Wednesday 11 July 2018 02:55 PM IST

തലവര മാറ്റിയ ‘കുത്തിവര’; മൊബൈൽ ഫോണിൽ ഇങ്ങനെയുമുണ്ട് ചില കൗതുകങ്ങൾ!

Priyadharsini Priya

Sub Editor

ikara6

ദിവസവും കുറ്റിപ്പുറത്തെ താമസസ്ഥലത്ത് നിന്നും ജോലിസ്ഥലമായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്കുള്ള തീവണ്ടിയാത്ര. യൂണിവേഴ്‌സിറ്റി പ്രസ്സിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുന്ന അജിഷിനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിരസമാണ് ഈ യാത്രകൾ. ട്രെയിനിനു വേണ്ടിയുള്ള ദീർഘനേരത്തെ പ്ലാറ്റ്ഫോം കാത്തിരിപ്പ് ഉണ്ടാക്കുന്ന മുഷിച്ചിലുകൾ ചെറുതല്ല. അങ്ങനെ ബോറടി മാറ്റാൻ കളിച്ചു തുടങ്ങിയതാണ് കാൻഡി ക്രഷ് ഗെയിം. എന്നാൽ ഗെയിമിന്റെ രസം യാത്രയിൽ മാത്രം ഒതുങ്ങിയില്ല. വീട്ടിലെത്തിയാലും, രാത്രി ഉറക്കമൊഴിച്ചും അജിഷ് കാൻഡി ക്രഷ് കളിച്ചുതുടങ്ങി. ജോലി സ്ഥലത്തും ഇത് തുടരുമെന്ന അവസ്ഥ വന്നപ്പോൾ ഉടനടി നിർത്താൻ തീരുമാനിച്ചു. അന്നുതന്നെ ഗെയിം അൺഇൻസ്റ്റാൾ ചെയ്തു.

ikara1

ഗെയിം അഡിക്ഷനിൽ നിന്നും അജിഷ് രക്ഷപ്പെട്ടോടിയത് മറ്റൊരു കുരുക്കിലേക്കായിരുന്നു. നിറങ്ങളെയും വരകളെയും വിരൽത്തുമ്പിൽ ചൊൽപ്പടിക്ക് നിർത്തുന്ന രസികൻ വിദ്യയായ ‘കുത്തിവര’യിലേക്ക്. ഈ മാന്ത്രിക വര തുടങ്ങിട്ട് നാല് വർഷം കഴിയുന്നു. സോണി മൊബൈല്‍ ഫോണിന്റെ ടച്ച് സ്‌ക്രീനില്‍ കൈവിരല്‍കൊണ്ടു വരച്ചാണ് അജിഷ് ഐക്കരപ്പടിയെന്ന പ്രതിഭ വിസ്മയം തീർക്കുന്നത്. മൊബൈലിലുള്ള ’സ്‌കെച്ച്’ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് അജിഷിന്റെ വര. അതായത് പെന്‍സില്‍, പെയിന്റ്, ബ്രഷ് തുടങ്ങി ചിത്രകലയുടെ അടിസ്ഥാന സങ്കേതങ്ങളുടെ അഭാവത്തിലാണ് ചിത്രരചന. വരയ്‌ക്കാനായി നേർത്ത ബ്രഷിനു പകരം ഉപയോഗിക്കുന്നത് കൈവിരലുകൾ. ഇത്രയും കഷ്ടപ്പെട്ട് സ്‌ക്രീനിൽ വരയ്ക്കണോ, ക്യാൻവാസിൽ പോരേയെന്ന് ചോദിച്ചപ്പോൾ പൊട്ടിച്ചിരിയോടെ അജിഷ് പറഞ്ഞു, "ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ സഞ്ചരിക്കുകയായിരുന്നു ഞാൻ..!"

ikara3

പ്രിയതമ സമ്മാനിച്ച മൊബൈലിൽ ‘കുത്തിവര’ തുടങ്ങി...

വിവാഹ വാർഷികത്തിന് എന്റെ ഭാര്യ നൽകിയ സമ്മാനമായിരുന്നു സോണിയുടെ ടച്ച് സ്‌ക്രീനുള്ള ഒരു മൊബൈൽ സെറ്റ്. അതുവരെ കീപാഡ് ഉള്ള സാധാരണ ഫോണായിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്. സോണിയുടെ ഫോണിൽ സ്‌കെച്ച് എന്നൊരു ആപ്ലിക്കേഷൻ ഉണ്ടായിരുന്നു. അത് വരയ്‌ക്കായുള്ള ആപ്പ് ഒന്നുമല്ല. വെറുതെ ഒരു രസത്തിനു ഈ ആപ്പ് ഉപയോഗിച്ച് ഞാൻ ആശംസാ കാർഡുകൾ തയാറാക്കി തുടങ്ങി. ഈ കാർഡുകൾ സഹയാത്രികരായ ട്രെയിനിലെ സുഹൃത്തുക്കളെ കാണിക്കുമായിരുന്നു. അവരാണ് പറഞ്ഞത്, അജിഷ് നന്നായി എഴുതുന്നുണ്ടല്ലോ ഇനി ചിത്രങ്ങൾ വരച്ച് തുടങ്ങിക്കൂടേയെന്ന്.

ikara8

അങ്ങനെ ആദ്യമായൊരു ചിത്രം വരച്ചു. അത് ഫെയ്‌സ്ബുക്കിൽ ഇട്ടപ്പോൾ നല്ല പ്രതികരണം കിട്ടി. പിന്നെ ചിത്രംവര ഹരമായി. അങ്ങനെയാണ് ‘കുത്തിവര’ എന്ന പേരിൽ ഒരു പേജ് തുടങ്ങുന്നത്. വരകൾ ഇട്ടാണ് ഞാൻ ഡ്രോയിങ് തുടങ്ങിയത്. ഫില്ലിങ് എന്ന ഓപ്‌ഷൻ വളരെ കുറച്ചു. അങ്ങനെ 250 ഓളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഇതുവരെ 10 എക്സിബിഷനുകൾ സംഘടിപ്പിച്ചു. 2015 ഫെബ്രുവരി 10ന് ആയിരുന്നു ആദ്യ പ്രദർശനം. ആദ്യത്തെ എക്സിബിഷന് ശേഷം സോണിയുടെ ടീമിനെ ഞാൻ ഇക്കാര്യം അറിയിച്ചിരുന്നു. എന്റെ രണ്ടാമത്തെ എക്സിബിഷൻ തൃശൂർ ലളിതകലാ അക്കാദമിയിൽ നടന്നപ്പോൾ അവരുടെ ടെക്‌നിക്കൽ ടീം അവിടെയെത്തി. അവിടെവച്ച് അവരെന്നെക്കൊണ്ട് ചിത്രങ്ങൾ വരപ്പിച്ചു.  2015 സപ്തംബർ 20- 24 വരെ കോഴിക്കോട് ലളിതകലാ അക്കാദമിയിൽ 100 ചിത്രങ്ങളുമായി നടത്തിയ പ്രദർശനം സോണി സ്പോൺസർ ചെയ്തു. ഇതിനു പിറകേ ഈ മികവിന് സോണി അവരുടെ പുതിയ മൊബൈൽ ഫോൺ സമ്മാനമായി നൽകി.

ikara2

ഗുരുക്കന്മാരോ ശിഷ്യഗണങ്ങളോ ഇല്ലേയില്ല!

ഞാൻ ചിത്രം വരയ്ക്കാൻ പ്രൊഫഷണലായി പഠിച്ചിട്ടല്ല ഇതിലേക്ക് വരുന്നത്. എനിക്ക് വരയ്ക്കാൻ അറിയാം എന്നുമാത്രം. പൂക്കള മത്സരത്തിലും കേരളോത്സവങ്ങളിലും കലോത്സവങ്ങളിലുമൊക്കെ പങ്കെടുത്ത പരിചയം മാത്രമേ കൈമുതലായി ഉള്ളൂ. ഇതുവരെ ക്യാൻവാസിൽ വരയ്ക്കാൻ ശ്രമിച്ചിട്ടില്ല. പ്രധാന കാരണം ചിത്രരചന പഠിക്കാത്തതുകൊണ്ടു തെറ്റിപ്പോയാലോ എന്ന പേടിയുണ്ട്. സാധാരണ ചിത്രങ്ങൾ വളരെ പെട്ടെന്നുതന്നെ വരച്ചെടുക്കാം. എന്നാൽ ജാനകിയമ്മയുടെ ചിത്രം വരയ്ക്കാൻ രണ്ടു മാസത്തോളം എടുത്തു. സാധാരണയായി വ്യക്തികളുടെ ചിത്രങ്ങൾക്ക് മാത്രമേ ഞാൻ കൂടുതൽ സമയം എടുക്കാറുള്ളൂ. ഷാർജയിലെ സുൽത്താന്റെ ചിത്രമാണ് പിന്നീട് സമയമെടുത്ത് വരച്ചത്.

ikara7

യാത്രകളിലാണ് എന്റെ ചിത്രംവരയെല്ലാം. അതുകൊണ്ടുതന്നെ ഒരു ചിത്രം മായ്ച്ചും വീണ്ടും വരച്ചും സമയമെടുക്കാറുണ്ട്. യാത്രയിൽ എനിക്ക് ബസ്സിന്റെ കമ്പി കിട്ടിയാലും ഞാൻ വരച്ചു തുടങ്ങും. സ്ഥിരം പോകുന്ന ബസ്സിലെ കണ്ടക്ടർമാർക്കെല്ലാം ഇതറിയാം. ചോദ്യം ചോദിച്ചോ, മാറി നിൽക്കാൻ ആവശ്യപ്പെട്ടോ അവരാരും എന്നെ ശല്യപ്പെടുത്താറില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എ.പി.ജെ അബ്ദുല്‍ കലാം തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ 2013 വര്‍ഷത്തെ കലണ്ടറിലെ 12 രേഖാ ചിത്രങ്ങളും എന്റേതായിരുന്നു. എംഎം ഗനി അവാര്‍ഡിന്റെ രൂപകല്‍പ്പനയും നടത്തിയിട്ടുണ്ട്.

ikara4

ഷാർജാ സുൽത്താനെ വിസ്മയിപ്പിച്ച ഉപഹാരം

എനിക്ക് കിട്ടിയ വലിയൊരു ഭാഗ്യമായിരുന്നു ഷാർജാ ഭരണാധികാരിയായ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയ്‌ക്ക് ഉപഹാരം നൽകാനുള്ള അവസരം ലഭിച്ചത്. തിരുവനന്തപുരത്ത് രാജ്ഭവനിൽ കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് ഏറ്റുവാങ്ങുമ്പോൾ അദ്ദേഹത്തിന് സമ്മാനമായി നൽകിയത് എന്റെ ‘കുത്തിവര’ ചിത്രമായിരുന്നു. എല്ലാ പിന്തുണയും നൽകി കൂടെയുണ്ടായിരുന്നത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും എന്റെ സഹ ജീവനക്കാരുമായിരുന്നു. എല്ലാവരോടും നന്ദിയുണ്ട്, ഇതുവരെ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും.

ikkara1

(അജിഷ് പുരുഷോത്തമൻ എന്നാണ് പേര്. അജിഷ് ഐക്കരപ്പടി എന്നാണ് ‘കുത്തിവര’ക്കാർക്കിടയിൽ അറിയപ്പെടുന്നത്. മലപ്പുറം ജില്ലയിൽ ഐക്കരപ്പടി കൈതക്കുണ്ടയിലെ ആനന്ദഭവനിൽ റിട്ട. അധ്യാപക ദമ്പതികളായ സി.എൻ. പുരുഷോത്തമന്റെയും കെ.വി. കനകമ്മയുടെയും മകനാണ്. ഭാര്യ ഷിജി, മകൾ രുദ്ര. വിറകുമായി പോകുന്ന ഗ്രാമീണ സ്ത്രീകള്‍, തൂക്കിയ മണ്ണെണ്ണ വിളക്കിന് താഴെ പഠിക്കുന്ന പെണ്‍കുട്ടി, തെരുവിലെ പാമ്പാട്ടി, താജ്മഹല്‍ തുടങ്ങിയ നിരവധി ചിത്രങ്ങൾ ഒട്ടേറെ പേരെ ആകർഷിച്ചതാണ്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ ആയിരുന്ന നിരുപമ റാവുവിനെ യൂണിവേഴ്‌സിറ്റി ആദരിച്ചപ്പോള്‍ ഉപഹാരമായി നല്‍കിയത് അജിഷ് വരച്ച ചിത്രമായിരുന്നു.)