്റും കാഴ്ചകൾ കാട്ടിയാണ് സിനിമയുടെ തുടക്കം. അദ്ദേഹത്തിന്റെ സിനിമയിലെ ഫ്രെയിമുകൾക്കും ഷോട്ടുകൾക്കും പോലും തനതായൊരു ഐഡന്റിറ്റിയുണ്ട്. പകുതിയിൽ നിന്നാണ്  ഒരു സിനിമ കാണാൻ തുടങ്ങിയതെങ്കിൽ പോലും അത് ഭാരതിരാജാ സിനിമയാണെങ്കിൽ ആർക്കും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. 

കടലോര ഗ്രാമത്തിലെ കവിത പോലുള്ള പ്രണയം

മുട്ടം എന്ന കടലോര ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ആ ഗ്രാമത്തിലെ കുപ്രസിദ്ധനായ ഗുണ്ടയാണ് ചിന്നപ്പദാസ് എന്ന സത്യരാജിന്റെ നായക കഥാപാത്രം. കഥ തുടങ്ങുന്നത്  ചിന്നപ്പദാസ് ഒരു എതിരാളിെയ ഓടിച്ചിട്ട് അയാളുെട കൈ വെട്ടുന്ന സീനിലൂടെയാണ്. പല വട്ടം ജയിലിൽ കിടന്നിട്ടുണ്ട് ചിന്നപ്പദാസ്. ആ  ഗ്രാമത്തിലേക്ക് ട്രാൻസ്ഫർ ആയി ജെന്നിഫർ എന്ന സ്കൂൾ ടീച്ചറും കുടുംബവും എത്തുന്നതിലൂടെ കഥ പുരോഗമിക്കുന്നു. അച്ഛൻ, കാലിനു സുഖമില്ലാത്ത അനുജത്തി, രണ്ട് അനുജന്മാർ എന്നിവരടങ്ങുന്നതാണ് ജെന്നിഫറിന്റെ കുടംബം. ഒരു ദിവസം ജെന്നിഫർ സ്കൂളിൽ ഹിസ്റ്ററി പഠിപ്പിക്കുന്നതിനിടെ, ചരിത്രത്തിലെ വീരപുരുഷന്മാരിൽ ആരെയാണ് കുട്ടികൾ ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന് ചോദിക്കുന്നു. പലരും നൊപ്പോളിയൻ. അലക്സാണ്ടർ തുടങ്ങിയ പേരുകൾ പറയുമ്പോൾ ഒരു കുട്ടി എണീറ്റ് നിന്ന് പറയുന്നു, ‘മുട്ടം ചിന്നപ്പദാസ്’ ആണ് അവന്റെ ഹീറോയെന്ന്. ആ നാട്ടിലെ ഗുണ്ട. പൊലീസ് കേസുകളിൽ 18 തവണ ജലിയിൽ കിടന്നിട്ടുള്ള, എതിരാളികളെ അടിച്ച് തോൽപിക്കുന്ന, പേരു കേട്ടാൽ പോലും നാട്ടുകാർ പേടിക്കുന്ന ഭയങ്കര റൗഡി. അങ്ങനെയാണ് ജെന്നിഫർ ആദ്യമായി ആ പേര് കേൾക്കുന്നത്. പിന്നെയറിയുന്നു, ആ സ്കൂളിലെ തൂപ്പുജോലിെയാക്കെ ചെയ്യുന്ന തായമ്മ എന്ന പാവം സ്ത്രീയുടെ മകനാണ് ചിന്നപ്പദാസ് എന്ന്. 

കടലോരത്ത് ചിന്നപ്പദാസിന്റെ വീടിനടുത്തുള്ള വാടക വീട്ടിലാണ് ജെന്നിഫറും കുടുംബവും താമസിക്കുന്നത്. ഒരു ദിവസം ചിന്നപ്പദാസ് അമ്മയെ അടിച്ചിട്ട് അവർ വയ്യാതെ വീണു കിടക്കുന്നുവെന്നറിയുന്ന ജെന്നിഫർ അവരെ തന്റെ വീട്ടിലെത്തിച്ച് ശുശ്രൂഷിക്കുന്നു. പിന്നീട് അമ്മയെ തേടി ജെന്നിഫറിന്റെ വീട്ടിലെത്തുന്ന ചിന്നപ്പദാസ് ‘കിളവി ചത്തു പോയില്ലേ’ എന്ന്  അമ്മയെ നിന്ദിച്ച് സംസാരിക്കുന്നു. അതു കേട്ട്  കുപിതയായ ജെന്നിഫർ അവന്റെ ചെകിട്ടത്ത്  ശക്തമായി അടിച്ചു...അമ്മയെ ഉപദ്രവിച്ചതിന്റെ ശിക്ഷയായി. അവൻ നാടിനെ വിറപ്പിക്കുന്ന ഗുണ്ടയാണെന്നൊന്നും അവളന്നേരം ഓർക്കുന്നില്ല. ആ അടി ചിന്നപ്പദാസ് എന്ന പരുക്കനും മുരടനുമായ ഗുണ്ടയുടെ മനസ്സ് മാറ്റുകയാണ്. അടിയേറ്റ് അവളെ തിരിച്ചൊന്നും പറയാതെ, അവൻ സ്തബ്ധനായി നിൽക്കുകയാണ്. അമ്മയോട് താൻ ചെയ്ത അനീതി അവൻ തിരിച്ചറിയുകയാണ്.

marthandan 2

ജെന്നിഫറിനും ഒരു തിരിച്ചറിവുണ്ടാകുന്നു. അവൾ ദാസിന്റെ അമ്മയോടു പറയുന്നു:‘ചിലർ പുറമേ നല്ലതാണെങ്കിലും ഉ ള്ളിൽ തിന്മയുണ്ടാകും. ചിലർ പുറമേ മുരടരാണെങ്കിലും ഉ ള്ള് ശുദ്ധമായിരിക്കും... ഗുണ്ടയായ ചിന്നപ്പദാസ് ‍ഞാൻ അടിച്ച നേരം തിരിച്ചൊന്നും പറയാതെ നിശബ്ദം നിന്നത് അവന്റെ മനസിലൊളിപ്പിച്ചു വച്ച നന്മയെ ആണ് കാട്ടുന്നത്...’   ആ വാക്കുകൾ അവളറിയാതെ കേട്ട ചിന്നപ്പദാസിന്റെ മനസ്സ് അലിയുകയാണ്. 

ഈ പ്രണയത്തിന് കടലും തിരകളും സാക്ഷി 

പിന്നീട്  നാട്ടിലെ ചില തെമ്മാടികൾ ടീച്ചറെ കുറിച്ച് മോശം വാക്കുകൾ സ്കൂളിൽ എഴുതി വച്ചപ്പോൾ ടീച്ചർ ദാസിനെ സംശയിക്കുന്നു. ദാസിന്റെ അമ്മ അവനെ കഠിനമായി ശകാരിക്കുന്നു... അമ്മയുടെ ശകാരം കേൾക്കെ അവൻ പറയുന്നു, അവന് അക്ഷരമെഴുതാനറിയില്ലല്ലോയെന്ന്. മഴയത്ത് നനയാതിരിക്കാൻ പോലും അവൻ സ്കൂളിന്റെ പടി കടന്നിട്ടില്ല. ടീച്ചറും മനസിലാക്കുന്നു ചിന്നപ്പദാസ് നിരപരാധിയാണെന്ന്.

ചിന്നപ്പദാസിന്റെ മനസ്സിൽ ടീച്ചർ ആരാധനാ മൂർത്തിയായി മാറുന്നു. എപ്പോഴും അലസനും പരുക്കനുമായി നടന്നിരുന്ന അവൻ നല്ല വേഷമൊക്കെ ധരിച്ച് നടക്കാൻ തുടങ്ങി. സ്കൂളിൽ പോയി അക്ഷരം എഴുതാനും വായിക്കാനും പഠിക്കാനുംഅവൻ തീവ്രമായി ആഗ്രഹിക്കുകയാണ്. ആദ്യമൊക്കെ ജെന്നിഫർ അവന്റെയാ ആഗ്രഹത്തെ കാര്യമാക്കുന്നേയില്ല. പിന്നെ അവന്റെ ആഗ്രഹം അത്ര തീവ്രമാണെന്നറിയുമ്പോൾ ടീച്ചർ അവനെ പഠിപ്പിക്കുന്നു. അവർ തമ്മിൽ അങ്ങനെ അടുപ്പം വളരുകയാണ്. മലമുകളിൽ ജെന്നിഫർ ഇരിക്കുമ്പോൾ ചിന്നപ്പദാസ് ഓടി താഴെയിറങ്ങിയിട്ട് പറയുന്നു: ‘ടീച്ചർ എന്റെ ദൈവമാണ്...’  

പിന്നീട് ജെന്നിഫറിന്റെ വീട്ടിൽ വരുന്ന നേരത്ത് വഴി തെറ്റിപ്പോയ കുഞ്ഞാടിനെ മടിയിലിരുത്തി ലാളിക്കുന്ന ക്രിസ്തുവിന്റെ ചിത്രം കാണുമ്പോൾ ദാസ് അതിനെ കുറിച്ച് ചോദിക്കുന്നു. ഗുഡ് ഷെപ്പേർഡിന്റെ ആ ചിത്രത്തെ കുറിച്ച് ജെന്നിഫർ  പറ‍ഞ്ഞു െകാടുക്കുന്നു. പിന്നെ േചാദിക്കുന്നു.. ‘നീ ആ ഇടയനും ഞാൻ ആ കുഞ്ഞാടും ആയിരുന്നെങ്കിൽ നീ എന്തു െചയ്തേനെ’യെന്ന്. അങ്ങനെ പറയാതെ തന്നെ ജെന്നിഫറും ചിന്നപ്പദാസും അവരുടെ ഇഷ്ടങ്ങൾ വെളിപ്പെടുത്തുകയാണ്. സമൂഹത്തിന്റെ മുന്നിൽ ഒരിക്കലും ചേരാത്തതാണ് അവരുടെ സ്നേഹബന്ധമെങ്കിലും.

അവരുടെ പ്രണയത്തിന് ആ കടലോരവും തിലമാലകളും സാക്ഷിയാണ്. ഒരിക്കൽ ചിന്നപ്പദാസ് ഒരു മനോഹരമായ ശംഖ് ജെന്നിഫറിനു സമ്മാനമായി കൊടുക്കുന്നു. ദാസിന്റെ നിഷ്കളങ്കമായ മനസ്സ് ആ സമ്മാനത്തിലൂടെ ജെന്നിഫർ അറിയുകയാണ്. ആ ശംഖ് കാതിൽ ചേർക്കെ ജെന്നിഫർ കേൾക്കുന്നു, കടലിന്റെ സംഗീതം; പ്രണയത്തിന്റെ സംഗീതം...  

പ്രണയമെന്ന തീവ്ര നൊമ്പരം

ജെന്നിഫറിന്റെ നാട്ടിലെ പരിചയക്കാരനും സമ്പന്നനും ആയ യുവാവ് ലോറൻസ് അവരുടെ കുടുംബത്തെ സന്ദർശിക്കാനെത്തുന്നതോടെ ചിന്നപ്പദാസിന്റെ മനസ്സ് അസ്വസ്ഥമാവുകയാണ്.  ലോറൻസ് സുന്ദരനാണ്. അയാൾ ജെന്നിഫറിനെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. ഈ ഘട്ടത്തിൽ ചിന്നപ്പദാസ് അനുഭവിക്കുന്ന പ്രണയത്തിന്റെ തീവ്രനൊമ്പരം സിനിമയെ ഏറ്റവും ഭാവതീവ്രമാക്കുന്നു. നാടിനെ വിറപ്പിച്ചിരുന്ന ഗുണ്ട ഇപ്പോൾ‍ പ്രണയത്തിന്റെ വേദനയാൽ നിസ്സഹായനാവുകയാണ്. അവന്റെയുള്ളിലെ നീറ്റലായി മാറുകയാണ് ടീച്ചറോടുള്ള പ്രണയം. താനൊരിക്കലും ജെന്നിഫറിനു ചേരുന്നയാളല്ലെന്ന് അവനറിയാം. മാത്രമല്ല  ജെന്നിഫറിന്റെ കുടുംബം ലോറൻസുമായുള്ള വിവാഹമാണ് ആശിക്കുന്നതും. ജെന്നിഫറും പതുക്കെ മനസ്സിലാകുന്നു, തന്റെ മനസ്സിലെ യഥാർഥ  പ്രണയം ചിന്നപ്പദാസിനോടാണെന്ന്... അവന്റെ നിഷ്കളങ്കമായ  മനസ്സിനോടാണെന്ന്.  

ലോറൻസിന്റെ കൂടെ ജെന്നിഫറും കുടുംബവും ആ ഗ്രാമം വിട്ടു പോകുന്നു. പക്ഷേ, ജെന്നിഫറിന്റെ മനസ്സിൽ നിന്ന് ചിന്നപ്പദാസും അവൻ സമ്മാനിച്ച ശംഖും അതിന്റെ സംഗീതവും മാഞ്ഞു പോകുന്നില്ല. അവൾ ശ്രമിച്ചിട്ടു പോലും.

ജെന്നിഫറിനെ കുറിച്ച് മോശമായി പറഞ്ഞവരോട് കടലോരത്ത് വച്ച് ഏറ്റുമുട്ടുന്ന ചിന്നപ്പദാസിന് മാരകമായി മുറിവേൽക്കുന്നു. ആശുപത്രിയിൽ അവൻ മരണത്തിന്റെ വക്കിലാണ്. ദാസിനെ ജീവനു തുല്യം സ്നേഹിക്കുന്ന അവന്റെ മുറപ്പെണ്ണാണ് അവനെ ശുശ്രൂഷിക്കുന്നത്. അവസാനം ദാസിനെ കാണാൻ  ജെന്നിഫർ ആശുപത്രിയിലെത്തുന്നു. ബോധമില്ലാതെ മയക്കത്തിലാണ്ട് കിടക്കുന്ന അവന്റെ കിടക്കയ്ക്കരികെ ആ ശംഖ് വച്ചിട്ട് അവൾ മടങ്ങി പോകുന്നു.

അബോധത്തിലും അരികെ ആ ശംഖിന്റെ സാമീപ്യം ദാസിൽ ടീച്ചറുടെ സ്മരണയുണർത്തുന്നു. പതുക്കെ ഉണരവെ, അവൻ  തിരിച്ചറിയുന്നു, ടീച്ചർ വന്നിരുന്നെന്ന്. മാരകമായ ആ അവസ്ഥയിലും ദാസ് കിടക്ക വിട്ടെണീറ്റ് ജെന്നിഫറെ തേടി ഇറങ്ങുകയാണ്. സിനിമയുടെ ക്ലൈമാകസ് ഏറ്റവും ഹൃദയ സ്പർശിയാണ്. കടലോരത്തെ പഴയ പള്ളിയിലേക്കാണ് ദാസ് ഇടറിയ ചുവടുകളോടെ നടക്കുന്നത്. പണ്ട് പ്രണയിച്ചിരുന്ന കാലത്ത് ടീച്ചറെ  കാണാനായി ആ പള്ളിമണി മുഴക്കാറുണ്ടായിരുന്നു. അതിന്റെ ഓർമയിൽ ചിന്നപ്പദാസ് ഒരിക്കൽ കൂടി ആ പള്ളിമണിയുടെ കയറിൽ പിടിച്ച് വലിക്കുന്നു...  

അപ്പോൾ മടക്കയാത്രയ്ക്കായി തീവണ്ടി സ്റ്റേഷനിൽ നിൽക്കുന്ന ജെന്നിഫർ ആ മണിമുഴക്കം കേട്ട് അവനെ തേടി പള്ളിമുറ്റത്തേക്ക് വരികയാണ്. ആ പള്ളിമുറ്റത്ത് വച്ച് അവർ വീണ്ടും കണ്ടുമുട്ടുന്നു. പള്ളിമണിയുടെ കയറിൽ പിടിച്ചാണ് അവൻ പതുക്കെ എണീറ്റു വരുന്നത്. അതിൽ നിന്നും  ക്രിസ്തുവിന്റെ ചിത്രത്തിലേക്കാണ് ഷോട്ട് പോകുന്നുത്. ജെന്നിഫറിന്റെയും ചിന്നപ്പദാസിന്റെ പ്രണയം ഒന്നാകുന്നതിന് ആ ഗ്രാമം മുഴുവനും സാക്ഷിയാകുകയാണ്. ഇളയരാജായുടെ പാട്ടുകളും സംഗീതവും സിനിമയുടെ കാവ്യഭംഗി കൂട്ടുന്നു.   

എന്റെ ആദ്യത്തെ സിനിമ ‘ക്ലീറ്റസ്’ ഒരു ഗുണ്ടയിൽ നിന്നുള്ള നായകന്റെ പരിവർത്തനം ആയിരുന്നു. അതിന്റെ ക്ലൈമാക്സിൽ പള്ളിയുെട അന്തരീക്ഷവും ക്രിസ്തുവിന്റെ ഷോട്ടുകളും ഒക്കെ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ആ സ്വാധീനം നാം പോലുമറിയാതെ സംഭവിക്കുന്നതാണ്. സ്കൂൾ കാലത്ത് കണ്ട ശേഷം പിന്നീട് ദൂരദർശനിൽ വരുമ്പോഴും, നാട്ടിലെ ഫിലിം സൊസൈറ്റിയുെട പ്രദർശനത്തിലും ഒക്കെ ഈ സിനിമ ഞാൻ വീണ്ടും കണ്ടിട്ടുണ്ട്. ഒാരോ കാഴ്ചയിലും മനസ്സിനെ അത് അലിയിച്ചു കളയും പോലെ തോന്നിയിട്ടുണ്ട്. ഈ സിനിമ എന്റെ ജീവിതത്തിലെ നൊസ്റ്റാൾജിയ ആണ്.  

നിമിത്തം പോലെ ചില അനുഭവങ്ങൾ

ഈ സിനിമയെ കുറിച്ച് പറയുമ്പോൾ  നിമിത്തം പോെല തോന്നിയ ചില അനുഭവങ്ങളെ കുറിച്ചു കൂടി പറയണമെന്നുണ്ട്. ‘ക്ലീറ്റസി’ന്റെ ൈഫനൽ മിക്സിങ് ചെന്നൈയിൽ നടക്കുന്ന സമയം. മമ്മൂട്ടിസാറും ബെന്നിച്ചേട്ടനും (ബെന്നി പി. നായരമ്പലം) ഞാനുമൊക്കെ ഒന്നിച്ചുള്ള ഒരു ചാനൽ  പ്രൊമോഷൻ പരിപാടി പ്ലാൻ ചെയ്തിരുന്നു. മമ്മൂട്ടിസാർ ആ സമയത്ത് ബാംഗ്ളൂരിലായിരുന്നതിനാൽ അദ്ദേഹത്തെ കാണാൻ അവിടെ ചെല്ലാൻ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ ചെന്നൈയിൽ നിന്ന്  ഫ്ളൈറ്റിൽ പോകുന്ന സമയം. ആ സമയത്ത് ഫ്ളൈറ്റിൽ തൊട്ട് മുൻപിലായി ഭാരതിരാജ സാർ ഇരിക്കുന്നു.  ഞാൻ അതിശയിച്ചു പോയി. കാരണം, ജീവിതത്തിൽ ഞാൻ ഏറ്റവും ആരാധിക്കുന്ന സംവിധായകനെയാണ് എന്റെ ആദ്യ സിനിമ ഇറങ്ങുന്നതിനു തൊട്ട് മുൻപ് അവിചാരിതമായി കണ്ടുമുട്ടിയിരിക്കുന്നത്. പുറത്തിറങ്ങിയ ശേഷം, ഞാൻ അദ്ദേഹത്തെ കണ്ട് പരിചയപ്പെട്ടു. ഞാൻ പറഞ്ഞു, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ആണെന്നും മലയാളത്തിൽ എന്റെ ആദ്യ സിനിമ മമ്മൂട്ടിസാറിനെ വച്ച് ചെയ്യുകയാണെന്നും... അത് റിലീസിനുള്ള ഒരുക്കത്തിലാണെന്നും... അദ്ദേഹം എന്നെ അനുഗ്രഹിച്ചു. ആ നേരത്ത് ഞാനോർത്തത് പത്താം ക്ലാസ് കാലത്ത് ഞാൻ കണ്ട ‘കടലോര കവിതകൾ’ എന്ന മനോഹര സിനിമയാണ്! എന്നെ ഭാരതിരാജാ സാറിന്റെ ആരാധകനാക്കിയ ചിത്രം... 

മറ്റൊരനുഭവം കൂടി അതു പോലെ സംഭവിച്ചിട്ടുണ്ട്. ഭാരതി രാ ജാ സിനിമകളെല്ലാം തന്നെ അവയുടെ വിഷ്വൽ മനോഹാരിത കൊണ്ട് ശ്രദ്ധേയമാണ്. ബി. കണ്ണൻ എന്ന ക്യമറാമാനാണ് ഭാരതിരാജാ സിനിമകളുടെ  കണ്ണ്. അതിമനോഹരമായ വിഷ്വലുകളാണ് അദ്ദേഹത്തിന്റേത്. കവിത പോലെയാണ്  ഭാരതിരാജാ സിനിമകളിലെ ക്യാമറ. ആദ്യമായി ഞാെനാരു ക്യാമറാമാന്റെ പേര് ശ്രദ്ധിച്ചു തുടങ്ങുന്നതും ബി. കണ്ണന്റെ പേരായിരുന്നു. അദ്ദേഹത്തോട് ആരാധന തോന്നി, അദ്ദേഹം ചെയ്ത സിനിമകളെല്ലാം കാണാൻ ശ്രമിച്ചിട്ടുണ്ട്. 

പിന്നീട് ഞാൻ സിനിമയിൽ ആദ്യമായി അസിസ്റ്റന്റ് ആകുന്നസമയം. രാജീവ്നാഥ് സാറിന്റെ മോഹൻലാൽ സാറും ശിവാജി ഗണേശൻ സാറും അഭിനയിക്കുന്ന ‘സ്വർണച്ചാമരം’ എന്ന സിനിമ ആയിരുന്നു. അതിന്റെ ക്യാമറാമാൻ ബി കണ്ണൻ ആയിരുന്നു. െസറ്റിൽ വച്ച് ആദ്ദേഹത്തെ ആദ്യമായി കാണുമ്പോൾ ഞാൻ ആരാധനയോടെ നോക്കി നിന്നു... ! (ആ സിനിമ ഇറങ്ങിയില്ല. ഇടയ്ക്കു വച്ചു നിന്നു പോയി.) ആദ്യമായി ഞാൻ ഏറ്റവും ആരാധിച്ച ക്യാമറാമാൻ, ഞാൻ ആദ്യമായി അസിസ്റ്റന്റാകുന്ന സിനിമയിെല ക്യാമറാമാനായി ഇതാ മുന്നിൽ! അതും വളരെ വലിയൊരു യാദൃച്ഛികതയായി തോന്നി. അന്നും ഞാൻ പെട്ടെന്നോർത്തത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ കണ്ടു വിസ്മയിച്ച ‘കടലോര കവിതകൾ’ എന്ന സിനിമയിലെ, മനോഹരമായ കവിത പോലുള്ള ഒരിക്കലും മറക്കാനാവാത്ത വിഷ്വലുകളാണ്. ∙