Wednesday 21 November 2018 02:25 PM IST

ചിലപ്പൊ ഞാമ്പറഞ്ഞാല് പടച്ചോന് പോലും മനസ്സിലാവുന്നുണ്ടാവില്ല! പ്രതീക്ഷകളുടെ ‘കൂട്ടി’ലേക്ക് കണ്ണു നിറയാതെ നോക്കാനാകുമോ?

Priyadharsini Priya

Senior Content Editor, Vanitha Online

mammad1098

"യാസർക്ക നല്ലോണം സംസാരിക്കും. പക്ഷേ പാവം, വിചാരിച്ചാലും നടക്കാൻ പറ്റില്ല. എനിക്ക് ഓടിച്ചാടി നടക്കാം. പക്ഷെ, ഞാമ്പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല. ചിലപ്പോ ഞാമ്പറഞ്ഞാല് പടച്ചോന് പോലും മനസ്സിലാവുന്നുണ്ടാവില്ല!"- മനസ്സിലെ നൊമ്പരം മമ്മദ് നിറചിരിയോടെ പങ്കുവയ്ക്കുമ്പോൾ കേട്ടുനിൽക്കുന്നവരുടെ ഖൽബ് വേദനയിൽ പൊള്ളും. നെഞ്ചിലെവിടെയോ ഒരമ്പ് തറച്ച നൊമ്പരം.

രണ്ടു വർഷം മുൻപ് പ്രമുഖ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനും ജിതിൻ നസീറും ചേർന്ന് സംവിധാനം ചെയ്ത ലിമിറ്റഡ് എഡിഷൻ എന്ന ഡോക്യുമെന്ററിയിൽ മമ്മദിന്റെ മാത്രമല്ല, ഒരുപാട് ജീവിതങ്ങളുടെ വേദനിപ്പിക്കുന്ന കഥയുണ്ട്. യാസറിന് കടലാണ് കൗതുകമെങ്കിൽ നടക്കാൻ കഴിയാത്ത മോൾക്ക് ആഗ്രഹം മഞ്ജു വാരിയരെപ്പോലെ നർത്തകിയാകാനാണ്. ഡാൻസ് കളിക്കുമോ എന്ന ചോദ്യത്തിന് അവളുടെ മറുപടി ഇങ്ങനെ, "ആദ്യം ആരുടെയും കൈപിടിക്കാതെ തനിയെ നടക്കണം. എന്നിട്ടു വേണം നൃത്തം പഠിക്കാൻ." കുറവുകളുടെ വേദനകൾക്ക് അവധി കൊടുത്ത് അവർ മോഹങ്ങളുടെ ചെപ്പ് തുറക്കുമ്പോൾ അറിയാതൊരു നോവ് കാഴ്ചക്കാരന്റെ മനസ്സിലേക്കും പടർന്നുകയറും. അമ്മയുടെയും തെറാപ്പി ചേച്ചിയുടെയും കൈപിടിക്കാതെ ഒരു ചുവട് ഒറ്റയ്ക്കുവച്ചതിന്റെ ‘ക്ഷീണം’ മാറ്റുന്നതിനിടെ അവൾ നിഷ്കളങ്കമായി ചോദിക്കുന്നു, ’ചേച്ചി, മഞ്ജു വാരിയരെ നേരിൽ കണ്ടിട്ടുണ്ടോ?’ ഉണ്ടെന്നു പറഞ്ഞപ്പോൾ വന്നു ഒരു ആത്മഗതം. ’മഞ്ജു ചേച്ചി നല്ല സുന്ദരിയായിരിക്കുമല്ലേ... നിക്ക് കാണാൻ കൊതിയാണ്.’

യാസർക്കാ, മിക്കി മൗസ് മിന്നുമോൾ, അടുത്ത ജന്മത്തിലും തന്നെപ്പോലെയാകാൻ ആഗ്രഹിക്കുന്ന റാഫി, സ്വന്തമായി കഥയുണ്ടാക്കുന്ന വിവേക്, അബ്‌ദുള്ള, റിഷാൻ... അങ്ങനെ മമ്മദിനെ പോലെ എത്രയെത്ര ജീവിതങ്ങൾ കൈകാലുകൾ ചലിപ്പിക്കാനാകാതെ കണ്മുന്നിലെ സ്‌ക്രീനിൽ ദാ അങ്ങനെ ’തുള്ളിച്ചാടി’ നടക്കുന്നു. അവർ തമാശ പറയുന്നുണ്ട്, പൊട്ടിച്ചിരിക്കുന്നുണ്ട്, കനിവ് നിറയുന്ന മിഴികളോടെ ലോകത്തെ നോക്കിക്കാണുന്നുണ്ട്, ഇനിയും ചെയ്തു തീർക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശേഷങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. അവരുടെ സ്വന്തം ‘കൂട്ടി’ൽ ഇരുന്നുകൊണ്ട്.

art-image.jpg.image.784.410

കൊയിലാണ്ടിയിലെ ‘നെസ്റ്റ്’ എന്ന സ്ഥാപനം ഒരുപാടു പേർക്ക് ജീവിതത്തിന്റെ പ്രതീക്ഷകളുടെ കൂടാണ്. അവിടേക്ക് കാമറ തിരിച്ചു വയ്ക്കുകയാണ് അനൂപ് സത്യനും സുഹൃത്ത് ജിതിൻ നസീറും. കൊച്ചു കൊച്ചു കാര്യങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുകയാണ് ‘ലിമിറ്റഡ് എഡിഷനി’ൽ. മമ്മദാണ്‌ ഡോക്യുമെന്ററിയിലെ സൂപ്പർതാരം. "ഞങ്ങളുടെ ദുൽഖറാണ് മമ്മദ്. എന്ത് ചെയ്യണമെന്നറിയാതെ വഴിമുട്ടി നിന്നപ്പോൾ ചേർത്തുപിടിച്ചു ധൈര്യം തന്നത് അവനാണ്. നെസ്റ്റ് വാങ്ങിക്കാൻ പോകുന്ന പുതിയ സ്ഥലം, അവിടെ പണിയുന്ന സ്വിമ്മിങ് പൂൾ ഇതൊക്കെയാണ് മമ്മദിന്റെ സ്വപ്‌നങ്ങൾ. പക്ഷേ, രണ്ടു വർഷം പിന്നിടുമ്പോൾ അതെല്ലാം സ്വപ്നമായിത്തന്നെ അവശേഷിക്കുകയാണ്. അവിടേക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. അതിനുള്ള തീവ്രപ്രയത്നത്തിലാണ് ഞങ്ങൾ."- അനൂപ് സത്യൻ പറയുന്നു.

"സംവിധായകൻ ലാൽ ജോസ് സാറാണ് ഡോക്യുമെന്ററിയുടെ വർക്ക് ഞങ്ങൾക്ക് നൽകിയത്. അദ്ദേഹത്തിന്റെ അസോഷ്യേറ്റ് ആയി വർക്ക് ചെയ്യുകയാണ് ഞാനും ജിതിനും. പ്രോജക്റ്റ് കയ്യിൽ കിട്ടിയപ്പോൾ ഞങ്ങൾക്കാദ്യം എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഒരു പരസ്യചിത്രം പോലെ ചെയ്യാം എന്നു കരുതി. പക്ഷെ, അവിടെ ചെന്നപ്പോൾ ഞങ്ങൾ കാണുന്നത് കുട്ടികളെ മാത്രമാണ്. എനിക്ക് മറ്റു വിഷ്വൽസ്‌ ഒന്നും കിട്ടുന്നില്ല. അതോടെ ഒരു ഐഡിയയും ഇല്ലാതെ ഞങ്ങൾ സ്‌കൂളിന് മുന്നിലെ സ്റ്റെപ്പിൽ ഇരുന്നു. ആകെ ടെൻഷനായി. അപ്പോഴാണ് മമ്മദ് ഞങ്ങളുടെ മുന്നിലൂടെ കടന്നുപോയത്. അവൻ ഓടി അടുത്തുവന്ന് ’ഇതെന്താ ഇങ്ങനെയിരിക്കണേ?’ എന്നു ചോദിച്ചു. ഇതോടെ ഞാൻ തൊട്ടടുത്തിരുന്ന ജിതിനോട് പറഞ്ഞു, ’നമ്മൾക്ക് ഒന്നും അറിയില്ല എന്ന് ഇവന് മാത്രം പിടികിട്ടിട്ടോ...’ അവൻ തിരിച്ചുപോകുന്ന സമയത്ത് സ്റ്റെപ്പിലൂടെ കയറിപ്പോയി വീണ്ടും തിരിച്ചുവന്ന് എന്നെ പുറകിൽ നിന്ന് ചേർത്തുപിടിച്ചു. ആ ഹഗ്, അത് ഭയങ്കര പോസിറ്റീവ് ആയി തോന്നി. അങ്ങനെയാണ് കുട്ടികളുടെ ആംഗിളിൽ മുന്നോട്ടുപോകാം എന്ന് ചിന്തിച്ചത്. ഒരിക്കലും ബോറടിപ്പിക്കാതെ രസകരമായി പറയണം എന്ന് മാത്രമാണ് ചിന്തിച്ചത്. 15 ദിവസത്തോളം അവരുടെ കൂടെ നിന്നാണ് ഷൂട്ട് ചെയ്തത്.

ഒരുപാട് റിയൽ ക്യാരക്ടേഴ്‌സ് ഇതിൽ കടന്നുവരുന്നുണ്ട്. അതിലൊരാൾ യാസറിക്കയാണ്. നെസ്റ്റിലെ കണക്കെല്ലാം നോക്കുന്ന അക്കൗണ്ട് സ്റ്റാഫാണ്. 24 വയസ്സിലാണ് രോഗം ബാധിച്ചത്. നടക്കുമ്പോൾ ദിവസവും ആറേഴു തവണ വീഴും. പതുക്കെ ശരീരം മുഴുവൻ തളർച്ച ബാധിക്കുന്ന രോഗമാണ്. ഡോക്യുമെന്ററിയ്ക്കായി 18 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഞങ്ങളുടെ കൂടെ ബീച്ചിൽ എത്തുന്നത്. ഇനിയും എന്തെങ്കിലും ചെയ്യാനുണ്ട് എന്ന ബോധം അവരെ കൂടുതൽ ആക്ടീവ് ആക്കിത്തീർക്കുന്നുണ്ട്. മമ്മദിനെയും യാസറിക്കയെയും പോലെ ഒരുപാട് കഥാപാത്രങ്ങൾ ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ലിമിറ്റഡ് എഡിഷന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമ്പോൾ തീർച്ചയായും അവരെല്ലാം അതിലുമുണ്ടാകും.

anoop-jithin അനൂപ് സത്യൻ, ജിതിൻ നസീർ

നെസ്റ്റിലെത്തുന്ന അമ്മമാർ, കുഞ്ഞുങ്ങളെ നോക്കുന്ന അധ്യാപകർ, ആയമാർ ഇവർക്കും പറയാനൊരുപാട് കഥകളുണ്ട്. അവർ ചെയ്യുന്ന പ്രവൃത്തിക്ക് നിശ്ചിത സമയമോ, ഇടവേളകളോ ഒന്നുമില്ല. അവർക്കിവിടെ ഒരു കൂട്ടായ്മയുണ്ട്. അതുപോലെ അമ്മമാർക്കുള്ള കൗൺസിലിങ് അവിടെ ചെയ്യുന്നുണ്ട്. മൂന്നു വയസ്സിൽ ഒരു കുഞ്ഞ് ഇവിടെ വരുകയാണെങ്കിൽ അവന്റെ പ്രാഥമിക കാര്യങ്ങൾ തനിയെ ചെയ്യാൻ ഇവിടുത്തെ ട്രെയിനിങ് അവരെ പ്രാപ്തരാക്കും. ചിലപ്പോൾ ആറു മാസം സമയം എടുത്തായിരിക്കും ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ പഠിക്കുക. നമ്മൾ നിസ്സാരമായി കാണുന്ന പല കാര്യങ്ങളും അവർക്ക് വലിയ സന്തോഷം നൽകുന്ന നിമിഷങ്ങളാണ്.

രണ്ടാഴ്ച മുൻപ് വിളിച്ചപ്പോഴാണ് നെസ്റ്റ് സ്വന്തമായി ആരംഭിക്കുന്ന കെട്ടിടം പണി എങ്ങുമെത്താതെ നിൽക്കുന്നതായി മനസ്സിലായത്. രണ്ടു വർഷം മുൻപ് നെസ്റ്റ് സ്വന്തമായി സ്ഥലം വാങ്ങി തറക്കല്ലിട്ടതാണ്. പക്ഷെ, ഇപ്പോഴും പുതിയ കെട്ടിടത്തിന്റെ പണി എങ്ങുമെത്താതെ നിൽക്കുകയാണ്. പണം തന്നെയാണ് വിഷയം. സർക്കാരിൽ നിന്നുള്ള ഫണ്ടുകൾ ഉപയോഗിച്ച് കെട്ടിടം പണി ആരംഭിച്ചിരുന്നു. അടിത്തറ മാത്രമാണ് ഇപ്പോൾ ഉള്ളത്. വാടക കെട്ടിടത്തിലാണ് സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്റെ റിസർവ് ഫണ്ട് ഉപയോഗിച്ചാണ് ദൈനംദിന ചിലവുകൾ നടന്നുപോകുന്നത്.

ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ എന്നിവർ മുന്നോട്ടുവന്നത് കൊണ്ട് മാത്രമാണ് വീണ്ടും ’ലിമിറ്റഡ് എഡിഷൻ’ ചർച്ചയായത്. ദൈവത്തിനു ഏറെ പ്രിയപ്പെട്ടവർക്ക് വേണ്ടി അവർ കൈകോർത്തു, കഴിയുന്ന സഹായങ്ങൾ ചെയ്തുതന്നു. എന്നാൽ ഇനിയും കുറേ പണം വേണം അതൊന്ന് പൂർത്തീകരിക്കാൻ. അതിനായുള്ള ശ്രമങ്ങളിലാണ് നെസ്റ്റുമായി ബന്ധപ്പെട്ട എല്ലാവരും."– അനൂപിന്റെ വാക്കുകളിൽ പ്രതീക്ഷ. 

ഈ ചിത്രം എന്നെ ഒരുപാട് വേദനിപ്പിക്കുന്നു; ഹൃദയഭേദകമായ കുറിപ്പ് എഴുതി ആര്യ!

’ഡോക്ടറും എഞ്ചിനീയറും മാത്രം പോരാ; ഉടുപ്പു തുന്നാനും ഓട്ടോ ഓടിക്കാനും തെങ്ങിൽ കയറാനുമൊക്കെ ഇവിടെ ആള് വേണം!’

മക്കളെ വരച്ച വരയിൽ നിർത്തുന്ന അമ്മമാർ പഴങ്കഥ; ഇത് മക്കളുടെ മനസ്സിനൊപ്പം ജീവിക്കുന്ന ന്യൂജെൻ അമ്മമാരുടെ പുതിയ കഥ!

യഥാർത്ഥ ‘കുപ്രസിദ്ധ പയ്യൻ’ ഇവിടെയുണ്ട്; തന്റെ കഥ സിനിമയായതറിയാതെ

അരയനെ കാത്തിരിക്കുന്ന പൊന്നരയത്തിയല്ല, ആഴക്കടലിൽ പോയി മീൻ പിടിക്കുന്ന നല്ല ഉശിരുള്ള പെണ്ണ്!

പുഴയോരത്തൊരുങ്ങിയ കേരളീയ ഗരിമ; പാരമ്പര്യ ശൈലിയിലൊരുങ്ങിയ ഈ വീടിന് പകിട്ടേറെ–ചിത്രങ്ങൾ

ഒടുവിൽ ഭർത്താവ് മൊഹ്സിനെ പൊതുവേദിയിൽ പരിചയപ്പെടുത്തി ഊര്‍മിള: വിഡിയോ