Saturday 13 October 2018 10:00 AM IST : By സ്വന്തം ലേഖകൻ

കായംകുളം കൊച്ചുണ്ണി ഈ ഖബറിസ്ഥാനിലുറങ്ങുന്നു; കൊടുംകവർച്ചക്കാരന് ‘ഖബർ’ ഒരുക്കിയതിനു പിന്നിലുമുണ്ടൊരു കഥ

kochunni

ചരിത്രത്താളുകളിലെ വീരേതിഹാസ കഥകളിൽ ഒളിമങ്ങാത്ത അധ്യായമാണ് കായുകുളം കൊച്ചുണ്ണിയുടേത്. ചക്രവർത്തിമാരും, വിപ്ലവനായകൻമാരും, നാടുവാഴികളും മാത്രം ഇടംപിടിക്കുന്ന ചരിത്രപുസ്തകങ്ങളിൽ ഒരു കള്ളൻ ഇടംപിടിച്ചതെങ്ങനെ? ആ കഥയറിയണമെങ്കിൽ കാലം കുറച്ചു പുറകോട്ടു പോകണം.

കെട്ടുകഥകൾക്കും ഐതിഹ്യങ്ങൾക്കുമപ്പുറമുള്ള ചരിത്ര സത്യം. അതാണ് പാവപ്പെട്ടവരുടെ കണ്ണീരൊപ്പിയ കായംകുളം കൊച്ചുണ്ണി. മതിയായ ചരിത്ര രേഖകളോ ജീവിതക്കുറിപ്പുകളോ ഒന്നുമില്ലെങ്കിലും കൊച്ചുണ്ണിയുടെ വീരകഥകൾ മലയാളികൾക്ക് ഹൃദയത്തുടിപ്പാണ്. ആ ഓർമ്മകൾ നമ്മെ ഹരം പിടിപ്പിക്കുന്നതാണ്.

ചരിത്രം വാഴ്ത്തുന്ന കൊച്ചുണ്ണിയുടെ ഓർമ്മകൾ വെള്ളിത്തിരയില്‍ പുനർജ്ജനിക്കുമ്പോൾ കൊച്ചുണ്ണി ഇതാ ഇവിടെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊള്ളുകയാണ്. കേരളത്തിലെ പഴക്കംചെന്ന പള്ളികളിലൊന്നായ തിരുവനന്തപുരം ജില്ലയിലെ പേട്ട ജുമാ മസ്ജിദിന്റെ ഖബറിസ്ഥാനിൽ ആ ധീരനായ പോരാളി നിത്യനിദ്രയിലാണ്ടിരിക്കുന്നു.

കായംകുളത്തുകാരുെടെ വീരപുത്രനെങ്ങനെ തലസ്ഥാന ജില്ലയിൽ ഖബർ ഒരുങ്ങി. ആ ചോദ്യത്തിനുള്ള ഉത്തരവും ചരിത്രത്തിലുണ്ട്. എഴുതപ്പെട്ട രേഖകൾ പ്രകാരം 1859 ൽ അന്നത്തെ തിരുവിതാംകൂർ ജയിലിൽ വച്ചായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ മരണം. അവിടെ നിന്ന് തൊട്ടടുത്തുള്ള പള്ളിയായ പേട്ട ജുമാ മസ്ജിദിൽ കൊണ്ടുവന്ന് ഖബറടക്കുകയായിരുന്നുവെന്ന് ചരിത്രകാരൻമാർ പറയുന്നു.

petta

എന്നാൽ ആ ഓർമ്മകളുടെ തിരുശേഷിപ്പ് തിരക്കിയെത്തിയാൽ ഒന്നും ഉണ്ടാകില്ല. കൊച്ചുണ്ണിയുടെ ഖബറിനു മീതേ വളർന്ന പനമരം കുറച്ചുവർഷം മുൻപത്തെ ഇടവപ്പാതിയിൽ മറിഞ്ഞുവീണു. കൃത്യമായ അടയാളങ്ങളില്ലാതെ പല ഖബറുകൾക്കിടയിൽ ആരുമറിയാതെ ഒരു ഖബർ, അത് കൊച്ചുണ്ണിയുടേതാണ്.

ഖബറിസ്ഥാനിലെ നൂറുകണക്കിന് ഖബറുകൾക്കിടയിൽ കൺപരതിയാൽ ഒരുപക്ഷേ കാര്യമായൊന്നും കണ്ടെന്നു വരില്ല. പക്ഷേ ആ ഓർമ്മകളെ നെഞ്ചേറ്റിയവർക്കറിയാം നന്മയുള്ളൊരു കള്ളൻ ഈ പള്ളിക്കാട്ടിൽ അന്തിയുറങ്ങുന്നുണ്ടെന്ന്. പ്രതാപികളുടേുയും നാടുവാഴികളുടേയും അടുക്കൽ നിന്നെടുത്ത് ഇല്ലാത്തവർക്ക് നൽകുന്ന നന്മനിറഞ്ഞ കള്ളനായാണ് കായംകുളം കൊച്ചുണ്ണിയെ ചരിത്രം വിശേഷിപ്പിക്കുന്നത്. കാർത്തികപ്പള്ളി താലൂക്കിലെ കൊറ്റംകുളങ്ങരയ്ക്കടുത്ത് 1818ലാണ് കൊച്ചുണ്ണി ജനിച്ചത്.

കൗമാരവും യൗവനവും ഏവൂരിലായിരുന്നു. ബാപ്പയുടെ മരണത്തെ തുടർന്ന് നിത്യ ദാരിദ്ര്യത്തിലായ കുടുംബത്തിൽ വിശപ്പകറ്റാനായി പലചരക്കു കടയിൽ ജോലിക്കാരനായെങ്കിലും ദുഷിച്ച സാമൂഹ്യ വ്യവസ്ഥിതി കൊച്ചുണ്ണിയെ കള്ളനാക്കുകയായിരുന്നു. ഒരിക്കൽ അധികാരികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട കൊച്ചുണ്ണി തന്നെ ചതിച്ച കാമുകിയെയും അവരുടെ സഹായിയെയും കൊന്നു.അതിനു ശേഷവും ഒളിവിൽ തുടരുന്നതിനിടെയാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപത്തിനായി കൊണ്ടുവന്ന സാളഗ്രാമങ്ങൾ മോഷ്ടിച്ചത്. ആയില്യം തിരുനാൾ രാമവർമ്മയായിരുന്നു അന്ന് തിരുവിതാംകൂർ മഹാരാജാവ്. സർ.ടി . മാധവറാവു ദിവാനായി ചുമതലയേറ്റ കാലമായിരുന്നു അത്. നിരവധി മോഷണവും രണ്ട് കൊലപാതകവും ഒക്കെയായി കൊച്ചുണ്ണി അധികാരികളുടെ തലവേദനയായി തീർന്നിരുന്നു. കൊട്ടാരവും പൊലീസുമൊക്കെ അന്വേഷിച്ചിട്ടും കൊച്ചുണ്ണിയുടെ പൊടിപോലും കണ്ടുപിടിക്കാനായില്ല. ഒടുവിൽ അന്നത്തെ വീരനും പോരാളിയുമായ ആറാട്ടുപുഴ വേലായുധ പണിക്കരെ കൊച്ചുണ്ണിയെ കണ്ടുപിടിക്കുക എന്ന ദൗത്യം ഏൽപ്പിച്ചു.

ആൾബലത്തിൽ മുമ്പനായിരുന്ന വേലായുധ പണിക്കർ കൊച്ചുണ്ണിയെ പിടികൂടി ദിവാന്റെ മുന്നിലെത്തിച്ചു. തിരുവിതാംകൂർ രാജാവ് വേലായുധ പണിക്കർക്ക് പട്ടും വളയും നൽകി ആദരിച്ചു. കൊച്ചുണ്ണിയെ ജയിലിലടച്ചു. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്കിടെ കൊച്ചുണ്ണി ജയിലിൽ വച്ച് മരണമടഞ്ഞു. നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് കായംകുളം കൊച്ചുണ്ണിയെ വെള്ളിത്തിരയിൽ എത്തിക്കുമ്പോൾ പേട്ട മസ്ജിദിലെ ആ എഴുതപ്പെടാത്ത ഖബർസ്ഥാൻ വീണ്ടും ചർച്ചാ വിഷയമാവുകയാണ്. പത്തനംതിട്ട ഇടപ്പാറയിൽ കൊച്ചുണ്ണിയെ വച്ചാരാധിക്കുന്നൊരു കാവുണ്ട്.