Wednesday 23 September 2020 04:53 PM IST : By സ്വന്തം ലേഖകൻ

വര്‍ക് ഫ്രം ഹോം 'വഴക്ക് ഫ്രം ഹോം' ആയി മാറുന്നോ?; ഈ ബോറടി വലിയ മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കും; കുറിപ്പ്

wrk-home

കോവിഡ് കാലം സജീവമാക്കിയ തൊഴില്‍ രീതിയാണ് വര്‍ക് ഫ്രം ഹോം. പക്ഷേ ഈ പുതിയ രീതി യുവാക്കളില്‍ നിരവധി മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന ഗൗരവകരമായ കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഡോ. സിജെ ജോണ്‍. വര്‍ക് ഫ്രം ഹോം എന്ന പേരില്‍ പൂര്‍ണമായും വീട്ടിലായതോടെ 'വഴക്ക് അറ്റ് ഹോം' എന്ന പുതിയ പ്രതിസന്ധി രൂപാന്തരപ്പെട്ടിരിക്കുകയാണെന്നും ഡോക്ടര്‍ കുറിക്കുന്നു. തത്ഫലമായി സ്‌ട്രെസും, ഫാറ്റിഗും പടര്‍ന്നു പിടിക്കാനുള്ള സാധ്യതയുണ്ടെന്നും ഡോ. ജോണ്‍ ചൂണ്ടിക്കാട്ടുന്നു. ഈ അവസ്ഥയെ നേരിടാന്‍ പുതിയ ഉല്ലാസങ്ങള്‍ കണ്ടെത്തണമെന്നും ഡോക്ടര്‍ കുറിക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

വര്‍ക്ക് ഫ്രം ഹോം സ്‌ട്രെസും, ഫാറ്റിഗും പുതിയ അവസ്ഥയായി ചെറുപ്പക്കാരില്‍ പടര്‍ന്ന്  പിടിക്കുന്നുണ്ട് പ്രേത്യേകിച്ചും  ചങ്ങാതികളുമായി ചേര്‍ന്ന് ജീവിതം അടിച്ചു പൊളിച്ചു ചെലവഴിച്ചിരുന്ന അവിവാഹിതരായ യുവതി യുവാക്കളില്‍ .ശനി ഞായര്‍ ഔട്ടിംഗ് ഇല്ല . ഈറ്റ്  ഔട്ട് ഇല്ല .കോവിഡ്  നിയന്ത്രണങ്ങള്‍  മൂലം ചുറ്റി കറക്കവുമില്ല .വീട്ടിലായത് കൊണ്ട് മുതിര്‍ന്നവരുടെ  നിരീക്ഷണ കണ്ണുകളുടെ ശല്യവും വേറെ .ദൂരെ തൊഴിലിടത്തിനടുത്തുള്ള വാസ സ്ഥലത്തായിരുന്നപ്പോള്‍ ഇത്രയും പ്രശ്‌നം ഇല്ലായിരുന്നു .ഇപ്പോള്‍ വഴക്ക് അറ്റ്  ഹോം എന്നൊരു പുതിയ പ്രതിസന്ധി കൂടി ഉണ്ടെന്ന്  ചിലരുടെ പരിഭവം.

പലര്‍ക്കും തൊഴില്‍ ഭാരം കൂടിയിട്ടുണ്ട്.പഴയ ഉല്ലാസങ്ങള്‍  ഇല്ലാതെ ഒരു പുതിയ ബോറന്‍ സാഹചര്യം സൃഷ്ടിക്കപ്പെട്ടതിന്റെ രോഷം പതഞ്ഞു പൊങ്ങുകയാണ് .ഇതാണ് വര്‍ക്ക് ഫ്രം ഹോം സ്‌ട്രെസും, ഫാറ്റിഗും സൃഷ്ടിക്കുന്നത് .  കൂട്ടുകാരുമൊത്തുള്ള വീഡിയോ ചാറ്റൊക്കെ ബോറടിച്ചു തുടങ്ങി .നേരിട്ടുള്ള ആ കമ്പനി കൂടലിന്റെ ഏഴയലത്തു വരുമോ ഇതൊക്കെയെന്ന് നിരാശയോടെ അവര്‍ പറയുന്നു . വീട്ടിലിരുന്ന് പണി ചെയ്യാമെന്നതിന്റെ ത്രില്ലൊക്കെ പോയി .ഇനി കമ്പനികള്‍ ഇതൊരു പുതിയ തൊഴില്‍  ശൈലിയാക്കുമോയെന്ന് പേടിക്കുന്നവരുമുണ്ട് .ബാങ്ക് ബാലന്‍സ് കൂടുന്നുടെങ്കിലും മനസ്സമാധാനത്തിന്റെ നീക്കി ബാക്കി കുറയുകയാണ്.ഈ അവസ്ഥയെ നേരിടാന്‍ പുതു വഴികള്‍ കണ്ടെത്തണം .വീട്ടില്‍ തന്നെ ചെയ്യാവുന്ന ഉല്ലാസങ്ങള്‍ കണ്ടെത്തണം.

വൈറസ്  പ്രതിരോധ ചിട്ടകള്‍ പാലിച്ചുള്ള പരിമിത  കൂട്ട് കൂടലുകള്‍  ആകാം .പുറത്തു പോകുമ്പോള്‍ വീട്ടിലിരിക്കുന്ന പ്രായമായവരെ ഓര്‍ക്കണം .അണ്‍ലോക്ക് സൂക്ഷിച്ചു ചെയ്യണം .മാസങ്ങള്‍ കഴിഞ്ഞതോടെ വര്‍ക്ക് ഫ്രം ഹോം പലര്‍ക്കും ഒരു മാനസിക വെല്ലുവിളിയാകുന്നു .അതിനെ നേരിട്ട് വഴക്ക് അറ്റ് ഹോം ഒഴിവാക്കാം .വീട്ടില്‍ ഉള്ള മറ്റുള്ളവര്‍ യുവത്വത്തിന്റെ വിഷമങ്ങള്‍ മനസ്സിലാക്കി പെരുമാറണം. ജോലി ചെയ്യാനുള്ള സ്വസ്ഥത നല്‍കണം. യുവത്വം സ്വന്തം മനസ്സിനോടുള്ള കലഹങ്ങള്‍ക്ക് സുല്ലിടാം .ജീവിതം ഇനിയും ബാക്കികിടക്കുകയല്ലേ?

(സി ജെ ജോണ്‍ )