Wednesday 10 November 2021 01:00 PM IST : By സ്വന്തം ലേഖകൻ

പുറത്തെടുത്തപ്പോഴും ജീവന്റെ തുടിപ്പ്... വെട്ടിത്തിരിക്കാൻ പോലും സമയം കിട്ടിയില്ല: കണ്ടു നിന്നവർ പറയുന്നു ആ കണ്ണീർ കാഴ്ച

accident-gurunagar

ആളെ ഇറക്കാനായി ബസ് ബ്രേക്ക് ചെയ്യുമ്പോൾ നിയന്ത്രണം വിട്ട സ്കൂട്ടർ ബസിനടിയിൽ ഇടിച്ചു കയറി അച്ഛനും അഞ്ചു വയസ്സുള്ള മകനും മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ . സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി നോക്കുന്ന രാജേഷ് എസ്. മേനോൻ ഭാര്യ സുചിതയും മകൻ ഋത്വിക്കുമായി സ്കൂട്ടറിൽ കിളിമാനൂരിലേക്കു പോകുമ്പോഴാണ് അപകടം. ഇൻഫോസിസിനു സമീപം സ്ഥാപിച്ചിട്ടുള്ള സിഗ്നലിൽ പച്ച ലൈറ്റ് കത്തിയതോടെ സ്കൂട്ടർ മുന്നോട്ട് എടുത്ത രാജേഷ് ഏതാണ്ട് 200 മീറ്റർ പോകുമ്പോഴാണ് കെഎസ്ആർടിസി ബസ് ഗുരുനഗറിൽ ആളിനെ ഇറക്കാനായി പെട്ടെന്ന് ബ്രേക്ക് ചെയ്തത്.

ഇതറിയാതെ സാമാന്യ വേഗത്തിൽ പോയ രാജേഷ് സ്കൂട്ടർ വെട്ടിതിരിക്കാൻ ശ്രമിക്കുന്നതിനു മുൻപു തന്നെ ബസിന്റെ പിന്നിൽ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ സുചിത റോഡിൽ തെറിച്ചു വീണു. രാജേഷും മകനും സ്കൂട്ടറിനോടൊപ്പം ബസിനടിയിലായി. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് ബസിന്റെ പിൻഭാഗം ഉയർത്തി ഇരുവരെയും പുറത്തെടുത്തു. അപ്പോഴും ജീവന്റെ തുടിപ്പുണ്ടായിരുന്ന അച്ഛനും മകനും ഒന്നും സംഭവിക്കരുതേ എന്ന പ്രാർഥനയോടെ നാട്ടുകാർ അതുവഴി പോയ ആംബുലൻസിൽ ആക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കു സാരമായ പരുക്കേറ്റ ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

പൊതുവേ അപകട സാധ്യത കൂടിയ മേഖലയാണ് ഗുരുനഗർ. വർഷങ്ങൾക്കു മുൻപ് സ്കൂട്ടറിൽ യാത്ര ചെയ്ത ഒരു കുടുംബത്തിലെ മൂന്നുപേർ ഇവിടെ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. നിരവധി ബൈക്കു യാത്രികരും ഇൗ ഭാഗത്ത് അപകടത്തിൽ പെട്ടിട്ടുണ്ട്. ബൈപാസിലെ ചെറിയ വളവും വാഹനങ്ങളുടെ അമിത വേഗവും ആണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കുന്നത്. ഗുരുനഗറിൽ ബസ് സ്റ്റോപ്പ് ഉണ്ടെന്ന മുന്നറിയിപ്പു ബോർഡും സ്ഥാപിച്ചിട്ടില്ല.

More