Saturday 19 September 2020 11:34 AM IST : By സ്വന്തം ലേഖകൻ

എന്നേ ‘പൊരുത്തപ്പെട്ടു’ കഴിഞ്ഞുവെന്ന് ഉമ്മർ; ‘മോഷ്ടാവായ അനിയൻ’ നൽകിയ മുഴുവൻ പണവും മറ്റൊരു നന്മയ്ക്ക്

shpr5e5dvhvhjj

‘ദയവു ചെയ്ത് പൊരുത്തപ്പെട്ടു തരണം’ എന്ന് അപേക്ഷിച്ചു മറഞ്ഞ ആ അനിയൻ നൽകിയ പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കടയുടമ ഉമ്മറിനു മനസ്സു വന്നില്ല. നഷ്ടപ്പെട്ട സാധനങ്ങൾക്കു പകരം തിരിച്ചു കിട്ടിയ പണം മുഴുവനും വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്നയാൾക്കു നൽകാൻ മാറ്റിവച്ച് ഉമ്മർ.

സാഹചര്യം കൊണ്ടു മോഷ്ടാവായ ആ അനിയൻ തെറ്റു മനസ്സിലാക്കി പ്രായശ്ചിത്തം ചെയ്തതിൽ ഏറെ സന്തോഷവാനാണ് ഉമ്മർ. ആ മനസ്സു മറ്റുള്ളവർക്കും ഉണ്ടാകട്ടെ എന്നാണു പ്രാർഥന. വെട്ടത്തൂർ സ്വദേശിയായ കൂത്തുപറമ്പൻ വീട്ടിൽ ഉമ്മർ (46) ഒരു വർഷം മുൻപാണ് ഉമ്മർ കുളപ്പറമ്പിൽ ഫാമിലി സ്റ്റോർ എന്ന കട ആരംഭിച്ചത്. 

കഴിഞ്ഞ മാർച്ചിൽ ഓടു പൊളിച്ചു വന്നയാൾ കൊണ്ടുപോയതു ഭക്ഷണസാധനങ്ങളല്ലേ എന്ന നിലയ്ക്കു വലിയ കാര്യമായി കണ്ടിരുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ ഉമ്മറിന്റെ കടയുടെ മുന്നിൽ ഒരു ചെറിയ പൊതിയിൽ 5,000 രൂപയും ഒരു കത്തും കണ്ടപ്പോഴാണ് സംഭവം വീണ്ടും ഓർമ്മയിൽ വന്നത്. 

‘‘കാക്കാ, ഞാനും എന്റെ കൂട്ടുകാരനും ഒരു ദിവസം രാത്രി നിങ്ങളുടെ കടയിൽ നിന്നു കുറച്ചു സാധനങ്ങൾ, അപ്പോഴത്തെ ബുദ്ധിമോശം കൊണ്ടു മോഷ്ടിച്ചിരുന്നു. നേരിൽ കണ്ടു പൊരുത്തപ്പെടീക്കണമെന്നുണ്ട്. പക്ഷേ, പേടിയുള്ളതിനാൽ ഈ രീതി സ്വീകരിക്കുന്നു. ദയവു ചെയ്തു പൊരുത്തപ്പെട്ടു തരണം. പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുത്. പ്രായത്തിൽ നിങ്ങളുടെ ഒരനിയൻ’’- കത്തിൽ എഴുതിയത് ഇങ്ങനെ. പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നേ ‘പൊരുത്തപ്പെട്ടു’ കഴിഞ്ഞുവെന്ന് ഉമ്മർ പറയുന്നു.  

Tags:
  • Spotlight