Thursday 04 July 2019 07:16 PM IST : By സ്വന്തം ലേഖകൻ

'വെളുപ്പ് പ്രേമികളേ... നിങ്ങളെന്തിനാണ് ഞങ്ങളുടെ കറുത്ത മക്കളെ ചുട്ടുതിന്നുന്നത്’; വൈറലായി കുറിപ്പ്

remya-binoy-racism-post

ജീവിതത്തിൽ ഒരിക്കലെങ്കിലും തൊലി നിറത്തിന്റെ പേരിൽ കളിയാക്കലുകൾ അനുഭവിക്കാത്തവർ ഉണ്ടാവില്ല. ഒരു കുഞ്ഞ് ജനിച്ച നാൾ തൊട്ട് ചുറ്റുമുള്ളവർ നിറത്തെ കുറിച്ചു കമന്റുകൾ പറഞ്ഞുതുടങ്ങും. കറുപ്പ് നിറം അംഗീകരിക്കാനുള്ള ബുദ്ധിമുട്ടാണ് അതിനുള്ള കാരണം. വർണ്ണവിവേചനത്തെപറ്റി മാധ്യമ പ്രവർത്തകയായ രമ്യ ബിനോയ് എഴുതിയ ഫെയ്സ്ബുക് കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. 

കസ്തൂരി മഞ്ഞളെന്ന് കരുതി വെളുക്കാൻ മുഖത്തിട്ടത് മഞ്ഞക്കൂവ! ഇനിയും വഞ്ചിതരാകാതിരിക്കാൻ; കുറിപ്പ്

'എന്റെ വീട്ടിൽ ടിവിയോ ഫ്രിഡ്ജോ ഒന്നുമില്ല...’; വിദ്യാർഥിയുടെ കുറിപ്പ് കണ്ടു നെഞ്ചു കലങ്ങി അധ്യാപിക!

‘കുഞ്ഞുങ്ങളെ താലോലിക്കാൻ പോലും പേടി, മച്ചിപ്പെണ്ണ് കണ്ണ് വയ്ക്കുമത്രേ!’; നാട്ടുകാരേ... സൗകര്യമുള്ളപ്പോൾ ഞാൻ ഗർഭിണിയാകും

'നിന്നെ ആളുകൾ ആനയെന്നും അവനെ പാപ്പാൻ എന്നും വിളിക്കും’; പരിഹാസത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി യുവതി!

 പഠിച്ചു മിടുക്കരാകുന്നതിൽ പഠനമുറിക്കുമുണ്ട് പങ്ക്; വാസ്തു പ്രകാരം സ്റ്റഡി റൂമിന്റെ സ്ഥാനം ഇങ്ങനെ

രമ്യ ബിനോയ് എഴുതിയ കുറിപ്പ് വായിക്കാം; 

അമ്മുവിനെ ഞാൻ പ്രസവിച്ച ദിവസം ഇന്നും ഓർക്കുന്നു. സീസേറിയന്റെ മയക്കം വിട്ടുണർന്നപ്പോൾ കാണുന്നത് ചുറ്റും ചിരിക്കുന്ന മുഖങ്ങൾ. മിക്കവർക്കും പറയാൻ ഒരേ കാര്യം, കുഞ്ഞ് ബിനോയെ പോലെ തന്നെ. മൂന്നര കിലോയോളം തൂക്കമുള്ള തുടുത്ത ഒരു കുഞ്ഞായിരുന്നു അവൾ. പക്ഷേ, എല്ലാവരെയും സന്തോഷിപ്പിച്ചത് കുഞ്ഞിന്റെ നിറമാണ്, വെണ്ണയുടെ നിറം. 

എന്നെയും കുഞ്ഞിനെയും റൂമിലെത്തിച്ച ശേഷം കാണാൻ വന്ന പലരുടെയും കമന്റ്സും മറക്കാറായിട്ടില്ല."ചെവിയൊക്കെ വെളുത്തിട്ടാണ്, അതുകൊണ്ട് ഇനി നിറം കുറയില്ല." പ്രതികരിക്കല്ലേന്ന് ചേച്ചിമാർ എന്നോടു കണ്ണിറുക്കി ആംഗ്യം കാണിക്കുന്നുണ്ട്. അമ്മയായതിന്റെ സന്തോഷം കൊണ്ടാവാം ഞാൻ അവരോട് ഒന്നും പറഞ്ഞില്ല. ഇത്തരം കമന്റ്സിനെ നേരിടേണ്ടെന്നോർത്താവും ആദി ഉണ്ടായതേ അവൻ ഞങ്ങളുടെ 'ആധി'ക്കുട്ടനായി കൊച്ചി പിവിഎസ് ആശുപത്രിയിലേക്ക് ആംബുലൻസിൽ പറന്നു. എന്നിട്ടും യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന കുഞ്ഞിനെ കുറിച്ചുള്ള ചർച്ചകളിൽ അവന്റെ നിറവും കടന്നുവന്നു. 

വെളുത്തുതുടുത്ത് അച്ഛനെ പോലെയിരുന്ന ആദ്യത്തെ കണ്മണിയും രണ്ടാമത്തെ കണ്മണിയും രണ്ടു വയസ്സു കഴിഞ്ഞപ്പോൾ അമ്മയുടെ പക്ഷത്തേക്കു കൂറുമാറി ഇരുണ്ട നിറക്കാരായി. അതോടെ വീണ്ടും പലർക്കും സങ്കടം. തിരിച്ചറിവായ അമ്മുവിന് ഉപദേശം, "മോള് മഞ്ഞൾ തേച്ചു കുളിക്കൂ, അച്ഛനെ പോലെയാവട്ടെ". "വേണ്ട, എനിക്ക് അമ്മയെ പോലെ ആയാൽ മതി"യെന്ന് അവളുടെ തർക്കുത്തരം. എന്തായാലും നിറത്തിന്റെ പേരിൽ ഞങ്ങളുടെ കുഞ്ഞുങ്ങൾ ആത്മവിശ്വാസമില്ലാത്തവരായി വളരില്ലെന്നായിരുന്നു എന്റെയും ബിനോയിയുടെയും തീരുമാനം. അത്തരത്തിൽ എവിടെയെങ്കിലും അവർക്ക് മാറ്റിനിർത്തൽ ഉണ്ടായാൽ ഞങ്ങൾ ശക്തമായി പ്രതികരിക്കുമെന്ന് ഉറപ്പിച്ചിരുന്നു. എന്തായാലും വർണവിവേചനക്കാരുടെ ഭാഗ്യമാവാം, അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഹാരി – മേഗൻ മാർക്കിൾ ദമ്പതിമാരുടെ കുഞ്ഞിന്റെ ജ്ഞാനസ്നാനത്തെ ചൊല്ലിയുള്ള വിവാദങ്ങളാണ് ഇപ്പോൾ ഇതെല്ലാം ഓർമയിൽ കൊണ്ടുവന്നത്. കുഞ്ഞ് ആർച്ചിയുടെ മാമോദീസ തികച്ചും സ്വകാര്യ ചടങ്ങായി നടത്താനാണ് അവരുടെ തീരുമാനം. ചിത്രങ്ങളും തങ്ങൾ തന്നെ പുറത്തുവിട്ടോളാം എന്നും അവർ പറയുന്നു. "ഞങ്ങളുടെ നികുതിപ്പണം കൊണ്ടു തിന്നിട്ട് ഇപ്പോൾ സ്വകാര്യ ചടങ്ങോ" എന്ന മട്ടിൽ ശകാരം നിറയുകയാണ് മീഡിയയിലും സോഷ്യൽ മീഡിയയിലും. 

രാജകീയ ആനുകൂല്യങ്ങൾക്കെതിരായ പോരാട്ടമെന്നാണോ കരുതുന്നത്..? എങ്കിൽ അമ്പേ തെറ്റി. ആ ചടങ്ങ് പോയി കണ്ട് കുഞ്ഞിന്റെ കുറെ ചിത്രമൊക്കെ എടുത്തിട്ടു വേണം അവന്റെ മൂക്കും മുടിയും ചുണ്ടുമൊക്കെ ആഫ്രിക്കൻ വംശജരുടേതു പോലെയാണോയെന്നു തീരുമാനിക്കാൻ. അതായത് മേഗന്റെ അമ്മയുടെ ഗുണങ്ങളാണോ കുഞ്ഞിനെന്ന് കണ്ടെത്തി ആണെങ്കിൽ അന്നു മുതൽ തുടങ്ങണം വേട്ട. വംശാവലിയിൽ ആഫ്രിക്കൻ രക്തം കലർന്ന മേഗനെ വിവാഹം ചെയ്യാൻ ഹാരി തീരുമാനിച്ചതു മുതൽ നടക്കുന്നതാണ് ഈ ചെളിതേവൽ. എന്തിന്, ബിബിസി പ്രൈംടൈമിൽ പോലും അക്കാലത്ത് മേഗന്റെ തൊലിനിറത്തെ കുറിച്ച് ചർച്ച നടന്നു. പറയുന്നവനു പോലും യാതൊരു നേട്ടവുമില്ലാത്ത നെഗറ്റീവ് കമന്റുകളാണ് ഓരോരുത്തരും തട്ടിമൂളിക്കുന്നത്.

പാപ്പരാസി വേട്ടയുടെ ഏറ്റവും വലിയ ഇരയാണ് ഹാരിയുടെ അമ്മ എന്നതു മറക്കാതിരിക്കുക. ഡയാനയുടെ സംസ്കാര ചടങ്ങിൽ രാജകീയ മാമൂലുകൾ മൂലം പൊട്ടിക്കരയാനാവാതെ നിന്ന കുഞ്ഞുഹാരിയെ ഇന്നും ഓർക്കുന്നു. അച്ഛനും അമ്മയും ഒന്നിച്ചു ജീവിച്ച കാലത്തെ കുടുംബ ചിത്രങ്ങളിലെല്ലാം ആ കുഞ്ഞ് അമ്മയുടെ കൈകളിൽ തൂങ്ങിയാണ് നിൽക്കുന്നത്. ആ അമ്മയെ എന്നേക്കുമായി നഷ്ടപ്പെടുത്തിയ പാപ്പരാസി വർഗമാണ് ഇപ്പോൾ വീണ്ടും ഹാരിയെയും കുടുംബത്തെയും വേട്ടയാടുന്നത്. അതു തന്നെയാണ് ഹാരിയുടെയും മേഗന്റെയും ഭയം. 

പ്രാപ്പിടയന്മാരെ പോലെ ആ കുഞ്ഞിനെ എക്കാലവും വംശവെറിയന്മാർ വട്ടമിടുമെന്ന് ഉറപ്പ്. ഏതാനും ചിലരുടെ 'നിഷ്കളങ്കമായ' സ്നേഹപ്രകടനങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാൻ ഞങ്ങൾ ഇത്രയേറെ പാടുപെട്ടെങ്കിൽ ലോകം മുഴുവനുമുള്ള വർണവിവേചനക്കാരിൽനിന്ന് ആർച്ചിയെ കാത്തുസൂക്ഷിക്കാൻ അവർ എത്ര പാടുപെടേണ്ടി വരും. വെളുപ്പ് പ്രേമികളേ... നിങ്ങളെന്തിനാണ് ഞങ്ങളുടെ കറുത്ത മക്കളെ ചുട്ടുതിന്നുന്നത്...

Tags:
  • Spotlight
  • Social Media Viral