Friday 08 May 2020 03:58 PM IST : By Shyama

ചൂട് കാലത്തിൽ നിന്നും ശരീരരത്തെ രക്ഷിക്കാം; അമിതചിലവുകളില്ലാതെയിതാ ഒരു കൂൾ ഡയറ്റ്

drimnk

ചൂടുകാലമാണ് ആകവും പുറവും ഒരുപോലെ പോള്ളും കാലം. ഈ സമയത്ത് ചൂട് കുറയ്ക്കാൻ നമുക്ക് ഡയറ്റിൽ വരുത്താവുന്ന ചില മാറ്റങ്ങളുണ്ട്. ഡയറ്റിൽ മാറ്റം വരുത്തുന്നതിനൊക്കെ വലിയ ചിലവല്ലേ എന്നോർത്ത് പിൻതിരിയാനാണോ ഭാവം? നമ്മുടെ നാട്ടിൽ തന്നെ കിട്ടുന്ന കഴുത്തറുപ്പൻ വിലയില്ലാത്ത സാധങ്ങൾ കൊണ്ടാണ് ഈ ഡയറ് എങ്കിലോ? അപ്പൊ ഒന്ന് നോക്കി കളയാം അല്ലേ ...?

- ശരീരം തണുപ്പിക്കാനുള്ള ആദ്യപടി നന്നായി വെള്ളം കുടിക്കുക എന്നുള്ളതാണ്. 12 ഗ്ലാസ്‌ വെള്ളം നിർബന്ധമായി ശരീരത്തിലെത്തണം. വെള്ളം തന്നെ കുടിക്കാൻ മടിയുള്ളവർക്ക് മോരുംവെള്ളം, നാരങ്ങ വെള്ളം (അൽപം ഉപ്പും പഞ്ചസാരയും ഇട്ടത്) എന്നിവ എളുപ്പത്തിൽ ഉണ്ടാക്കി കുടിക്കാവുന്നതാണ്.

- സാലഡുകൾ ധരാളമായി കഴിക്കാനുള്ള സമയമാണിത്. നമ്മുടെ വീട്ടിലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ഒക്കെ കൊണ്ട് തന്നെ പലതരം സാലഡുകൾ ഉണ്ടാക്കാം. വെള്ളരി, കാബേജ്, സവാള, തക്കളി ഇത്രയും അരിഞ്ഞ് അതിലേക്ക് അൽപം ഉപ്പും നാരങ്ങ നീരും വേണമെങ്കിൽ അൽപം കുരുമുളക് ചതച്ചതോ പൊടിച്ചതോ ഇട്ട് ഇളക്കിയെടുത്താൽ തന്നെ നല്ലൊരു സാലഡ് ആയി. ചോറോ ചപ്പാത്തിയോ ഒക്കെ കഴിക്കും മുൻപേ ഒരു കപ്പ്‌ സാലഡ് കഴിച്ചിട്ട് പ്രധാനഭക്ഷണം കഴിച്ച് തുടങ്ങുന്നത് ഈ വേനൽ കാലത്ത് ശീലമാക്കാം. ഇത് കുട്ടികൾ തൊട്ട് വയസായവർക്ക് വരെ ശീലിക്കാവുന്നതാണ്.

- തണ്ണിമത്തൻ, മുന്തിരി, പൊട്ട് വെള്ളരി ഇതൊക്ക ശരീരത്തിന് നല്ല തണുപ്പ് തരുന്നവയാണ്. ഇവ കിട്ടുന്നതിനനുസരിച്ച് മാറി മാറി കഴിക്കാം. വീട്ടിൽ വിളയുന്ന ചാമ്പയ്‌ക്ക പോലുള്ളവും വെറുതെ കളയണ്ട...

- ബർഗർ, പിസ പോലുള്ള ജങ്ക് ഫുഡ് ഒക്കെ ഒഴിവാക്കുക. അതിനു പകരം മുളപ്പിച്ച ധാന്യങ്ങൾ അങ്ങനെ തന്നെയോ അല്ലെങ്കിൽ അവ കൊണ്ട് കട്ലറ്റ് ഉണ്ടാക്കിയോ കഴിക്കാം. ബനാന കട്ലറ്റ്, റവയും റാഗിയും കൊണ്ടുള്ള പലഹാരങ്ങൾ ഒക്കെ പകരം ഉപയോഗിക്കാം.

- ഇറച്ചിയുടെ കാര്യത്തിൽ റെഡ് മീറ്റ് തീർത്തും ഒഴിവാക്കണം. അത്‌ ശരീരത്തെ ചൂടാക്കും. താറാവ്, പോർക്ക്‌ എന്നിവ കഴിക്കാം. കോഴിയിറച്ചിയും ശരീരത്തെ ചൂടാക്കുന്ന ഒന്നാണ്.

- ഉപ്പിന്റെ ഉപയോഗം നന്നേ കുറയ്ക്കുക. അച്ചാർ, പപ്പടം, ഉപ്പിലിട്ടത്, കൊണ്ടാട്ടം എന്നിവയുടെ ഉപയോഗം കുറക്കണം. ഉണക്കമീൻ, ഉണക്കച്ചെമ്മീൻ എന്നിവയും കഴിവതും കുറക്കുക. ഇത് കേട്ട് ഉപ്പ് തീർത്തും ഒഴിവാക്കുകയും അരുത്. ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.

- നാരങ്ങ വെള്ളം, ഓറഞ്ച് ജ്യൂസ്‌ എന്നിവ ചായ/കാപ്പി എന്നിവയ്ക്ക് പകരം കുടിക്കാം. ചായയും കാപ്പിയും ശരീരതാപം കൂട്ടും.കുട്ടികൾ ദിവസവും 2 ഗ്ലാസ്‌ നാരങ്ങ വെള്ളം കുടിക്കുന്നത് അത്രയും നല്ലത്.

- കഴിവതും മുളക് കുറച്ചിട്ട് കുരുമുളക് പൊടി ഇടുക. പൊതുവെ വേനൽ കാലത്ത് അമിത എരിവും മസാലയും ചേർത്ത ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. ആവശ്യത്തിന് മാത്രം മതി.

- മയോനൈസ്, സോസ് ഒക്കെ പുറത്ത് നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കുക.

- വയസായവരും കുട്ടികളും അടക്കം ധാരാളം പേർ ഇപ്പോൾ വയറെരിച്ചിൽ/ വയറു പുകച്ചിൽ കാരണം ആശുപത്രിയിൽ വരുന്നു. അവർ കുമ്പളങ്ങ വേവിച്ചു കഴിക്കുക. പാലിൽ ഉള്ളിയിട്ട് തിളപ്പിച്ച് അതും കുടിക്കാവുന്നതാണ്. നുറുക് ഗോതമ്പ് പായസം അൽപം ചുക്ക് ഒക്കെ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.

കടപ്പാട്: അൽഫോൻസ പ്രഭ സോളമൻ,

ഡയറ്റിഷ്യൻ,

ഇന്ദിരഗാന്ധി കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കടവന്ത്ര.

Tags:
  • Spotlight