Tuesday 01 September 2020 04:24 PM IST

നൃത്തചിറകേറി റിസ പാറിപ്പറക്കുന്ന സ്വപ്ന ദൂരങ്ങൾ ; ഡൗൺസിൻഡ്രോമിനെ നൃത്തചുവടുകൾ കൊണ്ട് അതിശയയിപ്പിക്കുന്ന റിസ മറിയ നോയലിന്റെ വിജയകഥ

Shyama

Sub Editor

dance

ചുറ്റുമുള്ളതൊക്കെ മറന്നാണ് റിസയുടെ നൃത്തം... താളം തുടങ്ങി തീരും വരെ മാറ്റാരുമില്ലാത്തൊരു മന്ത്രികലോകത്താണ് അവൾ. ചുറ്റുമുള്ള കണ്ണുകളും കാഴ്ചക്കാരുടെ മുഖത്തു തെളിയുന്ന ഭാവങ്ങളും ഒന്നും റിസയെ സ്പർശിക്കുന്നേയില്ല. അവളൊരു പുഴയായി ഒഴുകി രസിക്കുന്നു, ചുറ്റുമുള്ളതോന്നും ആ പുഴയ്ക്ക് തടസമല്ല. റിസയുടെ നൃത്തം ഒരിക്കലെങ്കിലും കണ്ടവർക്ക് ഇങ്ങനെ തോന്നാതിരിക്കില്ല...

"ഞാൻ ഡാൻസ് ടീച്ചർ ആണ് അതുകൊണ്ട് വളരെ ചെറുപ്പം തൊട്ടേ റിസ ഡാൻസ് കാണുന്നുണ്ട്, കണ്ട് അതുപോലൊക്കെ ചെയ്ത് നോക്കാനും ശ്രമിക്കും. മോൻ രോഹനും ഡാൻസ് ചെയ്യും. ഞാനാണ് അവളെ പഠിപ്പിച്ചത്. ഇപ്പൊ ഇപ്പൊ മോൾ തന്നെ സ്റ്റെപ്സ് ഇടും, അതിലെ ചെറിയ എന്തെങ്കിലും തെറ്റുകൾ മാത്രമേ ഞാൻ തിരുത്താറുള്ളൂ. " റിസയുടെ അമ്മ സുനിത പറഞ്ഞു തുടങ്ങിയ കഥയുടെ ബാക്കി അച്ഛൻ നോയൽ തുടരുന്നു... " ഞാൻ എയർ ഫോഴ്സിലായിരുന്നു ആദ്യം, അതിന്റ ഭാഗമായി ഞങ്ങൾ കോയമ്പത്തൂരിൽ കുറച്ചുനാൾ ഉണ്ടായിരുന്നു. അവിടെ പള്ളിയിൽ കുട്ടികൾക്കുള്ള ഒരു പരിപാടിയിൽ മോൻ പങ്കെടുക്കുന്നുണ്ടായിരുന്നു. അന്ന് റിസയിക്ക് മൂന്നര വയസാണ്. അതൊക്ക കണ്ടിട്ടാവണം 'എനിക്കും സ്റ്റേജിൽ കയറി ഡാൻസ് ചെയ്യണം' എന്നവൾ എന്നോട് വന്ന് പറഞ്ഞു. ബാക്കിയുള്ളവർക്ക് ഒരു പ്രശ്നമാക്കണ്ട എന്നുകരുതി ഞാൻ അവളോട് വേണ്ട മോളെ നമുക്ക് വീട്ടിൽ പോയി ചെയ്യാം എന്ന് പറഞ്ഞു. ഇത്‌ കേട്ട ആ പള്ളിയിലച്ചൻ സ്ലോട്ട് ഒക്കെ അഡ്ജസ്റ്റ് ചെയ്ത്, ഒരു പാട്ടും സെലക്ട്‌ ചെയ്ത് റിസയെ സ്റ്റേജിൽ കയറ്റി. ഞങ്ങളെ പോലും ഞെട്ടിച്ച് അവൾ അത്രയും ആൾക്കാർക്ക് മുന്നിൽ നല്ല ഭംഗിയായി നൃത്തം ചെയ്തു! അവളുടെ താളബോധത്തെ കുറിച്ചാണ് അന്ന് എല്ലാവരും സംസാരിച്ചത്.

അങ്ങനെ ഞങ്ങൾ അവളെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. അവൾക്ക് തനിയെ പ്രവർത്തിപ്പിക്കാവുന്ന മ്യൂസിക് സിസ്റ്റം ഒക്കെ വാങ്ങി വെച്ചു. വളരെ മുൻപേ തന്നെ സ്പീച്ച്, ഫിസിയോ തെറാപ്പി ഒക്കെ ചെയ്തിരുന്നു. സാധാരണ സ്കൂളിൽ തന്നെ അവൾ പഠിച്ചിട്ടുമുണ്ട്. അങ്ങനെ സോഷ്യൽ സ്കിൽ കിട്ടാനുള്ള അവസരങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്.ഞങ്ങൾ ദുബായിലേക്ക് വന്ന ശേഷം റിസ സ്പെഷ്യൽ സ്കൂളിലും പോയിട്ടുണ്ട്. വീട്ടിൽ തന്നെ പെയിന്റിങ്ങ് പോലുള്ള പലതും അവൾ ചെയ്യും, ഡാൻസ് ദിവസവും മണിക്കൂറുകളോളം പ്രാക്ടീസ് ചെയ്യും. ഇവിടുത്തെ ഷാർജ മലയാളി അസോസിയേഷനിൽ നിന്ന് ഒരുപാട് സ്റ്റേജുകളിൽ അവൾക്ക് പെർഫോം ചെയ്യാനും, അതു വഴി നല്ല കോൺഫിഡൻസും അവൾക്ക് കിട്ടിയിട്ടുണ്ട്.

മറ്റുള്ളവർക്ക് ചിറക് വിരിക്കാൻ ഇവളൊരു മാതൃകയാവട്ടെ

ഗിഫ്റ്റ്ഡ് ആയ കുട്ടികളുടെ മാതാപിതാക്കളുടെ ഹെവെൻലി എയ്ഞ്ചൽസ് എന്നൊരു കൂട്ടായ്മയും ഇവിടുണ്ട്. അത് വഴി ഞങ്ങൾ ഇവർക്കുള്ള വേദികൾ ധാരാളം ഒരുക്കാറുണ്ട്. എല്ലാവരും എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന ഇടമാണ് അത്. റിസ അവിടുത്തെ പ്രധാന പെർഫോമറാണ്. മറ്റുള്ള കുട്ടികൾക്കൊരു പ്രചോദനമാകാൻ വേണ്ടി കൂടിയാണ് ഈ ഗ്രൂപ്പ്‌ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഭിന്നശേഷിക്കാരായ ഒരുപാട് കുട്ടികളുടെ അച്ഛനമ്മമാർ സമൂഹത്തിൽ നിന്ന് വിട്ട് നിൽക്കുന്ന ഒരു സാഹചര്യമുണ്ട്. ഈ കുട്ടികൾക്ക് വേണ്ടത് നല്ല സാമൂഹിക ഇടപെടലാണ്. ഞങ്ങൾ എവിടെപ്പോയാലും മോൾ ഒപ്പമുണ്ടാകും.

റിസ മിക്ക കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യും. യുട്യൂബ് കാണും, സിനിമ സ്വന്തമായി വെച്ച് കാണും, അവൾക്ക് വേണ്ട പാട്ടുകൾ ഡൌൺലോഡ് ചെയ്യും... അതൊക്കെ ഡാൻസ് വഴി കിട്ടിയ നേട്ടങ്ങളാണ്. അമ്മ ചെയ്യുന്നത് ഒക്കെ നോക്കി കണ്ട് പഠിച്ചു ചെയ്യുന്നതാണ് ഇതൊക്കെ. അവൾക്ക് വാക്കുകൾ ഓർത്ത് വെക്കാൻ പറ്റാത്തപ്പോ അത് ഡയറിയിൽ എഴുതി വെച്ചിട്ട് പിന്നീട് അത് നോക്കി ഡൗൺലോഡ് ചെയ്യും, അല്ലെങ്കിൽ നോക്കി കാണും.

റിസയിക്ക് 18 വയസായി. ഇപ്പൊ വീട്ടിൽ തന്നെയാണ് പഠനം. മുൻപ് പറഞ്ഞ കൂട്ടായ്മയിലൂടെ എല്ലാവരും സൂം വഴി പഠിപ്പിക്കുന്ന കാര്യങ്ങളൊക്കെ പഠിക്കുന്നുമുണ്ട്. നാട്ടിൽ കൊച്ചി കാക്കനാടാണ് ഞങ്ങളുടെ വീട്. ഞങ്ങൾ ഇപ്പൊ ദുബായിൽ തന്നെയാണ് താമസം. എനിക്ക് ബിസ്സിനെസാണ്. സുനിത ഡാൻസ് ടീച്ചറും കൊറിയോഗ്രാഫറുമൊക്കെയാണ്. മകൻ രോഹൻ മാത്യു മെക്കാനിക്കൽ എഞ്ചിനീയറിംങ്ങ് കഴിഞ്ഞു.

ഇതിനോടകം റിസയ്ക്ക് ഒരുപാട് ചാനലുകളിൽ പെർഫോം ചെയ്യാനുള്ള അവസരവും കിട്ടിയിട്ടുണ്ട്. ഒരുപാട് ആളുകൾ അവളുടെ ഡാൻസ് കണ്ട് വിളിക്കുകയും മെസ്സേജുകൾ അയക്കുകയും ചെയ്യുന്നുണ്ട്, ഒരുപാട് സന്തോഷം. എന്ത് പ്രശ്നം വന്നാലും നമ്മൾ നമ്മുടെ മക്കൾക്കൊപ്പം നിൽക്കുക, അവർക്ക് വേണ്ട മാക്സിമം പ്രോത്സാഹനം നൽകുക. ഓരോരുത്തരും അവരവരുടെതായ രീതിയിൽ നമ്മളെ അതിശയിപ്പിക്കും തീർച്ച....