Wednesday 05 December 2018 07:30 PM IST

സേതുലക്ഷ്മിയുടെ പ്രാര്‍ത്ഥനകൾ സഫലം; കിഷോറിന് വൃക്ക നൽകാൻ തയ്യാറെന്ന് നടി പൊന്നമ്മ ബാബു

Binsha Muhammed

kishore

നേർച്ചകാഴ്ചകളും പ്രാർത്ഥനകളും നിറഞ്ഞു നിന്ന തിരുവനന്തപുരം പിആർഎസ് ആശുപത്രിയിൽ സന്തോഷത്തിന്റെ പൊൻകിരണം തെളിയിക്കുന്നതായിരുന്നു ആ വാർത്ത. മകനെയോർത്ത് കണ്ണീർവാർത്തിരുന്ന. സേതുലക്ഷ്മിയമ്മയ്ക്ക് അപ്രതീക്ഷിതമെന്നോണമാണ് ആ ഫോൺ കോൾ വന്നത്. അങ്ങേത്തലയ്ക്കൽ സഹപ്രവർത്തകയും നടിയുമായ പൊന്നമ്മബാബുവാണ്.

`ചേച്ചി....പൊന്നമ്മയാണ്. ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നിൽക്കാൻ എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടെപ്പിറപ്പുകളല്ലേ ചേച്ചീ...കിഷോറിന് ഞാനെന്റെ കിഡ്നി നൽകും. എന്റെ വൃക്ക അവൻ സ്വീകരിക്കുന്നതിൽ എന്തെങ്കിലും കുഴപ്പുണ്ടോ എന്നെനിക്കറിയില്ല. എനിക്കു വയസായില്ലേ......ഡോക്ടർമാരോടു ചോദിക്കണം വിവരം പറയണം. ഞാന്‍ വരും.... ആനന്ദാശ്രു അനുസ്യൂതം പൊഴിഞ്ഞ ആ വേളയിൽ സേതുലക്ഷ്മി ആ സന്തോഷവാർത്ത മകനോട് പങ്കുവച്ചു. വേദനയുടെ കടലാഴം കണ്ട കിഷോറിന്റെ മുഖത്തും നിറകൺചിരി. രോഗവിവരം ആരാഞ്ഞ് ഞങ്ങൾ വിളിക്കുമ്പോൾ ഒരു സീരിയൽ സെറ്റിൽനിന്നുകൊണ്ട് സേതുലക്ഷ്മിയമ്മ ആദ്യം പങ്കുവച്ചത് ഈ സന്തോഷവാർത്ത.....

pb

പിന്നെ 14 വർഷം വേദന തിന്ന രോഗകാലവും കഷ്ടപ്പാടുകളും നിറഞ്ഞ ഫ്ലാഷ്ബാക്കിൽ നിന്നും ആ കഥ പറഞ്ഞു തുടങ്ങി.....വനിത ഓൺലൈനു വേണ്ടി.

ഒഴുക്കിൽ നിന്നു മാറിനിൽക്കുമ്പോൾ താരങ്ങളെ മറക്കുമോ സിനിമ? ചിത്ര ഓർക്കുന്നു, തിരക്കുള്ള ആ കാലത്തെക്കുറിച്ച്!

‘എന്തിനാ ഇപ്പോ ഇങ്ങോട്ട് കൊണ്ട് വന്നത്. അൽ‌പം കൂടി താമസിച്ച് കൊണ്ടുവന്നാൽ മതിയായിരുന്നല്ലോ? ഇയാളുടെ രണ്ട് കിഡ്നിയും പോയി. ഇനി രക്ഷപ്പെട്ടാൽ രക്ഷപ്പെട്ടു....’.

ഡോക്ടറുടെ ക്യാബിനിൽ തളംകെട്ടി കിടന്ന നിശബ്ദത പൊട്ടിക്കരച്ചിലിന് വഴിമാറാൻ അധികനേരം വേണ്ടി വന്നില്ല. ഏങ്ങലടങ്ങിയ ഏതോ ഒരു നിമിഷത്തിൽ, ഇടറിയ ശബ്ദത്തോടെ സേതുലക്ഷ്മി ഡോക്ടറോട് പറഞ്ഞു.

‘ഇങ്ങനെയൊന്നും പറയല്ലേ ഡോക്ടറേ... അവനൊരു വയ്യാത്തവനാണ്. ഈ നിൽക്കുന്നത് അവന്റെ പെണ്ണാണ്. ഞാൻ അമ്മയും. ഒരിക്കൽ അറ്റാക്ക് വന്ന് ഐസിയുവിൽ വരെ കിടന്നതാ ഞാൻ. ഇങ്ങനെയൊക്കെ അറുത്തുമുറിച്ചു പറഞ്ഞാൽ എന്റെ പിടിവിട്ടു പോകും. കൈവിടരുത്, രക്ഷിക്കണം.’– ഗ്ലിസറിനിൽ പൊതിയാത്ത കണ്ണീർത്തുള്ളികൾ ആ വാക്കുകളെ മുറിച്ചു.

ഛായം പുരട്ടി ലൈം ലൈറ്റിൽ നമ്മെ രസിപ്പിക്കുന്ന, മലയാളത്തിന്റെ പ്രിയനടി സേതുലക്ഷ്മി ലൊക്കേഷനുകളേക്കാൾ കയറിയിറങ്ങിയത് ആശുപത്രികളാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. വെള്ളിത്തിരയിലെ ആ ചിരിക്കുന്ന മുഖം മാത്രം കണ്ടു പരിചയിച്ചവർ അവരുടെ ഉള്ളിലെ സങ്കടക്കടലിന്റെ ആഴമെത്രയെന്ന് കേട്ടമാത്രയിൽ അളന്നെടുക്കാൻ മിനക്കെട്ടില്ല. സ്വാർത്ഥതയുടെ മൂടുപടമണിഞ്ഞ മറ്റു ചിലരാകട്ടെ, ‘അവർ വല്യ സിനിമാ താരമൊക്കെയല്ലേ, അവർക്ക് ഈ സഹായങ്ങളുടെയൊക്കെ ആവശ്യമുണ്ടോ?’ എന്നാണ് ചോദിച്ചത്.അപ്പോഴും എല്ലാം ഉള്ളിലൊതുക്കി മുഖത്തു പുരട്ടിയ പുഞ്ചിരിയുമായി ആ അമ്മ നമ്മളെ രസിപ്പിച്ചു കൊണ്ടേയിരുന്നു. അഭിനയത്തിന്റെ അളവും തൂക്കവും സ്ക്രീൻ പ്രസൻസും മാത്രം നോക്കി കിട്ടുന്ന ശമ്പളത്തുക മകനു വേണ്ടിയും അവന്റെ കുടുംബത്തിനു വേണ്ടിയും ചെലവഴിച്ചു.

സേതു ലക്ഷ്മിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഇടയ്ക്കെവിടെയോ പിടിവിട്ടു പോയി. ‘രണ്ട് കിഡ്നിയും തകരാറിലാണ്. ഉടനെ മാറ്റിവയ്ക്കണം. അല്ലാത്തപക്ഷം.....’– ഡോക്ടറുടെ മുഴുമിക്കാത്ത വാക്കുകളിൽ എല്ലാമുണ്ടായിരുന്നു.

Untitled-4

40 ലക്ഷം രൂപയാണ് ഇന്ന് സേതുലക്ഷ്മിയമ്മയുടെ മകൻ കിഷോറിന്റെ ജീവന് ഡോക്ടർമാർ ഇട്ടിരിക്കുന്ന വില. ‘ എന്നെക്കൊണ്ടാകും പോലെ ഞാൻ കാശ് സ്വരുക്കൂട്ടുന്നുണ്ട്. പക്ഷേ ഇത്രേം വലിയ പൈസ ഞാൻ കൂട്ടിയാ കൂടോ. കണ്ണീരടക്കിപ്പിടിച്ച് കോമാളിയെപ്പോലെ ഞാൻ ലൊക്കേഷനുകൾ കയറിയിറങ്ങുകയാണ്. വേറൊന്നും വേണ്ട അവൻ ജീവിക്കണം. അത്രമതി’

ദിവസങ്ങൾക്കു മുമ്പ് കേരളക്കരയ്ക്കു മുന്നിൽ കൈകൂപ്പി ആ അമ്മ പറഞ്ഞ വാക്കുകൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. 14 വർഷംനീണ്ട ദുരിതപർവ്വത്തിനൊടുവിൽ പ്രതീക്ഷയുടെ പുൽനാമ്പുകൾ അങ്ങിങ്ങു കാണായി...കരുണവറ്റാത്ത മനസും അണമുറിയാത്ത കാരുണ്യപ്രവാഹവും തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ ഡയാലിസിസ് വാർഡിലേക്കൊഴുകുകയാണ്. വാർത്തയറിഞ്ഞതോടെ കിഡ്നി പകുത്തു നൽകാമെന്ന ആശ്വാസവാക്കുമായി വിളിച്ചവരിൽ സഹപ്രവർത്തക പൊന്നമ്മ ബാബുവുമുണ്ട്. സേതുലക്ഷ്മിയമ്മയുടെ മുഖത്ത് ആശ്വാസച്ചിരി വിടരുകയാണ്. സങ്കടക്കടലിനു നടുവില്‍ നിന്നു കൊണ്ട് പ്രതീക്ഷയുടെ മറുകര തേടുന്ന ആ അമ്മ മനസുതുറക്കുകയാണ്, വനിത ഓൺലൈനിനോട്...

ഒളിഞ്ഞുകിടന്ന ദുരന്തമറിയാതെ നാല് വർഷം

‘ഒരു വലിയ മഹാരോഗവും ശരീരത്തിലിട്ട്, ഒന്നുമറിയാതെ നാല് വർഷമാണ് എന്റെ ചെറുക്കൻ നടന്നത്. സീരിയൽ പ്രൊഡക്ഷനും സ്റ്റേജ് പരിപാടികളുമൊക്കെയായി നാടായ നാടൊക്കെ ഓടി നടക്കുകയായിരുന്നു അവൻ. ഇതിനിടയ്ക്ക് എപ്പോഴോ കയറിക്കൂടിയ ഒരു കാല് വേദനയും നീരും. അത് ഇന്നീ കാണുന്ന വേദനകളുടെ തുടക്കമാണെന്ന് ഞങ്ങൾ അറിഞ്ഞതേയില്ല. ഇരുവൃക്കയും തകരാറിലായതോടെ, ഒന്നും രണ്ടുമല്ല, നീണ്ട 14 വർഷത്തിലേറെയായി എന്റെ ചെറുക്കൻ വേദനയും തിന്ന് ജീവിക്കുന്നു. അൽപം കൂടി നേരത്തെ ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ....’– സേതുലക്ഷ്മി കണ്ണീരോടെ പറഞ്ഞു തുടങ്ങുകയാണ്.

ഇടയ്ക്ക് മാർത്താണ്ഡത്ത് ഒരു വർക്കിനു പോയിട്ട് തിരിച്ചു വന്നപ്പോഴാണ്, ‘അമ്മാ...എന്റെ കാലിൽ എന്തോ നീരു പോലെ വന്നിരിക്കുന്നു എന്ന് അവൻ പറഞ്ഞത്. ദിവസം കഴിയുന്തോറും നീര് വലുതായി വന്നപ്പോൾ ഞാൻ പറഞ്ഞതാണ്. മക്കളേ...വാ നമുക്ക് ആശുപത്രിയിൽ പോകാമെന്ന്. പക്ഷേ അവൻ എന്നെ ആശ്വസിപ്പിച്ചു. ആർട്ടിസ്റ്റായ അമ്മ തന്നെ ഇത് പറയണം. ഇങ്ങനെ കിടന്ന് ഓടുന്ന എല്ലാരുടേയും കാലിൽ ഇങ്ങനെ നീരൊക്കെ കാണും അമ്മാ..എന്നു പറഞ്ഞ് എന്ന് ആശ്വസിപ്പിച്ചു. ഇതൊന്നും വലിയ കാര്യമല്ലാ എന്ന മട്ടിൽ എന്റെ തൈലമെടുത്ത് പുരട്ടുകയും ചെയ്തു. താത്കാലിക ആശ്വാസം കണ്ടു കൊണ്ടാകണം അവൻ കാര്യമാക്കിയില്ല. അവൻ അവന്റെ വർക്കിലും ഞാൻ എന്റെ വർക്കിലും തിരക്കിലായി. അമ്മ സിനിമാ നടിയാണെന്ന് വിചാരിച്ച് വീട്ടിലിരിക്കുന്നവനല്ല അവൻ നല്ല അധ്വാനിയാണ്. നാല് വർഷം കടന്നു പോയി ഒരു ദിവസം അവൻ ഏതോ ഒരു വർക്കിനിടയിൽ ബോധം കെട്ടുവീണു, ഞങ്ങളുടെ ദുരിതജീവിതം അവിടെ തുടങ്ങി.

ശപിക്കപ്പെട്ട ആ ദിനങ്ങൾ

ആശുപത്രിയിലേക്ക് കിഷോറിനേയും കൊണ്ട് ഞാനോടുമ്പോൾ ഏറെ വൈകിയിരുന്നു. ഇത്രയും കാലം ചികിത്സിക്കാതെ വച്ചിരുന്നതിനുള്ള ശകാരവും കുറ്റപ്പെടുത്തലുകളും കേട്ട് ഞങ്ങൾ തളർന്നു. ആ നിമിഷം അവിടെ ഞാനും എന്റെ മകനും തീർന്നു പോകുമെന്നു തോന്നി. പേരിനു പോലും ഒന്നാശുപത്രി കാണാതെ ഓടി നടന്ന ഈ നാല് വർഷങ്ങളെ ശപിച്ചു. ഞാനൊന്ന് മനസു വച്ചിരുന്നെങ്കിൽ അവന്റെ അസുഖം നേരത്തെ കണ്ടുപിടിക്കാൻ ആകുമായിരുന്നല്ലോ എന്ന വേദനയായിരുന്നു മനസു മുഴുവൻ.

pbz

പലർക്കും സിനിമയിൽ ചിരിപ്പിച്ചും രസിപ്പിച്ചും കരയിച്ചുമൊക്കെ പോകുന്ന സേതുലക്ഷ്മിയെ മാത്രമേ അറിയൂ. നിങ്ങൾക്കറിയോ, ഒരിക്കൽ ഹാർട്ട് അറ്റാക്ക് വന്ന് ആശുപത്രി ഐസിയുവിൽ കിടന്ന് മരിച്ച് പിഴച്ച് വന്നയാളാണ് ഞാൻ. കിഷോറിന്റെ ഈ ദുരവസ്ഥ കൂടിയായപ്പോൾ അവനു മുന്നേ ഞാൻ പോകുമെന്ന് പലവട്ടം തോന്നിയതാണ്. പക്ഷേ ഭാര്യയേയും രണ്ട് പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും ഇട്ട് അവനീ ലോകത്ത് കിടന്ന് നരകിക്കേണ്ടി വരുമല്ലോ എന്ന് ചിന്തിച്ച് ദൈവത്തോട് മനമുരുകി പ്രാർത്ഥിച്ചു. എന്റെ ചെറുക്കൻ ജീവൻ പിടിച്ചു നിർത്തുന്നിടത്തോളം കാലം വരെ എനിക്കൊന്നും വരുത്തല്ലേ ദൈവമേ എന്ന് മനമുരുകി പ്രാർത്ഥിച്ചു. അവന്റെ ചികിത്സയ്ക്കു വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ചു. ആരംഭത്തിൽ കിഷോറിന്റെ ചികിത്സാ ചിലവും വീട്ടും ചെലവും എല്ലാം എന്റെ രാപ്പകലില്ലാത്ത അധ്വാനം കൊണ്ട് അങ്ങനെയിങ്ങനെ പോയി. എനിക്ക് അത്യാവശ്യം വർക്കും ഷൂട്ടിംഗും ഒക്കെയുള്ള ഘട്ടമായിരുന്നു അത്.പക്ഷേ അതിൽ നിൽക്കാത്ത ഒരു ഘട്ടം വന്നു നിൽക്കുകയാണ്. കിഡ്നി മാറ്റിവയ്ക്കാതെ അവൻ ജീവിക്കില്ലാ എന്നുള്ള ഡോക്ടർമാരുടെ അന്ത്യശാസനത്തിനു നടുവിലാണ് ഞാനും എന്റെ മോനും. നിങ്ങൾ പറയ്...ഞാനെങ്ങോട്ട് പോകും....

അമ്മയുടെ കൂടെ...

‘അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയ‌സേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ ഉയിരും വാരിപ്പിടിച്ചു കൊണ്ട് അവനിത് പറയുമ്പോൾ എന്റെ നെഞ്ച് തകർന്നില്ലന്നേയുള്ളൂ. മക്കള് ധൈര്യമായിരി...അമ്മയുണ്ട് കൂടെയുണ്ടെന്ന് പറഞ്ഞ് ഞാനിറങ്ങിത്തിരിച്ചതാണ്. ഒരു വീട് വയ്ക്കാൻ കുഞ്ഞു കുഞ്ഞായി ശേഖരിച്ചൊതെക്കെയും അവന്റെ ചികിത്സയ്ക്കായി പോയി. നിങ്ങള് സിനിമാ നടിയെന്നു പറയുന്ന ഈ സേതുലക്ഷ്മിയില്ലേ...വെറും സാധാരണ ഒരു വാടക വീട്ടിലാണ് കഴിയുന്നത്.

ഇനിയും വൈകിയാൽ കിഷോറിനെ എനിക്ക് നഷ്ടമാകുമെന്ന് ഡോക്ടറുടെ വാക്കുകളിൽ നിന്നും എനിക്കുറപ്പായിരുന്നു. വല്യ വല്യ താരങ്ങള് പറയുമ്പോലെ എനിക്ക് ഇമേജൊന്നുമില്ലപ്പാ...പിന്നെ എന്നെ സ്നേഹിക്കുന്നവർക്കു മുന്നിൽ വന്ന് എന്റെയൊരു ആവശ്യം പറയാനുള്ള മടിയും എനിക്കില്ലായിരുന്നു. എനിക്കീ വാട്സപ്പും, ഫെയ്സ്ബുക്കും ഒന്നും അറിയില്ല...കിഷോറിന്റെ കൂട്ടുകാര് പിള്ളേരാണ് പറഞ്ഞത് ക്യാമറയ്ക്കു മുന്നിൽ വന്ന് ഞങ്ങളുടെ വേദന പറയാൻ. എല്ലാം ദേവിയുടെ അനുഗ്രഹമാണ്, പിന്നെ എന്റെ കണ്ണീരിന്റെ ബാക്കിയും. നന്മയുള്ള ഒത്തിരിപ്പേർ എന്റെ മകന് സഹായവുമായി എത്തിക്കൊണ്ടേയിരിക്കുന്നു. ഇനി എല്ലാം ദൈവത്തിന്റെ കൈയ്യിൽ...പ്രാർത്ഥിക്കണേ...അവനു വേണ്ടി.

അണമുറിയാതെ കാരുണ്യപ്രവാഹം

ഇക്കണ്ട 14 വർഷത്തിനിടയ്ക്ക് ഏകദേശം ഒരു അഞ്ചാറ് ആശുപത്രിയെങ്കിലും ഞാനും അവനും കയറിയിറങ്ങിയിട്ടുണ്ട്. ചികിത്സാ ചെലവ് കൈയ്യിൽ നിൽക്കാതെ വന്നതോടെ പല ആശുപത്രിയിൽ നിന്നും ഗതിയില്ലാതെ തിരിച്ചിറങ്ങുകയായിരുന്നു. ഫെയ്സ്ബുക്കിൽ എന്റെ വിഡിയോ കണ്ടിട്ട് ഒരുപാട് പേരാണ് സഹായം വാഗദാനം ചെയ്ത് എത്തിയിട്ടുള്ളത്. നിങ്ങളെല്ലാവരുടേയും പ്രാർത്ഥനയുടേയും ധൈര്യത്തിന്റേയും സഹായത്തിന്റേയുമെല്ലാം ധൈര്യത്തിൽ തിരുവനന്തപുരത്തെ മെച്ചപ്പെട്ട ഒരു ആശുപത്രിയിലേക്ക് അവനെ മാറ്റിയിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥ തീരെ വഷളാണ്. എല്ലു നുറുങ്ങുന്ന വേദനയ്ക്ക്, 6500 രൂപയുടെ ഇഞ്ചക്ഷനാണ് ഡോക്ടർമാര്‍ നിർദ്ദേശിച്ചിരിക്കുന്നത്.

kishore-1

എത്രയും പെട്ടെന്ന് കിഡ്നി മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർ‌മാരുടെ നിർദ്ദേശം. മാത്രമല്ല ഓപ്പറേഷന് വേണ്ടി ഇറങ്ങിത്തിരിക്കുന്ന പക്ഷം കുറഞ്ഞത് 35 ലക്ഷം രൂപയെങ്കിലും കരുതിവച്ചിട്ടേ ഇറങ്ങാവൂ എന്നാണ് സാറൻമാർ പറയുന്നത്. അല്ലെങ്കിൽ ഈ ചെയ്തതൊക്കെ വെറുതെയാകുമത്രേ. നടി പൊന്നമ്മബാബു ഉൾപ്പെടെ മൂന്ന് പേർ കിഡ്നി തന്ന് സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കിഡ്നി ആരെങ്കിലും തന്ന് സഹായിച്ചാൽ ചെലവ് എല്ലാം കൂടി 25 ലക്ഷത്തിൽ നിൽക്കുമെന്നാണ് കരുതുന്നത്. ഞാൻ ഫെയ്സ്ബുക്കിലിട്ട വിഡിയോയിൽ അക്കൗണ്ട് വിവരങ്ങൾ നൽകിയിട്ടില്ല എന്ന് പലരും പറഞ്ഞു കേട്ടു. അതു കൊണ്ട് സുഹൃത്തുക്കൾ വഴി എന്റെ മകനെ സഹായിക്കുന്നതിനു വേണ്ടിയുള്ള അക്കൗണ്ട് വിവരങ്ങളും ഫെയ്സ്ബുക്ക് വഴി പിള്ളേര് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

സീരിയൽ ചിത്രീകരണത്തിന്റെ ഇടവേളയിൽ ഞങ്ങളോട് സംസാരിച്ച സേതുലക്ഷ്മിയമ്മ തിടുക്കപ്പെട്ട് വാക്കുകൾക്ക് വിരാമമിട്ടു. എത്രയും വേഗം ആശുപത്രിയിലേക്കെത്തണം. ഇന്ന് അവന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഡോക്ടർമാർ ഒരു തീരുമാനം പറയുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ പരിപാടിയും അഭിനയമൊന്നും ഇല്ലെങ്കിൽ ഞങ്ങളുടെ കാര്യമൊന്നും നടക്കില്ല മോന....അല്ലാതെ അവനീ കിടപ്പ് കിടക്കുമ്പോൾ ഇങ്ങനെയൊക്കെ വരണമെന്ന് ഏതെങ്കിലും അമ്മ ആഗ്രഹിക്കുമോ? പോട്ടേ...നിന്നാ പറ്റില്ല...മുഖത്തു തേച്ചു പിടിപ്പിച്ച ഛായം കഴുകിയിറക്കി ആ അമ്മ വീണ്ടും ആശുപത്രിയിലേക്ക്.....

പൊന്നമ്മ ബാബു വനിത ഓൺലൈനിനോടു പ്രതികരിക്കുന്നു

ഇതിനെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എന്ന് പറഞ്ഞ് വലുതാക്കരുതേ. വാർത്തയാക്കാൻമാത്രം എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന ഭാവവും എനിക്കില്ല, സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തിൽ അഭിനയിക്കുന്ന നാൾ തൊട്ടേ എനിക്കു ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി, ക്യാമറയ്ക്കു മുന്നിൽ നിന്ന് കരഞ്ഞ ആനിമിഷമുണ്ടല്ലോ....അതെനിക്ക് സഹിക്കാനായില്ല. കാശ് വാരിയെറിയാനൊന്നും എനിക്കാവില്ല, എന്റെ കൂടപ്പിറപ്പിനു വേണ്ടി, അവരുടെ മകനു വേണ്ടി എനിക്കിപ്പോൾ ചെയ്യാന്‍ കഴിയുന്നത് ഇതാണ്. ഞാനിത് പറയുമ്പോൾ സേതുചേച്ചി എന്നോടു പറഞ്ഞത് കാശിന്റെ കണക്കാണ്. കാശ് കൊണ്ട് അളക്കാൻ വേണ്ടി മാത്രമേയുള്ളോ ചേച്ചീ നമ്മുടെ ബന്ധം എന്നാണ് ഞാൻ തിരിച്ചു ചോദിച്ചത്. കിഷോർ എന്റെ വൃക്ക സ്വീകരിക്കുന്നതിൽ എന്തെങ്കിലും കുഴപ്പുണ്ടോ എന്നെനിക്കറിയില്ല. എനിക്കു വയസൊക്കെയായില്ലേ....എല്ലാം ഒത്തുവന്നാൽ ഞാനതിന് ഒരുക്കമാണ്. ഞാനവന് വൃക്ക ധാനം ചെയ്യും. ബാക്കി കാര്യങ്ങൾ ഡോക്ടർമാരുേയും ദൈവത്തിന്റേയും കൈയ്യിൽ...

മുഖത്തു ചെറു കാറ്റു തട്ടിയാൽ പോലും പുളയുന്ന വേദന! സൽമാൻ കടന്നു പോയ, ഭയപ്പെടുത്തുന്ന മാരക രോഗത്തെ അറിയാം

വരുമാനത്തിൽ 253.25 കോടിയുമായി സൽമാൻ ഒന്നാമത്, മമ്മൂട്ടി 49–ാം സ്ഥാനത്ത്

വനിത കവർഷൂട്ടിൽ ഗ്രീക്ക് ദേവതയെപ്പോലെ നടി നിത്യ മേനോൻ. അതിമനോഹര ചിത്രങ്ങൾ കാണാം

പെൺകുട്ടികൾ താമസിച്ചിരുന്ന വാടകവീട്ടിൽ നിന്ന് ആറു ഒളിക്യാമറകൾ കണ്ടെത്തി; ഉടമസ്ഥൻ അറസ്റ്റിൽ!