Thursday 23 April 2020 12:49 PM IST : By Shyama

പാർലറിൽ പോകാതെ വിഷമിച്ചിരിക്കുകയാണോ? ;ആന്റി-ഏജിങ്ങ് ട്രീറ്റ്മെന്റുകൾ വീട്ടിൽ ചെയ്യാം

wrinkle

കൈ കഴുകി കഴുകി ചുളിവുകൾ കൂടി, ടെൻഷനും ശ്രദ്ധയില്ലായ്മയും കൊണ്ട് തലമുടി ദേ മുടി നാര്‌ പോലെ ആയി വരുന്നു, കണ്ണിന് താഴെ കറുപ്പും കാൽപ്പാദം വിണ്ടുകീറലും... ലോക്ക്ഡൗണും ഇരട്ടിയായ ജോലിഭാരവും പാർലറിൽ പോക്കില്ലാതായതും ഒക്കെ കൂടി നിങ്ങളെ കൂടുതൽ പ്രായം തോന്നിക്കുന്നപരുവത്തിലാക്കിയിട്ടുണ്ടെന്ന് കണ്ണാടി നോക്കുമ്പോൾ തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ ഇതാ വീട്ടിൽ തന്നെ ചെയ്യാവുന്ന ആന്റി-ഏജിങ്ങ് ടിപ്സ്.

1. കൈയിലെ ചുളിവുകൾ മാറാൻ: -ധാരാളമായി വെള്ളം കുടിക്കുക. ഇതാണ് ചർമസംബന്ധമായ എന്ത് കാര്യത്തിന്റെയും ആദ്യ പടി.

-5 ബദാം തലേന്ന് വെള്ളത്തിലിട്ടു വെച്ചിട്ട് പിറ്റേന്ന് രാവിലെ കഴിക്കുന്നത് നല്ലതാണ്. ദിവസവും കഴിക്കാം.

-ഈ സമയത്ത് നമ്മൾ എല്ലാവരും ഇടയിക്കിടെ കൈ കഴുകുന്നുണ്ട്, സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ട്. ഇത് ചെറുപ്പക്കാരിൽ പോലും കൈയിൽ ചുളിവുകൾ കൂട്ടാനും കൈ വരണ്ടിരിക്കാനും കൈവെള്ളയിലെ തൊലി ചെറുതായി പോകാനും ഒക്കെ ഇടവരുത്തും. അതുകൊണ്ട് ഇടയ്ക്കിടെ കൈകളിൽ മൊയ്ച്വറൈസർ ഇടുക.

-ആഴ്ചയിൽ 2 ദിവസം അൽപം ഉഴുന്നരച്ച് കൈയിൽ പാക്ക് ആയിട്ടിട്ട് 10മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ചുളിവുകൾ കുറയും.

-തെങ്ങാപ്പാൽ/ തൈര് കൊണ്ട് ദിവസവും കൈകൾക്ക് മസ്സാജ് കൊടുക്കാം. ഇത് ചർമം മൃദുലമാക്കി വെക്കും.

-കരിക്കും കരിക്കിൻ വെള്ളവും അരച്ച് പാക്ക് ആക്കിയിടുന്നത് ചുളിവുകൾ കുറക്കാൻ നല്ലതാണ്.

2. ഉപ്പൂറ്റിയിലെ വിണ്ടുകീറൽ അകറ്റാൻ :

-വീട്ടിലും പുറത്തും ഗുണനിലവാരമുള്ള സോഫ്റ്റ്‌ ആയ ചെരുപ്പ് ധരിക്കുക എന്നതാണ് പ്രധാനം.

-രാവിലെ കുളി കഴിഞ്ഞും രാത്രി കിടക്കാൻ നേരവും കാലിൽ മൊയ്ച്വറൈസറിട്ട് കൊടുക്കുക.

-കാലിൽ വിള്ളലുള്ളിടത്ത് പപ്പായക്കറ പുരട്ടി രണ്ട് മണിക്കൂർ നേരം കഴിഞ്ഞ് ഉരച്ചു കഴുകുക. ആഴ്ചയിൽ മൂന്നു തവണ ചെയ്യാം.

-വിണ്ടുകീറൽ ഉള്ളിടത് മൈലാഞ്ചി അരച്ചിടുന്നതും നല്ലതാണ്.

3. ഐ ബാഗ്/ കൺതടങ്ങളിലെ കറുപ്പ് കുറക്കാൻ:

-വെള്ളരിയും ഉരുളക്കിഴങ്ങും സമം എടുത്ത് അൽപം തേങ്ങ വെള്ളം ചേർത്തരച്ച് പാക്ക് ആയി കണ്ണിനു മുകളിലിട്ടിട്ട്. 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം കൊണ്ട് കഴുകി കളയുക. ഐ ബാഗും കൺതടത്തിലെ കറുപ്പും കുറയും. ആഴ്ചയിൽ 3 തവണ ചെയ്യാം.

- ചായ ഉണ്ടാക്കി കഴിഞ്ഞ ശേഷം ടീ ബാഗ് തണുപ്പിച്ച് കണ്ണിനു മുകളിൽ വെക്കുന്നതും നല്ലതാണ്.

- കറ്റാർവാഴയുടെ കാമ്പും മുട്ടയുടെ വെള്ളയും നന്നായി അടിച്ചു പതപ്പിച്ച് അത് പാക്ക് ആയി കണ്ണിനു മീതെ ഇടുന്നത്‌ കണ്ണിനു താഴെയുള്ള കറുപ്പും ചുളിവുകളും മാറ്റും.

4. നെറ്റിയിലെ ചുളിവ് നീക്കാൻ :

-തേങ്ങാപ്പാൽ കുറുക്കിയെടുത്തുണ്ടാക്കുന്ന വെളിച്ചെണ്ണ നെറ്റിയിൽ പുരട്ടി മുകളിലേക്ക് മസ്സാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് പത്തു മിനിറ്റ് നേരം എല്ലാ ദിവസവും ചെയ്താൽ അത്രയും നല്ലത്.

-പനിനീരും ഗ്ലൈസറിനും ചേർത്ത് പുരട്ടുക. ചുളിവുകൾ കുറയും.

-പാഷൻ ഫ്രൂട്ടിന്റെ കാമ്പ് നെറ്റിയിൽ പാക്ക് ആയിട്ടിടാം. ചർമത്തിന് മുറുക്കം കിട്ടും.

5.കഴുത്തിലെയും താടിയിലെയും ചർമം തൂങ്ങുന്നത് മാറ്റം:

-ബദാം എണ്ണ പുരട്ടി മുകളിലേക്ക് മസ്സാജ് ചെയ്യുക. കുളിക്കും മുൻപോ മറ്റോ ദിവസവും ചെയ്യാവുന്നതാണ്.

-കട്ടിലിൽ തല മാത്രം താഴേക്ക് തൂക്കി മുഖം മുകളിലേക്ക് നോക്കുന്ന രീതിയിൽ 5-10മിനിറ്റ് നേരം കിടന്നാൽ ബ്ലഡ്‌ സർകുലേഷൻ കൂടി ചർമവും നന്നാകും, കഴുത്തിലെയും താടിയിലെയും ചർമവും ടൈറ്റാകും.

6.ചുണ്ട് വരണ്ട് പൊട്ടുന്നതും കരുവാളിപ്പും അകറ്റാൻ:

-പനിനീരും ഗ്ലൈസറിനും തുല്യമെടുത്ത്‌ ചുണ്ടിൽ പുരട്ടി കൊടുക്കാം. ദിവസത്തിൽ പല തവണ ചെയ്യാം. ചുണ്ടുകൾ മൃദുലമാകും.

-വൈറ്റമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ച് ചുണ്ടിൽ തേക്കുന്നത്‌ ചുണ്ടിന് മോയ്‌സ്‌ച്വറൈസേഷൻ കിട്ടാൻ നല്ലതാണ്. കരുവാളിപ്പും മാറും.

- ഇടയ്ക്കിടെ വെണ്ണ പുരട്ടുന്നതും വളരെ നല്ലതാണ്.

-ചുണ്ടിലെ വരണ്ട ചർമപാളികൾ കളയാൻ പഞ്ചസാരയും നാരങ്ങ നീരും ചേർത്ത് പലതവണ ചുണ്ടിലിടുക വെള്ളത്തിൽ കഴുകി കളയുക. മൂന്ന് ദിവസം കഴിഞ്ഞ് നനഞ്ഞ ടവൽ കൊണ്ട് സ്ക്രബ്ബ്‌ ചെയ്യ്യും പോലെ തുടച്ച് കളഞ്ഞാൽ മൃതകോശങ്ങൾ നീങ്ങി വൃത്തിയായി കിട്ടും.

ആഴ്ചയിലൊരിക്കലോ രണ്ട് ആഴ്ച കൂടുമ്പോഴോ ചെയ്യാം.

7.മുടി ആരോഗ്യം ക്ഷയിച്ച് നാരുപോലെ ആകുന്നത് മാറ്റാൻ:

-വൈറ്റമിൻ കുറവ് കൊണ്ടാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. മുട്ടയുടെ വെള്ളയും കറ്റാർവാഴയുടെ ജെല്ലും ചേർത്ത് പാക്ക് ആയി തലയിലിട്ട് ഒരു മണിക്കൂർ വെച്ച ശേഷം കഴുകിയാൽ മുടിക്ക് കരുത്ത്‌ കിട്ടും.

-കട്ടിയുള്ള തേങ്ങാപ്പാൽ തലയിൽ തേച്ചു നന്നായി മസ്സാജ് ചെയ്തിട്ട്, 30-60മിനിറ്റ് നേരം വെച്ചിട്ട് കഴുകി കളയുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മൈൽഡ് ഷാംപൂ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

-സവാള നീര് തേച്ചു പിടിപ്പിച്ചിട്ട് മൈൽഡ് ഷാംപൂ ഇട്ട് തല കഴുകാം.ഇത് മുടി വളരാൻ നല്ലതാണ്.

-രാവിലെ എഴുന്നേൽക്കുമ്പോൾ ദിവസവും 3നെല്ലിക്കയുടെ ജ്യൂസ്‌ കുടിക്കുന്നത് മുടിയുടെ കരുത്ത്‌ കൂട്ടാൻ സഹായിക്കും.