Saturday 20 July 2019 03:24 PM IST : By സ്വന്തം ലേഖകൻ

സഞ്ചാരികളെ ഇതിലേ...ഇതിലേ...; മനോരമ ട്രാവൽ മാർട്ടിന് പ്രൗഢഗംഭീര തുടക്കം

travelz

കൊച്ചു കേരളത്തിന്റെ ഇട്ടാവട്ടത്തിനപ്പുറം ദേശവും ദൂരവും താണ്ടി മനസും ശരീരവും പായിക്കുന്ന മലയാളിയുടെ കൂട്ടുകാരനാണ് മനോരമ ട്രാവലർ.കെട്ടുപൊട്ടിയ പട്ടം പോലെ പായുന്ന മലയാളിയുടെ യാത്രാ സ്വപ്നങ്ങൾക്ക് വർണച്ചിറകു വിടർത്തിയ മനോരമ ട്രാവലർ പ്രയാണത്തിന്റെ നാലു വർഷം പൂർത്തിയാക്കുകയാണ്. വിജയകരമായ നാല് സംവത്സരങ്ങൾക്ക് മിഴിവേകി മനാരമ ട്രാവലർ സംഘടിപ്പിക്കുന്ന ട്രാവൽ മാർട്ടിന് കൊച്ചിയിൽ തുടക്കമായിരിക്കുന്നു.

കൊച്ചി താജ് ഗേറ്റ്‍വേയിൽ നടന്ന ട്രാവൽ മാർട്ടിന്റെ ഉദ്ഘാടന ചടങ്ങിൽ യാത്രയെ ഉയിരു പോലെ ചേർത്തു വച്ച ഒരുപിടി വിശിഷ്ട വ്യക്തിത്വങ്ങളാണ് ഭാഗഭാക്കായത്. സംവിധായകൻ ലാൽ ജോസ്, നടി ലെന, വ്ലോഗർ സുജിത്ത് ഭക്തൻ എന്നിവർ ട്രാവൽ മാർട്ടിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ തിളക്കമുള്ള സാന്നിദ്ധ്യമായി. ഇന്നും നാളെയുമായി നടക്കുന്ന ട്രാവൽ മാർട്ടിന്റെ വിവിധ സെഷനുകളിൽ പ്രമുഖ യാത്രികരും , വ്ലോഗർമാരും അടങ്ങുന്ന പ്രമുഖർ യാത്രാപ്രേമികളോട് സംവദിക്കും.

t2
t7
t8

ഹിമാലയം കീഴടക്കിയ അനുഭവം പങ്കുവയ്ക്കാനാണ് അബ്ദുൾ നാസർ ഇന്ന് (20.07.2019) വൈകിട്ട് 4 മണിക്ക് മുഖാമുഖമെത്തുന്നത്.  അറുപതോളം രാജ്യങ്ങളിൽ ക്യാമറയുമായി ഒറ്റയ്ക്ക് സഞ്ചരിച്ച വയനായ് സ്വദേശി അഞ്ജലി തോമസും ഇന്ന് വൈകിട്ട് 5 മണിക്ക് ട്രാവൽ മാർട്ടിലെത്തുന്നുണ്ട്. ട്രാവൽ ഗ്രൂപ്പുകൾക്കും സോളോ ട്രാവലർമാർക്കും യാത്ര ചെയ്യാനുള്ള സാങ്കേതിക നിർദ്ദേശങ്ങളുമായെത്തുന്നത് ട്രാക്ക് ഫൈൻഡേഴ്സ് പ്രതിനിധി ആർ മോഹനാണ്.

t4
t6
t5

സൗത്ത് ഇന്ത്യയിലെ ആദ്യ വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർ എന്ന വിശേഷണവുമായെത്തുന്ന കെ ജയറാം തന്റെ പേരിലറിയപ്പെടുന്ന തവളയുടെ ചിത്രവുമായാണ് ട്രാവൽ മാർട്ടിലെത്തുന്നത്. നാളെ ഉച്ചയ്ക്ക് (21.07.2019) രണ്ട് മണിക്കാണ് ജയറാമിന്റെ സെഷൻ. ഫൊട്ടോഗ്രഫിയിൽ യുനെസ്കോ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുള്ള എൻ.പി ജയൻ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയെക്കുറിച്ച് നാളെ ഉച്ചയ്ക്ക് 3 മണിക്ക് പ്രഭാഷണം നടത്തും. കാടുമായി കൂട്ടുകൂടിയ കഥ പറയാൻ സീമ സുരേഷ് എത്തുന്നത് വൈകിട്ട് നാലിനാണ്. വർഷങ്ങൾ നീളുന്ന തൻറെ യാത്രാനുഭവങ്ങളുടെ കഥ പറയാൻ സന്തോഷ് ജോർജ് കുളങ്ങരയെത്തുന്നച് നാളെ വൈകുന്നേരം നാലരയ്ക്കാണ്.  

t1