Tuesday 23 November 2021 03:20 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎൻഎ ഫലം പുറത്ത്, സമരപ്പന്തലിൽ മിഠായി വിതരണം

dna-1

അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ കേസില്‍ ഡിഎന്‍എ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി. കുഞ്ഞ് അനുപമയുടേത് തന്നെയെന്നു തെളിഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് കുഞ്ഞിന്റെ സാംപിള്‍ പരിശോധിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് സിഡബ്ല്യുസിക്ക് കൈമാറിയത്. അതേസമയം സമരപ്പന്തലില്‍ അനുപമ മിഠായി വിതരണം ചെയ്തു. ഡിഎന്‍എ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തനിക്കു നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുപമ സിഡബ്ല്യുസിക്ക് കത്തു നല്‍കിയിട്ടുണ്ട്. 

ദത്ത് നടപടിക്രമങ്ങളുമായുള്ള അന്വേഷണ റിപ്പോര്‍ട് ഈ മാസം 29 ന് കോടതിയില്‍ സമര്‍പ്പിക്കാമെന്നാണു സിഡബ്ല്യുസി തിരുവനന്തപുരം കുടുംബകോടതിയെ അറിയിച്ചത്. ദത്തു കേസിലെ അതിനിര്‍ണായക പരിശോധനാഫലമാണ് ഇന്നു സിഡബ്ല്യുസിക്ക് കൈമാറിയിരിക്കുന്നത്.

ആന്ധ്രയിൽ നിന്നു ഞായറാഴ്ച രാത്രിയോടെ തലസ്ഥാനത്തെത്തിച്ച കുഞ്ഞിന്റെ ഡിഎൻഎ സാംപിളാണ് ആദ്യമെടുത്തത്. കുഞ്ഞിനെ ഏൽപിച്ചിരിക്കുന്ന കുന്നുകുഴിയിലെ നിർമല ശിശുഭവനിലെത്തിയാണു ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരുടെ സാന്നിധ്യത്തിൽ രാജീവ്ഗാന്ധി സെന്റർ ഉദ്യോഗസ്ഥർ സാംപിളെടുത്തത്. സെന്ററിൽ എത്താൽ അനുപമയോടും അജിത്തിനോടും തുടർന്നു ഫോണിൽ അറിയിച്ചു.

ഇവർ ഉച്ചയ്ക്കു ശേഷം അവിടെ ചെന്നു സാംപിൾ നൽകി. വനിത–ശിശുവികസന വകുപ്പ് കുടുംബക്കോടതിയിൽ ആവശ്യപ്പെട്ടതു പ്രകാരമാണു ഡിഎൻഎ പരിശോധന. രാജീവ്ഗാന്ധി സെന്ററിൽ നിന്നു കൈമാറുന്ന പരിശോധനാ ഫലം സിഡബ്ല്യുസി കോടതിക്കു കൈമാറും. 30 നാണ് കോടതി കേസ് പരിഗണിക്കുന്നത്. വനിത–ശിശുവികസന ഡയറക്ടർ നടത്തുന്ന അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ടും അതിനു മുൻപു കോടതിക്കു കൈമാറും. അനുപമയുടെയും അജിത്തിന്റെയും മൊഴി ഇന്നലെ വീണ്ടും രേഖപ്പെടുത്തി.