Thursday 22 November 2018 12:06 PM IST

ഒരേ അവസ്ഥയിൽ രണ്ടുപേർ, പതിയെ അവരുടെ വേദന പ്രണയത്തിനു വഴിമാറി..

Lakshmi Premkumar

Sub Editor

geo-jas1 ഫോട്ടോ: ശ്യാംബാബു

ഐസിയുവിന്റെ തണുത്തുറഞ്ഞ മുറിയിൽ കിടക്കുമ്പോഴാണ് ജോർജ് ആദ്യമായി ജാസ്മിനോട് സംസാരിക്കുന്നത്. ‍‍ഹൃദയത്തിന്റെ കാതാൽ മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ജോർജ് പറഞ്ഞു. ‘പെണ്ണേ, എനിക്ക് നിന്നെ ഇഷ്ടമാണ്.’ പറയാനുദ്ദേശിച്ചത് അങ്ങനെയായിരുന്നെങ്കിലും പ്രണയം വാക്കായി വിരിഞ്ഞത് പിന്നെയും മാസങ്ങൾക്ക് ശേഷമെന്ന് ജോർജ്. രണ്ട് അപകടങ്ങളിലായി നട്ടെല്ലിനു ക്ഷതമേറ്റ് നിവർന്ന് നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിപ്പോയവരാണ് ജോർജും ജാസ്മിനും. ചികിത്സയുടെ ഭാഗമായാണ് ഇരുവരും  മധ്യതിരുവിതാംകൂറിലെ ഒരു ആശുപത്രിയിൽ എത്തുന്നത്. അടുത്തടുത്ത ബെഡ്ഡുകളിൽ പരസ്പരം നോക്കിയിരിക്കെ വേദനയുടെ മുള്ളുകൾ കൊഴിഞ്ഞു പോകുന്നതു പോലെ അവർക്കു തോന്നിയിരിക്കാം. ഒരേ അവസ്ഥ അനുഭവിക്കുന്ന രണ്ടുപേർ എന്നതിനപ്പുറം എന്തോ ഒന്ന് തങ്ങൾക്കിടയിൽ ഉണ്ടെന്ന് അവർക്കിരുവർക്കും തോന്നി. തണുപ്പും ആശുപത്രി മണവും നിറഞ്ഞ ആ രാത്രിയിൽ ജോർജ്  ജാസ്മിനോടു ജീവിതം നെടുകെ പിളർന്ന ആ ദിവസത്തെക്കുറിച്ച് പറഞ്ഞു.

2005 സെപ്റ്റംബർ 30

‘തിരുവനന്തപുരമാണ് എന്റെ നാട്. ബി കോം രണ്ടാം വർഷം പഠിക്കുമ്പോൾ തന്നെ സ്വപ്നങ്ങൾ ഒരുപാടുണ്ടായിരുന്നു.  ബികോം കഴിഞ്ഞ് എംബിഎ എടുക്കണം എന്നതായിരുന്നു പ്രധാനമോഹം. അച്ഛന് വിദേശത്താണ് ജോലി. ഞാനാണ് വീട്ടിലെ മൂത്ത മകൻ. അതു കൊണ്ടു തന്നെ അച്ഛനെപ്പോലെ വിദേശത്ത് നല്ലൊരു ജോലി നേടി കുടുംബം നോക്കണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു.

പക്ഷേ, ജാസ്മിന് എല്ലാം കൈവിട്ടുപോയത് ഒരു നിമിഷം കൊണ്ടാണ്. പെട്രോളടിക്കാൻ ബൈക്കുമായി രാവിലെ ‍ടൗണിലേക്കിറങ്ങിയതാണ്. ഒട്ടും തിരക്കിലോ വേഗത്തിലോ ഒന്നുമായിരുന്നില്ല. എതിർദിശയിൽ ഒരു ഓട്ടോറിക്ഷ പാഞ്ഞുവരുന്നത് കണ്ടത് ഒാർമയുണ്ട്. കണ്ണിനു മുകളിൽ എന്തോ ശക്തമായി വന്നടിച്ചു. പിന്നെ, മുഴുവൻ ഇരുട്ടായിരുന്നു.
അപകടത്തിനു ശേഷം രണ്ടാം ദിവസമാണ് കണ്ണു തുറക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിനുള്ളിൽ. വെളിച്ചം കണ്ണിലേക്ക് കുത്തിക്കയറും പോലെ തോന്നി. അപ്പോൾ എന്റെ കൈത്തണ്ടയിൽ ആരോ മെല്ലെ തൊട്ടു. ഞാൻ ആ വിരലുകളിൽ മുറുക്കെ പിടിച്ചു. എന്റെ അമ്മയാണെന്ന് മനസ്സിലായി. പക്ഷേ, അമ്മ ഒന്നും  മിണ്ടുന്നില്ല. ഞാൻ അമ്മയെ നോക്കി. അമ്മ വല്ലാതെ വിറയ്ക്കുന്നുണ്ട്. കര കവിഞ്ഞൊഴുകാൻ ഒരു കരച്ചിൽ അമ്മയുടെ കണ്ണിൽ ഞാൻ കണ്ടു. എന്നിട്ടും അമ്മ എന്തോ ധൈര്യത്തിലങ്ങനെ നിൽക്കുകയാണ്.

അപകടം പറ്റിയെന്നല്ലാതെ എന്താണ് സംഭവിച്ചതെന്ന് എ നിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. ‘ അമ്മേ, എന്തെങ്കിലും ഒന്നു പറയൂ, എനിക്ക് മുറിവുകൾ വല്ലതുമുണ്ടോ?’ ഞാൻ ആകാവുന്നത്ര ശബ്ദത്തിൽ അമ്മയോട് ചോദിച്ചു. വിറയ്ക്കുന്ന കൈകളാൽ എന്റെ കാൽ തടവുന്നതല്ലാതെ അമ്മ ഒന്നും പറഞ്ഞില്ല. ഒന്നുമില്ല, എല്ലാം ശരിയാകുമെന്ന മട്ടിൽ ആ പാവം തലയാട്ടുന്നുണ്ടായിരുന്നു. പിന്നീടാണെനിക്ക് മനസ്സിലായത്. ഒരു വാക്ക് മിണ്ടിപ്പോയാൽ കരച്ചിലിന്റെ അണക്കെട്ടു പൊട്ടുമെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. പാവം, എന്റെ അമ്മ.
പിന്നീട് ഡോക്ടർമാരാണ് അപകടത്തെക്കുറിച്ച് എനിക്ക് പറഞ്ഞുതരുന്നത്. ബൈക്കിൽ നിന്നു മലർന്നാണു റോഡിൽ വീണത്. ക്ഷതം പറ്റിയതൊക്കെയും നട്ടെല്ലിനും സുഷ്മ്നാ നാഡിക്കും. ഒരു മനുഷ്യനും ജീവിതത്തിൽ ഒരിക്കലും കേൾക്കാ ൻ ഇഷ്ടപ്പെടാത്ത വാക്കുകളാണ് ഇരുപതാമത്തെ വയസ്സിൽ ഞാൻ കേട്ടത്. ഇനിയൊരിക്കലും എനിക്ക് രണ്ടു കാലിൽ നിവ ർന്നു നിൽക്കാൻ കഴിയില്ല. ബാത്ത്റൂമിൽ പോലും തനിയെ പോകാൻ കഴിയില്ല. ഇനിയെന്ത് എന്നാലോചിച്ചപ്പോഴൊക്കെ ശതസഹസ്രം തേനീച്ചകൾ തലയ്ക്കുള്ളിൽ ഒരുമിച്ച് ഇരമ്പും പോലെ തോന്നി.

ഞാൻ ഇത്രയും പറഞ്ഞു കഴിഞ്ഞാണ് ജാസ്മിന്റെ കണ്ണുകളിലേക്ക് നോക്കിയത്. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. എന്റെ അപകടം കഴിഞ്ഞിട്ട് അപ്പോൾ ആറ് വർഷം കഴിഞ്ഞിരുന്നു. തോൽക്കില്ലെന്നുറപ്പിച്ച മനസ്സുമായി ആയിരുന്നു ജീവിതം. നല്ല കരളുറപ്പുള്ള പെൺകുട്ടിയാണ് ജാസ്മിൻ. ഒരു നിമിഷത്തിനുള്ളിൽ എന്തോ തമാശ പറഞ്ഞ് ചിരിച്ചതിനു ശേഷമാണ് ജാസ്മിൻ അവളുടെ കഥ പറഞ്ഞത്.

2004 ജൂൺ 19

‘രാവിലെ  കോളജിലേക്ക് അനിയത്തിക്കൊപ്പം സ്കൂട്ടറിൽ ഇറങ്ങിയതാണ്. എതിരെ വന്ന വണ്ടിയിൽ തട്ടാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു. അപ്രതീക്ഷിതമായി തെറ്റിപ്പോയ സ്കൂട്ടറിൽ നിന്നു ജാസ്മിൻ തലയടിച്ചു നിലത്ത് വീണു. ജോർജിനു പറ്റിയതിനേക്കാൾ  കൂടുതൽ പരുക്ക് ഉണ്ടായിരുന്നു. സുഷ്മ്നയുടെ പ്രധാനഭാഗം തന്നെ തകർന്നു. പരസഹായമില്ലാതെ ഒന്ന് അനങ്ങാ ൻ പോലും കഴിയാത്ത അവസ്ഥ. ആദ്യമൊക്കെ വീൽചെയർ കാണുന്നതേ പേടിയായിരുന്നു. അനിയത്തിക്കൊപ്പം കോളജിലേക്ക്  വണ്ടിയോടിക്കില്ല. എന്റെ സ്വപ്നങ്ങൾക്ക്  വിധി തീവച്ച ദിവസം. പൊള്ളുന്നതായിരുന്നു യാഥാർഥ്യം. പക്ഷേ, അതിനു മുന്നിൽ തോൽക്കാൻ എനിക്കു തോന്നിയില്ല.’

ജാസ്മിൻ ജീവിതം പറഞ്ഞു തീർന്നപ്പോൾ ജോർജ് മനസ്സി ൽ പറഞ്ഞു. ഇത്രയും വലിയ അപകടത്തിനു ശേഷം പ്രണയം  വിവാഹം  ഇതൊക്കെ സാധ്യമാകും  എന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല ഞാൻ. എങ്കിലും ഉള്ളിലിരുന്ന് പ്രണയം തെരുതെരാ പറഞ്ഞു. ‘ ഇതാണ്... നിന്റെ പെണ്ണ്’

geo-jas3

ഇതാണ് ദൈവത്തിന്റെ തീരുമാനം

പ്രണയം സംഭവിക്കാൻ സൂര്യകാന്തി പൂക്കളുടെ താഴ്‍‌വരയും  ചന്ദനം തൊട്ട കാറ്റും മഞ്ഞലകളുടെ കുളിരും വേണമെന്ന് ആരാണ് പറഞ്ഞത്?. ഒരു വലിയ ചതിയുടെ ഇരകളായാണ്  ആറു വർഷങ്ങൾക്കു മുമ്പ്  തിരുവനന്തപുരത്തു  നിന്നു ജോർജും  ബെംഗളൂരുവിൽ നിന്നു ജാസ്മിനും മധ്യതിരുവിതാംകൂറിലെ ഒരു ആശുപത്രിയിൽ എത്തുന്നത്. ഏത് വിധത്തിലും ഒന്നു നടക്കുകയെന്ന അത്യാഗ്രഹമാണ് ആ കൂടിക്കാഴ്ചയ്ക്കു കാരണമായതെന്നു പറയുമ്പോൾ ജാസ്മിന്റെ മുഖത്തു പതിവു ചിരി.

ആശുപത്രിയുടെ പരസ്യത്തിൽ പറഞ്ഞിരുന്നതിങ്ങനെ. ന ട്ടെല്ലിലേക്കു ചെയ്യുന്ന പ്രത്യേക ഇൻജക്‌ഷനിലൂടെ തളർച്ചയെ മാറ്റി പൂർവ സ്ഥിതിയിലാക്കും. അതു വിശ്വസിച്ചാണ് അ വർ വന്നത്. ആശുപത്രിയിലെത്തി ആപ്ലിക്കേഷൻ പൂരിപ്പിക്കുന്നതിനിടയിലാണ് വീൽചെയറിൽ എത്തിയ സുന്ദരിയെ ജോർജ് ശ്രദ്ധിച്ചത്. രണ്ടാമത്തെ ദിവസം ആശുപത്രിയിലേക്ക് ഇറങ്ങിയപ്പോൾ വെറുതെ മനസിൽ ആഗ്രഹിച്ചു. ഇന്നും കണ്ടിരുന്നെങ്കിൽ. അടുത്ത ദിവസം  മുതൽ പ്രണയത്തിന്റെ ചെറിയ തളിരുകൾ മനസിൽ മുളച്ചു തുടങ്ങി. പക്ഷേ, ആരോടും പറഞ്ഞില്ല.  കാരണം, പെൺകുട്ടിയെ പരിചയപ്പെട്ടിട്ടോ സംസാരിച്ചിട്ടോ ഇ ല്ല. പിന്നീടങ്ങോട്ട്  ഓരോ ദിവസവും പുലരുന്നത് അവളെ കാണാൻ വേണ്ടി മാത്രമാണെന്ന് ജോർജിനു തോന്നിത്തുടങ്ങി.

ചികിത്സയുടെ ഭാഗമായി പന്ത്രണ്ട് ദിവസം ഇൻജക്‌ഷനുണ്ട്. ജീവൻ പോകുന്ന വേദനയാണ് ഓരോ ഇൻജക്‌ഷനും. അങ്ങനെ പന്ത്രണ്ടാമത്തെ ദിവസം എത്തി. ജോർജും ജാസ്മിനും അടുത്തടുത്ത കിടക്കകളിൽ. അന്നാണ് ആദ്യമായി അവർ മനസ്സ് തുറന്ന് സംസാരിച്ചത്. ആ ആശുപത്രിയും ഡോക്ടറുമെല്ലാം തട്ടിപ്പാണെന്ന് അ വർ മനസ്സിലാക്കിയതും അന്നു തന്നെ. രണ്ടുകാലിൽ നടക്കുക എന്നത് സ്വപ്നം മാത്രമെന്ന് അവർ തിരിച്ചറിഞ്ഞു. ആശുപ ത്രി വിട്ടെങ്കിലും പ്രണയം സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ഓർകുട് സന്ദേശങ്ങളിലൂടെ വളർന്നു. നാലു വർഷങ്ങൾക്കു ശേഷം പള്ളിയിൽ വധുവും വരനുമായി അവരെത്തി. വീൽചെയറിൽ. താലി കെട്ടിയതും കൈപിടിച്ച് വീട്ടിൽ കയറിയതുമെല്ലാം ചക്രങ്ങളുടെ സഹായത്താൽ തന്നെ.

സ്വർഗത്തിന്റെ ചക്രങ്ങൾ

‘വീൽചെയറിൽ ജീവിക്കുന്നവർക്കു യൂറിൻ  ബാഗില്ലാതെ ജീവിക്കാൻ കഴിയില്ല. സ്പൈനൽകോഡിന് ക്ഷതം സംഭവിച്ചാൽ സെൻസുകൾ  നഷ്ടപ്പെടും. വേദനയറിയില്ല, മലമൂത്ര വിസർജനങ്ങൾ നിയന്ത്രിക്കാൻ കഴിയില്ല. ഇതു കൊണ്ടു തന്നെ പലരും പുറത്തിറങ്ങാനും ആളുകളെ കാണാനും മടിക്കും. പക്ഷേ അറുപതു ശതമാനത്തോളം തളർന്നു പോയ ഞങ്ങൾ  ഇന്ന് ജീവിക്കുന്നത് ഇവയുടെയൊന്നും സഹായമില്ലാതെയാണ്.  ആദ്യം ടോയ്‌ലറ്റിൽ പോകണമെന്ന്  മനസിലാക്കാൻ പോലും പറ്റില്ലായിരുന്നു. ഡയപ്പറും  യൂറിൻബാഗും ഉപയോഗിച്ചായിരുന്നു ജീവിതം.

പിന്നെയാണു പതിയെ ശരീരത്തെ സ്വയം നിയന്ത്രിച്ച് തുട ങ്ങിയത്. ഇപ്പോൾ കൃത്യമായി അറിയാം, ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ എത്ര സമയത്തിനുള്ളിൽ ടോയ്‌ലറ്റിൽ പോകേണ്ടി വരുമെന്ന്. ആദ്യമാദ്യം കണക്കുക്കൂട്ടലുകൾ അൽപം പിഴച്ചു. നിരന്തര പ്രയത്നത്തിലൂടെ ഇന്നു ഞങ്ങൾ രണ്ടു പേരും ജീവിക്കുന്നതു യൂറിനറി ബാഗിന്റെയോ ഡയപ്പറിന്റെയോ സഹായമില്ലാതെയാണ്.

‘നമ്മുടെ ജീവിതത്തിൽ സംഭവിച്ച മാറ്റത്തെ തിരിച്ചറിഞ്ഞു ശരീരത്തെ പഠിച്ചാൽ പിന്നീട് ജീവിതത്തെ പഴയപടി മടക്കി കൊണ്ട് വരാൻ കഴിയും. ഇപ്പോൾ സ്വന്തം കാര്യങ്ങളെല്ലാം ചെയ്യും. വീട്ടിലെ പടികളെല്ലാം  മാറ്റി വീൽച്ചെയറിന് സഞ്ചരിക്കാൻ പാകമാക്കി. സ്വയം നിയന്ത്രിക്കാവുന്ന ചെയറായതിനാൽ നടന്നു പോകുന്നപോലെ തന്നെ വീടിനുള്ളിൽ ചുറ്റിത്തിരിയാം. പതുക്കെ  ഡ്രൈവ് ചെയ്യാൻ തുടങ്ങി. ഇപ്പോൾ ടൗൺ വരെ സ്വന്തമായി പോയി വരും.

പിന്നെ, വലിയൊരു സന്തോഷമുള്ളത്  നീന്താൻ കഴിഞ്ഞതാണ്. നിരന്തരമായ പരിശ്രമത്തിലൂടെയാണ് കൈകൾ മാത്രമുപയോഗിച്ച് നീന്താൻ പഠിച്ചത്. ആദ്യം കുളത്തിൽ മാത്രമായിരുന്നു. ഇപ്പോൾ കൊച്ചി കായലൊന്ന് നീന്തി കടക്കണമെന്നുണ്ട്.’ ജോർജിന്റെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ  തിളക്കം.

അപകടം കാലുകളെ മാത്രമല്ല ജാസ്മിന്റെ കൈകളെക്കൂടി നിശ്ചലമാക്കിയിരുന്നു. ഇപ്പോൾ നിരന്തരമായ തെറാപ്പികളിലൂടെ കൈകൾ ചെറുതായി അനക്കാം. സ്വന്തമായി വസ്ത്രം മാറാനൊക്കെ കഴിയുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം രണ്ടു പേരും പുറത്ത് കറങ്ങാൻ പോകും. വർഷത്തിൽ ഒരുതവണ  ഇഷ്ടമുള്ള  സ്ഥലത്തേക്ക്  വിനോദയാത്ര പോകും.
‘ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യം.  കഴിഞ്ഞ വർഷം ആദ്യമായി ഞങ്ങൾ രണ്ടു പേരും  ആനപ്പുറത്ത് കയറി.’ ഇന്ന് ഓരോ ദിവസവും പ്രതീക്ഷയുടെ പൊൻ കിരണങ്ങളാണ് ജോർജിനും ജാസ്മിനും

എന്തുകൊണ്ടാണ് ഇങ്ങനെ വന്നത് എന്ന് ചിന്തിച്ചു തുടങ്ങിയതിൽ നിന്നുമാണ് ഒരു പുസ്തകം എഴുതാം എന്ന നിഗമനത്തിലേക്ക് എത്തിയത്. അങ്ങനെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റുമായി ചേർന്ന് റോഡ് യാത്രികർക്കായി സുരക്ഷാ നിർദേശങ്ങളുടെ ഒരു പുസ്തകം ഇറക്കി. ഇനിയൊരു ലക്ഷ്യമുള്ളതു വീല്‍ചെയറിൽ ഇരിക്കുന്നവർക്കായി സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങണമെന്നതാണ്. ജീവിതത്തിന്റെ അവസാനമല്ല വീൽചെയർ എന്ന് അവരെ ബോധ്യപ്പെടുത്തണം.’ പറയുന്നത് വേദനയുടെ തീക്കര കടന്ന ജോർജും ജാസ്മിനുമാണ്. അസാധ്യം എന്നൊരു വാക്ക്  ഇവരുടെ ജീവിതത്തിൽ ഇല്ല. അതുകൊണ്ടാണ് ഇവരുടെ സ്വപ്നങ്ങൾക്ക് മിന്നലിനേക്കാൾ തിളക്കമേറുന്നത്.

geo-jas2