Friday 18 June 2021 04:17 PM IST

‘പ്രദർശനവസ്തുവിനെ പോലെ പലരും എന്നെ കണ്ടിരുന്ന കാലമുണ്ടായിരുന്നു; കൂട്ടം കൂടി നിന്നു ചിരിക്കുകയും ‘ജോക്കർ’ എന്നു വിളിച്ചു കളിയാക്കുക വരെ ചെയ്യും’

Tency Jacob

Sub Editor

lynnn34455445 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘പൊക്കം അഞ്ചടിയും ആറടിയും നാലടിയും ഉള്ളവരുണ്ട്. മൂന്നടി പൊക്കമേയുള്ളൂ എന്നതു കൊണ്ട് നിനക്ക് ഉയരത്തിലിരിക്കുന്ന സാധനങ്ങൾ എടുക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടായേക്കും. ഒരു ഏണി വച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ അത്. ആറടി പൊക്കമുള്ളവർക്കും പത്തടി ഉയരത്തിലിരിക്കുന്ന വസ്തു എടുക്കണമെങ്കിൽ ഏണി വച്ചാലേ സാധിക്കൂ. അതുകൊണ്ടു പൊക്കത്തിലൊന്നും കാര്യമില്ല. ജീവിതത്തെക്കുറിച്ചുള്ള മനോഭാവത്തിലാണ് കാര്യം.’

കുട്ടിക്കാലത്ത് മോശം അനുഭവങ്ങൾ ഉണ്ടാകുന്ന ദിവസം വീട്ടിൽ വന്നു വിഷമിച്ചിരിക്കുന്നതു കാണുമ്പോൾ പപ്പ എന്നെ ആശ്വസിപ്പിക്കും. പപ്പയുടെ വാക്കുകൾ എനിക്കു നൽകിയ ആത്മവിശ്വാസം അത്ര ചെറുതല്ല. ഇന്നു ചിന്തിക്കുമ്പോൾ ജീവിതത്തിന്റെ പൊരുൾ എത്ര ലളിതമായാണ് പപ്പ പറഞ്ഞു തന്നതെന്നു ഓർക്കുന്നു. പിന്നീടുള്ള ജീവിതം നേരിടാൻ അതെന്നെ കരുത്തയാക്കി.’’ നിറഞ്ഞ ചിരിയോടെ ലിൻ എലിസബത്ത് സന്തോഷ വർത്തമാനങ്ങളിലേക്കിറങ്ങി.

കരുതലിലായിരുന്നു കുട്ടിക്കാലം

കോട്ടയത്ത് വാഴൂരിലാണ് നാടെങ്കിലും മധ്യപ്രദേശിലാണ് ഞാൻ ജനിച്ചതും വളർന്നതും. പപ്പ പി.ജെ. തോമസ് അവിടെ ഇംഗ്ലിഷ് അധ്യാപകനായിരുന്നു. മമ്മി സാറാ തോമസ് നഴ്സിങ് ട്യൂട്ടറും.

ഉത്തരേന്ത്യയിൽ സംസ്കാര ചടങ്ങ് ആഘോഷമാണ്.കൊട്ടും പാട്ടും നൃത്തവുമൊക്കെയുണ്ടാകും. ആ കൊട്ട് കേൾക്കുമ്പോൾ തന്നെ ഞാൻ പേടിച്ചു മുറിയടച്ചു ഇരിക്കും. കുട്ടിക്കാലത്തെ ഏറ്റവും വലിയ പേടി പപ്പയും മമ്മിയും എന്നിൽ നിന്നും വേർപെടുന്നതായിരുന്നു. അതോർക്കുമ്പോൾ തന്നെ സഹിക്കാൻ മേലാത്തൊരു നൊമ്പരം വന്നു മൂടും. അതു മനസ്സിലായതു കൊണ്ടാകണം തനിച്ചു ജീവിക്കാൻ അവരെന്നെ പ്രാപ്തയാക്കി. പപ്പ ഇല്ലാതായിട്ടും ഈ ലോകത്ത് ഞാൻ ആത്മവിശ്വാസത്തോടെ ജീവിക്കുന്നു എന്നത് അവർ തന്ന കരുത്തിന്റെ ബലമാണ്.

ഒൻപതു മാസമായിട്ടും സാധാരണ കുട്ടികളുടേതു പോലെ നടക്കാതായപ്പോഴാണ് എന്നെ ഡോക്ടറെ കാണിക്കുന്നത്. അപ്പോഴാണ് ഡ്വാർഫിസമാണെന്നു തിരിച്ചറിയുന്നത്. പെട്ടെന്നു തന്നെ പപ്പയും മമ്മിയും അത് ഉൾക്കൊണ്ടു. സമൂഹത്തിൽ ഞാൻ സന്തോഷത്തോടെ നിലനിൽക്കാൻ വേണ്ടി എന്തു ചെയ്യാൻ പറ്റും എന്നാണ് പിന്നീട് അവർ ചിന്തിച്ചത്.

സാധാരണ കുട്ടിയെ പോലെ അവരെന്നെ വളർത്തി. സ്കൂളിൽ പോകാൻ പ്രായമായപ്പോൾ എനിക്കും രണ്ട് അനിയൻമാർക്കും പ്രമുഖ സ്കൂളിൽ അഡ്മിഷൻ എടുക്കാൻ പോയി. എന്നെ ചേർക്കാൻ പക്ഷേ, അധികൃതർ സമ്മതിച്ചില്ല. പപ്പയും മമ്മിയും ‘ഞങ്ങളുടെ മകൾക്ക് അഡ്മിഷൻ തരാൻ കഴിയില്ലേൽ മൂന്നു മക്കളേയും ചേർക്കുന്നില്ല’ എന്നു പറഞ്ഞ് ഇറങ്ങിപ്പോന്നു.

പഠിച്ച സ്കൂളിലെ അധ്യാപകർക്കും കൂട്ടുകാർക്കും എ ന്നെ വലിയ കാര്യമായിരുന്നു. ഓടി കളിക്കാനൊന്നും കഴിയാത്തതു കൊണ്ട് കൂട്ടുകാരുടെ കൂടെയിരുന്നു കല്ലു കൊണ്ട് ‘ഗിട്ട’ എന്ന കളി കളിക്കുന്നത് ഓർമയുണ്ട്.

അനിയന്മാർ സ്പോർ‌ട്സിലും ടേബിൾ ടെന്നീസിലും പങ്കെടുക്കുന്നതു കാണുമ്പോൾ എനിക്കും ആഗ്രഹം വരും. പക്ഷേ, ഈ പൊക്കം വച്ച് അതൊന്നും ചെയ്യാൻ പറ്റില്ലല്ലോ. അതിനു പരിഹാരമായി മമ്മിയും പപ്പയും എന്നെ ഡിബേറ്റ്,  പ്രസംഗം,  പെയിന്റിങ് മത്സരങ്ങളിൽ  പങ്കെടുപ്പിക്കും.സ്േറ്ററ്റ് ലെവലിൽ സമ്മാനം കിട്ടിയിട്ടുണ്ട്. ഞാൻ പഠിച്ചിരുന്ന കാലത്തൊന്നും പാരാ ഒളിംപിക്സ് ഉണ്ടായിരുന്നില്ല. ഇന്നാണെങ്കിൽ എത്രയധികം അവസരങ്ങളാണ്. പഠനത്തിൽ ആദ്യത്തെ അഞ്ചു റാങ്കിൽ എപ്പോഴും ഞാനുണ്ടായിരുന്നു. എംഎസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി ഫസ്റ്റ് റാങ്കോടെയാണ് ജയിച്ചത്.‌

ഞാൻ ശിക്ഷയല്ല, പ്രചോദനമാണ്

ഒരിക്കൽ മമ്മിക്ക് ജോലി സംബന്ധമായി വേറൊരു സ്കൂളിൽ പോകേണ്ടി വന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്നെയും കൂടെ കൊണ്ടുപോയി. അവിടെ ഞങ്ങൾക്ക് പരിചയമുള്ള വീട്ടിലായിരുന്നു താമസിച്ചത്. ആ വീട്ടിലെ അങ്കിൾ നടത്തിയ സംഭാഷണം ഞാൻ ഇപ്പോഴും മറന്നിട്ടില്ല. ‘നിങ്ങൾ ചെയ്ത പാപത്തിന്റെ ശിക്ഷയായാണ് ഇങ്ങനെ ഒരു കുട്ടിയുണ്ടായത്. അല്ലെങ്കിൽ കഴിഞ്ഞ ജന്മത്തിൽ ഈ കുട്ടി ചെയ്ത പാപത്തിന്റെ ഫലം.’ അവിടത്തെ കുട്ടികളുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഞാൻ അതു കേട്ടതും വല്ലാതെയായി. ആളുകൾ ചുറ്റുമുണ്ടെങ്കിലും പെട്ടെന്നു തനിച്ചായതു പോലെ.

എനിക്കു എല്ലാവരോടുമായി കുറേ ചോദ്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, വാക്കുകൾ ഉള്ളിൽ കുരുങ്ങിക്കിടന്നു. അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മമ്മി എന്നെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.‘അതൊന്നും മോൾ ശ്രദ്ധിക്കേണ്ട. അവർ അറിവില്ലാതെ പറയുന്നതാണ്’

പപ്പയെ പോലെ ഒരു ടീച്ചറാകണമെന്നായിരുന്നു എ ന്റെ ആഗ്രഹം. അതിനു വേണ്ടി കഠിനമായി പരിശ്രമിച്ചു. ഇപ്പോൾ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലെ വിദ്യാർഥികളെയാണ് പഠിപ്പിക്കുന്നത്. അവരെന്നെ ബഹുമാനിക്കുമോ, കുട്ടികളുടെ ഇടയിൽ ഞാൻ ഒരു പരിഹാസ കഥാപാത്രമായി തീരുമോ എന്നെല്ലാം തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നു. പക്ഷേ, ഒരിക്കലും ഒരു നെ ഗറ്റീവ് ഫീലിങ് അവരെനിക്കു തന്നിട്ടില്ല. ‘മാം, ഞങ്ങൾക്കൊരു ധൈര്യമാണ്’ എന്നു പറയുന്നതു കേൾക്കുമ്പോൾ ജീവിതത്തെ തന്നെ കെട്ടിപ്പിടിക്കാൻ തോന്നും.

ജോലിക്കൊപ്പം ബയോ കെമിസ്ട്രിയിൽ പിഎച്ച്ഡി  ചെയ്യുന്നുണ്ട്. എൻജിഒകളുമായി ബന്ധപ്പെട്ട് ഇന്ത്യയി    ലെ ഗ്രാമങ്ങളിൽ പോയി ദരിദ്രരേഖയ്ക്ക് താഴെയുള്ള സ്കൂൾ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കാനും സമയം കണ്ടെത്തുന്നു. അവർക്ക് കിട്ടുന്ന ഭക്ഷണം ശാരീരികമായും മാനസികമായും എങ്ങനെ സഹായിക്കുന്നു എന്നു തിരിച്ചറിയുന്നതിനുള്ള പ്രൊജക്റ്റാണ്.

പൊക്കമില്ലായ്മയാണെന്റെ പൊക്കം

നാൽപത്തിമൂന്നു വയസ്സുള്ള എന്റെ ജീവിതം മറ്റുള്ളവർക്കു പ്രചോദനമായി തീരുന്നതിൽ ഞാൻ സന്തുഷ്ടയാണ്. പക്ഷേ, പ്രദർശനവസ്തുവിനെ പോലെ പലരും എന്നെ കണ്ടിരുന്ന കാലമുണ്ടായിരുന്നു. ഞാൻ നടന്നു പോകുന്നതു കാണുമ്പോൾ കൂട്ടം കൂടി നിന്നു ചിരിക്കുകയും ‘ജോക്കർ’ എന്നു വിളിച്ചു കളിയാക്കുക വരെ ചെയ്യും. ഞാൻ തനിച്ചാണെങ്കിൽ അതു അവഗണിച്ചു കടന്നു പോകും. പക്ഷേ, മമ്മിയോ പപ്പയോ ഉണ്ടെങ്കിൽ ഈ കളിയാക്കലുകൾ എന്നെ മുറിപ്പെടുത്തും.

ഒരു ദിവസം ഞാനും എന്റെ മമ്മിയും കൂടി നടന്നു വരികയായിരുന്നു. എതിരെ സ്കൂട്ടറിൽ വരുന്ന വ്യക്തി ഞങ്ങളെ കണ്ടു വണ്ടി നിർത്തി. ഒപ്പം അയാളുടെ മൂന്നു മക്കളുമുണ്ട്. ഞങ്ങൾ അവരെ മറികടന്നു പോകാൻ ശ്രമിച്ചപ്പോൾ അയാൾ മമ്മിയോടു പറഞ്ഞു.‘നിൽക്ക്, നിൽക്ക്. ഈ കുട്ടിയെ എന്റെ മക്കളെ ഒന്നു കാണിക്കട്ടെ. ഇങ്ങനെയുള്ളവരെ അപൂർവമായല്ലേ നേരിട്ടു കാണാൻ സാധിക്കുകയുള്ളൂ.’’

ഞാൻ ആകെ തകർന്നു പോയി. മമ്മിയുടെ മുഖത്തേക്കു നോക്കിയപ്പോൾ മമ്മിയും അതേ അവസ്ഥയിൽ തന്നെ. പക്ഷേ, പെട്ടെന്നു തന്നെ മമ്മി സമചിത്തത വീണ്ടെടുത്ത് അയാളോട് പറഞ്ഞു. ‘ഇവളും മനുഷ്യനാണ്. ഇങ്ങനെയല്ല നിങ്ങൾ പെരുമാറേണ്ടത്.’

ഇതുപോലെ നിരവധി അനുഭവങ്ങൾ സഹോദരങ്ങളുടെ കൂടെ പോകുമ്പോഴും ഉണ്ടായിട്ടുണ്ട്. പക്ഷേ, അവരൊരിക്കലും എന്നെ കൂടെ കൊണ്ടുപോകാതിരുന്നിട്ടില്ല. അവരുടെ സുഹൃത്തുക്കൾ വരുമ്പോൾ അഭിമാനത്തോടെയാണ് എന്നെ പരിചയപ്പെടുത്തുന്നത്.

കേരളത്തിലെ പൊക്കം കുറഞ്ഞ ആളുകളുടെ വാട്സാപ്പ് ഗ്രൂപ്പുണ്ട്. അതിനുള്ളിൽ പലരും പറയുന്ന അനുഭവങ്ങ ൾ കേൾക്കുമ്പോൾ ‍ഞാൻ എത്ര ഭാഗ്യമുള്ള വ്യക്തിയാണെന്നു ചിന്തിക്കും.

ഇന്നു ഞാൻ തനിച്ചാണ് താമസിക്കുന്നത്. ഇന്ത്യയിലുടനീളം തനിച്ചു യാത്ര ചെയ്തിട്ടുണ്ട്. പൊക്കകുറവുള്ളതു കൊണ്ട് ഒരു ബുദ്ധിമുട്ടും എനിക്കു നേരിടേണ്ടി വന്നിട്ടില്ല. ഭിന്നശേഷിയുള്ള ആളുകൾ സാധാരണക്കാർക്കു ഒപ്പമെത്താൻ അൽപം കൂടുതൽ പരിശ്രമിക്കണം.പക്ഷേ, ഒരിക്കൽ എത്തും. അതുറപ്പാണ്. എന്റെ ജീവിതം തന്ന ഉറപ്പ്.

Tags:
  • Spotlight
  • Motivational Story