Sunday 26 April 2020 09:19 AM IST : By Shyama

മരക്കൊമ്പിലിരുന്നൊരു കൂടിയാട്ടക്കഥ; ‘ലിറ്റിൽ ക്ലൗഡി’ലൂടെ സീതയുടെ കഥപറഞ്ഞ് കപില വേണു

shyama-leaf

രാമലക്ഷ്മണന്മാർക്കൊപ്പം കാട്ടിലെ കുടിലിൽ വസിക്കുന്ന സീത... അവൾക്ക് മുടി കോതി കൊടുക്കുന്ന കുരങ്ങൻ, തേനൂറും പഴക്കുല കൊണ്ടുവന്നു കൊടുക്കുന്ന ആന, പീലിവിടർത്തിയാടി സന്തോഷിപ്പിക്കുന്ന മയിൽ...അങ്ങനെ സീതയുടെ വനവാസകാലത്തിലെ അതിമനോഹരമായ കാലം കുട്ടികൾക്ക് മുന്നിൽ കൂടിയാട്ടത്തിലൂടെ പറഞ്ഞു കൊടുക്കുകയാണ് കപില വേണു. കപിലയുടെ പേര് പലരും കേട്ട് കാണും നന്നേ ചെറുപ്പം മുതൽ അമ്മ നിർമല പണിക്കരിൽ നിന്ന് മോഹിനിയാട്ടം പഠിച്ചാണ് കലാരംഗത്തേക്കുള്ള വരവ്. പിന്നീട് അച്ഛൻ ജി. വേണുവിൽ നിന്നും ഗുരുക്കന്മാർ അമ്മാനൂർ മാധവ ചാക്യാരിൽ നിന്നും ഉഷ നങ്ങ്യാരിൽ നിന്നുമാണ് കപില കൂടിയാട്ടം പഠിച്ചത്‌. സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരം, സന്സ്കൃതി അവാർഡ് ഒക്കെ നേടിയ കലാകാരിയാണ്.

ഇന്ത്യയിലെ തന്നെ പ്രമുഖരായ പല കലാകാരന്മാരും ഒത്തുചേർന്ന് ഈ ലോക്ക്ഡൗൺ കാലത്ത് കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കുന്ന ഓൺലൈൻ ഇടമാണ് ലിറ്റിൽ ക്ലൗഡ്. രംഗശങ്കര എന്ന തീയേറ്റർ ഗ്രൂപ്പ് ആണ് ഈ ആശയം നടപ്പിലാക്കുന്നത്.

"ലോക്ക്ഡൗൺ തുടങ്ങിയിട്ട് ഞാൻ അങ്ങനെ കാര്യമായിട്ട് ഒന്നും ചെയ്തിരുന്നില്ല. പലരും ലൈവ് പെർഫോമൻസ് ചെയ്യുന്ന കാര്യമൊക്കെ പറഞ്ഞെങ്കിലും മടിച്ചിരിക്ക്യയിരുന്നു... രംഗശങ്കരയിൽ പിന്നെ ലൈവ് അല്ല പ്രീറെക്കോർഡഡ് ആണ്... അതിന്റെ ഒരു സാവകാശവും സ്വാതന്ത്ര്യവുമുണ്ട്. അങ്ങനെ പുതിയൊരു ഫോർമാറ്റിൽ ചെയ്തു നോക്കിയതാണ് ഇത്. ശരിക്കുള്ള കൂടിയാട്ടമല്ല, അതിന്റെ മുദ്രകളൊക്കെ വെച്ച് ബോധപൂർവ്വം കുട്ടികൾക്ക് മനസിലാകുന്ന തരത്തിൽ ഇങ്ങനെ ആക്കിയതാണ്." മരക്കൊമ്പിലിരുന്ന് കഥപറഞ്ഞ അതെ തെളിമയോടെ കപില പറയുന്നു... "അവരെനിക് തീം തന്നിരുന്നു, ഞാനൊരു ചെറിയ സ്ക്രിപ്റ്റ് ഒക്കെ എഴുതി അങ്ങനെ ചെയ്തു. കാട്ടിലെ സീതയുടെ കഥയാണല്ലോ പറയുന്നത്... അത്‌ കേട്ടപ്പോൾ ആദ്യം മനസിലേക്ക് വന്നത്‌ ഗ്രെറ്റ തുംബർഗിന്റെ ഒരു പെയിന്റിംഗ് ആയിരുന്നു. പലതരം മൃഗങ്ങൾക്കുമൊപ്പം ഗ്രെറ്റ ഇരിക്കുന്നൊരു ചിത്രം...

അങ്ങനെ പലസ്ഥലവും നോക്കി അവസാനം കിട്ടിയതാണ് ആ മരം. ഇരിക്കാനുള്ള സൗകര്യത്തിനാണ് അങ്ങനെ ഇരുന്നത്. മിഴാവ് വായിച്ചത് കലാമണ്ഡലം രവി കുമാറാണ്, ഞങ്ങളുടെ തൊട്ടടുത്താണ് താമസം. എന്റെ ഭർത്താവാണ് വീഡിയോ എടുത്തത്.ഇത് അപ്‌ലോഡ് ചെയ്തു കഴിഞ്ഞപ്പോൾ തരക്കേടില്ലാത്ത റെസ്പോൺസ് ഉണ്ട്... രംഗശങ്കരയ്ക്ക് വേണ്ടി തന്നെ ഇനിയൊരു വീഡിയോ കൂടി ചെയ്യുന്നുണ്ട്. അതിന് ശേഷം ഒന്ന് രണ്ട് മാസത്തേക്ക് കൂടി ഇതേപോലെ എന്തെങ്കിലും ചെയ്തലോ എന്നൊരു ആലോചനയിലാണ്. ഇരിങ്ങാലക്കുടയാണ് എന്റെ നാട്. അമ്മ മോഹിനിയാട്ടം നർത്തകിയാണ്. അച്ഛൻ കൂടിയാട്ടം കലാകാരനും ഗവേഷകനും. ഭർത്താവ് തുളസി കക്കാട്ട് മാധ്യമ ഫോട്ടോഗ്രാഫറാണ്. മകൻ അഞ്ചു വയസുകാരൻ അരൺ. ഇതാണ് കുടുംബം. "

Tags:
  • Spotlight