Friday 18 February 2022 05:00 PM IST

അഞ്ചു മക്കളുടെ ഉമ്മ, മുപ്പത്തി രണ്ടുകാരി... ഹിച്ച് ഹൈക്കിങ്ങിലൂടെ ഒറ്റയ്ക്ക് നേപ്പാളിലേക്ക്: നാജിറ ആള് പുലിയാണ്

Binsha Muhammed

naji-noushi

പ്രായത്തിന്റെ കലണ്ടർ കള്ളികളിൽ മുപ്പതു തെളിഞ്ഞാൽ പിന്നെയൊരു മടുപ്പാണ്. അടക്കവും ഒതുക്കവും ഉള്ളവളായി അടങ്ങിയൊതുങ്ങി അടുക്കള കോണിൽ കാണാം ചിലരെ. ജോലിയുള്ളവരുടെ കാര്യത്തിലും വല്യ പുതുമയൊന്നുമുണ്ടാകില്ല. വീട്ടിൽ നിന്നും ഓഫീസിലേക്ക് റെസ്റ്റില്ലാതെ ഓട്ടം. എന്തു പറ്റിയെന്ന് ചോദിച്ചാൽ കട്ട നെഗറ്റീവടിച്ച് ഇങ്ങനെ മറുപടിയെത്തും.

‘ആകെ മടുപ്പാന്നേ...അദ്ദേഹത്തിന്റെ കാര്യം നോക്കണം, മക്കളുടെ പഠിത്തം, സ്കൂൾ ഫീസ്, ലോൺ....’

ജീവിതത്തിന്റെ ബാലൻഷീറ്റിൽ സന്തോഷമുള്ളതെന്തുണ്ട് പെണ്ണേ... എന്ന് ചോദിച്ചാലും മറുപടി മറ്റൊന്നുമുണ്ടാകില്ല. സ്വന്തം ഇഷ്ടങ്ങളെ അടുപ്പിൽ വേകാനിട്ട്, ജീവിതം യന്ത്രം പോലെ ജീവിക്കുന്ന കുറച്ചു പേർ.

പക്ഷേ ഇവിടെയിതാ ഒരു മുപ്പത്തിമൂന്നുകാരി മേൽപ്പറഞ്ഞ അലിഖിത നിയമങ്ങളെ കാറ്റിൽ‌പ്പറത്തി പാറിപ്പറക്കുകയാണ്. ബാധ്യതകളുടെ കനമില്ലാതെ, പെണ്ണിന് സമൂഹം നൽകുന്ന സദാചാരത്തിന്റെ സർട്ടിഫിക്കറ്റില്ലാതെ, കുടുംബം കൽപ്പിച്ചു കൊടുത്ത പ്രാരാബ്ദങ്ങളുടെ കെട്ടുപാടുകളില്ലാതെ അപ്പൂപ്പൻ താടിയെപ്പോലെ പാറിപ്പറക്കുകയാണ് അവൾ. ഇഷ്ടമുള്ളിടത്തേക്കെല്ലാം മനസിനേയും ശരീരത്തേയും പായിക്കാനുള്ള വരവും വാങ്ങി ഇറങ്ങിത്തിരിച്ച അവളുടെ പേര് നാജിറ നൗഷാദ്. സോഷ്യൽ മീഡിയക്ക് സുപരിചിതയായ നാജി നൗഷി.

മാഹിക്കാരൻ നൗഷാദിന്റെ ഭാര്യയും അഞ്ചു മക്കളുടെ അമ്മയുമായ നാജിയുടെ സഞ്ചാര പഥങ്ങൾക്കു മുന്നിൽ വഴിമാറിയതും മേൽപ്പറഞ്ഞ പ്രാരാബ്ദക്കെട്ടുകളാണ്. കുഞ്ഞുങ്ങളെ നോക്കി വീട്ടിലിരുന്നൂടെ, കെട്ട്യോന്റെ കാര്യം ആരു നോക്കും തുടങ്ങിയ ചോദ്യ ശരങ്ങളെ സൈഡിലേക്കൊതുക്കി അവർ ഇന്നും തുടരുന്നു തന്റെ സ്വപ്നയാത്ര. ഡ്രൈവിംഗ് ലൈസൻസ് കയ്യിൽ കിട്ടിയപാടെ ചുരങ്ങളും മലകളും മഞ്ഞും മേടും കാണാൻ ഇറങ്ങിത്തിരിച്ച ആ വീട്ടമ്മ ഇന്ന് പുതിയൊരു പ്രയാണത്തിലാണ്. ഹിച്ച് ഹൈക്കിങ്ങിലൂടെ ഹിമവാന്റെ നാടായ നേപ്പാളിലേക്കുള്ള സ്വപ്നയാത്രയിലാണവർ. കാശിന്റെയും ക്രെഡിറ്റ് കാർഡിന്റെയും ബലമില്ലാതെ നാജി നടത്തുന്ന ആ യാത്ര ഇപ്പോൾ ചെന്നെത്തി നിൽക്കുന്നത് നൈസാമിന്റെ നാടായ ഹൈദരാബാദിൽ. ഇങ്ങേയറ്റത്തുള്ള കുട്ടനാടു നിന്നും നേപ്പാൾ വരെ പോകുന്ന നാജിയുടെ കയ്യിൽ എന്തുണ്ട് ബാങ്ക് ബാലൻസ് എന്ന് കൗതുകത്തോടെ ചോദിച്ചാൽ, എവിടെയും ചെന്നെത്താനുള്ള ആത്മധൈര്യം എന്നായിരിക്കും മറുപടി. വനിത ഓൺലൈനോട് ആ മഹാപ്രയാണത്തിന്റെ കഥ പറയുകയാണ് നാജി.

അപ്പൂപ്പൻതാടി പോലൊരു പെണ്ണ്

അടക്കവും ഒതുക്കവുമുള്ള പെണ്ണിനെ അലമാരയിൽ വയ്ക്കാനാണോ എന്ന് ചോദിച്ചു തുടങ്ങുന്നിടത്താണ് നിങ്ങളുടെ സ്വപ്നങ്ങളുടെ ചിറകുമുളയ്ക്കുന്നത്. ഒരു പെണ്ണ് ബാക്ക് പായ്ക്കുമെടുത്ത് യാത്ര ജംഗ്ഷനിലേക്കിറങ്ങിയാൽ കലികാലമെന്ന് പറയുന്ന കാലമൊക്കെ പോയി. ‘നീയൊരു പെണ്ണാണേ...കാലം മോശമാണേ...’ എന്ന് ചോദിക്കുന്നവരോട് ആണിനില്ലാത്ത എന്ത് കാലക്കേടാണ് പെണ്ണിനുള്ളതെന്നു ചോദിക്കണം. എന്നിട്ട് നമ്മളായിട്ട് തലയിലേറ്റി വച്ച പ്രാരാബ്ദങ്ങളുടെ കെട്ടുകളെ വലിച്ചെറിഞ്ഞ് ദേ... ഇങ്ങനെ സർക്കീട്ടു പോണം. ഈ കാണുന്ന കടലും മലയും കാടും മേടുമൊക്കെ നിങ്ങളെ വിളിക്കുന്നുണ്ട്.– നാജിഷ പറഞ്ഞു തുടങ്ങുകയാണ്.

തലശേരിയാണ് എന്റെ സ്വദേശം. മതവിശ്വാസവും ചിട്ടവട്ടങ്ങളും ഒക്കെയുള്ള കുടുംബത്തിൽ തന്നെയാണ് ഞാൻ ജനിച്ചത്. പക്ഷേ എല്ലാവർക്കും യാത്ര വളരെ ഇഷ്ടമായിരുന്നു. നൗഷാദിക്കയുമായുള്ള നിക്കാഹ് ഉറയ്ക്കുമ്പോൾ ജീവിതത്തെ കുറിച്ച്, ഇഷ്ടങ്ങളെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. അത് അദ്ദേഹം തിരിച്ചറിഞ്ഞു എന്നിടത്താണ് എന്നിലെ പെണ്ണിന്റെ വിജയം. പ്ലസ്ടു വരെയാണ് പഠിക്കാൻ കഴിഞ്ഞത്. പക്ഷേ തലശേരിയിലേയും മലബാറിലേയും പല പെൺകുട്ടികളേയും പോലെ നിക്കാഹ് കഴിഞ്ഞ് ഒതുങ്ങിക്കൂടാൻ ഞാൻ തയ്യാറല്ലായിരുന്നു.

naji-1

ഒമാനിൽ ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു നൗഷാദ് ഇക്ക. 2007ലായിരുന്നു നിക്കാഹ്. അന്ന് ഇക്കയോടൊപ്പം ഒരുപാട് യാത്രകളൊക്കെ നടത്തിയിട്ടുണ്ട്. ഫാമിലി മൊത്തത്തിലുള്ള കറക്കം വേറെ. ഡ്രൈവിംഗൊക്കെ പഠിച്ച് ഒത്തിരി യാത്രയൊക്കെ നടത്തണം എന്ന പ്ലാൻ അന്നേ മനസിലുണ്ട്. 2013ലാണ് ലൈസൻസ് എടുക്കുന്നത്. പക്ഷേ ഇതിനിടെ ജീവിതം പുതിയ ചില ഉത്തരവാദിത്തങ്ങൾ തന്നു. ഞങ്ങളുടെ ജീവിതത്തിലെ ആദ്യ സന്തോഷം എത്തുന്നത് മൂത്തയാളായ സെയ്ൻ ഷയാന്റെ രൂപത്തിലാണ്. പിന്നാലെ സാമിൽ ഷയാൻ, സൊഹാൻ ഷയാൻ, സൈഹാൻ ഷയാൻ, സെഹക് ഖദീജ എന്നിങ്ങനെ നാല് കൺമണികളെ കൂടി പടച്ചവൻ അനുഗ്രഹമായി തന്നു. ഇളയയാൾക്ക് ഇപ്പോൾ ഒന്നര വയസാകുന്നു. മക്കളുടെയും കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കി മുന്നോട്ടു പോകുമ്പോഴും യാത്രയെന്ന സ്വപ്നം മനസിലങ്ങളെ ചാരം മൂടി കിടപ്പുണ്ടായിരുന്നു.

അങ്ങനെയിരിക്കേയാണ് എന്റെ മനസിൽ കുറിച്ചിട്ട യാത്രാ സ്വപ്നങ്ങളുട റൂട്ട് മാപ്പ് തെളിഞ്ഞു വരുന്നത്. ഇക്കയോട് പറയുമ്പോൾ പുള്ളിക്കാരൻ ഡബിൾ ഓകെ. കുഞ്ഞുങ്ങളെ എന്റെ ഉമ്മ മൈമൂനയുടെ അടുത്താക്കി ആദ്യം പോയത് വയനാട്ടിലേക്ക്. ഡ്രൈവിംഗിൽ പുലിയായ ഞാൻ ഇന്നോവയെടുത്ത് കുറച്ചു പെൺസംഘങ്ങൾക്കൊപ്പം നടത്തിയ യാത്ര മറക്കില്ല. ചെന്നൈയും ബംഗളുരുവും അടക്കം യാത്രകൾ അങ്ങനെ വേറെയും.

അടുത്തതായി മനസിൽ കുറിച്ചിട്ട യാത്ര ഇത്തിരി കടുപ്പമേറിയതായിരുന്നു. സോളോ ഡ്രൈവിൽ ലഡാക്കിലേയ്ക്ക്... അതെങ്ങനെ വീട്ടിലറിയിക്കും, കുഞ്ഞുങ്ങളെ ആരു നോക്കും എന്നൊക്കെ ചിന്തിച്ചപ്പോൾ ഇത്തിരി കൺഫ്യൂഷനിലായി. പതിവു പോലെ കുഞ്ഞുങ്ങളെ ഏറ്റവും സുരക്ഷിതമായി ഏൽപ്പിക്കാൻ പറ്റിയ സ്ഥലം എന്റെ ഉമ്മച്ചിയുടെ തന്നെ അടുത്തായിരുന്നു. പക്ഷേ എന്നെ ഒറ്റയ്ക്ക് വിടുന്ന കാര്യം മാത്രമായിരുന്നു അവർക്ക് പേടി. ഇക്കുറിയും എന്റെ കെട്ട്യോൻ കട്ട സപ്പോർട്ടുമായി കൂടെ നിന്നു. പതിവു പോലെ ഹസ്ബന്റിന്റെ ഫാമിലിയും ചേച്ചിയും സപ്പോർട്ട് ചെയ്തതോടെ. ട്രിപ്പ് മോഡ് ഓൺ...

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇന്നോവയിൽ ഒറ്റയ്ക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ യാത്രയ്ക്ക് തുടക്കമായി. 17 സംസ്ഥാനങ്ങളും 5 കേന്ദ്രഭരണ പ്രദേശങ്ങളും 3 രാജ്യാന്തര അതിർത്തികളും താണ്ടി എന്റെ സ്വപ്നയാത്ര. അറുപത് ദിവസം കൊണ്ട് പൂർത്തിയാക്കിയ യാത്ര എനിക്കു നൽകിയ സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല.

ഒത്തിരി ജീവിതങ്ങൾ... അനുഭവങ്ങൾ, വൈവിധ്യങ്ങൾ അങ്ങനെ ഒരുപാട് കണ്ടറിഞ്ഞു. പലരും ഭീതിയോടെയും അറപ്പോടെയും കാണുന്ന ധാരാവിയിലും കാമാത്തി പുരയിലും വരെ ആ യാത്രയ്ക്കിടെതങ്ങി. വേദനയുടെ അഴുക്കു ചാലുകളിൽ തള്ളിനീക്കുന്ന ജീവിതങ്ങൾ കണ്ടു. അവിടുന്ന് ഭക്ഷണം കഴിച്ചു. അതൊക്കെ മറക്കാനാത്ത അനുഭവങ്ങളാണ്. കാറിന്റെ ടയർ പൊട്ടി വഴിയിൽ കിടന്നുറങ്ങിയ അനുഭവങ്ങളും വേറെയുണ്ട്. അവിടെയെല്ലാം ഭയപ്പാടില്ലാതെ എന്നെ കാത്തത് എന്റെ ആത്മധൈര്യം മാത്രമായിരുന്നു. ഒരുവശത്ത് ജീവിതങ്ങളെങ്കിൽ മറുവശത്ത് കണ്ണിനു കുളിർമയേകുന്ന മലയും താഴ്‍വരകളും വേറെ. 60,000 കി.മീ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് കണ്ണൂരിൽ തിരിച്ചെത്തുമ്പോൾ എന്റെ ജീവിതത്തിന്റെ മറ്റൊരു സ്വപ്നം സാധ്യമാക്കിയ സന്തോഷമായിരുന്നു.

കുട്ടനാട് ടു നേപ്പാൾ

ഒരിക്കൽ തലയ്ക്കു പിടിച്ചാൽ മടുക്കാത്ത ലഹരിയാണ് യാത്രയെന്ന് പറയുന്നത് വെറുതെയല്ല. അടുത്ത തവണ എടുത്തത് ഇച്ചിരി ‘കടുത്ത’ തീരുമാനം തന്നെയായിരുന്നു. അതുവരെയുള്ള എന്റെ യാത്രയ്ക്ക് കൂട്ടായിരുന്ന ഇന്നോവയെ പതിയെ ഷെഡ്ഡിലാക്കി ഒരു യാത്ര. അതു നേപ്പാൾ വരെ. കാറില്ലാതെ എങ്ങനെ പോകാനാണ് എന്ന ചോദ്യം പതിവു പോലെ വീട്ടിലുണ്ടായി. ഹിച്ച് ഹൈക്കിങ്ങിലൂടെയാണെന്ന് പറഞ്ഞപ്പോൾ വീട്ടുകാർക്ക് ആദ്യം കാര്യം തിരിഞ്ഞില്ല. വഴിയിൽ കാണുന്ന ലോറിയിലും ബൈക്കിലും കൈ കാണിച്ച് വല്യ ചെലവില്ലാതെ പോകാനുള്ള പരിപാടിയാണെന്ന് പറഞ്ഞപ്പോൾ ഇക്കുറി വീട്ടുകാര്‍ അൽപം ബേജാറിലായി. അവിടെ എന്റെ പാഷൻ മനസിലാക്കുന്ന കെട്ട്യോൻ തന്നെ കട്ട സപ്പോർട്ടുമായി കൂടെ നിന്നു.

ഡയറിൽ സമയവും ദൂരവും കുറിച്ചിട്ട് പോകുന്ന സർക്കീട്ടല്ല, വരുന്ന വണ്ടി അത് ട്രക്കാണോ, ലോറിയാണോ, ജീപ്പാണോ, ബൈക്കാണോ എന്ന് നോക്കാതെ അങ്ങ് പോകുക. പ്ലാനിങ്ങും ടൈമിങ്ങുമൊക്കെ നമ്മുടെ കയ്യിൽ. അങ്ങനെ ഇന്ത്യയിലെ ലോവസ്റ്റ് പോയിന്റായ കുട്ടനാടു നിന്നും ഇക്കഴിഞ്ഞയാഴ്ച യാത്ര തുടങ്ങി യാത്ര തിരിച്ചത്. ആദ്യം കുട്ടനാടു നിന്നും കോയമ്പത്തൂരിലേക്ക്, ആദ്യ ദിനം അവിടെയൊരു കോളനിയിൽ ആദ്യ ദിനം അന്തിയുറങ്ങി. ഒരു ബ്രാഹ്മണ കുടുംബമായിരുന്നു എന്നെ അവിടെ സ്വീകരിച്ചത്. ബാഗും തൂക്കി നിൽക്കുന്ന എന്നെ കണ്ടപ്പോഴേ അവർക്ക് കാര്യം മനസിലായി. സാമ്പാറും തൈർസാദവുമൊക്കെയായി ഒറ്റയ്ക്കുള്ള പ്രയാണത്തിന്റെ ആദ്യ ദിനങ്ങൾ കുശാൽ. സേലം ലക്ഷ്യമാക്കിയായിരുന്നു അടുത്ത യാത്ര, നാഷണൽ പെർമിറ്റ് ലോറിയിലേറി കാറ്റും കൊണ്ട് സുഖയാത്ര. സേലത്തെ ഒരു വനിത ഹോസ്റ്റലിൽ താമസം. അവിടെ അവർ എനിക്ക് താമസും ഭക്ഷണവുമൊക്കെ ഫ്രീയായി തന്നു. നേപ്പാൾ ലക്ഷ്യമാക്കിയുള്ള യാത്ര തുടരുമ്പോൾ ഞാനിപ്പോൾ എത്തി നിൽക്കുന്നത് ഹൈദരാബാദിലാണ്. അവിടെ തണൽ എന്നു പേരുള്ള കേരള സമാജത്തിനു കീഴിലാണ് താമസം റെഡിയാക്കിയിരിക്കുന്നത്. അധികം വൈകാതെ അടുത്ത പോയിന്റ് ലക്ഷ്യമാക്കി ഉടൻ നീങ്ങും.

എന്താണ് ഇങ്ങനെയൊക്കെ ചെയ്യാൻ ധൈര്യമെന്ന് പലരും ചോദിക്കും. ആദ്യമേ പറഞ്ഞ ആത്മവിശ്വാസമല്ലാതെ മറ്റൊന്നില്ല. പിന്നെ നമ്മുടെ മനസാണ് നമ്മുടെ ശക്തി. പെണ്ണായതു കൊണ്ട് ഇക്കണ്ട സ്വാതന്ത്ര്യമൊക്കെ അനുഭവിക്കേണ്ട എന്നാണോ. ലോറിക്കാരുടെ കൂടെയൊക്കെ എന്തു വിശ്വസിച്ചാണ് യാത്രയെന്ന് പലരും ചോദിക്കും. അങ്ങനെയൊരു തെറ്റിദ്ധാരണ എനിക്കില്ല. അവരുടെ ഭാഗത്തു നിന്ന് മോശം അനുഭവം ഈ നിമിഷം വരേക്കും എനിക്ക് ഉണ്ടായിട്ടില്ല. ഇനിയും അതങ്ങനെ തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോഴത്തെ അവസ്ഥയിൽ വലിയ ബാങ്ക് ബാലൻസോ കാശോ ഞാൻ‌ കരുതിയിട്ടില്ല. എന്റെ യാത്രാ ലക്ഷ്യവും ആഗ്രഹങ്ങളും മനസിലാക്കുന്ന ഒരു സ്പോൺസറെ കിട്ടും എന്നാണ് പ്രതീക്ഷ. എന്റെ യാത്രാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നൊരു യൂട്യൂബ് ചാനൽ കൂടിയുണ്ട്. നാജി നൗഷി വ്ലോഗ്സിലൂടെ കൂടുതൽ വിശേഷങ്ങൾ പിന്നാലെ.– നാജിറ പറഞ്ഞു നിർത്തി.