Friday 04 December 2020 06:57 PM IST

മനസിൽ ഒരു കുട്ടിയുണ്ടോ? എങ്കിൽ ഈ സിനിമ നഷ്ടപ്പെടുത്തരുത്’; ഹൃദയം തൊടും ചിൽഡ്രൻ ഓഫ് ഹെവൻ

Sreerekha

Senior Sub Editor

shafi

എന്റെ പ്രിയ സിനിമ-ഷാഫി (സംവിധായകൻ)

‘ചിൽഡ്രൻ ഒാഫ് ഹെവൻ‍’ (1997)

എന്നാണ് സിനിമ കണ്ടു തുടങ്ങിയതെന്ന് എനിക്ക് കൃത്യമായി ഒാർമ്മയില്ല. എന്റെ ചേട്ടനും അമ്മാവനുമെല്ലാം സിനിമയുമായി ബന്ധപ്പെട്ടവരായതിനാൽ െചറിയ പ്രായം തൊട്ടേ സിനിമ എന്റെയും ജീവിതത്തിന്റെ ഭാഗമായി മാറി. വളരെ കുട്ടിയായിരിക്കുമ്പോഴേ ഞായറാഴ്ച ഞങ്ങൾ വീട്ടിലെല്ലാവരും കൂടി സിനിമ കാണാൻ പോകുമായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ജയന്റെ സിനിമകളോടായിരുന്നു കടുത്ത ആരാധന.

മുഷിപ്പിക്കുന്ന ചില അവാർഡ് പടങ്ങളൊഴിച്ച് ബാക്കിയെല്ലാത്തരം സിനിമകളും ഞാൻ ആസ്വദിക്കാറുണ്ട്. ഭാഷയേതെന്നു വിവേചനമില്ലാതെ, ഹിറ്റാവുന്ന സിനിമകൾക്കൊപ്പം തന്നെ അക്കാദമി പരമായി ഏതെങ്കിലും രീതിയിൽ ശ്രദ്ധേയമായ സിനിമകളും കാണാതെ വിട്ടിട്ടില്ല. ഇവിടെ വരുന്ന ഹോളിവുഡ് സിനിമകൾ കുട്ടിക്കാലത്തേ തിയേറ്ററിൽ പോയി കാണുമായിരുന്നു. ഡിവിഡി വന്നതോടെ മിക്ക ലോകോത്തര സിനിമകളും കാണാൻ അവസരം ലഭിച്ചു. അവയെല്ലാം വിസ്മയത്തോടെയാണ് കണ്ടത്. ഞാൻ സംവിധാനം ചെയ്തിരിക്കുന്നത് കോമഡി ടച്ച് ഉള്ള സിനിമകളാണെങ്കിലും എന്റെ ഏറ്റവും പ്രിയ സിനിമകളെ കുറിച്ച് പറയുമ്പോൾ മനസ്സിലെത്തുന്നത് ലോകത്തിലെ എക്കാലത്തെയും മികച്ച വിഖ്യാത ചലച്ചിത്രങ്ങളാണ്. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’, ‘ഗ്ലൂമി സൺഡേ’ എന്നീ സിനിമകൾ എന്റെ ഇഷ്ട സിനിമകളുെട കൂട്ടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു.

പക്ഷേ, അക്കൂട്ടത്തിലെ പ്രിയപ്പെട്ട ചലച്ചിത്രമായി ഞാൻ പറയാനാശിക്കുന്നത് മനോഹരവും ഹൃദയത്തിൽ തൊടുന്നതുമായ മറ്റൊരു സിനിമയെ കുറിച്ചാണ്. ഇറാനിയൻ സംവിധായകൻ മജീദ് മജീദി സംവിധാനം ചെയ്ത ‘ചിൽഡ്രൻ ഒാഫ് ഹെവൻ’. വളരെ ലളിതമായ സിനിമ. രണ്ട് കുട്ടികൾ, നഷ്ടപ്പെട്ട ഒരു ജോഡി ഷൂസ്... ഇതിലൂടെ ലോകത്തെങ്ങുമുള്ള സാധാരണ മനുഷ്യരുടെ നിസ്സഹായമായ ജീവിതാവസ്ഥ വരച്ചിടുകയാണീ ലോകോത്തര ചലച്ചിത്രം. ഒപ്പം ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണുകയുമാണ്.

‘ചിൽഡ്രൻ ഒാഫ് ഹെവൻ’ കുട്ടികകളുെട കഥ പറയുന്ന സിനിമയാണെങ്കിലും എല്ലാവർക്കും ഈ ചലച്ചിത്രം ഹൃദ്യമായി ആസ്വദിക്കാനാവും. മനസ്സിൽ ഒരു കുട്ടിയുള്ള, ജീവിതത്തോട് പ്രതിപത്തിയുള്ള ആരെയും ഈ സിനിമ അഗാധമായി സ്പർശിക്കും. അതുപോെല, ഇറാനിയൻ സിനിമയാണെങ്കിൽ തന്നെയും ലോകത്തിന്റെ ഏതു കോണിലും ഉള്ളവർക്ക് ഈ സിനിമ വിവരിക്കുന്ന ജീവിത യാഥാർഥ്യങ്ങളെ അതേ തീവ്രതയോടെ ഉൾക്കൊള്ളാനാകും.

ബാല്യത്തിന്റെ നിഷ്കളങ്കതയുടെ കഥ

ഒരു സഹോദരന്റെയും സഹോദരിയുടെയും നിഷ്കളങ്ക സ്നേഹത്തിന്റെ കഥയാണ് ‘ചിൽഡ്രൻ ഒാഫ് ഹെവൻ’ വിവരിക്കുന്നത്. അലിയും സാറായും. ദാരിദ്ര്യവും ഇല്ലായ്മകളും അലട്ടുന്ന വീടിന്റെ ചുറ്റുപാടുകളിലും സ്നേഹവും നൈർമല്യവും അവരുടെ ഹൃദയ ബന്ധത്തെ ചേർത്തു വയ്ക്കുന്നു.

ടെഹ്റാനിൽ പാവങ്ങൾ താമസിക്കുന്ന പ്രദേശത്താണ് അവരുടെ വീട്. പള്ളിയിൽ വിതരണം ചെയ്യാനുള്ള പഞ്ചസാരക്കട്ടകൾ തയ്യാറാക്കുന്ന പണിയാണ് അലിയുെട ബാപ്പ കരീമിന്. ഇടയ്ക്ക് മറ്റു പണികൾക്കും പോകാറുണ്ട് അയാൾ. ഭാര്യയാകട്ടെ ശരീരത്തിനു സുഖമില്ലാതെ കിടക്കുകയാണ്. വീട്ടുജോലികളിലെല്ലാം അലിയും സാറയും സഹായിക്കുന്നു. വാടകക്കാരൻ വാടക നൽകാത്തതിന്റെ കാര്യത്തെ െചാല്ലി നിത്യവും പരാതിയാണ്. പച്ചക്കറിക്കടയിലും പറ്റു തീർക്കാനുണ്ട്. ഇങ്ങനെ ആകെ ബുദ്ധിമുട്ടിലാണ് ആ കുടുംബം. പക്ഷേ, സാമ്പത്തികമായ പരാധീനതകൾക്കിടയിലും സന്തോഷത്തിനും സ്നേഹത്തിനും മൂല്യങ്ങൾക്കും ആ വീട്ടിൽ കുറവില്ല.

സാറായുെട പിങ്ക് നിറമുള്ള ഷൂസ് ചെരുപ്പുകുത്തിയുടെ അടുക്കൽ നിന്ന് തുന്നിച്ചിട്ട് അലി വാങ്ങുന്നിടത്താണ് സിനിമ തുടങ്ങുന്നത്. പിന്നീട് പച്ചക്കറിക്കടയിൽ ഉരുളക്കിഴങ്ങ് വാങ്ങാൻകയറവേ ഷൂസ് വച്ച പൊതി അലി അലസമായി വയ്ക്കുന്നു. അതിനിടെ, പഴയ സാധനങ്ങളൊക്കെ പെറുക്കാൻ വരുന്ന അന്ധനായ ആൾ ആ െപാതി കളയാൻ വച്ചതാണെന്ന് കരുതി എടുത്തുെകാണ്ട് പോകുകയാണ്. അനിയത്തിയുടെ ഷൂസ് നഷ്ടപ്പെട്ട അലി നിസ്സഹായതയും കുറ്റബോധവും കാരണം കരച്ചിലിന്റെ വക്കത്തെത്തുന്നു.

വീട്ടിലെത്തവേ, താൻ ഷൂസ് നന്നാക്കി തിരിച്ചു കൊണ്ടു വരുന്നത് കാത്തിരുന്ന അനിയത്തിയോട് അവ നഷ്ടപ്പെട്ട കാര്യം പരുങ്ങലോടെയാണ് അലി പറയുന്നത്. ഇക്കാര്യം അച്ഛനമ്മമാരെ അറിയിക്കരുതെന്നും അവൻ അപേക്ഷിക്കുന്നു.. അലിയുെട വിഷമം കാണുന്ന സാറാ അതു സമ്മതിക്കുന്നു. പുതിയൊരു ഷൂസ് വാങ്ങാനുള്ള പണം അച്ഛന്റെ കൈയിൽ ഇല്ലെന്ന് രണ്ടുപേർക്കും അറിയാം. വീട്ടിലെ ബുദ്ധിമുട്ടുകളെ കുറിച്ച് കുട്ടികൾക്കു നല്ല ബോധ്യമുണ്ട്.

ഷൂസില്ലാതെ താൻ നാളെ എങ്ങനെ സ്കൂളിൽ പോകും. അതാണു സാറാ ആലോചിക്കുന്നത്.ഒടുവിൽ ഒരു പോംവഴി കണ്ടെത്തുന്നു. സാറായ്ക്ക് രാവിലെ ആണ് സ്കൂൾ. അലിയുെട സ്നീക്കേഴ്സ് ധരിച്ച് സാറാ രാവിലെ സ്കൂളിൽ പോകും. ഉച്ചയ്ക്ക് സ്കൂൾ വിട്ടയുടനെ വേഗം ഒാടി വഴിയിലെത്തണം. അവിടെ അലി കാത്തു നിൽക്കും. അലിയുടെ സ്കൂളിൽ ഉച്ച കഴിഞ്ഞുള്ള ക്ലാസ് ആണ്. അവൻ ആ ഷൂസ് ഇട്ട് വേഗം ഒാടി ക്ലാസിേലക്കു പോകണം. ഇങ്ങനെ വീട്ടിലുള്ള ഒരേയൊരു ക്യാൻവാസ് ഷൂ രണ്ടു പേരും കൂടി ഉപയോഗിക്കാൻ കുട്ടികൾ തമ്മിൽ ധാരണയിലെത്തുന്നു.

സ്കൂളിലേക്കുള്ള റിലേ ഒാട്ടം

പിന്നീട് അലിയുടെയും സാറായുടെയും സ്കൂളിൽ പോക്ക് ഒരു റിലേ ഒാട്ടം പോലെയാകുന്നു. ക്ലാസ് തീരാൻ ടീച്ചറുടെ വാച്ചിലേക്ക് നോക്കിയിരിക്കുന്ന സാറാ ക്ലാസ് തീരുന്നതോടെ ഒാട്ടം തുടങ്ങും... തെരുവിലെ വഴിയോരത്ത് അക്ഷമനായി കാത്തു നിൽക്കുകയാണ് അലി. അവിടുന്ന് സാറ തന്റെ കാലിലെ ഷൂസ് ഉൗരി അലിക്ക് കൊടുക്കും. അതിട്ട് അവൻ സ്കൂളിലേക്ക് ഒാട്ടപ്പാച്ചിലാണ്. പക്ഷേ, എത്ര വേഗം ഒാടിയാലും സ്കൂളിലെത്തുമ്പോൾ വൈകിയിരിക്കും. ഒരു ദിവസം സാറാ വേഗത്തിലോടുമ്പോൾ ഒരു ഷൂസ് തെറിച്ച് ഒാടയിലെ വെള്ളത്തിൽ വീഴുന്നു. അതിന്റെ പിന്നാലെ അവൾക്ക് ഏറെ ദൂരം ഒാടേണ്ടി വരുന്നു. ഒരു വഴിപോക്കനാണ് അതെടുത്തു കൊടുക്കാൻ സഹായിക്കുന്നത്. അന്ന് സ്കൂളിൽ വൈകിയെത്തിയതിന് പ്രധാനാധ്യാപകന്റെ ശകാരം കേൾക്കേണ്ടി വരുന്നു അലിക്ക്.

കുട്ടികളുെട ഈ റിലേ ഒാട്ടത്തിന്റെ കഷ്ടപ്പാടിനൊപ്പം വീട്ടിലെ പരാധീനതകളിലേക്കും ക്യാമറ കണ്ണു തുറക്കുന്നുണ്ട്. ബുദ്ധിമുട്ടുകൾക്കിടയിലും അവരുടെ മനസ് കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിൽ മതിമറക്കുന്നുണ്ട്. അലിയുടെ ചെളി പിടിച്ച സ്നീക്കേഴ്സ് കഴുകുന്നതിനിടെ കുട്ടികൾ സോപ്പ് കുമിളകൾ ഉൗതിപ്പറത്തുന്ന സീൻ അതിമനോഹരമാണ്. അതുപോലെ, ക്ലാസിൽ പഠനത്തിന് ഒന്നാമതെത്തിയതിന് അധ്യാപകൻ തനിക്ക് സമ്മാനിച്ച സ്വർണ നിറമുള്ള പേന, അലി സാറയ്ക്ക് കൊടുക്കുന്ന സീനും ഹൃദയ സ്പർശിയാണ്.

ഒരു ദിവസം ക്ലാസിൽ തന്റെ സഹപാഠിയായ മറ്റൊരു കുട്ടിയുടെ ക്ലാലിൽ തന്റെ നഷ്ടപ്പെട്ട പിങ്ക് ഷൂസ് കണ്ട് സാറ ഞെട്ടുന്നു. ക്ലാസ് കഴിഞ്ഞ് ആ കുട്ടിയെ രസഹ്യമായി പിന്തുടർന്ന് അവളുെട വീട് സാറ കണ്ടു പിടിക്കുന്നു. പിന്നീട് അലിയെയും കൂട്ടി ആ വീട്ടിലെത്തുമ്പോഴാണ് അവർ തിരിച്ചറിയുന്നത്, ആ കുട്ടിയുടെ അച്ഛൻ കണ്ണിന് കാഴ്ചയില്ലാത്ത ആളാണെന്ന്. പഴയ വസ്തുക്കളൊക്കെ പെറുക്കി വിറ്റ് ജീവിക്കുന്ന പാവപ്പെട്ട മനുഷ്യൻ. അവരുടെ ദയനീയാവസ്ഥ കണ്ട് മനസ്സലിയുന്നതോടെ അവിടെ നിന്ന് കുട്ടികൾ നിശബ്ദം മടങ്ങുകയാണ്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി അലിയുടെ കുടുംബം നേരിടുന്ന കഷ്ടപ്പാടുകളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. അലി തന്റെ അച്ഛനെ തന്നാലാവും വിധം സഹായിക്കുന്നുണ്ട്. പണക്കാർ താമസിക്കുന്ന നഗരപ്രദേശത്തേക്ക് അച്ഛൻ പൂന്തോട്ടജോലികൾ ചെയ്യാനായി പോകുമ്പോൾ കൂടെ അലിയെയും കൂട്ടുന്നു. അവിടുത്തെ ധനികരായ വീട്ടുകാരോട് കാര്യങ്ങൾ സംസാരിക്കാൻ അലി അച്ഛനെ സഹായിക്കുന്നു. ഒരു െകാച്ചു പെൺകുട്ടിയും അവളുെട മുത്തച്ഛനും ഉള്ള വീട്ടിൽ അലിയുടെ അച്ഛന് അന്ന് പണി കിട്ടുന്നു. അച്ഛൻ ജോലി െചയ്യുന്ന സമയത്ത് അലി ആ െകാച്ചു കുട്ടിയുടെ കൂടെ കളിക്കുകയാണ്. കൈ നിറയെ പണം നൽകിയാണ് ആ വൃദ്ധൻ അലിയുടെ അച്ഛനെ യാത്രയാക്കുന്നത്. സൈക്കിളിലുള്ള മടക്കയാത്രയിൽ അലിയുടെ അച്ഛൻ പുതിയ സ്വപ്നങ്ങൾ കാണുന്നു. ഇതുപോലെ ഇടയ്ക്കുള്ള ദിവസങ്ങളിൽ നഗരത്തിൽ ജോലി ചെയ്യാൻ വരണം, അങ്ങനെ കുറച്ച് പണം സമ്പാദിച്ചാൽ വീട്ടിലെ കഷ്ടപ്പാെടാെക്ക മാറും. അന്നേരം സാറയ്ക്ക് ഒരു ജോടി പുതിയ ഷൂസ് വാങ്ങണമെന്ന കാര്യം അലി അച്ഛനെ ഒാർമിപ്പിക്കുന്നു. അച്ഛൻ സമ്മതിക്കുന്നു. പക്ഷേ, ആ യാത്രയിൽ സൈക്കിളിന്റെ ബ്രേക്ക് പോകുകയും ഒരു മരത്തിലിടിച്ച് മറിഞ്ഞു വീണ് അവർക്കു പരിക്കേൽക്കുകയും ചെയ്യുന്നു. സൈക്കിളും കേടായി. അതോടെ പുതുതായി കെട്ടിപ്പൊക്കിയ പ്രതീക്ഷകളെല്ലാം അസ്തമിക്കുകയാണ്.

സ്വപ്നം കാണുന്ന മൂന്നാം സ്ഥാനം

സ്കൂളിൽ വച്ച് അലി അറിയുന്നു, വിവിധ സ്കൂളിലെ കുട്ടികൾക്കായി നടത്തുന്ന ഒാട്ടമൽസരത്തെ കുറിച്ച്. അതിന്റെ മൂന്നാം സമ്മാനം വെക്കേഷൻ ക്യാംപിൽ ചെലവിടാനുള്ള അവസരവും ഒരു ജോടി ഷൂസും ആണെന്നറിയുന്ന അവന്റെ മനസ്സിൽ പുതിയ സ്വപ്നം ഉണരുന്നു... ആ മൂന്നാം സ്ഥാനം നേടിയാൽ..! അനിയത്തിക്ക് പുതിയ ഷൂസ് സമ്മാനിക്കാം. അധ്യാപകന്റെ കാലു പിടിച്ച് അവൻ അതിൽ പങ്കെടുക്കാനുള്ള അവസരം നേടുന്നു. വീട്ടിൽ ചെല്ലുമ്പോൾ സാറയോടു പറയുന്നു. താൻ ഉറപ്പായും ആ മൂന്നാം സമ്മാനം വാങ്ങിക്കും. സമ്മാനം ആൺകുട്ടികൾക്കുള്ള സ്നീക്കേഴ്സ് ആണെങ്കിലും അത് കടയിൽ െകാടുത്ത് പുതിയൊരു ഷൂസ് സാറയ്ക്കായി വാങ്ങാം.

അങ്ങനെ വാശിേയറിയ ആ ഒാട്ടമൽസരത്തിന്റെ ദിവസം വ ന്നെത്തി. തടാക തീരത്തെ റോഡിലൂടെ അലി കുട്ടികളുടെ കൂടെ ഒാടുകയാണ്. എങ്ങനെയും മൂന്നാം സ്ഥാനം നേടണം. അതാണ് അവന്റെ സ്വപ്നത്തിൽ. താനും സാറയും ഷൂസ് മാറിയണിഞ്ഞ് സ്കൂളിെലത്താനായി ഒാടിത്തളർന്നതിന്റെ ഒാർമ്മ... കീറിപ്പറിഞ്ഞ സ്നീക്കേഴ്സ് ധരിക്കുന്ന അനിയത്തിയുടെ മനസ്സിലെ ദുഃഖം.. എല്ലാമവന്റെ വാശി കൂട്ടുന്നു. വാശിയേറിയ ആ മൽസരത്തിൽ അവസാനം അലി ഒന്നാമതെത്തുന്നു. എല്ലാവരും തന്നെ അനുമോദിക്കുമ്പോൾ അവന്റെ സങ്കടം താൻ മൂന്നാം സ്ഥാനം നേടിയില്ലെന്നതാണ്. ഒന്നാം സ്ഥാനത്തിന്റെ ട്രോഫി വാങ്ങുമ്പോഴും അവന്റെ കണ്ണ് നിറയുന്നത് കിട്ടാതെ പോയ ആ ഒരു ജോഡി സ്നീക്കേഴ്സിനെ ഒാർത്താണ്.

സ്വർണ മൽസ്യങ്ങൾ തഴുകുന്ന പാദങ്ങൾ

വീട്ടിലെത്തുന്ന അലി തന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാറയുടെ മുന്നിൽ നിശബ്ദം നിൽക്കുന്നു. അവന്റെ മൗനം കൊണ്ട് തന്നെ സാറയ്ക്ക് കാര്യം മനസ്സിലാകുന്നുണ്ട്.... പ്രതീക്ഷയുടെ ചിത്രം പോലെ, സിനിമയുടെ അവസാന രംഗങ്ങളിൽ അലിയുടെ അച്ഛൻ തന്റെ സൈക്കിളിൽ കുറേ സാധനങ്ങൾ വാങ്ങിച്ച് വീട്ടിലേക്കു വരുന്ന ഒരു ഷോട്ട് കാണിക്കുന്നുണ്ട്. ആ വണ്ടിയിലുണ്ട് ഒരു ജോഡി വെളുത്ത ഷൂസും ഒരു ജോടി പിങ്ക് ഷൂസും...!

അവസാന ഷോട്ടിൽ ഒാട്ടമൽസരത്തിൽ പങ്കെടുത്ത് കീറിപ്പറിഞ്ഞ തന്റെ സ്നീക്കേഴ്സ് വലിച്ചെറിഞ്ഞ് അലി, തന്റെ വേദനിച്ചു തിണർത്ത പാദങ്ങളിൽ തലോടുകയാണ്. വീട്ടുമുറ്റത്തെ കുളത്തിലെ വെള്ളത്തിൽ അവൻ തന്റെ പാദങ്ങൾ മുക്കി വയ്ക്കുന്നു... സ്വർണ മൽസ്യങ്ങൾ അവന്റെ പാദങ്ങളിലെ മുറിവുകളിൽ അരുമയോടെ വന്ന് മുട്ടിയുരുമ്മുകയാണ്. അവന്റെ വേദനകളെ സുഖദമായി തഴുകും പോലെ...

ലളിതവും മനോഹരവുമായ ഈ സിനിമ ഭാഷയ്ക്കതീതമായി ആരുടെയും മനസ്സിനെ അലിയിക്കും. എല്ലാ ബദ്ധപ്പാടുകൾക്കുമപ്പുറം സ്നേഹവും പ്രതീക്ഷയും മനസ്സിന്റെ നന്മകളും ജീവിതത്തെ ഹൃദ്യമാക്കുന്നത് നാമിവിടെ നിറഞ്ഞ മനസ്സോടെ കാണുന്നു. ഒപ്പം, ഇന്നത്തെ കഷ്ടപ്പാടുകൾ നാളെ അലി എന്ന കുട്ടിയെ കരുത്തനാക്കുമെന്നതിന്റെ സൂചന പോലെ... നഷ്ടപ്പെട്ട ഷൂസ് കാരണം സ്കൂളിലേക്കെത്താൻ ഒാടിയ കഠിനമായ ഒാട്ടങ്ങൾ അവനെ ആ വലിയ മൽസരത്തിൽ ജേതാവാകാൻ സഹായിച്ചതു പോലെ....∙