Saturday 28 January 2023 10:53 AM IST : By സ്വന്തം ലേഖകൻ

കാലിലെ വ്രണം പഴുത്തു, പുഴുവരിച്ച നിലയിൽ ദുരിതം പേറി സരസ്വതിയമ്മ; തിരിഞ്ഞുനോക്കാതെ മക്കൾ, കേസ് എടുക്കാന്‍ നിര്‍ദ്ദേശം

saraswathiyamma-crisis

കാലിൽ പുഴുവരിച്ച നിലയിൽ ചികിത്സ കിട്ടാതെ ഗുരുതരാവസ്ഥയിൽ വീട്ടിൽ കഴിഞ്ഞിരുന്ന വയോധികയെ കണ്ണൂർ അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പേരാവൂർ പഞ്ചായത്ത് കാഞ്ഞിരപ്പുഴയിലെ സരസ്വതിയമ്മ (65) യെയാണ് കാലിൽ പുഴു അരിക്കുന്ന നിലയിൽ കണ്ടെത്തി സന്നദ്ധ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചത്. കാൽ മുറിച്ചു മാറ്റേണ്ട അവസ്ഥയാണ് ഉള്ളത്. മൂന്ന് വർഷമായി പ്രമേഹ രോഗിയാണ് സരസ്വതിയമ്മ. ഒന്നര മാസം മുൻപാണ് കാലിൽ വ്രണം ഉണ്ടായത്. ഇത് പഴുക്കാൻ തുടങ്ങിയപ്പോൾ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്നുള്ള ശുപാർശ പ്രകാരം പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇവിടെ ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുകയും കൂടെ നിൽക്കാൻ ആളില്ലാതെ വരികയും ചെയ്തതോടെ സരസ്വതിയമ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. വീട്ടിൽ എത്തിയ ശേഷമാണ് കാലിലെ മുറിവിൽ പുഴു അരിക്കുന്നതായി കണ്ടെത്തിയത്. വിവരം അറിഞ്ഞ് പേരാവൂർ ടൗണിലെ ചുമട്ടു തൊഴിലാളിയും സന്നദ്ധ പ്രവർത്തകനുമായ ആപ്പൻ മനോജ്, കൃപാ ഭവൻ ഡയറക്ടർ സന്തോഷ് എന്നിവർ ചേർന്ന് സരസ്വതിയമ്മയെ വ്യാഴാഴ്ച രാവിലെ അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

സരസ്വതി അമ്മയ്ക്ക് മൂന്ന് ആൺമക്കളുണ്ട് എങ്കിലും ആരും സഹായത്തിന് എത്തിയില്ല എന്ന് സരസ്വതിയമ്മ പറയുന്നു. മകളാണ് പരിചരിച്ചിരുന്നത്. മകൾക്കാകട്ടെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ കഴിയും വിധമുള്ള സാമ്പത്തിക സ്ഥിതി ഇല്ല. പേരാവൂർ പഞ്ചായത്തിനോട് സഹായത്തിന് സമീപിച്ചു എങ്കിലും യാതൊരുവിധ സഹായവും ലഭിച്ചില്ല. പൊലീസിൽ പരാതി നൽകിയെങ്കിലും സഹായം ലഭിച്ചില്ല എന്നും മകൾ സുനിത പറയുന്നു. 

സ്ഥിതി കൂടുതൽ വഷളായിട്ടും സരസ്വതിയമ്മയെ പരിചരിക്കാൻ തയാറാകാത്ത മക്കൾക്കെതിരെ കേസ് എടുക്കാൻ ആർഡിഒയുടെ നിർദ്ദേശമുണ്ട്. സാമൂഹ്യ നീതി വകുപ്പ് പൂർണമായും സൗജന്യ ചികിത്സ ലഭ്യമാക്കാനും തീരുമാനം. സബ് കലക്ടർ സന്ദീപ് കുമാറിന്റെ  നേതൃത്വത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് തീരുമാനം. മക്കളെ വിചാരണ ചെയ്യാൻ തിങ്കളാഴ്ച ഹാജരാക്കണമെന്ന് പേരാവൂർ പൊലീസിന് ആർഡിഒ നിർദേശം നല്‍കിയിട്ടുണ്ട്.

Tags:
  • Spotlight