Saturday 18 April 2020 02:58 PM IST : By Shyama

കണ്മുന്നിലുള്ള സ്വന്തം മകനെ പോലും തൊടാതെ മാറിനിൽക്കേണ്ടി വന്ന സമയം; ലണ്ടനിലെ കണ്ണീരനുഭവം കുറിച്ച് മലയാളി കുടുംബം

london-story

"എന്റെ യഥാർത്ഥ പേരോ സ്ഥാപനത്തിന്റെ പേരോ ഒന്നും കൊടുക്കരുത്... പേടിച്ചിട്ടാണ്..." അയാളുടെ ശബ്ദം തുടക്കം മുതൽ അവസാനം വരെ ഇടറിക്കൊണ്ടിരുന്നു... ലണ്ടനിൽ അയാളും ഭാര്യയും ആരോഗ്യപ്രവർത്തകരാണ്. "ഇറ്റലിയിൽ അസുഖം വരാൻ തുടങ്ങി എന്നറിഞ്ഞപ്പോ തൊട്ട് ഞങ്ങൾ മകനെ സ്കൂളിൽ വിട്ടില്ല. ആ സ്കൂളിൽ ഇറ്റലി, മൊറോക്കോ തുടങ്ങി പലയിടത്ത്‌ നിന്നുള്ള ആളുകളുടെ കുട്ടികളുണ്ട്. ആ സമയത്ത് ഇവിടെ എയർപോർട്ടുകളിൽ യാതൊരു തരത്തിലുമുള്ള പരിശോധനകളും നടത്തുന്നുണ്ടായിരുന്നില്ല, ആരൊക്കെ എവിടെ നിന്നൊക്കെ വരുന്നു അവർക്ക് അസുഖമുണ്ടോ എന്നൊന്നും നമുക്ക് അറിയില്ല... ഞങ്ങൾ ജോലി ചെയ്യുന്ന ആശുപത്രിയിയിൽ ഞങ്ങളുടെ വാർഡിൽ മാർച്ച്‌ തേർഡ് വീക്കിൽ ആദ്യത്തെ കേസ് വന്നു.

ആശുപത്രിയിൽ മാർച്ച് ആദ്യ ആഴ്ചയിൽ തന്നെ കേസുകൾ വന്നിരുന്നു. ഞാൻ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ആദ്യത്തെ കേസ് പോസിറ്റീവ് ആണെന്നറിഞ്ഞപ്പോ ഞങ്ങൾ എല്ലാവരും ഞെട്ടി...കാരണം സാധാരണ ഗ്ലവ്സും, വെള്ള സ്ലീവ്ലെസ്സ് ഏപ്രണും മാത്രമിട്ടാണ് അന്ന് വരെ ഞങ്ങൾ ജോലി ചെയ്തത്. മാസ്ക് പോലുമില്ല! ആർക്കും എന്തും എപ്പോഴും സംഭവിക്കാമെന്ന അവസ്ഥ. ആശുപത്രി പ്രോട്ടോകോൾ ഒക്കെ ഉണ്ട് എന്നാലും പിപിഇ ഒന്നും അപ്പോഴും തന്നിരുന്നില്ല. ആളുകളുടെ എണ്ണവും സ്പ്രെഡും കൂടി വന്നതോടെയാണ് അത്തരം കാര്യങ്ങൾ ഇവർ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഭാര്യയും ഹോസ്പിറ്റലിൽ തന്നെ ജോലിക്ക് പോയിക്കൊണ്ടിരുന്നു. അവൾ ഗർഭിണിയുമായിരുന്നു. ഇത്രയും ഒക്കെ ആയപ്പോൾ അവൾ അവിടുത്തെ അധികൃതരോട് കാര്യങ്ങൾ പറഞ്ഞു. മറ്റേർണിറ്റി ലീവ് എടുത്തു വിശ്രമിക്കാനുള്ള എല്ലാ നടപടികളും ഉടനെ അവർ അവൾക്ക് ചെയ്തു കൊടുത്തു. ഇനി ഒരു വർഷം കഴിഞ്ഞ് ജോയിൻ ചെയ്താൽ മതി എന്നും പറഞ്ഞു... അത് ഞങ്ങൾക്കൊരു ആശ്വാസമായി.

ഞാൻ ജോലി കഴിഞ്ഞ് വരുമ്പോ കാറിൽ വച്ചുതന്നെ ഇട്ട ഉടുപ്പ് ഊരി അത് ചൂടുവെള്ളത്തിലേക്കിടും. വീട്ടിൽ കയറി ആദ്യം കൈ സാനിട്ടൈസ് ചെയ്യും. പിന്നെ നന്നായി സോപ്പിട്ട് പതപ്പിച്ചു കുളിക്കും... അത്തരം കാര്യങ്ങൾ സ്വന്തം നിലയിൽ ശ്രദ്ധിച്ചിരുന്നു.

*ഞാൻ ആകുമോ ക്യാരിയർ... *

അങ്ങനെയിരിക്കെ എന്റെ മോന് ചുമയും പനിയും വന്നു... അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടവും പേടിയുമായി... ഞാൻ കാരണം അവനിത് വന്നല്ലോ എന്നൊക്കെയുള്ള ചിന്തകൾ വന്ന് കാടുകയറാൻ തുടങ്ങി. വല്ലാത്തൊരുതരം അവസ്ഥയാണത്...!

പക്ഷേ, കോവിഡ്19 തന്നെയാണോ എന്നും അറിയില്ല. നമ്മുടെ നാട്ടിലെ പോലെ അത്ര എളുപ്പമല്ല ഇവിടെ ടെസ്റ്റിംഗ്. ആ സമയത്ത് നല്ല ശ്വാസതടസം ഉള്ളവരെയും, കഫമില്ലാത്ത ശക്തമായ ചുമയുള്ളവരെയും, ശരീര താപനില 37.6ൽ കൂടിയവരെയും മാത്രമേ അവർ കോവിഡ് പരിശോധനയ്ക്കായി പരിഗണിച്ചിരുന്നുള്ളൂ. 111വിളിച്ച് പറയാനാണ് അവർ പറയുക. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആംബുലൻസ് വിടൂ.

ആ സമയത്ത് കുറച്ച് ദിവസം ഞാൻ ലീവ് എടുത്തു. മോനും ഭാര്യയും ഒരു മുറിയിലും ഞാൻ ഗസ്റ്റ് റൂമിലും ആയി താമസിച്ചു.

മകന്റെ പനി മൂന്ന് ദിവസത്തിനുള്ളിൽ മാറി അപ്പൊ കുഴപ്പമില്ലെന്ന് ഉറപ്പായി. കുറച്ച് ദിവസം കഴിഞ്ഞപ്പോ എനിക്ക് കോവിഡിന്റ ലക്ഷണങ്ങൾ വന്നു. പനി, ചുമ, പുറം വേദന... ആരോ പിടിച്ച് വലിക്കുമ്പോലെ അതിശക്തമായ നെഞ്ച് വേദനയും. കാര്യങ്ങൾ വഷളാകുമെന്ന് തോന്നിയപ്പോൾ 7 ദിവസം കൂടി ലീവ് എടുത്തു. ഭാര്യ ഭക്ഷണമുണ്ടാക്കി വാതിലിനു വെളിയിൽ വെക്കും. ഞാൻ ആ മുറിയിൽ നിന്ന് പുറത്തേക്കേ ഇറങ്ങിയില്ല. വീട്ടിനകത്തും ഞങ്ങൾ മൂന്നു പേരും മാസ്ക് ഇട്ടിരുന്നു. പനിക്ക് പാരസെറ്റമോൾ ആണ് കഴിച്ചത്. എല്ലാ ദിവസവും രാവിലെ ഉപ്പും മഞ്ഞളുമിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ഗാർഗിൾ ചെയ്തു. പച്ച നാരങ്ങ മുറിച്ചിട്ട് കഴിച്ചിരുന്നു. വൈറ്റമിൻ സി നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്. പനി മൂന്ന് ദിവസത്തിൽ കുറഞ്ഞു. അപ്പൊ കോവിഡ് അല്ലെന്ന് മനസിലായി.

കണ്മുന്നിൽ ഉണ്ടായിട്ട് പോലും മകനെ ഒന്ന് തൊടാൻ പറ്റാത്തതിന്റെയും, ഇനിയും ഞാൻ കാരണം എന്റെ കുടുംബത്തിന് രോഗം വരാനുള്ള സാധ്യത ഉണ്ട് എന്നൊക്കെ ഓർത്തിട്ട് എനിക്ക് സ്ട്രെസ് കൂടാൻ തുടങ്ങി, വല്ലാത്തൊരു തരം മാനസികാവസ്ഥയിൽ എത്തി, ചുറ്റും വായു ഉണ്ടായിട്ടും ശ്വസിക്കാൻ പറ്റാത്ത പോലെ വെപ്രാളം. ടെൻഷൻ കൂടി ദിവസവും ഛർദിയും തലകറക്കവും ആയി. വീട്ടിനുള്ളിലെ ലോകംഈ അവസ്ഥ തുടർന്ന് ശാരീരിക/ മാനസിക ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയപ്പോ ഞാൻ ഹോസ്പിറ്റലിൽ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ അവർ ആനുവൽ ലീവും പെയ്ഡ് ലീവുമായി ഒന്നര മാസം അവധി തന്നു. ഇനി മെയ്യിൽ തിരികെ ജോലിക്ക് കേറണം.

ഞങ്ങൾ മലയാളികൾ മിക്കവരും ലക്ഷണങ്ങൾ കണ്ടപ്പോഴേ സ്വന്തമായി ഐസൊലേഷനിൽ പോയി. അത് മറ്റ് രോഗികളിലേക്കും നമ്മുടെ കുടുംബത്തിലേക്കും രോഗം നൽകേണ്ട എന്നോർത്തിട്ട് തന്നെയാണ്.മീഡിയയോടും പുറത്തുള്ളവരോടും ഹോസ്പിറ്റലിൽ എത്ര രോഗികളുണ്ടെന്നോ അവരുടെ പേരോ അവരുടെ അവസ്ഥ എന്തെന്നോ പറയരുതെന്നും ഹോസ്പിറ്റൽ അധികൃതർ ഉത്തരവിറക്കിയിരുന്നു. പല തരം ഫേക്ക് ന്യൂസ്‌കളും വരുന്നുണ്ടായിരുന്നു.

കോവിഡ് ഉള്ള ആളുകൾ മറ്റുള്ളവർക്കും അത് വരട്ടെ എന്നു കരുതി ആരോഗ്യപ്രവർത്തകരടക്കമുള്ളവർക്ക് നേരെ തുപ്പുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് കഴിവതും പുറത്തേക്കിറങ്ങില്ല. ഇവിടെ ബസും ട്യൂബും ഒക്കെ ഇപ്പോഴും ഓടുന്നുണ്ട്. ആളുകൾക്ക് വേണ്ടത്ര അവെയർനെസ്സ് കൊടുക്കാത്തതിന്റെ പ്രശ്നമാണത്. ശാരീരിക അകലം പാലിക്കാൻ പറയുമ്പോഴും ആളുകൾ വേനൽ തുടങ്ങിയത് കൊണ്ട് സൺ ബാത്തിനായും ചുമ്മ പുറത്തിറങ്ങി ഒന്ന് കറങ്ങാനും ഒക്കെ ഇറങ്ങുന്നുണ്ട്. ഞങ്ങളുടെ അയൽവക്കങ്ങളിൽ കോവിഡ് പോസിറ്റീവ് ആയ ആളുകളുണ്ട്... ഇപ്പൊ സാധങ്ങളൊക്ക തീർന്ന് തുടങ്ങി. മൂന്ന് ആഴ്ച കൂടി ലോക്ക്ഡൗൺ ഉണ്ടാകുമെന്ന് പറയുന്നു.

ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ കൈയടി ഒക്കെ ഉണ്ടായപ്പോൾ എനിക്കും വളരെ അഭിമാനം തോന്നിയിരുന്നു പക്ഷേ, അഭിനന്ദനങ്ങൾക്കൊപ്പം പിപിഇ ഒക്കെ കൂട്ടണം. ഇവിടെ ക്യാബിനെറ്റ് കൂടി തീരുമാനം എടുക്കാൻ തന്നെ നല്ല താമസമുണ്ട്.നമ്മുടെ നാട്ടിലെ പോലെ ഉടനെയുള്ള നടപടികൾ ഉണ്ടായിരുന്നെങ്കിൽ ഇത്രയും പ്രശ്നമില്ലായിരുന്നു എന്ന് തോന്നാറുണ്ട്.

കേരളത്തെ കുറിച്ച് ഓർക്കുമ്പോ എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങണം എന്ന് തോന്നും.. ഒന്നുമില്ലെങ്കിലും നമ്മളെ നോക്കുന്നൊരു സർക്കാരും അറിയുന്ന ആൾക്കാരും ചുറ്റുമുണ്ടാകുമല്ലോ. പക്ഷേ, എല്ലാവർക്കും അങ്ങനെ മടങ്ങാനും പറ്റില്ല. വീടുവാങ്ങി അതിന്റെ പൈസ കൊടുക്കാൻ കഷ്ടപ്പെടുന്നവരും, വർക്കിംഗ്‌ വിസയിൽ വന്നവരും ജോലി ഇല്ലാതെ നാട്ടിലേക്ക് പോകാൻ പറ്റാത്തവരും ഒക്കെ ഉണ്ട്!

ഐറ്റിയിലൊക്കെ ഉള്ളവർക്ക് വർക്ക്‌ ഫ്രം ഹോം ആണ്. ഇപ്പൊ ആൾക്കാർ ഇതുമായി ഒത്തു വരുന്നു. ഇത്രയും നാൾ ഇല്ലാത്ത തരത്തിൽ കൂടുതൽ സമയം വീടുകളിലും വീട്ടുകാർക്കും ഒപ്പം ചിലവഴിക്കുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വളരെ ആക്റ്റീവ് ആണ്. പാട്ട്, പാചകം, വര, അഭിനയം ഒക്കെ ആയി ഗ്രൂപ്പുകൾ വഴി സൗഹൃദങ്ങൾ സ്ട്രോങ്ങ്‌ ആണ്.ഞങ്ങളിപ്പോ വീട്ടിൽ ബേക്കിംഗ് പരീക്ഷണത്തിലാണ്. 4 കേക്ക് ഉണ്ടാക്കി.2എണ്ണം പാളി 2എണ്ണം തകർത്തു.ഞാൻ ഐസൊലേഷനിൽ ആയിരുന്ന സമയത്ത് ഒക്കെ ധാരാളം പേർ മെസ്സേജ് വഴിയും കോൾ വഴിയും ദിവസവും വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഭയങ്കര സന്തോഷയും നന്ദിയും ഒക്കെ തോന്നി. ഇതൊക്കയാണ് നമ്മൾ പഠിക്കുന്ന പാഠങ്ങൾ! ഇതൊക്ക കഴിഞ്ഞ് നന്മയുള്ളൊരു ലോകം വരുമെന്നാണ് പ്രതീക്ഷ....

Tags:
  • Spotlight