Friday 09 February 2018 04:53 PM IST : By സ്വന്തം ലേഖകൻ

തീമും നിറവും എന്തുമായിക്കോട്ടെ, കണ്ണുടക്കിപ്പോകുന്ന ഡ്രൈഫ്ലവർ ആക്സസറീസ് നസ്റീൻ ഉണ്ടാക്കിത്തരും

flowers001

കല്യാണവേഷത്തിന്റെ നിറം പറയൂ, അതിനു ചേരുന്ന പൂക്കൾ വച്ചൊരു സുന്ദരൻ പൂച്ചെണ്ട് നസ്റീൻ റെഡിയാക്കിത്തന്നിോരിക്കും. കല്യാണത്തിന്റെ പിറ്റേന്ന് വാടിപ്പോകുന്ന സാധാരണ ബൊക്കെയല്ല, മക്കളെയും മക്കളുടെ മക്കളെയും കാണിക്കാന്‍ എത്രകാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാവുന്ന ഡ്രൈ ഫ്ലവർ ബൊക്കെ. കല്യാണപ്പെണ്ണിന്റെ ഉടുപ്പിന് ചേരുന്ന വെയ്‌ൽ, മെയ്ഡ്സ് ബൊക്കെ, ബൈബിൾ സ്റ്റാൻഡ്, മന്ത്രകോടി വയ്ക്കാൻ പൂ കൊണ്ട് സുന്ദരമാക്കിയ സാരി ബാസ്കറ്റ്, റിങ് ട്രേ, മാമോദീസയുടെ കുടയും കിരീടവും മെഴുകുതിരിയും, ആദ്യ കുർബാനയുടെ ആക്സസറീസ്... അങ്ങനെ എന്തും പൂക്കൾ കൊണ്ട് അലങ്കരിച്ചു ഭംഗിയാക്കുന്നതാണ് നസ്റീന്റെ വലിയ സന്തോഷം. ഈ സന്തോഷത്തിന്  തിളക്കമിത്തിരി ഏറെ വേണമെന്നത്  വാശിയാണ്. അ തുകൊണ്ട് ഓരോ പീസും  വ്യത്യസ്തമാക്കും. കാറിൽ വയ്ക്കാനും കൈയിൽ പിടിക്കാനുമുള്ള ‘ജസ്റ്റ് മാരീഡ്’ ബോർഡുകൾ, ഡ്രൈ ഫ്ളവർ കുടകൾ, പ്ലക്കാർഡ്... ‘യൂണിക്’ ഇനങ്ങളിലായി മാസം ചുരുങ്ങിയത് പതിനായിരമെങ്കിലും  പോക്കറ്റിൽ വരികയും ചെയ്യും. ‌

ഹാൻഡ് മെയ്ഡ് പൂക്കൾ

ബൊക്കെ ഉണ്ടാക്കാനുള്ള പൂ പുറത്തുനിന്നു വാങ്ങാറില്ല നസ്റീൻ. അടയ്ക്കയോ അച്ചിങ്ങയോ പോലെ പൂക്കളാക്കാൻ പറ്റിയതെന്നു തോന്നിയ സാധനങ്ങളെല്ലാം ഉണക്കി സൂക്ഷിക്കും. പരമാവധി പൂക്കൾ സ്വന്തമായിത്തന്നെ ഉണ്ടാക്കും. സോളർ വുഡ് എന്ന പേപ്പർ ഉപയോഗിച്ച് കൈകൊണ്ട് ഉണ്ടാക്കിയെടുക്കുന്ന പൂക്കളാണ് ഏറെ. ഒരുപാട് ഓർഡറുകൾ ഒരുമിച്ചു വന്നാൽ മാത്രം രണ്ടു മൂന്നു സഹായികളെ കൂട്ടും. ഒരു  പീസിന് ഇത്ര എന്ന കണക്കിൽ പണം നൽകും.

ഓർഡർ ഒന്നുമില്ലാത്ത സമയമാണെങ്കിലും വീട്ടുജോലികളെല്ലാം വേഗത്തിൽ തീർത്ത് കൃത്യമായ സമയം വച്ച്  ദിവസവും പൂവുണ്ടാക്കി സൂക്ഷിച്ചു വയ്ക്കും. അതുകൊണ്ട് ഒന്നോ രണ്ടോ ദിവസം മുമ്പ് മാത്രം കിട്ടുന്ന ഓർഡറുകളുടെ കാര്യത്തിൽ വേവലാതിപ്പെടേണ്ടി വരാറില്ല.  ഓർഡർ കിട്ടിയാൽ ഒരു മണിക്കൂറിന്റെ പണിയെ ഉള്ളൂ, സുന്ദരൻ ബൊക്കെ റെഡിയാകും.   ഉണ്ടാക്കിയ ഡ്രൈ പൂക്കൾക്ക് നിറം കൊടുക്കുന്നതും നസ്റീന്റെ ഭാവനയും ആശയങ്ങളും അനുസരിച്ചാണ്.

‘മോൾക്കു വേണ്ടി ഒരിക്കൽ ഹെഡ് ഫ്ലവറും ഫ്രോക്കിനു മീതെ കെട്ടുന്ന ഡ്രൈ ഫ്ലവർ ബെൽറ്റും ഉണ്ടാക്കി നോക്കി. ഫെയ്സ്ബുക്കിൽ അതുകണ്ട് നടി ബീന ആന്റണി വിളിച്ചു.  മോൾക്കുണ്ടാക്കിയതു പോലെ പൂക്കൾ കൊരുത്ത വ്യത്യസ്തമായ ഹെഡ് വെയേഴ്സും ഹെഡ് ബാൻഡ്സും വേണം എന്നു പറഞ്ഞ്. നടി ഡിംപിൾ റോസിന്റെ വെഡിങ്ങിനും ഓർഡർ കിട്ടി. മുന്തിരി നിറമുള്ള ഡിംപിളിന്റെ കല്യാണവേഷവും ബാംബൂ തീമും കൂട്ടിച്ചേർത്ത് ബാംബൂ ബെയ്സുള്ള സ്പെഷൽ ബൊക്കെയാണ് ഡിംപിളിനു വേണ്ടി ചെയ്തത്.’

കാസ ഫ്ലോറ വിരിഞ്ഞപ്പോൾ

സ്കൂളിൽ പഠിക്കുമ്പോൾ പലരെയും പോലെ ഓർഗന്റി തുണി വച്ച് പൂക്കളുണ്ടാക്കി നോക്കിയിട്ടുണ്ട് നസ്റീനും. അഞ്ചാറു പൂക്കൾ ഉണ്ടാക്കിയപ്പോൾ വലിയ സന്തോഷമായി. പക്ഷേ, ആവേശം അതോടെ തീർന്നു. ബിബിഎയും ഇന്റീരിയർ ഡിസൈനിങ് കോഴ്സുമാണ് നസ്റീന്റെ വിദ്യാഭ്യാസയോഗ്യത. ഏഴു വർഷം മുമ്പ്, എയർപോർട്ട് മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ സമയത്തായിരുന്നു കല്യാണം.

ഖത്തറിലെ കമ്പനിയിൽ പ്രോജക്ട് കോ ഓഡിനേറ്റർ ആയ  ഭർത്താവിനൊപ്പം താമസിക്കുകയും ഒപ്പം എന്തെങ്കിലും ജോലി കണ്ടെത്തുകയുമായിരുന്നു പ്ലാൻ. ഖത്തറിൽ പതിവു പോലെ ഒരു ദിവസം ടിവി ഓൺ ചെയ്തപ്പോൾ ഡ്രൈ ഫ്ലവർ കൊണ്ട് പൂവും ബൊക്കെയും ഉണ്ടാക്കുന്നതു കണ്ടു. അടിസ്ഥാനമൊന്നും അറിയില്ലായിരുന്നു. എന്നാലും അതുപോലെ ചെയ്തു നോക്കി, പാളിപ്പോയി.  ഒന്നല്ല, ഒരുപാട് തവണ. പിന്നെ, നാട്ടിലെത്തിയിട്ടും ശ്രമം തുടർന്നു. സൈറ്റുകളിലും യുട്യൂബിലും ഫെയ്സ് ബുക്കിലും പരതി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി. പതിയെ ഐഡിയാസ് തലയിൽ മിന്നിത്തുടങ്ങി. നസ്റീന്റെ പൂക്കൾക്കും ഭംഗി വച്ചു. എവിടെയും കാണാത്ത തരത്തിൽ കുറച്ച് ടേബിൾ സെന്റർ പീസുകൾ ചെയ്ത് ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിലിട്ടു. വില എത്രയാണെന്നു ചോദിച്ച് ഫേസ്ബുക്കിൽ അന്വേഷണങ്ങൾ വന്നു. അതോടെ, ഭർത്താവ് നിസാർ ‘കാസ ഫ്ലോറ കേരള’ എന്ന് പേരിട്ട് പേജ് തുടങ്ങി.

പുതുമയുള്ള ഡിസൈനുകളും നിറങ്ങളും കണ്ട് ഓർഡറുകൾ നിറയെ വന്നു. ഒരു വർഷമായപ്പോഴേക്കും കല്യാണ ഓർഡറുകളുമെത്തി. ചില മുൻനിര ഈവന്റ്മാനേജ്മെന്റ് – വെഡ്ഡിങ് കമ്പനികളും സമീപിച്ചു. സംഗതി ക്ലിക്കായതോടെ വേറൊരു ജോലിയെക്കുറിച്ച് പിന്നെ ചിന്തിച്ചില്ല.

flowers-b2

മനസ്സറിയുന്ന ഡിസൈനുകൾ

വെഡ്ഡിങ് ആനിവേഴ്സറികൾക്ക് ഭർത്താവിന് സ്പെഷൽ ഡ്രൈഫ്ളവര്‍ ഗിഫ്റ്റുകൾ നൽകി സർപ്രൈസ് കൊടുക്കാറുണ്ട് നസ്റീൻ. ആറു വയസ്സുകാരി ഫാത്തിമ റൈഹാനയുടെയും  ഒന്നര വയസ്സുകാരൻ മുഹമ്മദ് ആമിറിന്റെയും കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കുന്നതിനൊപ്പമാണ് നസ്റീന്റെ ബിസിനസ് ലോകം വളരുന്നത്. അഞ്ചു കൊല്ലമായി സജീവമായി ഈ രംഗത്തു തുടരുന്നതിനു പിന്നിലും ഫ്ലവർമെയ്കിങ്ങിനോടുള്ള ഈ താൽപര്യമാണ്. ഇഷ്ടമുള്ള ഒരു കാര്യത്തിലൂടെ വരുമാനം നേടാനാകുന്നതിന്റെ തൃപ്തിയും സന്തോഷവും വേറെ.

കാസഫ്ലോറയുടെ ഫേസ്ബുക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പതിനായിരം കടന്നു. പുതിയ ആശയങ്ങളും ആളുകളുടെ മാറുന്ന ഇഷ്ടങ്ങളും മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്. ബേസിക് ഡിസൈൻ രൂപപ്പെടുത്താൻ ഇന്റർനെറ്റ്  ഉപയോഗിക്കാറുണ്ടെങ്കിലും  അത് ഫൈനൽ ഡിസൈനായി മാറുമ്പോൾ പുതിയൊരു സൃഷ്ടി ആയിരിക്കുമെന്ന് നസ്റീൻ പറയുന്നു. ‘വാങ്ങുന്ന ആളുടെ മനസ്സും ആവശ്യവും മനസ്സിലാക്കിയുള്ള ഘടകങ്ങൾ ഡിസൈനിൽ ഉണ്ടാകണം. നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മുതൽ ശ്രദ്ധ വേണം. സാധാരണ എല്ലാവരും  ഉപയോഗിക്കാറുള്ള അക്രിലിക് നിറങ്ങൾ ഉപയോഗിക്കാറില്ല. ചൈനയിൽ നിന്ന് കട്ട് വർക് ചെയ്ത സ്പെഷ്യൽ കുടകൾ വരുത്തിച്ച് ഉണ്ടാക്കുന്ന ‘ഡ്രൈ ഫ്ലവർ വെ‍ഡ്ഡിങ് കുടകൾ’ക്കിപ്പോൾ ആവശ്യക്കാർ ധാരാളമുണ്ട്. ഇരുപത്തയ്യായിരം വരെയാണ് വില. പൂച്ചെണ്ടുകളുടെ വില ആയിരം മുതൽ തുടങ്ങും.’ നസ്റീന്റെ ബൊക്കെകളുടെ മങ്ങാത്ത നിറത്തിനു പുറകിലെ ആ രഹസ്യം രഹസ്യമായിത്തന്നെ ഇരിക്കട്ടെ എന്നേ നസ്റീൻ പറയൂ.

ജോലിക്ക് ശ്രമിക്കാതെ സ്വന്തമായി ബിസിനസ് തുടങ്ങാൻ തീരുമാനിച്ച നിമിഷത്തെ ആഹ്ളാദത്തോടെ ഒാർമിക്കുന്നു നസ്റീൻ.‘ഇപ്പോൾ മക്കളുടെ കാര്യങ്ങളും നോക്കാം, വരുമാനവുമായി. സ്ത്രീകളെ സംബന്ധിച്ച് വലിയ ആശ്വാസമല്ലേ അത്.’ നസ്റീൻ ചോദിക്കുന്നു. തൽക്കാലം വീട്ടിലിരുന്ന് ഓർഡറുകളെടുക്കാൻ തന്നെയാണ് പ്ലാൻ. വർഷം മുഴുവനും ഡ്രൈ ഫ്ളവറിന് ആവശ്യക്കാരുണ്ടാകാത്തതുകൊണ്ട് ഷോപ്പ് തുടങ്ങിയാൽ നഷ്ടമായേക്കാം. ഷോപ്പ് എന്ന ആശയത്തേക്കാൾ ‘കാസ ഫ്ലോറ’ എന്ന ബ്രാൻഡിൽ അറിയപ്പെടുന്ന ഡ്രൈ ഫ്ളവർ എന്ന ആശയമാണ് മനസ്സിൽ. വിവാഹത്തിനു വേണ്ടതെല്ലാം  ഒരു കുടക്കീഴിൽ നൽകുന്ന  ബുട്ടീകും മനസ്സിലുണ്ട്.

Keep in Mind

∙ പൂക്കൾ‍ ഉണ്ടാക്കി നോക്കി തഴക്കം വന്ന ശേഷമേ ബിസിനസായി തുടങ്ങാവൂ. അല്ലെങ്കിൽ പണവും അവസരവും നഷ്ടമാകും. ആദ്യ വർഷം വലിയ വരുമാനം പ്രതീക്ഷിക്കരുത്. രണ്ടോ മൂന്നോ വർഷം കഴിഞ്ഞാലേ ബിസിനസിന് സ്ഥിരത വരൂ.

∙ ഫെയ്സ്ബുക് പേജുകൾ തുടങ്ങാം. ഇവന്റ്മാനേജ്മെന്റ്  ടീമുകളുമായുള്ള ബന്ധം വഴിയാണ് കൂടുതൽ അവസരങ്ങൾ തേടിയെത്തുക.

∙ പൂക്കൾ ബൊക്കെയിൽ കെട്ടുന്ന രീതി അനുസരിച്ചാണ് അതിന്റെ ആയുസ്സ്. കളർ കോമ്പിനേഷൻ, ഡിസൈനുകൾ എന്നിവ വേറിട്ടു നിൽക്കണം. ഗുണമേന്മയിൽ വിട്ടുവീഴ്ചകൾ ചെയ്യരുത്.