Wednesday 14 August 2019 06:25 PM IST

‘മനുഷ്യനായാൽ അക്ഷരങ്ങളെ അറിയേണ്ടേ, അല്ലാതെങ്ങനെയാണ് ജീവിക്കുക!’; വായന പൂക്കുന്ന രണ്ടിടങ്ങൾ!

Tency Jacob

Sub Editor

_C3R1316 ഫോട്ടോ: ഹരികൃഷ്ണൻ, ശ്രീകുമാർ എരുവെട്ടി

ഏറെ ഇഷ്ടപ്പെട്ട പുസ്തകം വായിച്ചു കഴിയുമ്പോൾ ആ അനുഭവം ആരോടെങ്കിലും ഒന്നു പങ്കുവെയ്ക്കാൻ അതിയായ മോഹം തോന്നാറില്ലേ? ഉള്ളിലുള്ള കഥകളെയും കവിതകളെയും കുറിച്ച് അതിനോടാഭിമുഖ്യമുള്ളവരോട് സംസാരിക്കാനും ആനുകാലികവിഷയങ്ങളിൽ ആഭിപ്രായങ്ങൾ തുറന്നു പറയാനും ഒരിടമുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറില്ലേ? ഇതാ,  കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ഷരസ്ത്രീ എന്ന കൂട്ടായ്മയേയും കണ്ണൂരുള്ള വരാന്ത ചായപ്പീടികയേയും കുറിച്ച് അറിയാം. സംവാദങ്ങളും ചർച്ചകളും സംഘടിപ്പിക്കുക വഴി മലയാള ഭാഷയേയും പുസ്തകങ്ങളെയും വായനയേയും ഹൃദയത്തോട് ചേർത്തു പിടിക്കുന്ന രണ്ടുപേർ. അതെ, വായന പൂക്കുന്ന രണ്ടിടങ്ങൾ.

അക്ഷരത്തിന്റെ ശ്രീ

‘‘പഠിപ്പിക്കുന്ന കാലത്ത് പുസ്തകങ്ങളും മറ്റും വായിക്കുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട്, ഇതൊന്ന് ആരെങ്കിലുമായി ചർച്ച ചെയ്യാൻ പറ്റിയിരുന്നെങ്കിൽ.’’ അക്ഷരസ്ത്രീയുടെ പ്രസിഡന്റ് ഡോ. ആനിയമ്മ ജോസഫ് പെൺകൂട്ടായ്മ പിറന്നു വീണതിനെക്കുറിച്ച് പറഞ്ഞുതുടങ്ങി.

 ‘‘പക്ഷേ, കോളജിൽ പധിപ്പിക്കുമ്പോൾ അതൊന്നും നടക്കില്ലല്ലോ. ഞാൻ പഠിപ്പിക്കുന്ന പുസ്തകം മറ്റുള്ളവർ വായിച്ചിട്ടുണ്ടാവില്ല, അവർ പഠിപ്പിക്കുന്ന പുസ്തകം ഞാനും വായിച്ചു കാണില്ല. റിട്ടയർ ചെയ്തശേഷം എന്റെ സുഹൃത്ത് പ്രൊഫ. പ്രസന്നകുമാരി യോട് ഒരിക്കൽ ഞാൻ ഈ ആഗ്രഹം പറഞ്ഞു. ‘ഒരു വായനാ കൂട്ടായ്മ ഉണ്ടാവുകയാണെങ്കിൽ’ എന്ന്. പ്ര. സന്നയ്ക്കും അതു കേട്ടപ്പോൾ ആവേശമായി. പക്ഷേ, ആളുകളെ കൂട്ടാനെന്തു ചെയ്യും? ഞങ്ങൾ പത്രത്തിലൊരു വാർത്ത കൊടുക്കാൻ തീരുമാനിച്ചു. ഫോൺ നമ്പറും വച്ച് ഒരു ഒറ്റവരി വാർത്ത. ‘സ്ത്രീകൾക്കും കുട്ടികൾക്കുമായി ഇംഗ്ലിഷ് മലയാള സാഹിത്യ സൗഹൃദക്കൂട്ടായ്മ ആരംഭിക്കുന്നു. താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.’ കടൽപോലെ വാർത്തകൾ നിരന്നു കിടക്കുന്ന പത്രത്തിൽ നിന്ന് ഈ കൊച്ചു കാര്യം ആരെങ്കിലും കാണുമോയെന്നു ഞങ്ങൾക്കു സംശയമായിരുന്നു. പക്ഷേ, അതുകണ്ട് പ്രതീക്ഷിച്ചതിലും അധികം ആളുകൾ വിളിച്ചു.’’

രണ്ടായിരത്തി പതിനഞ്ച് ഓഗസ്റ്റ് പതിനഞ്ചിന് ആദ്യത്തെ മീറ്റിങ് നടന്നു. എട്ടുപേരാണ് അന്ന് വിവിധസ്ഥലങ്ങളിൽ നിന്നായി വന്നുചേർന്നത്. കുറച്ചുനേരം പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചശേഷം നമുക്കെന്തൊക്കെ ചെയ്യാൻ പറ്റും എന്ന ചർച്ചയിലാണ് പുസ്തകം പ്രസിദ്ധീകരിക്കാം എന്ന ആശയം ഉയർന്നു വന്നത്. എന്നാലും അതിനൊരു തീർച്ചയൊന്നും വന്നില്ല. ഈ കൂട്ടായ്മയ്ക്ക് ‘അക്ഷരസ്ത്രീ’ എന്നു പേരിട്ടതും പ്രസന്നയാണ്. ഭാരവാഹികളുടെ ഫോട്ടോസഹിതമുള്ള വാർത്ത കണ്ട് കുറെപേർ വിളിച്ചു. അങ്ങനെ ഞങ്ങൾ മുപ്പതോളം പേരുള്ള അക്ഷരസ്ത്രീ കൂട്ടായ്മയായി.’’

വായനയിലും സാഹിത്യചർച്ചയിലും മാത്രം ഒതുങ്ങിനിന്നില്ല അക്ഷരസ്ത്രീ എന്ന സാഹിത്യ സൗഹൃദക്കൂട്ടം. കഥകളും നോവലുകളും കവിതകളും നാടകവുമെല്ലാം വെളിച്ചം കാണാനാഗ്രഹിക്കുന്ന സാധാരണക്കാരായ വീട്ടമ്മമാരുടെ ഇരുപത്തിമൂന്നു പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. കൂടാതെ കഥപറയലും വിമർശനചർച്ചകളും തിരക്കഥാനാടക ശില്പശാലകളുമെല്ലാമായി മലയാള സാഹിത്യത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ് ഈ സ്ത്രീകൾ.

വായന മാത്രമല്ല, അവാർഡും കൊടുക്കും

_C3R1384 ആനിയമ്മ ജോസഫ്

‘‘ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് അക്ഷരസ്ത്രീയുടെ ലോഗോ പ്രകാശനം ചെയ്തത്. ആദ്യത്തെ പൊതു മീറ്റിങ് കോട്ടയം ബസേലിയസ് കോളജിൽ വെച്ചായിരുന്നു. ഇംഗ്ലിഷ് വകുപ്പിലെ കുട്ടികളുടെ സഹകരണത്തോടെയായിരുന്നു ആ സമ്മേളനം. ഓരോ വർഷവും തിരഞ്ഞെടുത്ത കൃതിക്ക് അവാർഡ് കൊടുക്കാൻ നിശ്ചയിച്ചതനുസരിച്ച് ആദ്യ അവാർഡ് ‘ചിത്തിരപുരത്തെ ജാനകി’ എഴുതിയ ഉഷാകുമാരിക്കായിരുന്നു. ചെലവു നടത്താനൊന്നും ഫണ്ടുണ്ടായിരുന്നില്ല. ഞങ്ങൾ അഞ്ചുപേർ ചേർന്ന് അയ്യായിരം രൂപയെടുത്താണ് അവാർഡു തുകയും മറ്റു ചെലവുകളും ചെയ്തത്.

 ഞങ്ങൾ ‘ഐഡിയ ബാങ്കെ’ന്നു വിളിക്കുന്ന പുഷ്പമ്മ ചാണ്ടിയുടെ ആശയമായിരുന്നു നോവൽ മത്സരം നടത്താമെന്നത്. പ്രസ് കോൺഫറൻസ് നടത്തിയപ്പോൾ പലരും പറഞ്ഞു ‘ഏഴു പുസ്തകം കിട്ടിയാൽ ഭാഗ്യം’  പക്ഷേ, നാൽപത്തിനാലു പുസ്തകം മത്സരത്തിനായി വന്നു. പണ്ട് നന്നായി എഴുതിയിരുന്നവർ, ജീവിതപ്രാരബ്ധം കൊണ്ട് പിന്നീട് എഴുതാൻ പറ്റാതെ പോയവർ, ഉള്ളിൽ പതിഞ്ഞു കിടന്ന നോവലിനെ പകർത്തിയെഴുതി സൂക്ഷിച്ചിരിക്കുന്നവർ അങ്ങനെ പലരും വിളിച്ചു. എഴുതാൻ കഴിവുള്ള എത്രയോ വീട്ടമ്മമാരുണ്ടെന്നു കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു.

ആദ്യത്തെ മത്സരത്തിൽ ആലപ്പുഴയിലുള്ള വിനയശ്രീക്കാണ് സമ്മാനം കിട്ടിയത്. പിന്നീട് ആ പുസ്തകം ഞങ്ങൾ തന്നെ പ്രസിദ്ധീകരിച്ചു. അവരിപ്പോൾ അക്ഷരസ്ത്രീയിൽ സജീവ പ്രവർത്തകയും സംഘടനയുടെ സെക്രട്ടറിയുമാണ്. നോവൽ പുരസ്കാരം മാത്രമല്ല, ചെറുകഥാ, സാഹിത്യ പുരസ്കാരവും സപര്യ പുരസ്കാരവും മാധ്യമ പുരസ്കാരവും പ്രവാസി നോവൽ പുരസ്കാരവുമെല്ലാം പല കൊല്ലങ്ങളിലായി നൽകിയിട്ടുണ്ട്.

പുസ്തകം പ്രസിദ്ധീകരിക്കാൻ തയാറാണ്

 ഞങ്ങളുടെ ഏറ്റവും പ്രായം കൂടിയ മെമ്പർ ലീല മേരി കോശിയാണ്. എഴുപത്തിയഞ്ചു വയസ്സുണ്ട്. എല്ലാത്തവണയും ആലുവയിൽ നിന്ന് ടാക്സി പിടിച്ചാണ് വരിക.അതു കാണുമ്പോൾ ഞങ്ങൾക്കും ആവേശം കൂടും. വനിതാദിനമൊക്കെ ഉഷാറായി ആഘോഷിക്കും. അതുപോലെ ജയിലിലെ സ്ത്രീകൾക്ക് പുസ്തകങ്ങളും എഴുതാനുള്ള സാമഗ്രികളും നൽകിയപ്പോൾ ചിലരുടെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു. എത്ര കഥകളാവും അവർ നെഞ്ചിൽ ഉറക്കികിടത്തിയിട്ടുണ്ടാവുക.

പ്രസിദ്ധീകരണത്തിനെക്കുറിച്ച് കൂട്ടത്തിൽ ആർക്കും വലിയ ധാരണയുണ്ടായിരുന്നില്ല. ഇപ്പോൾ എല്ലാം പഠിച്ചു. പ്രൂഫ് വായിക്കുന്നതും എഡിറ്റു ചെയ്യുന്നതുമൊക്കെ ഞങ്ങൾ തന്നെയാണ്. ഇറക്കിയ പുസ്തകങ്ങളൊക്കെ വിറ്റു പോയി.

എല്ലാമാസവും കൃത്യമായി പുസ്തക ചർച്ച സംഘടിപ്പിക്കുന്നുണ്ട്. ഓരോ അംഗങ്ങളായി പുസ്തകാവതരണവും നിരൂപണവും ആസ്വാദനവും നടത്തും. സജീവമായ ചർച്ചകളുമുണ്ടാവും .അംഗങ്ങൾക്കു വേണ്ടി തിരക്കഥ നോവൽ നാടക ശിൽപശാലകൾ സംഘടിപ്പിക്കാറുണ്ട്. അതുപോലെ ആനുകാലിക വിഷയങ്ങളിൽ സെമിനാറുകളും.  

ഞങ്ങൾ തയാറാക്കിയ നാടകം ഒാൾ ഇൻഡ്യ റേഡിയോയിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കോട്ടയത്ത് മാത്രമല്ല, കേരളത്തിലെ പലയിടത്തും അക്ഷരസ്ത്രീയുടെ ശാഖകളുണ്ട്. അക്ഷരസ്ത്രീ കേരളം മുഴുവൻ ശ്രീ പടർത്തണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം.

ഒരു പുസ്തക ചായപ്പീടിക

0K7A3869

കണ്ണൂരിലെ ഇരിക്കൂറിനടുത്ത് ഇരിട്ടിയിൽ നിന്ന് രണ്ടു കിലോമീറ്റർ ദൂരെ പെടയങ്ങോട് എന്ന ഗ്രാമത്തിൽ വലിയൊരു ബദാംമരമുണ്ട്. അതിനരികിലായി ചെറിയൊരു ചായക്കട. ചായക്കടയ്ക്കുള്ളിലായി ഒരു അപ്പത്തൊട്ടി തൂങ്ങിയാടുന്നുണ്ട്. പലഹാരം എടുക്കാനായി കയ്യിടുന്നവർക്ക് ഒരു അദ്ഭുത പലഹാരം കിട്ടും. ‘പുസ്തകം’. അവിടെ കിടക്കുന്ന ബഞ്ചിലിരുന്ന് അപ്പക്കൂടിന്നുള്ളിലെ ഏതു പലഹാരവും എടുത്തു നുണയാം. എത്രനേരം വേണമെങ്കിലും. പക്ഷേ, വീട്ടിൽ കൊണ്ടുപോകാൻ ചായപ്പീടികക്കാരൻ സമ്മതിക്കില്ല. വേറൊന്നുംകൊണ്ടല്ല പുസ്തകങ്ങൾ അയാൾക്ക് അത്രമേൽ ജീവനാണ്. 

വായനക്കാരുടെയും എഴുത്തുകാരുടെയും പ്രിയപ്പെട്ട ഇടമായ ഈ വരാന്തചായപ്പീടികയുടെ ഉടമസ്ഥൻ എഴുത്തുകാരനായ ഷുക്കൂർ പെടയങ്ങോടാണ്. മലയാള ഭാഷയ്ക്കുവേണ്ടി തന്നാലാവുന്നതും എന്ന ചിന്തയിൽ കുഞ്ഞുകാര്യങ്ങൾ ചെയ്യുന്ന വലിയ മനുഷ്യൻ.  പുസ്തക പലഹാരം നുണയുമ്പോൾ കട്ടൻച്ചായയും പരിപ്പുവടയും കഴിക്കണമെങ്കിൽ ചൂടോടെ ഓർഡർ ചെയ്യാം. അതാണ് ഷുക്കൂറിക്കയുടെ ജീവനമാർഗം. നിർബന്ധമൊന്നുമില്ല കേട്ടോ, ഇഷ്ടമുണ്ടെങ്കിൽ മാത്രം.

‘‘വരാന്ത എന്ന പേരിൽ ഷുക്കൂർ നോവലെഴുതിയിട്ടുണ്ട്. അതിന്റെ ഓർമയ്ക്കായാണ് വരാന്തചായപ്പീടിക എന്നു പേരിട്ടത്. മാസത്തിലൊരു ഞായറാഴ്ച പുസ്തക ചർച്ച സംഘടിപ്പിക്കും. ചായപ്പീടിക ഉള്ളതുകൊണ്ട് നേരമ്പോക്കിന് സംഘടിപ്പിക്കുന്നതല്ല, ചർച്ച സംഘടിപ്പിക്കാൻ വേണ്ടിയാണ് ചായപ്പീടിക തുടങ്ങിയത്. ഈ ചർച്ചയിൽ പങ്കുചേരാൻ വന്നിട്ടുള്ള സാഹിത്യകാരന്മാർ ചില്ലറക്കാരല്ല. സക്കറിയ, ജയമോഹൻ, ബെന്യാമിൻ, കൽപറ്റ നാരായണൻ എന്നിങ്ങനെ മലയാളത്തിൽ നിന്നു മാത്രമല്ല, കന്നട നോവലിസ്റ്റും കഥാകാരനുമായ വിവേക് ശാൻഭാഗ് വരെ എത്തിച്ചേർന്നു.

വായിക്കാൻ മീൻപണിയാണ് നല്ലത്

‘‘ഒരുമാസം മുന്നേ ഏതു പുസ്തകമാണെന്ന് തീരുമാനിച്ചിരിക്കും. മറ്റു പുസ്തകങ്ങളുടെ കൂടെ ആ പുസ്തകവും വിൽപനക്കു വയ്ക്കും. ഞായറാഴ്ച നാലുമണിയാകുമ്പോൾ തുടങ്ങും. നൂറുപേരൊക്കെ ഉണ്ടാകാറുണ്ട് ഈ കൂട്ടായ്മയ്ക്ക്. ചുറ്റുമുള്ള കുട്ടികളെല്ലാം കൂടി അടുത്തുള്ള വീടുകളിൽ നിന്നും പാർട്ടിയാപ്പീസിൽ നിന്നും ഓഫിസുകളിൽ നിന്നെല്ലാമായി കസേരകൾ കൊണ്ടിടും.

സ്ത്രീകളെയാണ് പുസ്തകാവതരണം നടത്താനേൽപിക്കുക. കാരണം, അവർക്ക് നല്ല കഴിവുണ്ട്. പലപ്പോഴും അത് തിരിച്ചറിയപ്പെടുന്നില്ല എന്നു തോന്നാറുണ്ട്. കോളജിൽ പഠിക്കുന്ന കുട്ടികളെയും ചർച്ചയ്ക്കു ക്ഷണിക്കാറുണ്ട്. അവരെ കാണുമ്പോൾ മാത്രമാണ് കോളജിൽ പോയി പഠിക്കാൻ സാധിക്കാത്തതിൽ ഒരു നഷ്ടബോധം തോന്നുക.  

ഞാൻ അഞ്ചാംക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. പക്ഷേ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾത്തന്നെ വായനയുടെ ലോകത്തേക്ക്് ഇറങ്ങിപ്പോയിരുന്നു. സ്കൂൾ ലൈബ്രറിയിൽ നിന്നു പുസ്തകങ്ങളെടുത്ത് വായിക്കും. കണക്ക് എന്ന വിഷയത്തിൽ തട്ടിത്തടഞ്ഞാണു പഠനം അവസാനിക്കുന്നത്. ആദ്യം കൂലിപ്പണിക്കാണ് പോയത്. അതുകൊണ്ട് മെച്ചം കാണാത്തതുകൊണ്ട് കല്ലുകൊത്താൻ പോയി. ജീവിക്കാനുള്ള പെടാപ്പാടിനിടയിലും പുസ്തകം കൈയിൽ നിന്നു താഴെവച്ചില്ല. വായിക്കാൻ സമയം കണ്ടെത്തുക തന്നെ ചെയ്തു.

 കടുത്ത ശാരീരിക അധ്വാനമുള്ള പണിക്ക് പോകാൻ വയ്യാതായപ്പോഴാണ് മീൻ വിൽക്കാൻ തുടങ്ങിയത്. അതീന്ന് കുറച്ച് ലാഭം കിട്ടി വീടൊക്കെ വച്ചു. മീൻ ഒക്കെ പകൽ പ ത്തുമണിക്കു തീരും. പണ്ട് കവിത എഴുതുന്ന ‘അസുഖ’മുണ്ടായിരുന്നു. അതൊക്കെ ഓരോരുത്തർക്ക് കൊടുത്ത് അവരുടെ കയ്യിലുള്ള പുസ്തകം വായിക്കാന്‍ വാങ്ങുകയായിരുന്നു പതിവ്. പിന്നെയാണ് ജീവിതം അതിൽ നിന്നൊക്കെ അകറ്റി നിറുത്തിയത്. മീൻ പണി കഴിഞ്ഞ് വന്നിരുന്ന് വീണ്ടും കവിതയെഴുത്തും വായനയും തുടങ്ങി. അതെല്ലാം ചേർത്താണ് ‘ആഴങ്ങളിലെ ജീവിതം’ എന്ന കവിതാസമാഹാരം പുറത്തിറക്കിയത്. രണ്ടുമൂന്നു കവിതാസമാഹാരങ്ങൾ കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചായ വിൽക്കാനല്ല ഈ ചായപ്പീടിക

mtm3

വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ മീൻ വിൽക്കാൻ പോകുമ്പോൾ കയ്യിലെടുക്കും.  മീൻ വാങ്ങുന്നവരോട് പുസ്തകത്തിന്റെ ഉള്ളടക്കം പറഞ്ഞു കേൾപ്പിക്കും. താൽപര്യമുള്ളവർക്കു വാങ്ങാം. വായിച്ച് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ മാത്രമെ മറ്റുള്ളവർക്കു കൊടുക്കുകയുള്ളൂ. ചുറ്റുവട്ടത്ത് നടക്കുന്ന സാഹിത്യപരിപാടികളിലും സമ്മേളനങ്ങളിലും പുസ്തകം വിൽക്കാൻ പോകും. സ്വന്തം പുസ്തകങ്ങളും അക്കൂട്ടത്തിലുണ്ടാവും.വരുമാനമാർഗമെന്നതിലുപരി അതിൽ സന്തോഷവും സംതൃപ്തിയുമുണ്ടായിരുന്നു.

 എനിക്ക് നാലു മക്കളാണ്. മൂന്നാണും ഒരു പെണ്ണും. മോളുടെയും ഒരു മോന്റെയും കല്യാണം കഴിഞ്ഞു. ഇനിയിപ്പോ ജീവിക്കാനുള്ള കാശു മതി. അതുകൊണ്ടാണ് ഈ ചായപ്പീടിക തുടങ്ങിയത്. കുറച്ച് അപ്പങ്ങളൊക്കെ ഭാര്യ ആയിഷ ആക്കിത്തരും. മീനട, മസാല ബോണ്ട, നെയ്പത്തല്... പിന്നെ കുറച്ച് പലഹാരങ്ങൾ പുറത്തുനിന്നും വാങ്ങും. ദിവസം നൂറ്റമ്പത് ഇരുന്നൂറുറുപ്പിക ലാഭം കിട്ടും. അതു മതിയല്ലോ ജീവിക്കാൻ.  

വരാന്ത ചായപ്പീടിക ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് സ മ്മാനങ്ങളും കൊടുക്കാറുണ്ട്. നന്നായി വായിക്കുന്ന ദമ്പതികൾക്കും നല്ല ആശയങ്ങൾ പങ്കു വയ്ക്കുന്നവർക്കെല്ലാം സമ്മാനമുണ്ട്. മുൻപു എനിക്കു കിട്ടിയ പുരസ്കാരങ്ങൾ തേച്ചുമിനുക്കി സമ്മാനർഹരായവരുടെ ഫോട്ടോയൊട്ടിച്ചാണ് കൊടുക്കുന്നത്. ആരുടെ കയ്യിൽ നിന്നും ഇതിനു വേണ്ടി പൈസ പിരിക്കില്ല. ആർക്കും പൈസയായിട്ട് കൊടുക്കുന്നുമില്ല. മീറ്റിങ്ങിന്റെ തലേന്നേ പതിനഞ്ചു കിലോ കപ്പ വാങ്ങി വയ്ക്കും. അതു പുഴുങ്ങും. തൊട്ടു കൂട്ടാൻ മുളകു ചമ്മന്തിയും ഒപ്പം ചുക്കു കാപ്പിയും. കാലത്ത് ആറുമണിക്ക് തുടങ്ങുന്ന ചായപ്പീടിക കറന്റില്ലാത്തതുകൊണ്ട് ഇരുട്ടാകുന്നതോടു കൂടി നിറുത്തും.  വെള്ളിയാഴ്ചകളിൽ തുറക്കാറില്ല. അന്നു നാട്ടിൽ എവിടെയെങ്കിലും മീറ്റിങ്ങുള്ളിടത്ത് പുസ്തകം വിൽക്കാൻ പോകും. അതിൽനിന്നു കിട്ടുന്ന പൈസ കൊണ്ടാണ് പുസ്തക ചർച്ച നടത്തുന്നത്.

ഞങ്ങളുടെ നാട്ടിൽ വായനശാലയില്ല. ആൾക്കാർക്ക് വായിക്കാൻ ഒരു ഇടം വേണ്ടേ?  വായിച്ചില്ലെങ്കിലും പുസ്തകമെടുത്ത് മറിച്ചുനോക്കാനെങ്കിലും ഇവിടെ വരുന്ന കുട്ടികളോട്  പറയും. പുസ്തകത്തിന്റെ പേരോ, എഴുത്തുകാരന്റെ പേരോ എന്തെങ്കിലും ഉള്ളിൽ കിടക്കട്ടെ. പുസ്തകം വിൽക്കാനും വെച്ചിട്ടുണ്ട്.  ഇന്നാട്ടുകാർക്ക് വായന കുറവാണ്. അതിനൊരു മാറ്റം കൊണ്ടുവരാനാണീ ചായപ്പീടിക. മനുഷ്യനായാൽ അക്ഷരങ്ങളെ അറിയേണ്ടേ. അല്ലാതെങ്ങനെയാണ് ജീവിക്കുക!’’

mtm1 ഷുക്കൂർ പെടയങ്ങോട്
Tags:
  • Spotlight
  • Inspirational Story