Wednesday 27 July 2022 11:07 AM IST

‘പ്രതീക്ഷിച്ചത് ‘തേപ്പ്’ കഥ, പക്ഷേ അയാളുടെ പ്രിയപ്പെട്ടവൾ ആറടി മണ്ണിലായിരുന്നത്രേ’: ഗസലെന്ന പ്രണയകാവ്യം

Baiju Govind

Sub Editor Manorama Traveller

gazal-razza-beegum

ണ്ടുനദികൾ ഒരുമിച്ചൊഴുകും പോലെയാണ് റാസ–ബീ ഗം പാടുമ്പോൾ. അപ്പോൾ ഗാനസുഗന്ധം പരക്കും ചുറ്റും. കാതിൽ നിന്ന് ഹൃദയത്തിലേക്കിറങ്ങുന്ന പാട്ടിന്റെ പല്ലവിയും അനുപല്ലവിയും പോലെ റാസയും ബീഗവും. ഗസൽ പ്രേമികൾക്കിടയിൽ ഏറെ പരിചിതരാണ് റാസ റസാഖ് എന്ന റാസയും ഇംതിയാസ് ബീഗം എന്ന ബീഗവും. അവരുടെ ഇഷ്ടക്കാരുടെ ഭാഷയിൽ ‘റബ് നേ ബനാ ദി ജോഡി...’ ഗായക ദമ്പതികൾ അവരുടെ പാട്ടുവഴികളുടെ കഥ പറയുന്നു. ഒപ്പം പാട്ടിനൊപ്പം വളർന്ന മൊഹബത്തിന്റെ കിസയും. സംഗീത സാന്ദ്രമായ ജീവിതയാത്രയുടെ ഇമ്പവും ഇശലുമായ മകൾ സൈനബു ൽ യുസ്റയും ഒപ്പമുണ്ട്.

മമ കിനാക്കൾ കോർത്ത് കോർത്ത്...

റാസ: ജീവിതത്തിൽ രണ്ടേ രണ്ട് സംഗതികളോടാണ് അഗാധമായ ഇഷ്ടം തോന്നിയിട്ടുള്ളത്. ഒന്ന് എന്റെ ഹാർമോണിയം പെട്ടി, മറ്റേത് ദേ, എന്റെ ഓരം ചേർന്നിരിക്കുന്ന കുട്ടി.

ഒരു കൈ ഹാർമോണിയത്തിലും മറ്റേ കൈ ബീഗത്തിന്റെ തോളിലുമിട്ട് മകളെ നോക്കി റാസ ചിരിയോടെ പറഞ്ഞു.

ബീഗം: കണ്ടോ, അവിടെയും എനിക്ക് രണ്ടാം സ്ഥാനമേയുള്ളൂ. ആ പേരിൽ പരിഭവമൊന്നുമില്ല കേട്ടോ, റാസയുടെ പാട്ടും ഹാർമോണിയവും ഉള്ളതുകൊണ്ട് മാത്രമാണ്, ഇന്ന് ആ തോൾപക്കം ചേർന്നിരിക്കാൻ എ നിക്കു കഴിഞ്ഞത്. അല്ലെങ്കിൽ തിരുവനന്തപുരത്തുകാരിയായ ഞാൻ വടക്കൂന്നുള്ള റാസയെ കണ്ടുമുട്ടില്ലായിരുന്നു.

റാസ: ഞങ്ങളുടെ പ്രണയകഥയ്ക്ക് സിനിമാറ്റിക് ഫ്ലാഷ് ബാക്കുണ്ട്. എന്റെ നാട് കണ്ണൂരാണ്. കോഴിക്കോടുള്ളതു പോലെ തട്ടിന്‍പുറ പാട്ടുകളും ക്ലബുകളുമായി സജീവമായിരുന്ന കൗമാരകാലം.

മെഹ്ദി ഉസ്താദും ഗുലാം അലിയും ജഗ്ജീത് സിംഗും രക്തത്തിൽ അലിഞ്ഞ് ഹൃദയത്തിലേക്ക് പമ്പ് ചെയ്തിരുന്ന യൗവനകാലം. അതുമാത്രമല്ല, പീർ മുഹമ്മദിന്റെയും എരഞ്ഞോളി മൂസയുടെയുമൊക്കെ മണ്ണല്ലേ കണ്ണൂർ. അവരൊക്കെ പകർന്ന സംഗീതത്തിന്റെ വേരുകള്‍ ഇന്നും അവിടെയുണ്ട്. അന്ന് ക്ലബ്ബുകളിൽ പാടിപ്പതിഞ്ഞ ഗസലുമായി ഞാന്‍ കുടുംബ സദസുകളിൽ പാടാൻ ചെല്ലുകയാണ്. അവിടെയാണ് കഥയിലെ മറ്റൊരു നായകൻ എത്തുന്നത്.

ബീഗം: കളിയാക്കേണ്ട... ആ നായകൻ എന്റെ ഉപ്പയാണേ...

സ്വദേശം തിരുവനന്തപുരമാണെങ്കിലും ഏഴാം ക്ലാസ് മുത ൽ കണ്ണൂരാണ് ഞാൻ വളർന്നത്. ഉപ്പ ബുഖാരിക്ക് കണ്ണൂർ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിലായിരുന്നു ജോലി. ഉമ്മ ഷംഷാദ് ബീഗം സെയിൽസ് ടാക്സിലും. പഴയൊരു ഹിന്ദിഗായികയുടെ പേരാണ് ഉമ്മയ്ക്ക്.

മുംബൈയിൽ ജോലി ചെയ്യുന്ന കാലം മുതലാണ് ഉപ്പയ്ക്ക് ഗസലുകളോട് പ്രിയം തുടങ്ങുന്നത്. ജഗ്ജീതും സിംഗിന്റെയും ചിത്രസിംഗിന്റെയും പാട്ടുകേൾക്കാതെ ഒരു ദിവസം കടന്നുപോയിട്ടില്ല അന്നൊക്കെ. കുടുംബസംഗമങ്ങളിലൊക്കെ കേട്ട് റാസയുടെ പാട്ട് ഉപ്പയ്ക്ക് ഇഷ്ടമായിരുന്നു. റാസയുടെ പാട്ടുണ്ടെങ്കിൽ കണ്ണൂര് എവിടെയാണെങ്കിലും ഉപ്പ അവിടെ പ്രസന്റ് ആയിരിക്കും.

റാസ: ഉപ്പയുടെ കൂടെ പാട്ട് കേൾക്കാൻ വരുന്നൊരു നാണക്കാരി കുട്ടിയായിരുന്നു അന്ന് ബീഗം. ഒറ്റക്കുട്ടിയാണെന്ന ഗമയുമുണ്ട്. ഒരിക്കൽ ഒരു കുടുംബ സദസിലെ വേദിയിൽ ബീഗമൊരു പാട്ടു പാടി. ‘ജോ ഭീ ബുരാ ഭലാ ഹെ... അല്ലാഹ് ജാൻതാ ഹെ.’ മനുഷ്യ ഹൃദയങ്ങളിലെ നിഗൂഢതകൾ അല്ലാഹു അറിയുന്നുണ്ട് എന്നാണ് അതിന് അർഥം. അന്നേരം എന്റെയുള്ളിലെ, അല്ലാഹു അറിയുന്ന നിഗൂഢത ബീഗത്തോടുള്ള പ്രണയമായിരുന്നു.

ബീഗം: ഈ മനുഷ്യനേക്കാളേറെ ആദ്യം പ്രണയിച്ചത് അദ്ദേഹത്തിലെ സംഗീതത്തെയാണ്. റാസയാണ് വീട്ടിൽ കാര്യം അവതരിപ്പിച്ചത്. ജോലി, സ്ഥിരവരുമാനം അങ്ങനെയുള്ള പതിവ് ചിന്തകളൊന്നും എന്റെ ഉപ്പയ്ക്ക് ഇല്ലായിരുന്നു. കലയാണ് ധനം എന്നായിരുന്നു ഉപ്പയുടെ മനസ്സിൽ. അത് ഒരുമിച്ച് ജീവിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തിന് തുണയായി.

പ്രണയ മഴയുടെ നൂലിനറ്റം

റാസ: പാട്ട് നേരമ്പോക്കല്ലായിരുന്നെങ്കിലും ജീവിതം നൽകിയ മേൽവിലാസം ഗ്രാഫിക് ഡിസൈനറുടേതാണ്. അ ങ്ങനെ തൊഴിൽ തേടി യുഎഇയിൽ അൽ ഐനിലെത്തി. അന്നും പാട്ട് കൂടെയുണ്ടായിരുന്നു. പ്രവാസിക്കൂട്ടായ്മകളിൽ പാടിയും പറഞ്ഞും നടന്ന കാലം. അതിനിടയ്ക്കാണ് ചങ്ങാതി യൂനുസ് സലിം കുറിച്ച വരികളെടുത്തു പാടുന്നത്. ‘ഓമലാളെ നിന്നെയോർത്ത് കാത്തിരിപ്പിൻ സൂചിമുനയിൽ... മമ കിനാക്കൾ കോർത്ത് കോർത്ത് ഞാൻ നിനക്കൊരു മാല തീർത്ത്...’ ആ വരികൾ എന്റെ ജീവിതവുമായും ചേർന്നിരുന്നു. ബീഗത്തെയും മോളെയും കാണാതെ സങ്കടപ്പെട്ട് കഴിഞ്ഞിരുന്ന സമയം. ഒരുപാട് ശ്രമിച്ച് ഫാമിലി വീസ കിട്ടി. അങ്ങനെ അവരെയും ഒപ്പം കൂട്ടാനായി.

ബീഗം: ‘ഓമലാളെ’ എന്ന പാട്ട് ഞങ്ങളുടെ ജീവിതം മാറ്റി.

മൊബൈൽ ഗാലറി സ്ക്രോൾ ചെയ്തപ്പോ കിട്ടിയ ആ പാട്ടിന്റെ തുണ്ട് ഞാനാണ് നിർബന്ധപൂർവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത്. പാട്ടിന്റെ ചെറിയൊരു ഭാഗമാണ് പോസ്റ്റ് ചെയ്തത്. അന്നു കിട്ടിയ ലൈക്കിന്റേയും ഷെയറിന്റേയും ബാക്കിയാണ് ഇന്നത്തെ റാസ–ബീഗം എന്ന ടൈറ്റിൽ. ഷഹബാസിക്കാന്റേയും (ഷഹബാസ് അമന്‍) കുടുംബത്തിന്റേയും വിശേഷങ്ങളുമായി പണ്ട് വന്നൊരു വനിത ഞാനോർക്കുന്നു. അന്ന് ഞാൻ കൊതിച്ചിട്ടുണ്ട്.

ഒരുനാൾ ഞങ്ങളെയും നാലാൾ അറിയുമായിരിക്കും. റാസയുടെ ഫോട്ടോയും ഇതുപോലെ വരുമായിരിക്കും എ ന്നൊക്കെ. അന്നത് കിനാവായിരുന്നെങ്കിലും പടച്ചോൻ ആ ദുആ അക്കൗണ്ടിൽ കരുതിവച്ചു. അതിന് കാരണമായത് ‘ഓമലാളെ നിന്നെയോർത്ത്’ ആയിരുന്നു.

മുറിവേറ്റവന്റെ ഗീതം

റാസ: പാടുക പേരെടുക്കുക എന്നതിനപ്പുറം ഇതൊരു ഓ ർമപ്പെടുത്തലായിരുന്നു. തിരിച്ചറിയപ്പെടാതെയും അംഗീകരിക്കപ്പെടാതെയും പോകുന്ന കലയെ ഈ മണ്ണിൽ വേരൂന്നി നിർത്തണമെന്ന കാലത്തിന്റെ ഓർമപ്പെടുത്തൽ. പ്രായമായവരുടെ പാട്ടല്ല, പ്രായദഭേദങ്ങളെ മറികടക്കുന്ന പാട്ടാണ് ഗസൽ.

ഗസലെന്ന വാക്കിന്റെ അർഥം പോലും ‘മുറിവേറ്റ മാൻ ’ എന്നാണ്. പ്രണയവും പ്രണയ നഷ്ടവും നിറഞ്ഞ ഞങ്ങളുടെ പാട്ടുകൾ അങ്ങനെ കുറേ ഖൽബുകളിലേക്ക് ആ ഴ്ന്നിറങ്ങി എന്നറിയുമ്പോൾ ഒത്തിരി നന്ദി.

ബീഗം: ഒരിക്കൽ മനസ്സിനെ സ്പർശിച്ച ഒരു സംഭവമുണ്ടായി. ‘കാത്തു കാത്തു ഞാനിരുന്നു’ എന്നു തുടങ്ങുന്ന ഞങ്ങളുടെ ഗസലിൽ ഇങ്ങനെയൊരു വരിയുണ്ട്. ‘നീയുറങ്ങും മണ്ണിൻ മുകളിൽ എങ്ങനെ ഞാനുണർന്നിരിക്കും.’ അതു കേട്ടിട്ട് ഒരാൾ മെസഞ്ചറിൽ വന്ന് സങ്കടത്തോടെ സംസാരിച്ചു തുടങ്ങി. തുടക്കത്തിൽ ഞാൻ കരുതി, കക്ഷിക്ക് എവിടുന്നോ കാര്യമായ ‘തേപ്പ്’ കിട്ടിയുണ്ടാകും.

കാര്യമറിഞ്ഞപ്പോൾ അങ്ങനെ ചിന്തിച്ചല്ലോ എന്നോർത്ത് സങ്കടം തോന്നി. അയാളുടെ കാമുകി പെട്ടെന്ന് മരിച്ചു പോയത്രേ. ‘എന്റെ പെണ്ണും ആറടി മണ്ണിനടിയിൽ’ ആണ് എന്ന് അയാൾ പറഞ്ഞത് കേട്ടതും ഞാൻ കരഞ്ഞുപോയി. ഇന്നും ആ നിമിഷത്തിന്റെ വേദന എന്റെയുള്ളിലുണ്ട്.

ബിൻഷ മുഹമ്മദ്

ഫോട്ടോ: അരുൺ പയ്യടിമീത്തൽ