Wednesday 17 November 2021 04:46 PM IST : By സ്വന്തം ലേഖകൻ

ഇനിയുള്ള ജീവിതം അവർക്കായി, മജീഷ്യൻ ഗോപിനാഥ് മുതുകാട് മാജിക് നിർത്തുന്നു

muthukad-7

ഇന്ദ്രജാലത്തിന്റെ വിസ്മയക്കാഴ്ചകൾ കാഴ്ചക്കാർക്ക് സമ്മാനിച്ച കലാകാരൻ ആ കുപ്പായം അഴിച്ചു വയ്ക്കുകയാണ്. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രഫഷണൽ  മാജിക്ക് നിർത്തുന്നു. പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യാപ്രകടനം ഇനിയില്ലെന്ന് ഗോപിനാഥ് മുതുകാട് അറിയിച്ചു. ഇനിയുള്ള ജീവിതം ദിവ്യാംഗരായ കുട്ടികൾക്കായി മാറ്റിവെയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 45 വർഷമായി ജാലവിദ്യ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് ഗോപിനാഥ് മുതുകാട്.

‘ഒരു മാജിക് ഷോ അതിന്റെ പൂർണതയിലേക്ക് എത്തിക്കാൻ നീണ്ട ഗവേഷണവും പരിശ്രമവുമാണ് ആവശ്യം. എന്നാലിപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല. പ്രൊഫഷണൽ ഷോകൾ ഇനി നടത്തില്ല. ഒരുപാട് കാലം അവിടവിടയായി പോയി പണം വാങ്ങി ഷോ ചെയ്തിരുന്നു. ഇനി അത് പൂർണമായി നിർത്തുകയാണ്.  എന്ററെ വലിയ സ്വപ്നം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവകലാശാല സ്ഥാപിക്കണം. അവർക്ക് വേണ്ടി സ്പോർട്സ് കോംപ്ലക്സ്, സ്കിൽ സെന്റർ ഒക്കെയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മജീഷ്യൻ എന്നതിനപ്പുറം സാമൂഹിക ഇടപെടലുകളിലൂടെയും കാരുണ്യ പ്രവർത്തികളിലൂടെയും പൊതുസമൂഹത്തിന് സുപരിചിതനാണ് മുതുകാട്. ജാലവിദ്യ തട്ടിപ്പിനായി ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് അദ്ദേഹം കൈക്കൊണ്ടിട്ടുണ്ട്. ഏഷ്യയിലെ ആദ്യത്തെ മാജിക് തീം മ്യൂസിയവും മാജിക് തീംപാർക്കുമായ മാജിക് പ്ലാനറ്റിന്റെ സ്ഥാപകൻ കൂടിയാണ് മുതുകാട്. ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്കു കൊണ്ടുവന്നും, അവർക്ക് സ്വയം പര്യാപ്തരായി ജീവിക്കാനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുത്തും മാജിക് പ്ലാനറ്റ് സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.