Wednesday 09 June 2021 02:30 PM IST : By സ്വന്തം ലേഖകൻ

ലംബോർഗിനിയുടെ പുകക്കുഴല്‍ ചൂടാക്കി 'ബാർബിക്യൂ'; എൻജിൻ തകർന്നു, യുവാവിന് നഷ്ടം 51 ലക്ഷം രൂപ! വൈറൽ വിഡിയോ

car-grilll55555

ആഡംബര കാറിന്‍റെ പുകക്കുഴല്‍ ചൂടാക്കി ഇറച്ചി ഗ്രിൽ ചെയ്യാൻ ശ്രമിച്ച യുവാവിന് 50 ലക്ഷം രൂപയുടെ നഷ്ടം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ലംബോർഗിനി അവന്റഡോറിന്റെ എക്സ്ഹോസ്റ്റിൽ നിന്ന് വരുന്ന തീയിൽ ഇറച്ചി ഗ്രിൽ ചെയ്യാൻ ശ്രമിച്ചതാണ് വിനയായത്. ചൈനയിലെ ഹുവാൻ പ്രവിശ്യയിലാണ് വിചിത്ര സംഭവം നടന്നത്.

സുഹൃത്തുക്കളുമൊത്ത് അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽ പാർട്ടി നടത്തുകയായിരുന്നു യുവാവ്. ത്രോട്ടിൽ നൽകുന്നതിന് അനുസരിച്ച് ലംബോർഗിനി അവന്റഡോറിന്റെ എക്സ്ഹോസ്റ്റിൽ നിന്ന് ഇടയ്ക്ക് തീ വരാറുണ്ട്. എൻജിനിൽ നിന്നുള്ള റോ ഫ്യൂവൽ എക്സ്ഹോസ്റ്റിലേക്ക് തള്ളുന്നതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. എന്തുകൊണ്ട് ആ തീയിൽ ഇറച്ചി ഗ്രിൽ ചെയ്തുകൂടാ എന്ന ചിന്തയാണ് യുവാവിന് 51 ലക്ഷം രൂപ നഷ്ടം വരുത്തിവച്ചത്.

ആദ്യമൊക്കെ സംഭവം രസകരമായി തോന്നിയെങ്കിലും എൻജിനിൽ നിന്ന് പുക വന്നതോടെ യുവാവ് ഗ്രിൽ ചെയ്യുന്നത് നിർത്തി. വാഹനത്തിന്റെ കൂളന്റ് സിസ്റ്റം തകരാറിലായി. കൂളന്റ് ലീക്കായി നിലത്തു കൂടെ ഒഴുകുന്നതും വിഡിയോയിൽ കാണാം. കുടൂതൽ നേരം റേവ് ചെയ്തത് വാഹനത്തിന്റെ എൻജിൻ താപനില ഉയർത്തി, ഇതോടെ എൻജിന്‍ തകരാറിലായി.

കാർ നന്നാക്കുന്നതിനായി ഏകദേശം 51 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 2.2 കോടി രൂപയാണ് ലംബോർഗിനി അവന്റഡോറിന്റെ ചൈനീസ് വില. ലംബോർഗിനിയിൽ ഗ്രിൽ ചെയ്യുന്നു എന്ന പേരിൽ വിഡിയോ ഇതിനോടകം ലോകം മുഴുവൻ വൈറലായി. വിഡിയോ കാണാം... 

Tags:
  • Spotlight
  • Social Media Viral