Friday 21 May 2021 12:23 PM IST

ഉയരം കൂടും തോറും ചായയുടെ രുചി കൂടുമോ? ചായ കുടിച്ചു കുടിച്ച് മൂന്നാറിലേക്ക് ഒന്നുപോയി നോക്കാം

Vijeesh Gopinath

Senior Sub Editor

tea556vgbhy കീരമ്പാറയിലെ സ്ട്രോങ് ടീ. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സ്ഫടികത്തിലെ ചാക്കോ മാഷിനെ പോലെ ചൂടിന്റെ ചൂരലുമായി ഒരു മയവും ഇല്ലാതെ നിൽക്കുകയാണ് സൂര്യൻ. ഫ്രിജ് തുറന്ന് അതിനുള്ളിലിരിക്കാൻ തോന്നിയപ്പോഴാണ് ആ ഉൾവിളി വീണത്. മൂന്നാറിൽ തണുപ്പിന്റെ  കുഞ്ഞുതൂവലെങ്കിലും ബാക്കിയുണ്ടാകുമോ?  

മനസ്സിനെ ഒന്നു മഞ്ഞുകൊള്ളിച്ചിട്ടു വരാം. ചായക്കപ്പിൽ നിന്ന് ആവി പറക്കും പോലെ തേയിലക്കുന്നുകൾക്കു മേൽ മഞ്ഞു പാറുന്നുണ്ടാകണമേ എന്നു പ്രാർഥിച്ച്  ഫസ്റ്റ് ഗിയർ ഇട്ടു.  അല്ലെങ്കിലും  മൂന്നാർ എന്നും പഴയ പ്രണയം പോലെയാണ്. എത്ര  പോയി വന്നാലും ആ വഴി പിന്നെയും പിന്നെയും  വിളിച്ചു കൊണ്ടിരിക്കും. ‌

മൂവാറ്റുപുഴയിൽ നിന്ന് മൂന്നാറിലേക്കുള്ള വഴി തെളിയും മുൻപാണ് ആ ബൾ‌ബ് മിന്നിയത്. ചുമ്മാ ചുരം കയറിപ്പോകാതെ ‘ചായ ചോയ്ച് ചോയ്ച്’ പോയാലോ? ഒടുവിൽ ഉണ്ണിക‍ൃഷ്ണനെ പോലെ തനി നാടനായി ‘ഒറ്റമുണ്ടുമുടുത്തു’ നിൽക്കുന്ന ചായക്കടകളുടെ നാട്ടിലൂടെയാണ് പോകുന്നത്.

സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ കണ്ടതു പോലുള്ള ഒട്ടും മേക്കപ്പില്ലാത്ത ചായക്കടകൾ. വീശിയടിച്ച്, പതപതപ്പോടെ മുന്നിലെത്തുന്ന സുന്ദര ചായകൾ...അപ്പോൾ പിന്നെ അതു തേടി പിടിച്ചു പോകുന്നതിൽ ഒരു സുഖമുണ്ടല്ലോ. ഒാർത്തു നോക്കിയാൽ  മൂന്നാറിലെ പല നിറമുള്ള പച്ചകൾ പോലെ ഒരു ചായയ്ക്ക് എത്ര നിറമാണ്.

ചായ തേടി നടക്കുന്നവരാണെന്നു കേട്ടപ്പോൾ മൂവാറ്റുപുഴയിലെ ഒാട്ടോചേട്ടൻ പറഞ്ഞു. ‘‘കടാതിപ്പാലം വരെ ചെല്ല്... അവിടൊരു കടയുണ്ട്. പേരില്ലാത്ത ചായക്കട. വെളുപ്പിനെ തുറക്കും.’’

_REE9789

ചായക്കടയിലെ കുലപാതകം

അകത്തേക്ക് കടന്നതും കണ്ടത് ‘കുലപാതകം’. തൂങ്ങിയാടുന്ന ആറോളം ഇനത്തിലുള്ള പത്തു പന്ത്രണ്ട് നാടൻ വാഴക്കുലകൾ. അടുക്കളയിലേക്ക് നോക്കിയപ്പോൾ മോഹനൻചേട്ടന്‍ കുമ്പകൂലുങ്ങാതെ  മീറ്റർ ചാ യ  വീശിയടിക്കുന്നു.   തൊട്ടപ്പുറത്ത് ഭാര്യ വൽസലയും ഭാര്യാസഹോദരൻ വിജയനും.  ഒരു ഗ്ലാസ് ചായ വിശേഷത്തിലേക്ക് ഒറ്റ സ്പൂണ്‍ ഒാർമയിട്ട് കടകടാന്ന് അടിച്ച് മോഹനൻ ചേട്ടൻ മുന്നിൽ വച്ചു.

‘‘മൂന്നാമത്തെ തലമുറയാണ് ഞങ്ങൾ. എന്റെ ഭാര്യയുടെ അച്ഛന്റെ അച്ഛനാണ് കട തുടങ്ങിയത്. ഞാൻ കട ഏറ്റെടുക്കുമ്പോൾ ചായക്ക് മൂന്നു രൂപയായിരുന്നു. ഇപ്പോഴത് പത്തു രൂപയായി. കടയ്ക്കും രുചിക്കും  അന്നും ഇന്നും  ഒരു മാറ്റവും ഇല്ല. എല്ലാം പഴയ രീതിയിലാണ്. വർഷങ്ങളായി നാടൻപാലാണ് വാങ്ങുന്നത്. അതും ഒരേ സ്ഥലത്തു നിന്ന്. അതുപോലെ ചായപ്പൊടിയും  ഒരേ ബ്രാൻഡ്. അതാകും അന്നും ഇന്നും ചായ ഒരുപോലെയാണെന്ന് പലരും  പറയുന്നത്.’’  

അപ്പോഴും സംശയം. എന്തിനാണ് ഇത്രയും കുലകൾ? ഉത്തരമായി മുന്നിലെത്തിയത് പപ്പട വട. പിന്നെ രണ്ട് ചെറു പഴം. രണ്ടും ഒരുമിച്ചു കഴിച്ച് ബാക്കിയുള്ള ചായയും കൂടി കുടിച്ചപ്പോഴാണ് ഇവരൊക്കെ ഇത്രയും കട്ട ബ്രോസ് ആണെന്ന് മനസ്സിലായത്. പപ്പടവടയുടെ കറുമുറയും പാളയംകോടൻ പഴത്തിന്റെ പുളിമധുരവും കെട്ടിപ്പിടിച്ചു നിന്നു. ഇനി ഒരു മണിക്കൂർ നേരത്തേക്ക് വിശക്കില്ലെന്നുറപ്പാണ്. വണ്ടി നേരെ ചുരം കയറാൻ പറന്നു.

_REE9742

കീരമ്പാറയിലെ ‘സ്ട്രോങ്’ റൂം

അപ്പോഴാണ് കീരമ്പാറയിൽ നിന്ന് പ്രവീൺ വിളിച്ചത്. കോതമംഗലത്തു നിന്ന് നേരെ നേര്യമംഗലത്തേക്ക് പോകാതെ ഒന്നു തിരിഞ്ഞാൽ  ഉള്ളം കൈകൊണ്ടുള്ള ആദ്യ തലോടലിൽ തന്നെ  മനസ്സിൽ കുളിരുപാറിക്കുന്ന പൊറോട്ടയും എരിവു തൊട്ട ബീഫ് കറിയും ഉണ്ടെന്നു പറഞ്ഞു.

ആ സീൻ ഒന്നാലോചിച്ചു നോക്കി. പോറോട്ടയെ വേദനിപ്പിക്കാതെ മൂന്നു വിരലുകൊണ്ട് അരികിൽ ഒന്നു പിടിക്കുന്നു. അതെടുത്ത് ബീഫ് കറിയിലൊന്നു തൊടുന്നു. നാവിൽ എരിവിന്റെ ഡപ്പാംകുത്ത് നടക്കുമ്പോൾ പിന്നാലെ നല്ല സ്ട്രോങ് പാൽച്ചായ ഒരു കവിൾ. എരിവും ചൂടും കൂട്ടിമുട്ടുമ്പോ കണ്ണുനിറഞ്ഞു പോകും.

ഇത്രയു‌ം ഒാർ‌ത്തപ്പോഴേക്ക്  വണ്ടിക്ക് ഇടത്തോട്ട്  സിഗ്‌നൽ വീണു. കീരമ്പാറ ഹൈസ്കൂളിന് എതിർവശത്തുള്ള രണ്ടു നില കെട്ടിടം. പഴയ വീടിന്റെ ലുക്ക് ഉണ്ട്. മുറ്റത്ത് കോവലിന്റെയും പാഷൻഫ്രൂട്ടിന്റെയും പന്തൽ.

ഗ്ലാസിൽ നിന്ന് കോപ്പയിലേക്ക് ചായ പറന്നു വീഴുന്ന ശബ്ദം കേട്ടാണ് അത്തേക്കു കയറിയത്. ബിജുവും ഷാജുവുമാണ് അടുക്കളയിൽ. 20 വർഷമായി കീരമ്പാറയിലെ  രുചി സ്പെഷലിസ്റ്റുകളാണ് രണ്ടു പേരും.

മുന്നിലെത്തിയ ചായക്ക് ‘ഒരിതുണ്ട്.’ അതിന്റെ കാരണം ചോദിച്ചപ്പോൾ ഉത്തരമിങ്ങനെ ‘‘അടിച്ചാലേ ചായക്ക് സ്വാദു കൂടുകയുള്ളൂ.  അതിലാണ് കൈമിടുക്ക്. എല്ലാം ഒരുമിച്ച് ചേരണം. എല്ലാം മനക്കണക്കിലാണ്. അളവൊന്നും നോക്കാറില്ല. എത്ര പേരുണ്ടെന്ന് അറിയുമ്പോൾ തന്നെ പഞ്ചസാരയെല്ലാം കൃത്യമായി വന്നു വീഴും.’’ ചായ പോലെ ‘സ്ട്രോങ്’ ആണ് രമ്യ ഹോട്ടൽ. പണ്ട് ആന ശല്യമുള്ളതു കൊണ്ട് കരിങ്കൽ‌ഭിത്തിയിട്ട് നിർമിച്ച കെട്ടിടമാണത്രെ.  രാവിലെ ചായക്ക് ചെറുകടിക്കൂട്ടുകാരില്ലെങ്കിലും വൈകീട്ട് രുചിയുടെ തിരുവാതിര– ഉള്ളിവട, പരിപ്പുവട, സുഖിയൻ...

_REE9658

എരിവിൽ പൊള്ളിയ നാവിലൂടെ ചായ ഒാടിയിറങ്ങിയപ്പോൾ ‘ആഹാ’ പറഞ്ഞ് ബില്ലും കൊടുത്തു പുറത്തിറങ്ങി. അപ്പോഴാണ്  അടുത്തു തന്നെ മറ്റൊരു ഹോട്ടലുണ്ടെന്നറി‍ഞ്ഞത്. ഇപ്പോഴും വിറകടുപ്പിലാണത്രേ ചായയുണ്ടാക്കൽ.  ഉടൻ ചായ കുടിക്കാനുള്ള ‘ആരോഗ്യമില്ലെങ്കിലും’ ഒന്നു കണ്ടുകളയാം.

കോതമംഗലം പുന്നേക്കാട് കവലയിൽ പാലമറ്റം റോഡിലേക്ക് ഒന്നു തിരിഞ്ഞു. കടും കളറിട്ട ‘സ്റ്റൈൽ ബേബീസിനു’ നടുവിൽ അതാ നിൽക്കുന്നു നരവീണ മുത്തശ്ശിയെ  പോലെ ഹോട്ടൽ അർച്ചന. താഴെ ഭഗവതി വിലാസം എൻഎസ്എസ് കരയോഗത്തിന്റെ കറുപ്പിൽ വെളുപ്പ് അക്ഷരത്തിൽ എഴുതിയ ബോർഡ്. കുമ്മായം പുശിയ ചുമര്,  മരയഴി, അകത്തേക്ക് കയറിയാൽ പുകപിടിച്ച ചുമര്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ചിത്രങ്ങൾ...  ഇത്രയും കണ്ടത് സിനിമയിലായിരുന്നെങ്കിൽ ഉറപ്പാണ്, അകത്തു നിന്ന് ശങ്കരാടിയോ, ഒടുവിൽ ഉണ്ണികൃഷ്ണനോ, കെപിഎസി ലളിതയോ ഇറങ്ങിവരും. പക്ഷേ, വന്നത്  സുകു എന്ന കുട്ടൻ ചേട്ടനാണ്. 44 വർഷമായി ഇതുവഴി പോകുന്നവരെ ചായകുടിപ്പിച്ചു തുടങ്ങിയിട്ട്. തണുപ്പിന്റെ മലമുകളിലേക്ക്, ദൈവത്തിന്റെ വലിയ ചായപാത്രത്തിലേക്ക് വണ്ടി പാഞ്ഞു.

മുടിവളർത്തിയ ചായക്കട

ചുരം കയറിയപ്പോഴേ ചായയുടെ ചങ്ങാതി ഒപ്പം കൂടി. ചാറ്റൽ മഴ. കടയിറമ്പിൽ നിർത്തി തണുപ്പിൽ മുങ്ങിക്കുളിച്ച് ചൂടു കട്ടനും പരിപ്പുവടയും കഴിച്ചിരിക്കാൻ തോന്നി. മൂന്നാം മൈലിൽ 24 മണിക്കൂറും തുറക്കുന്ന കുട്ടായിയുടെ ചായക്കട കണ്ടിരുന്നു. ചായയടിച്ച് പതപ്പിച്ച് പതയ്ക്കുമുകളിൽ കടുംചായയുടെ ഡിസൈനിട്ടു തരും പുള്ളി.  

എങ്ങും നിർത്താതെ മൂന്നാറിലേക്ക് പോണമെന്നാണ് കരുതിയത്. പക്ഷേ, ഇരുട്ടുകാനത്ത് പച്ചമുടി വളർത്തിയ ആ കട കണ്ടത്. മാത്യുച്ചേട്ടന്റെ ടീ ഷാപ്പ്.  38 വർഷം മുൻപ് കട തുടങ്ങുമ്പോൾ വിരലിലെണ്ണാവുന്ന കുടുംബങ്ങളേ ഇവിടെയുള്ളൂ. പിന്നെയെത്തുന്നത് വല്ലപ്പോഴും വന്നു പോകുന്ന വണ്ടിക്കാരും.

teabbn566vhjuy

ഇപ്പോൾ ഈ വഴി പോകുന്നവരെ ചായയ്ക്കൊപ്പം ആകർഷിക്കുന്നത് ഒരു ചെടിയാണ്. കടുപ്പമുള്ള ചായപോലെ പേരു കുറച്ചു സ്ട്രോങ് ആണ്–ഒാറഞ്ച് ട്രംപെറ്റ് വൈൻ ചെടി.

പതിനെട്ടു വർഷം മുൻപ് ചായക്കടയിൽ കയറിയ സായിപ്പും മദാമ്മയും സമ്മാനിച്ചു പോയ ചെടി ചായക്കടയുടെ മുട്ടറ്റമെത്തുന്ന മുടിയായി പ‍ടർന്നു പന്തലിച്ചു കഴിഞ്ഞു. ഡിസംബർ മുതൽ  മൂന്നു മാസം ഒാറഞ്ചു പൂവിൽ കുളിച്ചു നിൽക്കും. ആ പൂക്കാലത്തു  വന്ന് ഇവിടെ നിന്നൊരു ചാ യ കുടിക്കണം.

ചായ ബംഗ്ലാവ്

കാലുകുത്തിയപ്പോഴേ മൂന്നാർ തണുപ്പുകൊണ്ടു കെട്ടിപ്പിടിച്ചു ഒരുമ്മ തന്നു. പ്രകൃതിയുടെ ചായ ബംഗ്ലാവ് കാഴ്ചകളുടെ മുറികൾ തുറന്നു. ചായ കുടിച്ചു വന്നതല്ലേ,  നേരെ നല്ലതണ്ണിയിലെ ടീ മ്യൂസിയത്തിലേക്കു പോകാം.

മൂന്നാറിന്റെ ചരിത്രം ഉറങ്ങിക്കിടക്കുന്ന അകത്തളത്തിലേക്ക് കാലെടുത്തു വച്ചു. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻസിന്റെ ഈ ടീ മ്യൂസിയത്തിൽ മൂന്നാറിലേക്ക് തേയില വന്ന കഥ നിറ‍ഞ്ഞു നിൽക്കുന്നു. ആദ്യം 28 മിനിറ്റുള്ള ഒരു ഡോക്യുമെന്ററി കാണാം. അതിലുണ്ട് സായിപ്പിന്റെ കാലം മുതൽ കെഡിഎച്ച്പിയുടെയും റിപ്പിൾ ടീയുടെയുമൊക്കെ ചരിത്ര ചിത്രങ്ങൾ.

_REE9589 കുട്ടൻ ചേട്ടന്റെ ചായക്കട

പണ്ടു പണ്ട് വേണാടും മലബാറുമൊക്കെ കൂവിപ്പായും മുന്നേ മൂന്നാറിന്റെ മലനിരകളിൽ ആവി വണ്ടി കിതച്ചു കയറിയിരുന്നു. റോപ് വേയിലൂടെ താഴ്‍വാരത്തിലേക്ക് തേയില ഇറങ്ങിച്ചെന്നിരുന്നു. പിന്നീടൊരു പേമാരിയിൽ  റെയിൽ ഗതാഗതം മണ്ണിൽ പുതഞ്ഞതും ചരിത്രം.

പണ്ടുകാലത്ത് കൂവിപാഞ്ഞ തീവണ്ടിയുടെ ചക്രം മുതൽ‌ സായിപ്പിന്റെ കാലത്തുണ്ടാക്കിയ പഞ്ചിങ് മെഷീൻ വരെ പ്രൗഢിയോടെ ഇരിക്കുന്നു. മൂന്നാറിനെ തുടച്ചു കളഞ്ഞ വെള്ളപ്പൊക്കത്തിൽ കാണാതായ ട്രെയിൻ ചക്രം ക ഴിഞ്ഞ പേമാരിയിൽ തിരിച്ചു കിട്ടിയതും കാണാം. തിങ്കളാഴ്ച ഒഴിച്ച് ബാക്കി ദിവസങ്ങളിൽ രാവിലെ ഒൻപതര മുതൽ അഞ്ചുമണി വരെയാണ് മ്യൂസിയം തുറന്നിരിക്കുക.

മ്യൂസിയത്തിൽ നിന്നു പുറത്തേക്കിറങ്ങിയപ്പോഴേക്കും മഴയെത്തി. മൂന്നാർ അങ്ങനെയാണ്. കൊതിച്ചെത്തുന്ന അ തിഥികൾക്കായി കാഴ്ചകളുടെ മേശപ്പുറത്ത് ഒരുപാടു വിഭവങ്ങൾ വിളമ്പി  സ്വീകരിക്കും. കോടയും അതിനു മീതെ വൈകുന്നേര വെയിലും തേയില ചെടികളുടെ ഭംഗി കൂട്ടി.  

_REE9621 ഇരുട്ടികാനത്തെ ‘മുടിവളർത്തിയ’ ‍ടീഷോപ്പ്(ഫയൽ ചിത്രം)

തേയിലച്ചെടികൾക്കിടയിൽ വച്ചാണ് ചായയെ ജീവനോളം സ്നേഹിക്കുന്ന ഒരാളെ കണ്ടത്. കണ്ണൻ ദേവൻ പ്ലാന്റേഷൻസ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റും ടീ മാനുഫാക്ചറിങ് തലവനുമായ മോഹൻ. സി. വർഗീസ്.  

‘‘കുട്ടിക്കാലം മുതൽക്കേ  ഞാൻ കണ്ടും അറിഞ്ഞും വ ളർന്നത് തേയിലച്ചെടികളാണ്. ലോകത്ത് എവിടെ പോയാലും ഇവിടെയെത്തുമ്പോൾ വീശുന്ന കാറ്റ്, അതിലൂടെയെത്തുന്ന തേയിലയുടെ ഗന്ധം... ഇതെല്ലാം വാക്കുകൾക്കപ്പുറമുള്ള ഒാർമകളാണ് ഉണർത്തുന്നത്.  

മൂന്നാർ ചായയ്ക്ക് സ്വാദു കൂടുതലാണെന്ന് പലരും പറയും. അത്  മണ്ണിന്റെ ഗുണമാണ്. ഈ കാലാവസ്ഥയുടെ മേന്മയാണ്. അതൊന്നും യന്ത്രം  കൊണ്ടു പുനർ നിർമിക്കാനാവില്ല. നമ്മളെല്ലാം കുടിക്കുന്ന ചായയിൽ ഒരുപാട് ഒാർമകളും ചരിത്രവും അലിഞ്ഞു ചേർന്നിട്ടുണ്ട്.’’ തേയില ഗന്ധം നിറഞ്ഞ  കാറ്റിൽ നിൽക്കുമ്പോൾ ഒാർമകൾ മുഴങ്ങി .

_REE9700

മൂന്നാറിനു മേൽ ഇരുട്ടുപുതപ്പു വീണു. തിരിച്ചിറങ്ങും മുന്നേ ഒരു ചായയും കൂടി വേണം. മൂന്നാർ ടൗണിന്റെ ഹൃദയഭാഗത്തുള്ള   കെഡിഎച്ച്പിയുടെ ആസ്ഥാനമന്ദിരത്തിലെ ചായ്ബസാറിൽ കയറി. ഈ കെട്ടിടം പണ്ട് മൂന്നാർ റെയിൽവേ സ്റ്റേഷനായിരുന്നു. ബോർഡിൽ  ഇരുപതോളം  ചായകൾ,. വൈറ്റ് ടീ മൂതൽ ഇഞ്ചി, ചായ്മസാല, റോസ് പീച്ച് ബ്ലാക്ക്...ഏതു വേണം?

നല്ലൊരു ബ്ലാക്ക് ടീ... ശരിയാണ്, ഉയരം കൂടും തോറും സ്വാദും കൂടുന്നുണ്ട്, മഞ്ഞിന്റെ, സ്വാദ്...

_REE9723 മോഹൻ സി. വർഗീസ്

തേയിലയുണ്ടാകുന്നതു കാണാം

ചായയുണ്ടാകുന്നത് കാണാൻ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷന്‍സിന്റെ മാട്ടുപ്പെട്ടിയിലെ ഫാക്ടറിയിലെത്തി. സന്ദർശകർക്ക് ഗാലറിയിലിരുന്ന് തേയില നിർമാണം  കാണാം.  പല ഗ്രേഡിലുള്ള തേയിലകൾ തിരിച്ചറിയാം. പല രുചിയുള്ള ചായകൾ കുടിക്കാം.

ഒരു ചായയുണ്ടാക്കാൻ കൂടിയാൽ അഞ്ചുമിനിട്ട്.  പ ക്ഷേ, തിളച്ച വെള്ളത്തിലേക്കിടുന്ന ആ തേയില നമ്മുടെ  പാത്രത്തിലെത്തണമെങ്കിൽ ഏതാണ്ട് മൂന്നാഴ്ചയോളം സമയമെടുക്കുമെന്ന് ഫാക്ടറി മാനേജർ ജോസഫ് അലക്സ് പറയുന്നു. പുതിയ തളിരുകൾ വരാൻ പതിനേഴു ദിവസം. പിന്നെ അത് ഫാക്ടറിയിലേക്ക് എത്തിച്ച് പാക്കിങും കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും  ദിവസങ്ങൾ എടുക്കും.

‘‘ചായ കുടിക്കുമ്പോൾ ഒാർക്കാത്ത ഒരുപാടു കാര്യങ്ങൾ തേയിലനിർമാണത്തിനിടയിൽ‌ നടക്കുന്നുണ്ട്.  വിവിധ ഗ്രേഡിലുള്ള തേയില സാംപിളുകൾ ഒാരോ മ ണിക്കൂറിലും ചായയാക്കും. ഒരു സ്പൂൺ ചായ വായിൽ ഒാടിച്ച് സ്വാദു നോക്കും, നാവിലെ രുചിമുകുളങ്ങളാണ് പരിശോധന നടത്തുന്നത്. ടേസ്റ്റ് ടെസ്റ്റിങ് മനുഷ്യനല്ലേ നടത്താനാകൂ.  

കീടനാശിനിയുൾപ്പടെയുള്ളവയുടെ സാന്നിധ്യമുണ്ടോ എന്ന പരിശോധന ഞങ്ങളുടെ റിസർച് ആൻഡ് ഡവലപ്മെന്റ് ഡിപ്പാർട്മെന്റിലെ ലാബിൽ നടത്തുന്നുണ്ട്. ഒപ്പം പുതുചായ രുചികൾ നിർമിക്കാനുള്ള പ രീക്ഷണങ്ങൾ നടത്തുന്നുണ്ട്.’’ ചായക്കപ്പിനുള്ളിലെ അറിയാക്കഥകൾ.   

_REE9682
Tags:
  • Spotlight