Friday 14 January 2022 12:38 PM IST : By സ്വന്തം ലേഖകൻ

‘അടുത്ത പത്തു ദിവസത്തേക്കെങ്കിലും എല്ലാവരും N95 മാസ്ക് ഉപയോഗിക്കണം; യാത്രകൾ, വിവാഹം എന്നിവ പരിപൂർണമായും ഒഴിവാക്കണം’

jyothikke44566

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് പറയുകയാണ് പ്രമേഹരോഗ വിദഗ്ധൻ ഡോ. ജ്യോതിദേവ് കേശവദേവ്. 

"ഒമിക്രോണും ഡെൽറ്റയും നാട്ടിൽ ഉണ്ട്. പക്ഷേ, ഏതാണെന്ന് തിരിച്ചറിയാനുള്ള ടെസ്റ്റ് ഇപ്പോൾ ലഭ്യമല്ല. രോഗിയുടെ രോഗാവസ്ഥ വിശകലനം ചെയ്തിട്ടാണ് ഇതിലേതാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത്. അതുകൊണ്ട് ഡോക്ടറോട് വിശദമായിട്ട് എന്നാണ് രോഗലക്ഷണം തുടങ്ങിയത്, പനി വലുതായിട്ടുണ്ടായിരുന്നോ, അത് കൂടുതൽ ദിവസം തങ്ങി നിന്നോ എന്ന് വിശദമായിട്ട് പറയുക. ഒമിക്രോൺ എന്ന പുതിയ വകഭേദം താരതമ്യേന മൈല്‍ഡ് ആണ്. അത് കുറച്ചു ദിവസങ്ങൾ മാത്രമേ നിലനിൽക്കാറുള്ളൂ. പക്ഷേ നമുക്ക് മറ്റേതെങ്കിലും പ്രധാനപ്പട്ട രോഗങ്ങൾ ഒപ്പമുണ്ടെങ്കിൽ പ്രമേഹം, ഉയർന്ന രക്തസമ്മർദം, അമിതവണ്ണം, വൃക്കരോഗം, കരൾരോഗം, അർബുദം ഇവ ഉണ്ടെങ്കിൽ വകഭേദങ്ങൾ ആണെങ്കിൽ കൂടി ശ്രദ്ധിക്കണം. 

ഭൂരിഭാഗവും രണ്ട് ഡോസ് വാക്സിനേഷൻ എടുത്തിട്ടുണ്ട്, നാലോ അഞ്ചോ മാസങ്ങൾക്കു മുൻപ് കോവിഡ് വന്നിട്ടുമുണ്ട്. ഞങ്ങൾ ഇന്നും ഇന്നലെയുമായി കണ്ട ഇരുപതോളം രോഗികളിൽ പകുതി പേർക്കും ഈ പറയുന്ന എല്ലാ കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നിട്ടും അവർക്കിപ്പോൾ കോവിഡ് പോസിറ്റീവ് ആണ്. അതുകൊണ്ട് നമുക്കിതൊന്നും സുരക്ഷ നൽകില്ല. ബൂസ്റ്റർ ഡോസ് വളരെ വളരെ അത്യാവശ്യമാണ്. അത് രണ്ടോ മൂന്നോ ആഴ്ചകൾക്ക് മുൻപ് എടുത്തവർക്ക് ഈ ഒരു വേളയിൽ പ്രൊട്ടക്‌ഷൻ കിട്ടാനുള്ള സാധ്യത കൂടുതലാണ്. 

വാക്സിനേഷൻ സെന്ററുകളിൽ തിരക്ക് കൂടുതലാണെങ്കിൽ വളരെ ശ്രദ്ധിക്കണം. കാരണം വളരെ പെട്ടെന്ന് അതിേവഗത്തിലാണ് കോവിഡ് പടർന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തിരക്കുള്ള സ്ഥലങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ നിരീക്ഷിക്കാൻ പറയുന്നത് വീട്ടിൽ വെറുതെ ഒബ്സർവ് ചെയ്യുക എന്നതല്ല. ഫാമിലി ഫിസിഷനുമായി ബന്ധപ്പെട്ട് ചികിത്സ സ്വീകരിച്ചു കൊണ്ടിരിക്കണം. കാരണം ഏതെങ്കിലും വൈറ്റൽ പാരാമീറ്റർ അബ്‌നോർമൽ ആയി മാറുകയാണെങ്കിൽ ഒരുപക്ഷേ ആശുപത്രിയിൽ ചികിത്സ ആവശ്യമായി വരും.

കഴിഞ്ഞ അഞ്ചാറു മാസങ്ങളായി വലിയൊരു ആശ്വാസം ആയിരുന്നത് Casirivimab and Imdevimab എന്ന ആന്റിബോഡി കോക്ടെയ്ൽ ട്രീറ്റ്മെന്റ് ആയിരുന്നു. കോവിഡ് വന്ന ആദ്യത്തെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തന്നെ പറ്റുമെങ്കിൽ പത്തു ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ചികിത്സ കൊടുക്കാൻ പറ്റിയാൽ വളരെ ഫലപ്രദമായിരുന്നു. ഡെൽറ്റ വകഭേദമാണെങ്കില്‍ അതിപ്പോഴും ഫലപ്രദമാണ്. പക്ഷേ, ഒമിക്രോൺ അതിവേഗം പടരുകയാണ്. ആ വകഭേദത്തിനെതിരെ ആന്റിബോഡി കോക്ടെയ്ൽ ഫലപ്രദമല്ല. 

വാക്സിനേഷനിൽ കേരളം ഏകദേശം അതിനേക്കാൾ മികച്ചതാണെങ്കിൽ പോലും വാക്സിനേഷൻ എടുത്ത് നാലോ അഞ്ചോ ആറോ മാസം കഴിഞ്ഞിട്ടുണ്ടെങ്കില്‍ കൂടി അതിന്റെ ഫലം കിട്ടാൻ സാധ്യത കുറവാണ്. അതുകൊണ്ടാണ് വളരെ പെട്ടെന്ന്  60 വയസ്സ് കഴിഞ്ഞു രോഗമുള്ളവരും കോവിഡ് മുൻനിര പോരാളികളും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് ആവശ്യപ്പെടുന്നത്. അതിവേഗം പടരുന്ന ഒരു രോഗമായി കോവിഡ് മാറിയതു കൊണ്ട് ബൂസ്റ്റർ ഡോസ് എടുത്തു തുടങ്ങുമ്പോൾ അതിന്റെ പ്രൊട്ടക്‌ഷൻ കിട്ടാനായി കുറച്ചു ദിവസങ്ങള്‍ കൂടി കഴിയുമെന്നത് ചെറിയൊരു ലിമിറ്റേഷൻ ആണ്. 

പുതിയ ഒരു വേരിയന്റ് കൂടി വന്ന അവസ്ഥയിൽ N95 മാസ്ക് കൊണ്ട് മാത്രമേ യഥാർഥത്തിൽ പ്രയോജനമുള്ളൂ. സാധാരണ സർജിക്കൽ മാസ്ക്കിനും ക്ലോത്ത് മാസ്ക്കിനും പുതിയ വേരിയന്റിനെ തടയുവാനായി ഒരുപാട് പരിമിതികൾ ഉണ്ട്. അതുകൊണ്ട് അടുത്ത ഒരു പത്തു ദിവസത്തേക്കെങ്കിലും എല്ലാവരും N95 മാസ്ക് ഉപയോഗിക്കണം. ജനുവരി മാസം അവസാനിക്കുന്നതു വരെയെങ്കിലും കഴിയുന്നതും ആവശ്യമില്ലാത്ത യാത്രകൾ, വിവാഹം എന്നിവ പരിപൂർണമായും ഒഴിവാക്കണം. നമുക്ക് കുഴപ്പമുണ്ടായില്ലെങ്കിലും തിരികെ വന്ന് വീട്ടിലുള്ള രോഗികളോ പ്രായമുള്ളവരോ ആയവർക്ക് നൽകിയാൽ അവർക്ക് അപകടം സംഭവിക്കാനുള്ള സാധ്യത വരും ദിവസങ്ങളിൽ വളരെക്കൂടുതലാണ്.

നമ്മൾ കോവിഡിനെതിരെയുള്ള സമരം ആരംഭിച്ചിട്ട് ഇപ്പോൾ മൂന്നാമത്തെ വർഷമാണ്. ആരോഗ്യപ്രവർത്തകരെല്ലാം രാവും പകലും ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു പക്ഷേ ഈ സമരത്തിന്റെ അവസാന നാളുകളിൽ എത്തിയിരിക്കുകയായിരിക്കാം നമ്മളിപ്പോൾ. ഒരിക്കലും തളരരുത്. ഒരിക്കലും അബദ്ധങ്ങൾ  ഈ അവസരത്തിൽ കാട്ടരുത്. അനാവശ്യമായ ആഘോഷങ്ങളും യാത്രകളും ദയവായി അടുത്ത ഒരു രണ്ടോ മൂന്നോ ആഴ്ചക്കാലം ഒഴിവാക്കുക. മിക്കവാറും ഈ ഒരു പീക്കോടു കൂടി കോവിഡ് അവസാനിക്കുവാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ്. ശുഭാപ്തിവിശ്വാസത്തോടെ കരുതലോടെ നമുക്ക് മുന്നോട്ടു പോകാം."- ഡോ. ജ്യോതിദേവ് പറഞ്ഞു. 

Tags:
  • Health Tips
  • Glam Up