Friday 18 June 2021 04:01 PM IST

നാലു മാസം കൊണ്ട് 41 കിലോ കുറച്ചു! മിസ്റ്റർ തൃശൂർ മത്സരത്തിൽ നാലാം സ്ഥാനം, സനലിനെ നൂറിൽ നിന്ന് 60 ൽ എത്തിച്ചത് ലോക് ഡൗൺ കാലത്ത് കൂടിയ തടിയുടെ പ്രശ്നങ്ങൾ

Priyadharsini Priya

Sub Editor

sanal-fitness

വണ്ണം കുറയ്ക്കൽ ബാലികേറാമലയായി കരുതുന്നവർക്ക് പ്രതീക്ഷയും പ്രചോദനവുമാണ് ഇരിങ്ങാലക്കുട സ്വദേശി സനൽ. ശരീരഭാരം 101 കിലോയിൽ നിന്ന് 60 കിലോയിലേക്ക് വെറും നാല് മാസം കൊണ്ടാണ് സനൽ എത്തിയത്. മുപ്പത്തിമൂന്നാം വയസ്സിൽ 41 കിലോ വെറും പുഷ്പം പോലെയാണ് കുറച്ചത്. കേട്ടിട്ട് ഞെട്ടാൻ വരട്ടേ.. ഇതിനൊപ്പം തടിയൻ ഇമേജിൽ നിന്ന് മിസ്റ്റർ തൃശൂർ മത്സരാർത്ഥിയെന്ന ഗ്ലാമർ ഇമേജും സനൽ സ്വന്തമാക്കി. 60 കിലോ ശരീരസൗന്ദര്യ വിഭാഗത്തിൽ മത്സരിച്ച സനല്‍ ആദ്യം പരിശ്രമത്തിൽ തന്നെ നാലാം സ്ഥാനം നേടി. അമിതവണ്ണം കുറച്ച് സിക്സ് പായ്ക്ക് നേട്ടത്തിലേക്ക് കുതിച്ച നാലു മാസത്തെ ഡയറ്റ്, വർക് ഔട്ട് അനുഭവങ്ങൾ വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സനൽ. 

‘കൊതിപ്പിച്ച’ ലോക് ഡൗൺ 

തൃശൂർ ഫിലിം ഡിസ്ട്രിബ്യൂഷന്‍ രംഗത്തായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. ആദ്യത്തെ ലോക് ഡൗൺ തുടങ്ങി സിനിമാ തിയറ്ററുകൾ അടച്ചതോടെ തൊഴിൽ ഇല്ലാതെ വീട്ടിലിരിപ്പായി. ആകെയുണ്ടായിരുന്ന ആശ്വാസം ഭക്ഷണമായിരുന്നു. കഴിക്കാൻ കൊതി തോന്നുന്ന ഭക്ഷണം ഓർഡർ ചെയ്തു കഴിക്കുന്നത് പതിവാക്കി. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിനു പുറമേ പൊറോട്ട, ബീഫ് കറി, കുഴിമന്തി എന്നുതുടങ്ങി ഇഷ്ടമുള്ളതെല്ലാം യഥേഷ്ടം കഴിച്ചു. 90 കിലോ ഉണ്ടായിരുന്ന ഞാൻ 101 കിലോയിലേക്ക് എത്തി. ഇതോടെ നടക്കുമ്പോൾ ശ്വാസംമുട്ടി തുടങ്ങി, സ്റ്റെപ്പുകൾ കയറുമ്പോൾ കിതച്ചു. മാനസികവും ശാരീരികവുമായി അമിതവണ്ണം എനിക്ക് ബുദ്ധിമുട്ടായി തുടങ്ങി. 

sanal-fitness2

അതിശയിപ്പിച്ച വണ്ണം കുറയ്ക്കൽ 

ലോക് ഡൗൺ ആയതിനാൽ ജിം ഒന്നും പ്രവർത്തിച്ചിരുന്നില്ല. താമസിക്കുന്ന ഫ്ലാറ്റിൽ വച്ചാണ് വർക് ഔട്ട് തുടങ്ങിയത്. അവിടെ ജിമ്മൊന്നും ഇല്ല, സ്റ്റയേഴ്സ് കയറിയിറങ്ങലായിരുന്നു എന്റെ ആദ്യത്തെ വർക് ഔട്ട് . ദിവസവും പത്തു തവണ വീതം നാലു നിലകൾ കയറിയിറങ്ങി. ഒപ്പം 100 തവണ സ്കിപ്പിങ് റോപ്പ് ചെയ്തു. പിന്നീട് സ്റ്റെപ്പ് കയറിയിറങ്ങുന്നത് 50 തവണയാക്കി കൂട്ടി. ഒപ്പം സ്കിപ്പിങ് റോപ്പ് 500 എണ്ണമാക്കി. ലോക് ഡൗൺ കഴിഞ്ഞു ജിം തുറന്നതോടെ ഇരിങ്ങാലക്കുട തന്നെയുള്ള ഫിറ്റ്നസ് സെന്ററിൽ പോയി ചേർന്നു. ധനേഷ് ആണ് അവിടുത്തെ പ്രധാന ട്രെയിനർ. അദ്ദേഹത്തിന്റെ ഫൂഡ് ചാർട്ട് ഫോളോ ചെയ്തു, കൃത്യമായ വർക് ഔട്ട് കൂടി തുടങ്ങിയതോടെ അതിശയിപ്പിക്കുന്ന മാറ്റങ്ങൾ ശരീരത്തിൽ കണ്ടുതുടങ്ങി. ഭക്ഷണത്തോടുള്ള ആവേശം പോയി. പ്രോട്ടീൻ ഉൾപ്പെടുത്തിയുള്ള ഡയറ്റ് സ്കിൻ തൂങ്ങാതെ കറക്റ്റ് ഷെയ്പ്പിൽ വണ്ണം കുറയ്ക്കാൻ സഹായിച്ചു.

sanal-fitness5

ഡയറ്റ് എടുക്കുമ്പോൾ ആദ്യമൊക്കെ തലവേദനയും ക്ഷീണവും തോന്നിയിരുന്നു. പിന്നീടത് മാറി. കീറ്റോ അല്ല, ബാലൻസ്ഡ് ഡയറ്റ് ആണ് ഞാൻ എടുത്തത്. അങ്ങനെ നാലു മാസം കൊണ്ട് 40 കിലോ കുറച്ചു. പഴയ സിനിമാ പരിപാടിയൊക്കെ ഉപേക്ഷിച്ച് ഇപ്പോൾ അതേ ജിമ്മിൽ ട്രെയിനറായി ജോലി ചെയ്യുകയാണ്. വല്ലാത്ത കോൺഫിഡൻസാണ് ഇപ്പോൾ. അപകർഷത കാരണം ഒരുൾവലിഞ്ഞ പ്രകൃതം എനിക്കുണ്ടായിരുന്നു. അത് പൂർണ്ണമായും മാറി. മിസ്റ്റർ തൃശൂർ മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതും ശരീരം നൽകിയ ആത്മവിശ്വാസമാണ്. സൗന്ദര്യ മത്സരത്തിൽ ശരിയായ പോസിങ്‌ ഒന്നും എനിക്കറിയില്ലെങ്കിലും ആദ്യ ശ്രമത്തിൽ തന്നെ നാലാം സ്ഥാനം നേടാനായി. അടുത്ത തവണ ഒന്നാം സ്ഥാനം നേടണം.

ഭാര്യ ലക്ഷ്മി രാജാണ് ഏറ്റവും കൂടുതൽ സപ്പോർട്ട്. ബ്യൂട്ടീഷ്യനാണ്, സ്വന്തമായി പാർലർ നടത്തുന്നു. രണ്ടു മക്കളുണ്ട്. പലരും വണ്ണം കുറഞ്ഞ എന്നെക്കണ്ട് ക്ഷീണിച്ചു രോഗിയെ പോലെയുണ്ട് എന്നൊക്കെ പറഞ്ഞു തളർത്താൻ ശ്രമിച്ചിട്ടുണ്ട്. ഡയറ്റ് എടുക്കുന്നത് കിഡ്‌നി, ലിവർ കേടാക്കും എന്നൊക്കെ പറഞ്ഞു ഭയപ്പെടുത്തിയിരുന്നു. ഞാൻ ഡയറ്റ് തുടങ്ങുന്നതിനു മുൻപും ശേഷവും മെഡിക്കൽ ചെക്കപ്പ് നടത്തിയിരുന്നു. ഒരു ആരോഗ്യപ്രശ്നവും ഇല്ല. ലക്ഷ്മി തന്നെയായിരുന്നു കരുത്തായി ഒപ്പം നിന്നത്. 

sanal-fitness3

ഒരു ദിവസത്തെ ഡയറ്റ് 

. ഡയറ്റിൽ പഞ്ചസാര, കാപ്പി, ചായ, പാൽ, പാലുല്പന്നങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കി. വിശക്കുമ്പോൾ കുക്കുമ്പർ- കാരറ്റ് സാലഡ് ആണ് കഴിച്ചത്.

. രാവിലെ ഉണർന്നു എഴുന്നേൽക്കുമ്പോൾ 200 മില്ലി ലിറ്റർ വെള്ളത്തിൽ നാരങ്ങാനീര് ചേർത്തു കുടിക്കും.

. പ്രഭാത ഭക്ഷണമായി രണ്ടു ചപ്പാത്തി, ഒപ്പം വെജ് കുറുമ. എണ്ണ ചേർക്കാത്ത കറികളാണ് ഉപയോഗിക്കുക. പതിനൊന്നു മണിയ്ക്ക് വിശന്നാൽ കുക്കുമ്പർ- കാരറ്റ് സാലഡ് കഴിക്കും.

. ഉച്ചഭക്ഷണത്തിനു ക്വാട്ടർ റൈസ്. അതിനൊപ്പം 50 ഗ്രാം ചിക്കൻ അല്ലെങ്കിൽ മീൻ കഴിക്കും. എണ്ണയിൽ ഫ്രൈ ചെയ്യാതെ കറിയായിട്ടാണ് ചിക്കനും മീനും ഉപയോഗിക്കുക.

. മൂന്നു മണിയ്ക്ക് രണ്ടു ഓറഞ്ച് കഴിക്കും.

. ഏഴു മുതൽ ഏഴരയ്ക്ക് ഉള്ളിൽ ഡിന്നർ കഴിക്കും. വളരെ ലൈറ്റ് ആയാണ് ഡിന്നർ. ഓട്സ് അല്ലെങ്കിൽ ഒരു ചപ്പാത്തി. ഒപ്പം 50 ഗ്രാം ചിക്കൻ കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തും.

sanal-fitness4
Tags:
  • Spotlight
  • Inspirational Story