Friday 22 October 2021 03:41 PM IST

‘മകൾ മരണം മുന്നിൽ കണ്ടിരുന്നപ്പോൾ പ്രാർഥിക്കാനേ ആ അച്ഛന് കഴിഞ്ഞുള്ളൂ’: വേദനയുടെ നാളുകൾ, ധന്യ അനുഭവിച്ചത്

V R Jyothish

Chief Sub Editor

dhanya-life

ധന്യയെ നോക്കൂ. എത്ര നിഷ്കളങ്കമാണ് അവളുടെ പുഞ്ചിരി. എന്തുമാത്രം പോസിറ്റീവാണ് അവളുടെ സമീപനം, എത്ര ധൈര്യത്തോടെയാണ് അവൾ രോഗത്തോടു പോരാടുന്നത്. കളങ്കമില്ലാത്ത, പരിശുദ്ധമായ അവളുടെ ഹൃദയവികാരങ്ങളെക്കുറിച്ചറിയുമ്പോൾ സ്നേഹം തോന്നുന്നു...’

കരീന കപൂർ‍ വെറുംവാക്ക് പറഞ്ഞതല്ല. അരമണിക്കൂ ർ ധന്യയോടു സംസാരിച്ചാൽ അത് ബോധ്യമാകം. ഓരോ വാചകവും ധന്യ അവസാനിപ്പിക്കുന്നത് ഓരോ ചിരിയിലാണ്. കണ്ണുകൾ അസാധാരണമായി തിളങ്ങും. പ്രതീക്ഷയുടെ മിന്നലാട്ടമുണ്ട് ഓരോ നോട്ടത്തിലും. സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ച അഭിപ്രായം ധന്യ സോജനെ ഉയർത്തിയത് ‘ആൻ ഇന്ത്യൻ സ്പെഷൽ ബ്രൈഡ്’ ടാ ഗ് ലൈനിലേക്ക്. അങ്ങനെ ധന്യ സോജനെ എല്ലാവരുമറിഞ്ഞു.

എന്നാൽ ധന്യ എന്ന ഇരുപത്തിയൊന്നുകാരിയുടെ ജീവിതത്തിനു പിന്നിൽ അറിയപ്പെടാത്തൊരു വിജയകഥയുണ്ട്; ദൈവത്തിന്റെ പ ദ്ധതികളിൽപ്പെട്ട കഥയാണത്. പ്രാർഥനയും പരിഭവവും പ്രതീക്ഷയും അദ്ഭുതവുമൊക്കെയുള്ള ജീവിതം. അസാധാരണമായി ദൈവം ഇടപെടുകയും പലപ്പോഴും പിൻവാങ്ങുകയും ചെയ്യുന്ന അനുഭവങ്ങൾ.

വിമലാ പബ്ലിക് സ്കൂളിലെ ‘സംഭവം’

പാലാ കടനാട് പാണ്ടിയാംമാക്കൽ സോജൻ ജോസഫ് വിവാഹശേഷമാണ് തൊടുപുഴയിലെത്തിയത്. ഇതിനിടയിൽ പല ജോലികൾ ചെയ്തു. ജീവിതത്തിൽ സമ്പന്നനായില്ലെങ്കിലും സോജൻ– ഷാന്റി ദമ്പതികളെ നാലു മക്കളെ നൽകി ദൈവം അനുഗ്രഹിച്ചു. നാലു പേരെയും നന്നായി പഠിപ്പിക്കാൻ ആഗ്രഹിച്ചു. മൂത്തമകൾ ദിവ്യ വീസാ കൺസൽറ്റൻസി ഏജൻസിയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ സെബാസ്റ്റ്യന് ടിസിഎസ്സിൽ ജോലി. മൂന്നാമത്തെ ആളാണു ധന്യ. ഇളയമകൻ അഗസ്റ്റ്യൻ ഒൻപതാം ക്ലാസിൽ.

തൊടുപുഴ വിമലാ പബ്ലിക് സ്കൂളിലായിരുന്നു ധന്യയുടെ സ്കൂൾ വിദ്യാഭ്യാസം. അന്നേ നല്ല ഉയരക്കാരി. പിന്നെ, തീരെ മെലിഞ്ഞ കുട്ടിയായതുകൊണ്ട് ധന്യ ഡാൻസിനൊന്നും നിൽക്കരുതെന്നും അതൊന്നും കണ്ടുനിൽക്കാനുള്ള ശേഷിയില്ലെന്നും പറഞ്ഞ് പലരും കളിയാക്കും. അങ്ങനെ ഡാൻസ് ഉപേക്ഷിച്ച് ഫാൻസി ഡ്രസ്സിലേക്കു ചുവടുമാറി. ബാർബിഗേളായും മണിച്ചിത്രത്താഴിലെ നാഗവല്ലിയായും ഭിക്ഷക്കാരിയായുമൊക്കെ അരങ്ങു കീഴടക്കി. ആത്മവിശ്വാസത്തോടെ സ്പോർട്സിലും ഒരുകൈ നോക്കി. പത്താംക്ലാസിൽ പഠിക്കുമ്പോൾ 173 സെന്റിമീറ്റർ ഉയരക്കാരി സ്കൂളിലെ ബാസ്കറ്റ്ബോൾ ടീമിലെ നെടുംതൂണായി. ഓട്ടക്കാരിയായി. അങ്ങനെയങ്ങനെ വിമല പബ്ലിക് സ്കൂളിലെ ‘സംഭവ’മായിരുന്നു ധന്യ സോജൻ.

‘‘എനിക്ക് കുറച്ചു ‘മൂങ്ങ’സ്വഭാവമുണ്ട്. പഠിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ പകലാണ് ഉറക്കം. രാത്രി എട്ടു മണിക്ക് ഉണരും. പിന്നെ, പുലർച്ച ആറുമണി വരെ പഠിക്കും. അതു വളരെ നല്ല സമയമാണ്. അക്കാലത്തെല്ലാം ഞാൻ കാണുന്നൊരു കാഴ്ചയുണ്ട്. പുലർച്ച മൂന്നരയാകുമ്പോൾ അപ്പൻ ഉണരും. നാലുമണിക്ക് അദ്ദേഹം കട തുറക്കാൻ പോകും. തൊടുപുഴയിൽ പാൽ വിതരണകേന്ദ്രമാണ്. മഴയായാലും മഞ്ഞായാലും ഇതാണു പതിവ്. അതു കാണുമ്പോൾ സങ്കടമാകും. ലോകം ഉറങ്ങുമ്പോൾ കുറച്ചു േപർ മാത്രം ഉറങ്ങാതിരിക്കുന്നു. അന്നേ തോന്നിയതാണ് നല്ലൊരു ജോലി സമ്പാദിക്കണം. അപ്പനെ സഹായിക്കണം. എന്റെ അപ്പൻ ദരിദ്രനാണ്. എന്നാൽ മുകളിലിരിക്കുന്നവൻ സമ്പന്നനാണ്. ഞാൻ അവന്റെ മുന്നിൽ കൈനീട്ടും, പ്രാർഥിക്കും. സഹായിക്കണം....’’

മുതലക്കൊടം സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന കാലത്ത് ടെലിവിഷനിലെ സഞ്ചാര പരിപാടികൾ കാണുന്നതായിരുന്നു ഇഷ്ടം. അങ്ങനെയാണ് വിദേശ ജോലി എന്ന സ്വപ്നവും ധന്യയുടെ മനസ്സിൽ നിറയുന്നത്.

dhanya-2

താബോർ മാതാവിന്റെ സന്നിധിയിൽ

കുട്ടിക്കാലത്തേയുണ്ടായിരുന്നു ബൈബിൾ പഠനം. ൈദവവുമായി അങ്ങനെയൊരു അടുപ്പം. പഠനകാലത്ത് ഏഴുമുട്ടം താബോർ മാതാവിന്റെ പള്ളിയിൽ ഏഴുദിവസം ധ്യാനം കൂടി. അതൊരു നിമിത്തമായി. ൈദവത്തിലേക്കുള്ള വഴിതുറക്കലായി. താബോർ റിട്രീറ്റ് സെന്ററിലെ ജോർജിയച്ചന്റെ ആശീർവാദത്തോടെ അവിടെ ശുശ്രൂഷയ്ക്കു ചേർന്നു. പ ഠനം കഴിഞ്ഞുള്ള സമയം ധന്യ പള്ളിയിലെത്തി. ധ്യാനത്തിനു വരുന്നവർക്ക് സഹായിയായി.

പിന്നീട് ധന്യയുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അദ്ഭുതങ്ങളായിരുന്നു. വിദേശത്തു പോകാനുള്ള വഴികൾ ഒന്നൊന്നായി തുറന്നു.

‘എന്റെ അവസ്ഥ അറിഞ്ഞ് കുറേ മാലാഖമാർ പറന്നെത്തി. അവർ എനിക്കു വേണ്ട സഹായങ്ങളൊക്കെ ചെയ്തു. ഞാ‍ൻ താബോർ മാതാവിന്റെ മുന്നിൽ അനുഭവസാക്ഷ്യം പറഞ്ഞു. അതിനു നാലു ദിവസത്തിനു ശേഷം കാനഡയിലെ ഒന്റാറിയോ വിമാനത്താവളത്തിൽ പറന്നിറങ്ങി...’ ധന്യയുടെ വാക്കുകൾ.

ടൊറന്റോയ്ക്കടുത്ത് കാംബ്രിയൻ കോളജ് ഓഫ് ആർട്സ് ആന്‍ഡ് ടെക്നോളജിയിൽ ജനറൽ ബിസിനസ്സിൽ രണ്ടുവർഷത്തെ കോഴ്സിനു ധന്യ ചേർന്നു.

കാനഡയിലിറങ്ങിയപ്പോൾ ധന്യയ്ക്ക് ഒരുകാര്യം ബോധ്യപ്പെട്ടു. വിചാരിച്ചതുപോലെ എളുപ്പമല്ല കാര്യങ്ങൾ. പഠനത്തിനും ചെലവിനും വൻതുക ആവശ്യമുണ്ട്. വീട്ടിൽ നിന്നു പണം വരാനില്ല. മലയാളികളുടെ സഹായത്തോടെ നഗരത്തിനുപുറത്തുള്ള ഒരിടത്ത് താമസസ്ഥലവും പാ‍ർട് ‍ ടൈം ജോലിയും കണ്ടെത്തി. ആദ്യമൊരു പഞ്ചാബി റസ്റ്ററന്റിൽ. പിന്നെയൊരു ബേക്കറിയിൽ.

ഓരോ സെമസ്റ്ററിനും നാലുലക്ഷത്തോളം ഫീസ് വ രും. പിന്നെ, ജീവിതചെലവും. കഠിനമായി അധ്വാനിക്കുകയല്ലാതെ വേറെ വഴികളില്ല.

dhanya-ad-1

കാനഡയിലെ സ്നേഹിതർ

ഇതിനിടയിൽ ജോലി സമയം കൂട്ടി. മാസ്ക് നിർമാണഫാക്റ്ററിയിലും ജോലി നോക്കി. കൊറോണയുടെ വരവോടെ ക്ലീനിങ്‌ രംഗത്ത് തൊഴിലവസരങ്ങളുണ്ടായി. ധന്യ പറയുന്നു; ‘അങ്ങനെ ചെയ്യാത്ത ജോലികളില്ല.’

എങ്കിലും ധന്യ സന്തോഷവതിയായിരുന്നു. അങ്ങനെ രണ്ടു സെമസ്റ്റർ കടന്നുപോയി. പെട്ടെന്ന് എപ്പോഴോ ദൈവത്തിന്റെ ഇടപെടൽ. ചെറിയ രോഗലക്ഷണങ്ങളായിരുന്നു തുടക്കം. ശ്വാസംമുട്ടൽ, കാലിൽ നീര്, നിർത്താതെയുള്ള ചുമ. ന്യുമോണിയ എന്നാണ് ആദ്യം ഡോക്ടർമാർ പറഞ്ഞത്. പിന്നീട് ഞെട്ടിപ്പിക്കുന്ന ആ ദുരന്തം ബോധ്യപ്പെട്ടു. രോഗം ഗുരുതരമാണ്. ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിലേക്കു ചുരുക്കുന്ന കൺജസ്റ്റീവ് ഹാർട്ട് ഡിസോഡർ. ഹൃദയം മാറ്റിവയ്ക്കലല്ലാതെ മറ്റൊരു പോംവഴിയില്ല.

കാനഡയിലെ ചികിത്സാചെലവുകൾ ഭീമമാണ്. പ്രത്യേകിച്ചും ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വിദ്യാർഥിക്ക്. അതുകൊണ്ട് ആശുപത്രിക്ക് ധന്യ ബാധ്യതയായി. എന്നാൽ കാനഡയിലുള്ള സ്നേഹസമ്പന്നരായ മലയാളികൾ ഈ പെൺകുട്ടിയെ ഏറ്റെടുത്തു. മലയാളി അസോസിയേഷൻ ഭാരവാഹികളായ സാബുവും ആനിയും േബബിയും െജൻസിയും ശ്രീലക്ഷ്മിയും ശരത്തും പിന്നെ, കുറേ മലയാളികളും ധന്യയ്ക്കു രക്ഷകരായി.

ഇതിനിടയിൽ ധന്യയുടെ കഥ കാന‍ഡയിലെ ചില വാർത്താ ചാനലുകൾ സംപ്രേക്ഷണം െചയ്തു. ഒരു മലയാളി പെൺകുട്ടി ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ്. അതു കണ്ട് ചിലർ ആശുപത്രിയിലെത്തി. ഏകദേശം ആറുമാസത്തെ ആശുപത്രിവാസത്തിനുശേഷം ധന്യ നാട്ടിലെത്തി. വിമാനത്താവളത്തിൽ നിന്ന് എറണാകുളം ലിസി ആ ശുപത്രിയിലേക്ക്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ ദൈവതുല്യമായ സാന്നിധ്യത്തിലേക്ക്.

തുഴ പോയ തോണി പോലെ

അന്യരാജ്യത്ത് പ്രിയപ്പെട്ട മകൾ ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ തൊടുപുഴയിലെ വീട്ടിലിരുന്ന് പ്രാർഥിക്കാനേ സോജനും കുടുംബത്തിനും കഴിഞ്ഞുള്ളൂ. ആ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. എന്നാൽ ദൈവം തന്റെ പരീക്ഷണങ്ങൾ തുടർന്നു. േനരിയ പനിയുമായി ആശുപത്രിയിലെത്തിയ ധന്യയുടെ അമ്മ ഷാന്റിക്ക് അർബുദമാണെന്നു തിരിച്ചറിഞ്ഞു. അന്യരാജ്യത്ത് മകൾ മരണത്തോടു മല്ലിട്ടു കിടന്നപ്പോൾ ഇവിടെ അർബുദബാധിതയായി കിടപ്പിലായ അമ്മ മകൾക്കുവേണ്ടി പ്രാർഥിക്കുകയായിരുന്നു.

ഒരുവശത്ത് മകളുടെ ജീവനും കൊണ്ട് നിലയില്ലാക്കയങ്ങളിലേക്ക് അകന്നകന്നു പോകുന്ന തോണി. മറുവശത്ത് രോഗക്കിടക്കയിലായ ഭാര്യ. ആരുമറിയാതെ ആ കുടുംബം ദൈവത്തിനു മുന്നിൽ നിസ്സഹായതയോടെ നിലവിളിക്കുകയായിരുന്നു.

വർഷങ്ങളായി കൊണ്ടുനടക്കുന്ന കൊന്തയുണ്ട് ധന്യയുടെ കയ്യിൽ. അപൂർവം സന്ദർഭങ്ങളിൽ മാത്രം പുറത്തെടുത്ത് മുറുകെപ്പിടിച്ച് കരഞ്ഞു പ്രാർഥിക്കാൻ. ആ പ്രാ‍ർഥനകൾ ഒരിക്കലും വിഫലമായിട്ടില്ലെന്ന് ധന്യയുടെ സാക്ഷ്യം. തന്റെ രോഗത്തെക്കാളേറെ ധന്യ പ്രാർഥിച്ചത് അമ്മയുടെ ആയുസ്സിനുവേണ്ടി. അത് ൈദവം കേട്ടിരിക്കണം. ഷാന്റി ജീവിതത്തിലേക്കു തിരിച്ചു വന്നു.

ധന്യ ഒരിക്കലും നിരാശപ്പെട്ടില്ല. ഐസിയുവിൽ കിടന്നുകൊണ്ടു പോലും വിഡിയോകൾ ചെയ്തു. ഇൻസ്റ്റഗ്രാമിൽ അതു പങ്കുവച്ചു.

മരുന്നിന്റെയും മയക്കത്തിന്റെയും മടുപ്പിക്കുന്ന വീട്ടുദിവസങ്ങളിലൊന്നിലാണ് മലബാർ ഗോൾഡിന്റെ പരസ്യം ധന്യയുെട ശ്രദ്ധയിൽപ്പെടുന്നത്. മനോഹരമായ ആ പരസ്യത്തിലെ മണവാട്ടിയെപ്പോലെ ഒരു ദിവസമെങ്കിലും അണിഞ്ഞൊരുങ്ങാൻ ധന്യ വെറുതെ മോഹിച്ചു. ആ മോഹം ഇൻസ്റ്റഗ്രാമിൽ അഭിപ്രായമായി കുറിച്ചു. ‘ഞാ നും ആഗ്രഹിച്ചുപോകുന്നു ഇങ്ങനെ അണിഞ്ഞൊരുങ്ങിയിരിക്കാൻ.’ ധന്യയുടെ വാക്കുകൾ.

ആ കുറിപ്പ് മലബാർ ഗോൾഡിന്റെ സോഷ്യൽമീഡിയവിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അവർ ഫോട്ടോഷൂട്ടിനു വിളിച്ചു. ആഭരണങ്ങൾ അണിയിച്ചു. അങ്ങനെ ധന്യ രാജകുമാരിയായി.

മലബാർ ഗോൾഡിന്റെ പരസ്യത്തിൽ അഭിനയിക്കുമ്പോൾ ധന്യ ഒരുനിമിഷം ഓർത്തു. പണ്ട് അപ്പനോടും അ മ്മയോടുമൊപ്പം ജ്വല്ലറിയിൽ പോയതാണ്. കാതു കുത്താനായിരുന്നു അത്. അതിനുശേഷം ഇന്നോളം ഒരു ജ്വല്ലറിയിലും ധന്യ പോയിട്ടില്ല. ‘ദൈവം സ്ത്രീകളെ സൃഷ്ടിച്ചപ്പോൾ ഇത്തിരി ആഭരണഭ്രമം കൂടി കൊടുത്തിട്ടുണ്ടാകുംഅല്ലേ...’ ധന്യ ചിരിക്കുന്നു.

‘‘ഷൂട്ടിങ്ങിനിടയിൽ മലബാർ ഗോൾഡിന്റെ ഡയറക്ടർ അഹമ്മദിക്ക വിളിച്ചു സംസാരിച്ചു. അതു വലിയ സന്തോഷമായിരുന്നു. ആദ്യമായാണ് ഒരു ജ്വല്ലറി ഉടമയോടു സംസാരിക്കുന്നത്.’’ ധന്യ ഒരുനിമിഷം നിശബ്ദയായി. പിന്നെ പറഞ്ഞു; ‘‘നിങ്ങൾ നിത്യരോഗിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഏതായിരിക്കും എന്നറിയാമോ? ഒരു ദിവസമെങ്കിലും രോഗിയാണെന്ന ചിന്തയില്ലാതെ ജീവിക്കുക. മലബാർ ഗോൾഡിന്റെ ഫോട്ടോഷൂട്ട് ദിവസം ഞാൻ എന്റെ രോഗം മറന്നു.’’

ധന്യയുടെ സ്വപ്നങ്ങൾ അവസാനിക്കുന്നില്ല. ഹൃദയത്തിന്റെ പ്രവർത്തനം 50 ശതമാനമെങ്കിലുമെത്തണം. അല്ലെങ്കിൽ ഹൃദയം മാറ്റിവയ്ക്കേണ്ടിവരും. അത് അത്ര എളുപ്പമല്ല. ഹൃദയത്തിനിപ്പോൾ 38 ശതമാനം പ്രവർത്തനമുണ്ടെന്ന് ആശുപത്രി റിപ്പോർട്ട്. അതൊരു നല്ല സൂചനയാണ്.

രോഗാവസ്ഥയിലും ധന്യ കോഴ്സ് പൂർത്തിയാക്കി. കാനഡയിൽ ഇനി സ്ഥിരജോലിക്ക് അപേക്ഷിക്കാം. മുഖത്ത് എപ്പോഴും ആ ചിരിയുണ്ട്. ശുഭപ്രതീക്ഷയുണ്ട്. അതുകൊണ്ടാണ് അടുത്ത വർഷം കാനഡയ്ക്കു തിരിച്ചുപോകാനുള്ള വിമാനടിക്കറ്റ് ധന്യ ഇപ്പോഴേ എടുത്തു വച്ചിട്ടുള്ളത്.

വി.ആർ. ജ്യോതിഷ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ