Saturday 25 September 2021 03:47 PM IST : By സ്വന്തം ലേഖകൻ

ഏതു നിമിഷവും കൊണ്ടു പോയേക്കാവുന്ന രോഗം, മരണം മുന്നിൽക്കണ്ടിട്ടും മക്കൾക്കു വേണ്ടി പെടാപ്പാട്: പ്രഭിതയുടെ ജീവിതം

prabhitha

ഏതു നിമിഷവും കീഴടക്കാനെത്തിയേക്കാവുന്ന രോഗത്തോടു പടവെട്ടി, 3 മക്കൾക്ക് വേണ്ടിയുള്ള ജീവിത സമരത്തിലാണ് പ്രഭിത. സ്വന്തമായൊരു വീടോ ചികിത്സയ്ക്കുള്ള നീക്കി വയ്പോ ഇല്ലാതെ ഓരോ ദിവസവും പ്രഭിതയുടെ സമരത്തിന് കാഠിന്യമേറുന്നു. ബാലുശ്ശേരി റോഡിൽ കക്കോടി പാലത്തിനു സമീപത്തെ പെട്രോൾ ബങ്കിനു എതിർവശം മത്സ്യക്കച്ചവടം നടത്തുന്ന പ്രഭിതയെ, ഭർത്താവ് 7 വർഷം മുൻപ് കൈ വിട്ടതാണ്.

വേങ്ങേരി തണ്ണീർപന്തലിനു സമീപം ചാലാക്കുഴി വീട്ടിൽ പണയത്തിനാണ് ഇപ്പോൾ താമസം. മൂത്ത മകൾ ഒൻപതാം ക്ലാസിലും അതിനു താഴെയുള്ള രണ്ടു ആൺകുട്ടികളിൽ ഒരാൾ ഏഴിലും ഒരാൾ അഞ്ചിലും പഠിക്കുന്നു. കോവിഡ് നഷ്ടപ്പെടുത്തിയ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കു പകരമായാണ് മത്സ്യക്കച്ചവടത്തിന് ഇറങ്ങിയത്. ഒരു ദിവസം രാത്രി കച്ചവടം കഴിഞ്ഞു വീട്ടിലേക്കു പോയപ്പോൾ ശക്തമായ വയറുവേദന അനുഭവപ്പെട്ടു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വയറിലെ മുഴ പൊട്ടിയിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തി. ഭാരമുള്ള സാധനങ്ങൾ എടുക്കരുതെന്നു ഡോക്ടർ നിർദേശിച്ചതിനെത്തുടർന്നു ഇപ്പോൾ രാവിലെയും വൈകിട്ടും ഒരാൾ എത്തിച്ചു കൊടുക്കുന്ന മത്സ്യമാണ് വിൽക്കുന്നത്. മീൻ കച്ചവടത്തിനു അമ്മയ്ക്കു സഹായവുമായി ഏഴാം ക്ലാസിൽ പഠിക്കുന്ന മകനും ചിലപ്പോൾ ഒപ്പം കൂടും. പിതാവ് പക്ഷാഘാതം പിടിപെട്ട് കിടപ്പിലാണ്.

മാതാവ് വീട്ടുജോലിക്കു പോകുന്നു. അമ്മയുടെയും അവരുടെ സഹോദരിയുടെയും ആഭരണം ബാങ്കിൽ പണയപ്പെടുത്തി വാങ്ങിയ 2 ലക്ഷം രൂപ കൊണ്ടാണ് പണയത്തിനു താമസിക്കുന്നത്. സ്വന്തമായി ഭൂമിയോ വീടോ ഇവർക്കില്ല. വീടിനും സ്ഥലത്തിനുമായി നേരത്തേ കോർപറേഷനിലും വില്ലേജ് ഓഫിസിലും ഉൾപ്പെടെ അപേക്ഷ നൽകിയിരുന്നു. സ്വന്തമായി ഒരു വീടും മക്കളുടെ പഠനത്തിനു സഹായവും ലഭിച്ചാൽ ഏറെ ആശ്വാസമാണെന്നു പ്രഭിത പറയുന്നു. എസ്ബിഐ വണ്ടിപ്പേട്ട ശാഖയിലാണ് അക്കൗണ്ട്. ന‍മ്പർ എസ്ബി 20328854974. ഐഎഫ്എസ്‌സി– SBIN0016076. ഗൂഗിൾ പേ: 9947352589.

More