മനസ് കൊണ്ട് അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രായം കൂടുന്നത് നിയന്ത്രിക്കാൻ കഴിയില്ല. മനസ്സിന്റെ ചെറുപ്പം ചർമത്തിലും പ്രതിഫലിച്ചാൽ പിന്നെ, ആളുകൾ ചോദിച്ചു തുടങ്ങും, എന്താണ് ഈ അഴകിന്റെ രഹസ്യമെന്ന്. ചർമകാന്തി നിലനിർത്താൻ മോഹമുണ്ടെങ്കിൽ ഒരു കാര്യം മനസ്സിൽ വയ്ക്കുക. അഴകിലേക്ക് കുറുക്കുവഴികളില്ല.
ഓരോ പ്രായത്തിലും ഓരോ തരം പരിചരണമാണ് ചർമകാന്തിക്കായി ചെയ്യേണ്ടത്. ചിട്ടയായ പരിചരണം, ഭക്ഷണക്രമം ഇവ അടങ്ങിയ ദിനചര്യയാണ് ഓരോ പ്രായക്കാർക്കും ആയുർവേദം നിർദേശിക്കുന്നത്. ഇത് പിന്തുടരാൻ തയാറെങ്കിൽ പിന്നെ, പ്രായം പറന്നോട്ടെ. പേടിക്കേണ്ട, അഴക് കൂടെത്തന്നെയുണ്ടാകും.
നാല്‍പതിലും പതിനേഴഴക്
∙ ഈ പ്രായത്തിൽ പോഷകക്കുറവുകള്‍ കൂടാനുള്ള സാധ്യതയുണ്ട്. എല്ലാ ദിവസും ഇലക്കറികൾ ഏതെങ്കിലും കഴിക്കണം. കാൽസ്യം അടങ്ങിയ പാലുൽപന്നവും ഒരു നേരം നിർബന്ധമായും കഴിക്കണം.
∙ മുഖമൊട്ടി പോയാൽ ബദാം കുതിർത്തത് തേങ്ങാപാലിലോ പശുവിൻ പാലിലോ അരച്ചു കവിളത്ത് പുരട്ടി മസാജ് ചെയ്താൽ മതി. ബദാം അരച്ചത് പാലിൽ ചേർത്തു തിളപ്പിച്ചു കുടിക്കുന്നതും നല്ലതാണ്.
∙ കുങ്കുമാദി ലേപം, ഏലാദി ലേപം എന്നിവ പതിവായി പുരട്ടിയാൽ ചർമത്തിലെ കറുത്ത പാടുകളും കുത്തുകളും അകലും.
∙ എന്നും ഉറങ്ങും മുൻപ് ഉരുളക്കിഴങ്ങ് അല്ലെങ്കിൽ വെള്ളരി വട്ടത്തിൽ അരിഞ്ഞ് കണ്ണിനു മുകളിൽ വയ്ക്കാം. ഇവ അരച്ചു പുരട്ടി കണ്ണിനു ചുറ്റും പുരട്ടി പത്തു മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാലും മതി.
∙ ആർത്തവ വിരാമത്തോടെ സ്ത്രീകളിൽ പലവിധ ചർമപ്രശ്നങ്ങളും വരും. എല്ലാ ദിവസവും അര ചെറിയ സ്പൂൺ ത്രിഫല ചൂർണം കാൽ ചെറിയ സ്പൂൺ തേൻ ചേർത്തു കഴിക്കുന്നത് കണ്ണിന്റെയും ത്വക്കിന്റെ ആരോഗ്യത്തിനു നല്ലതാണ്.
∙ രാത്രി ഉറങ്ങും മുൻപ് ശതാവരിക്കിഴങ്ങ് അരച്ചതു ചേർത്ത് പാൽ തിളപ്പിച്ചു കുടിക്കാം. ആർത്തവവിരമാത്തിനു ശേഷമുള്ള ചൂട്, അമിത വിയർപ്പ് എന്നിവ മാറും.
∙ എണ്ണ തേച്ചുകുളി ഈ പ്രായത്തിൽ വളരെ ആവശ്യമാണ്. ഉൻമേഷം ലഭിക്കാനും രക്തയോട്ടം വർധിക്കാനും ശരീരത്തിലെ ചുളിവുകള്‍ അകലാനുമെല്ലാം എണ്ണ പുരട്ടി മസാജ് ചെയ്തശേഷം കുളിക്കുന്നത് നല്ലതാണ്. ധന്വന്തരം കുഴമ്പ് തേച്ചു കുളിക്കാം. ശരീരത്തിന് ചൂടുള്ളവർ പിണ്ഡതൈലം തേച്ചു കുളിക്കുക.
∙ ചുളിവുകളുള്ള ഭാഗത്ത് വെണ്ണയോ, നല്ലെണ്ണയോ, പാൽപ്പാടയോ പുരട്ടി മെല്ലെ തടവുന്നതും പപ്പായ അരച്ചുപുരട്ടി ഉണങ്ങി വരുമ്പോൾ മെല്ലെ തടവുന്നതും നല്ലതാണ്.
∙ പ്രായമായവരിൽ കാണുന്ന ചെറിയ കറുത്ത തടിപ്പ് വരുന്നതകറ്റാൻ എരിക്കിന്റെ കറ മൂന്നു ദിവസം അടുപ്പിച്ച് വച്ചു കൊടുത്താൽ മതി. അടർന്നു പോയശേഷം വെളിച്ചെണ്ണ പുരട്ടാം.