Tuesday 08 December 2020 03:05 PM IST

ഇൻസ്റ്റാഗ്രാമിലെ കുടുംബ'ഗ്രാം! ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രിയപ്പെട്ട മല്ലു ഫാമിലിയാണ് അർജുനും താരയും സെറയും മറിയയും

Shyama

Sub Editor

A

ഷാർജയിൽ ബിസ്സിനെസ്സ് ചെയ്യുന്ന അർജുൻ ഡോണി വർഗീസിന് അങ്ങനെയിരിക്കെ ഫിറ്റ്നസിൽ അല്പം കന്പം കേറി... ഫിറ്റ്നസ് ട്രെയിനിങ്ങ് ഒക്കെ കഴിഞ്ഞപ്പോഴേക്കും പേർസണൽ ട്രെയിനർ  സർട്ടിഫിക്കറ്റും കിട്ടി. എന്നാ  പിന്നെ നാട്ടുകാർക്കൊക്കെ ഉപകാരപ്പെടുന്ന തരത്തിൽ ഇച്ചിരി ഫിറ്റ്നസ് ടിപ്സ് ഒക്കെ കൊടുത്തേക്കാം എന്നൊരു ചിന്തയും പുറകെയെത്തി. അതിനു വേണ്ടി തുടങ്ങിയ വീഡിയോ എടുപ്പും വീഡിയോ എഡിറ്റിങ്ങുമാണ് ഇവരെ ഇൻസ്റ്റാഗ്രാമിലെ പ്രിയപ്പെട്ട സകുടുംബ-കോൺടെന്റ് ക്രീയേറ്റഴ്സ്‌ ആക്കുന്നത്.
"ലോക്ക്ഡൗൺ തുടങ്ങുന്നതിന് തൊട്ട് മുൻപ് എനിക്ക് ഫിറ്റ്നസ് ട്രെയിനർ സർട്ടിഫിക്കേഷൻ കിട്ടി. ബിസ്സിനെസ്സിനൊപ്പം ഒരു പാഷന്റെ പുറത്ത് മാത്രം തുടർന്നൊരു കാര്യമായിരുന്നു ഫിറ്റ്നസ് ട്രെയിനിങ്ങ്. " ഒട്ടും പ്ലാൻ ചെയ്യാതെ വിഡിയോ ഉണ്ടാക്കാൻ തുടങ്ങിയ കഥ അർജുൻ പറയുന്നു... "സർട്ടിഫിക്കറ്റ് കിട്ടിയപ്പോ ഫിറ്റ്നസ് വീഡിയോസ്‌ ചെയ്തിടാമെന്നോർത്തു. പക്ഷേ, അതെങ്ങനെ ചെയ്യണമെന്നൊന്നും അറിയില്ല. എല്ലാത്തിനും രക്ഷയ്ക്കെത്തുന്ന  യുട്യൂബ് എന്റെയും രക്ഷയ്ക്കെത്തി. ഒരു സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്ത്, അത് നോക്കി പഠിച്ചു. ആദ്യത്തെ വീഡിയോ വീട്ടുകാരെയും സുഹൃത്തുക്കളെയും കാണിച്ചപ്പോ കുറച്ചൂടെ നന്നായി എഡിറ്റ്‌ ചെയ്ത് പഠിച്ചിട്ട് അപ്‌ലോഡ് ചെയ്യാം... തുടക്കം തന്നെ നന്നായി ചെയ്യണം എന്നൊക്കെ അവർ പറഞ്ഞു. അങ്ങനെ വീഡിയോ എഡിറ്റിങ്ങ് പഠിക്കാനാണ് കുടുംബത്തോടൊപ്പം വീഡിയോ എടുത്ത് നോക്കുന്നത്. ലോക്ക്ഡൗൺ ആയതുകൊണ്ട് പുറത്തേക്ക് പോകാൻ പറ്റില്ലല്ലോ. അങ്ങനെ ആദ്യം ഒരു ഹാർലേം ഷേക്ക്‌ (തുടക്കത്തിൽ അലസമായിരുന്നിട്ട് ഒരു ബീറ്റ് വരുമ്പോ എല്ലാവരും നൃത്തം ചെയ്യും) ആണ് ആദ്യം ചെയ്തത്. അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. പിന്നെ ദേ, ഇപ്പൊ വീഡിയോയോട് വീഡിയോ ആയി.

r


ഞങ്ങൾ അങ്ങനെ ഇന്ന കോൺടെന്റ് ചെയ്യണമെന്നോ ആൾക്കാർക്ക് കണക്ട് ആകണമെന്നോ ഒന്നും ചെയ്യുന്നതല്ല. ജീവിതത്തിലും ചുറ്റുമുള്ളതൊക്കെ വെച്ച് ഒരു രസത്തിനങ്ങ് ചെയ്തു പോകുന്നു. കാണുന്നവർക്ക് ഇത് കണ്ട് ചിരിക്കാൻ പറ്റുന്നു എന്നറിയുന്നത് തന്നെ വല്യ സന്തോഷം. അപൂർവമായി ചില നെഗറ്റീവ് കമന്റ്സും ഇടയ്ക് വരും. ഭാര്യയ്ക്ക് വീഡിയോ ഗെയിം കളിക്കാനറിയില്ല എന്ന് പറയുന്നത് കളിയാക്കലല്ലേ, അടുക്കളയിൽ കേറി ഭർത്താവും പാത്രം കഴുകേണ്ടതുണ്ടോ, കുട്ടിയേ ഇങ്ങനെയാണോ ഇങ്ങനെയല്ലേ നോക്കണ്ടേ, ആണുങ്ങൾ ഗോസിപ് പറയുമോ... എന്നൊക്കെ. ഞങ്ങൾ ഞങ്ങളുടെ ജീവിതം അല്ലേ കാണിക്കുന്നത്... അതിൽ എന്റെ ഭാര്യ താരയ്ക്ക് ശരിക്കും  ഗെയിം അറിയില്ല, ഞാൻ അടുക്കളയിൽ കയറി പാത്രം കഴുകുന്നത് ഒരു വല്യ സംഭവമാണെന്ന് തോന്നുന്നുമില്ല  അങ്ങനെ പലതും ഞങ്ങൾ കാണുന്ന പോലെ ഓവർ ആക്കാതെ കാണിക്കാൻ നോക്കും ... അഭിപ്രായങ്ങളിൽ  കാര്യമുള്ളത് എടുക്കും ബാക്കി കമന്റുകൾ ഞങ്ങളെ ബാധിക്കാറില്ല. ചിലർ പറയുന്ന ചെറിയ തെറ്റുകൾ ശ്രദ്ധിച്ച് അടുത്തതിൽ തിരുത്താറുമുണ്ട്.


ഞാൻ ഷാർജയിൽ വന്നിട്ട് ഏകദേശം 25വർഷത്തോളമായി. അതുകൊണ്ട് നാടെവിടെ എന്ന് ചോദിച്ചാൽ ആദ്യം ഷാർജ എന്നാണ് ആദ്യം വരുന്ന ഉത്തരം.നാട്ടിൽ എറണാകുളത്താണ് വീട്.  മൂത്ത മകൾ സെറയ്ക്ക് നാല് വയസായി. ഇളയ മോൾ മരിയ്ക്ക് ഒന്നര വയസ്. ഭാര്യ താരയാണ് വീട്ടിലെ സൂപ്പർസ്റ്റാർ! വീട്ടുകാരും സുഹൃത്തുക്കളും ഒക്കെയാണ് ഞങ്ങളുടെ ഏറ്റവും വല്യ സപ്പോർട്ട്. കോൺടെന്റ് ഉണ്ടാക്കി ആദ്യം കാണിച്ചു കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിക്കുന്നതും അവരോടൊക്കെയാണ്. നമ്മൾ സ്ഥിരം കേൾക്കാറുള്ള... ആരെയെങ്കിലും മോശമായി കാണിക്കുന്ന തരത്തിലുള്ള തമാശകൾ ചെയ്യാൻ ആഗ്രഹമില്ല. എന്റെയും താരയുടെയും ചില പൊട്ടത്തരങ്ങൾ ഒക്കെയാണ് ഞങ്ങൾ കൂടുതലും കാണിക്കാറ്. 

j

നൈല ഉഷ വീഡിയോ ഷെയർ ചെയ്തപ്പോഴാണ് ഞങ്ങളെ കൂടുതൽ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. ഇത്രയും ആളുകൾ ഞങ്ങളെ ഫോളോ ചെയ്യുന്നത് തന്നെ ഭയങ്കര സന്തോഷം. കാരണം ഇതേവരെ ഞങ്ങളായിട്ട് 'പ്ലീസ് ഷെയർ', സബ്സ്ക്രൈബ് എന്നൊന്നും പറഞ്ഞിട്ടില്ല. അത് പറയാതെ തന്നെ ആളുകൾ അറിഞ്ഞു ചെയ്യുന്നതാണ്...
കോൺടെന്റ് ഇഷ്ടമായാൽ മാത്രം ആളുകൾ ഞങ്ങളെ കാണുക എന്നതാണ് ഞങ്ങളുടെ പോളിസി. അല്ലാതെ പരസ്യതിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. ഇൻസ്റ്റയിൽ കൂടാതെ ഇപ്പൊ യൂട്യൂബിലും വീഡിയോ ഇടുന്നുണ്ട്.

Tags:
  • Spotlight