Tuesday 11 August 2020 02:28 PM IST

ഓൺലൈൻ കോഴ്സെന്നു കേട്ടാൽ ചാടിവീഴും നോയൽ ; സൗജന്യമായി പൂർത്തിയാക്കിയത് 97 കോഴ്സുകൾ, ലക്ഷ്യം 101

Shyama

Sub Editor

online

ഒന്നിനും സമയമില്ലെന്നു പറഞ്ഞിരുന്ന ആളുകൾ ലോക്ഡൗണിലായതോടു കൂടെ ഇനി ഏതായാലും ആ പരാതി പറയില്ല. വേറൊന്നും ഇല്ലെങ്കിലും ധാരാളം ‘സമയ’മാണ് നമുക്ക് ലോക്ഡൗൺ തന്നത്. ഇനി പ്രധാന ചോദ്യത്തിലേക്ക് വരാം... കിട്ടാതിരുന്ന സമയമൊക്കെ കിട്ടിയിട്ട് നിങ്ങൾ എന്തൊക്കെ ചെയ്തു?

ഈ ചോദ്യത്തിന് നോയല്‍ ആന്റണിക്കു പറയാനുള്ള ഉത്തരം കേട്ടാൽ പഠിക്കുന്ന പിള്ളേരെന്നല്ല ആരായാലും ഒന്ന് ഞെട്ടും! ഇതിനോടകം നോയൽ പൂർത്തിയാക്കിയത് ഒന്നും രണ്ടുമല്ല 97 ഓൺലൈൻ കോഴ്സുകളാണ്!! എണ്ണം തെറ്റിയതല്ല, ചുമ്മാ പഞ്ചിനു പറഞ്ഞതുമല്ല... കൊല്ലം സ്വദേശി നോയലിന് പഠനമാണ് ഹരം!

‘‘ ഹാവേഡ് യൂണിവേഴ്സിറ്റിയുടെ എമർജിങ്ങ് ലീഡേഴ്സ് എന്നൊരു പ്രോഗ്രാമുണ്ടായിരുന്നു. അതിന്റെ ഒരു എലിജിബിലിറ്റി എന്നു പറയുന്നത് അവരുടെ ഒരു കോഴ്സ് ചെയ്യണം എന്നതായിരുന്നു, അങ്ങനെയാണ് ഞാനീ ഓൺലൈൻ കോഴ്സുകളെ പറ്റി കൂടുതൽ അറിയുന്നത്. ബി.കോം ചെയ്യുകയായിരുന്നു, അത് മാർച്ചിൽ കഴിഞ്ഞു. എന്തായാലും വെറുതേയിരിക്കുകയല്ലേ... അപ്പോ പിന്നെ കോഴ്സസ് ചെയ്തു നോക്കാമെന്നോർത്തു. ലാറ്റിൻ കാത്തലിക് സഭ നടത്തുന്ന സിവിൽ സർവീസ് ഗ്രൂമിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായി ഹോസ്റ്റലിൽ നിന്നാണ് ഞാൻ പഠിച്ചത്. സെന്റ് ആൽബട്ട്സ് കോളജിലായിരുന്നു പഠനം. അവിടെ എന്റെ മെന്റർ കോളജിന്റെ വൈസ് പ്രൻസിപ്പളായ ഫാ.ജോൺ ക്രിസ്റ്റഫർ ആയിരുന്നു. ഫാദറുമായി ഇതേക്കുറിച്ച് സംസാരിച്ചപ്പോ പഠിക്കാൻ നിനക്ക് ഇഷ്ടമാണല്ലോ അപ്പോ ചെയ്ത് നോക്ക് എന്ന് പറഞ്ഞു. അങ്ങനെയിരിക്കെയാണ് കോളജിന്റെ 75ാം വാർഷികമാണിതെന്ന് അറിയുന്നത്. അപ്പോ 75കോഴ്സുകൾ കോളജിന് വേണ്ടി ചെയ്യാം എന്നോർത്തു. പിന്നെ ത്രിൽ കൂടിയപ്പോൾ 101 ആക്കാമെന്നോർത്തു.

എഡ്എക്സ്, ഫ്യച്ചർ ലേൺ, യുണൈറ്റഡ് നേഷൻസ് അഗോറ, ഡബ്യു.എച്ച്.ഒ.,സെയ്‌ലർ അക്കാഡമി, ഗൂഗിൾ എന്നീ പ്ലാറ്റ്ഫോമുകളുടെ കോഴ്സുകളും ഹാവേഡ്, ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി, കിങ്ങ്സ് കോളജ് ലണ്ടൻ, യൂണിവേഴ്സിറ്റി ഓഫ് ലീഡ്സ്, സെന്റ്രൽ ക്വീൻസ്‌ലാന്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ന്യൂകാസിൽ തുടങ്ങി പല യൂണിവേഴ്സിറ്റികളുടെ കോഴുകളും ചെയ്തിട്ടുണ്ട്. സിവിൽ സർവീസ് എഴുതണം എന്നാണ് എന്റെ ആഗ്രഹം അതുകൊണ്ട് തന്നെ പല വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിച്ചിരുന്നു. ഇതൊക്കെ സൗജന്യ കോഴ്സുകളാണ്. സാമ്പത്തികം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, പ്രൊഫഷൺ സ്കില്ലുകൾ തുടങ്ങി പല തരം വിഷയങ്ങളിലുള്ള കോഴ്സുകൾ ചെയ്തു. ചില സൈറ്റുകളുടെ കോഴ്സുകൾ സൗജന്യമാണെങ്കിലും സർട്ടിഫിക്കറ്റ് വേണമെങ്കിൽ പൈസ ചോദിക്കുന്നുണ്ട്. ഇതിൽ തന്നെ ചിലത് ഡിസ്കൗണ്ടുകൾ തരുന്നുണ്ട്. മറ്റു ചിലത് പൂർണമായും സൗജന്യമാണ്. അവർ സർട്ടിഫിക്കറ്റുകൾ മെയിലിൽ അയച്ചു തരും.

ഉള്ളത് സമയമാണ്, അത് പാഴാക്കണ്ട എന്ന് തോന്നി

അവൻ ഇത്രയും ചെയ്തു എന്നാൽ ഞാനും ചെയ്ത് നോക്കാം... എന്ന് ഒരാളെങ്കിലും കരുതി പഠിച്ചു തുടങ്ങിയാൽ അതാണ് എനിക്ക് ഈ സമയത്ത് സമൂഹത്തിനായി കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല ഗിഫ്റ്റ്. പിന്നെ അറിവ് കിട്ടുന്നത് ഒരിക്കലും പാഴായി പോകുന്നില്ലല്ലോ, അത് എവിടെയെങ്കിലുമൊക്കെ ഉപകാരപ്പെടും. കൃത്യമായൊരു ചിട്ടയിലായിരുന്നു ഇതൊക്കെ ചെയ്തിരുന്നത്. രാവിലെ എഴുന്നേറ്റ് അര മണിക്കൂർ ബൈബിൾ വായിക്കും. പിന്നെ ഒരുമണിക്കൂർ വ്യായാമം ചെയ്യും. പിന്നെ ഓൺലൈനായി തന്നെ അരമണിക്കൂർ സ്പാനിഷ് പഠിക്കുന്നുണ്ട്. അതിനു ശേഷം കോഴ്സുകൾക്കായി ഇരിക്കും. രണ്ടോ മൂന്നോ കോഴ്സുകൾ മാറി മാറിയാണ് പഠിച്ചിരുന്നത്. അതാകുമ്പോ ബോറടിക്കില്ല. ഓൺലൈനായതുകൊണ്ട് തന്നെ നമുക്ക് എവിടെ നിന്നും പഠിക്കാം. ഇടയ്ക്ക് എന്റെ അമ്മൂമ്മ ആശുപത്രിയിലായിരുന്നു, അവിടെയിരുന്ന് പോലും പഠിക്കാം എന്നതാണ് ഇതിന്റെയൊരു ഗുണം! ദോഷം പറയാണാണെങ്കിൽ കണ്ണിന് ഭയങ്കര സ്ട്രയ്ൻ വരും. ചില സമയത്ത് വെള്ളം വന്നുകൊണ്ടേയിരിക്കും. അതുകൊണ്ട് ആവശ്യത്തിന് ബ്രേയ്ക്ക് എടുക്കുക.

കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് നോയൽ. അച്ഛൻ ജ്യൂഡ് കുമാർ മത്സ്യത്തൊഴിലാളിയാണ്. അമ്മ സോഫിയ മേരി അനുജൻ നിതിൻ ജ്യൂഡ് അപ്പൂപ്പൻ അമ്മൂമ്മ എന്നിവർക്കൊപ്പമാണ് താമസം. കോഴിക്കോട് എൻ.ഐ.ടിയിൽ എംബിഎയ്ക്ക് അഡ്മിഷൻ കിട്ടി കോഴ്സ് തുടങ്ങാനുള്ള കാത്തിരിപ്പിലാണ് ഈ മിടുമിടുക്കൻ. ഐഎഎസ് ഓഫീസറാകണമെന്നാണ് 23കാരനായ നോയലിന്റെ ഏറ്റവും വലിയ സ്വപ്നം.

Tags:
  • Spotlight