Thursday 25 January 2024 09:34 AM IST : By സ്വന്തം ലേഖകൻ

ബിഹാറി മിടുക്കിയ്ക്ക് ബിഎ ഇംഗ്ലിഷ് പരീക്ഷയിൽ രണ്ടാം റാങ്ക്; അതിഥിത്തൊഴിലാളി കുടുംബങ്ങളില്‍ അഭിമാനതാരമായി സുമൻ!

palakkad-suman-kumari

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 94% മാർക്ക്, പന്ത്രണ്ടാം ക്ലാസിൽ 92%, കാലിക്കറ്റ് സർവകലാശാലയുടെ ബിഎ ഇംഗ്ലിഷ് പരീക്ഷയിൽ രണ്ടാം റാങ്ക് - ഇതു സുമൻ കുമാരി എന്ന ബിഹാറി പെൺകുട്ടിയുടെ സുവർണനേട്ടങ്ങളാണ്. കേരളത്തിലെ അതിഥിത്തൊഴിലാളി കുടുംബങ്ങളിലെ അപൂർവനേട്ടത്തിന് ഉടമയാണു സുമൻ; അവരുടെ അഭിമാനവുമാണ്.

ബിഹാർ സ്വദേശികളായ പ്രമോദ് ശർമയുടെയും ഉഷാദേവിയുടെയും മകളാണ് ഇപ്പോൾ ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളജിലെ ബിഎഡ് വിദ്യാർഥിയായ സുമൻ കുമാരി. കൊഴിഞ്ഞാമ്പാറ ഭാരത് മാതാ കോളജിലായിരുന്നു ബിഎ ഇംഗ്ലിഷ് ലാംഗ്വിജ് ആൻഡ് ലിറ്ററേച്ചർ പഠനം. വർഷങ്ങൾക്കു മുൻപു ബിഹാറിലെ മുസാഫർപുർ മേഖലയിലെ ശിവഹർ ഗ്രാമത്തിൽനിന്നു കേരളത്തിലേക്കു തൊഴിൽതേടി വന്നയാളാണു മരപ്പണിക്കാരനായ പ്രമോദ് ശർമ. പിന്നീടു കുടുംബത്തെ കൊണ്ടുവന്നു.

ഏഴാം വയസ്സിൽ പാലക്കാട് ചന്ദ്രനഗറിലെ വിദ്യാലയത്തിൽ രണ്ടാം ക്ലാസിൽ ചേർന്നാണു സുമൻ കുമാരി സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത്. കൊട്ടേക്കാട് അമൃത സ്കൂളിലായിരുന്നു പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനം. ഭാരത് മാതാ കോളജിലെ പഠനകാലത്തു പ്രിൻസിപ്പൽ പോൾ തെക്കാനത്തും ഇംഗ്ലിഷ് വിഭാഗം മേധാവി രജനി രാമചന്ദ്രൻ ഉൾപ്പെടെയുള്ള അധ്യാപകരും പ്രത്യേക പരിഗണന നൽകിയിരുന്നെന്നു സുമൻ പറഞ്ഞു.

ബിഎഡ് കഴിഞ്ഞു ബിരുദാനന്തര ബിരുദവും നെറ്റും നേടിയ ശേഷം സ്വന്തം നാടായ ബിഹാറിൽ സർക്കാർ സ്കൂളിൽ‍ അധ്യാപികയാകണമെന്നാണു സുമൻ കുമാരിയുടെ ലക്ഷ്യം. സ്കൂൾ പഠനകാലത്തു മലയാളം പഠിച്ചിട്ടില്ലെങ്കിലും മലയാളം പറയാനും അത്യാവശ്യം വായിക്കാനും അറിയാം. സഹോദരങ്ങളായ സുമിത് സിഎംഎ വിദ്യാർഥിയും കിഷൻ ബിഎസ്‍സി വിദ്യാർഥിയുമാണ്.

Tags:
  • Spotlight