Wednesday 05 December 2018 11:58 AM IST : By സ്വന്തം ലേഖകൻ

പെൺകുട്ടികൾ താമസിച്ചിരുന്ന വാടകവീട്ടിൽ നിന്ന് ആറു ഒളിക്യാമറകൾ കണ്ടെത്തി; ഉടമസ്ഥൻ അറസ്റ്റിൽ!

sambatthu

പെൺകുട്ടികൾ മാത്രം താമസിച്ചിരുന്ന വാടകവീട്ടിൽ നിന്ന് ഒളിക്യാമറകൾ കണ്ടെത്തി. സംഭവത്തിൽ വീട്ടുടമസ്ഥൻ സമ്പത്ത് രാജ് പൊലീസ് കസ്റ്റഡിയിലായി. ചെന്നൈയിൽ വാടകയ്ക്ക് വീടെടുത്തു താമസിച്ചിരുന്ന പെൺകുട്ടികൾക്കാണ് ഇത്തരമൊരു ദുരനുഭവം നേരിട്ടത്. തില്ലയ് ഗംഗാ നഗറിലെ വാടകവീട്ടിലെ മൂന്നു മുറികളിൽ ഉദ്യോഗസ്ഥരായ ഏഴു പെൺകുട്ടികളാണ് താമസിച്ചിരുന്നത്.

കുളിമുറിയിൽ സ്ഥാപിച്ചിരുന്ന ക്യാമറ ഒരു പെൺകുട്ടിയാണ് ആദ്യം കണ്ടത്. കുളിമുറിയിൽ ഉണ്ടായിരുന്ന സ്വിച്ച് ബോർഡിൽ ഹെയർ ഡ്രൈയർ പ്ലഗ് ചെയ്യാൻ നോക്കിയപ്പോൾ അതിനു കഴിഞ്ഞില്ല. തുടർന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് ക്യാമറ കണ്ടെത്തിയത്.  ഉടൻതന്നെ സംഭവം പൊലീസിൽ അറിയിച്ചു. തുടർന്ന് അവരെത്തി നടത്തിയ പരിശോധനയിൽ വീട്ടിലെ പല ഭാഗങ്ങളിൽ നിന്നായി ആറോളം ക്യാമറകൾ കണ്ടെത്തി.

ബെഡ്റൂമിലെ ബൾബിനുളളിൽനിന്നും രണ്ടു ക്യാമറകളും ഹാങ്ങറിൽ നിന്നും രണ്ടെണ്ണവും കർട്ടനു പുറകിൽ നിന്നും കുളിമുറിയിൽ നിന്നും ഓരോന്നു വീതവുമാണ് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടികളുടെ മൊഴി എടുത്ത ശേഷമാണ് ഉടമസ്ഥൻ സമ്പത്തിനെ അറസ്റ്റ് ചെയ്തത്. ഇയാൾ അടിയ്ക്കടി വീട് പരിശോധിക്കുന്നതിനായി വരാറുണ്ടെന്ന് പെൺകുട്ടികൾ മൊഴി നൽകി.

അറ്റകുറ്റപ്പണികൾ ചെയ്യാനുണ്ടെന്ന വ്യാജേനയാണ് ഇയാൾ ഇവിടെയെത്തിയിരുന്നത്. ശരിയായ ദൃശ്യങ്ങൾ ലഭിക്കുന്നതുവരെ ഇയാൾ ക്യാമറകൾ മാറ്റി സ്ഥാപിച്ചിരുന്നതായും പറയുന്നു. അതേസമയം, ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തതിനുള്ള തെളിവുകളൊന്നും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടില്ല. ഐടി ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഓരോ മാസവും 5,500 രൂപയാണ് ഒരു പെൺകുട്ടിയിൽ നിന്നും വാടകയിനത്തിൽ ഈടാക്കിയിരുന്നത്. ഇതിനുപുറമെ  അഡ്വാൻസായി ഇവർ 20,000 രൂപയും നൽകിയിരുന്നു.